സുഖവും അനുഭൂതിയും തിളക്കവുമൊക്കെയായി, ശുക്രസംതരണം എന്നപോലെ ഇന്ത്യയിൽ വീണ്ടുമൊരു ബി.ജെ.പി സംതരണം സ്വപ്‌നം കണ്ട് കിളികിഞ്ചിതത്തോടെ ‘തേർ’വാഴ്‌ച നടത്തിയവരും മറ്റ് ഉഗ്രപ്രതാപികളായ ‘സംഘ’വര്യന്മാരും ഇപ്പോൾ ‘സാറേ….സാറേ…സാമ്പാറേ….“ എന്ന മന്ദബുദ്ധിപ്പാട്ടുകൾ പാടി നന്മ നിറഞ്ഞ മുൻപ്രധാനമന്ത്രി അടൽജിയുടെ ഭവനത്തിനുചുറ്റും വറ്റൽമുളക് പുകച്ച് ടിയാനെ ദില്ലിയിൽനിന്നും ഓടിക്കുവാനുളള ശ്രമത്തിലാണ്.
പ്രായമാകുമ്പോൾ തലയ്‌ക്ക് നൊസ്സുവരുമെന്ന് കരുണാകരനും ചിലപ്പോൾ ബുദ്ധിതെളിയുമെന്ന് വാജ്‌പേയിയും നമ്മെ പഠിപ്പിക്കുന്നുവെന്ന് സമീപകാല ചരിത്രരേഖകൾ വെളിവാക്കുന്നു.
’ഇവനെപ്പോൽ നല്ലൊരു വല്ലഭൻ
ഇല്ലില്ല ലോകത്തെങ്ങും….”
എന്നൊക്കെ വാജ്‌പേയിയെ റാപ്പിലും കർണാട്ടിക്കിലും പാടിപ്പുകഴ്‌ത്തിയ സംഘപരിവാരത്താന്മാർക്ക് ഇന്ന് ഈ മഹാനുഭാവലു മെത്തയിൽ കേറിയ അട്ടയായത് തികച്ചും കാരണവരുടെ വായിലെ നാക്കിന്റെ സത്യം പറയാനുളള ശേഷികൊണ്ട് മാത്രമാണ്. അല്ലെങ്കിൽ പിന്നെ കാത്തുവച്ച കസ്‌തൂരി മാമ്പഴം ഇറ്റലിചേച്ചി തട്ടികൊണ്ട് പോയത് കണ്ട്, കവിയായതിനാൽ നേരത്തെ തന്നെ സമമല്ലാത്ത മനസ്സിന്റെ നില കൂടുതൽ തെറ്റി അന്തരാത്‌മാവിൽ നിന്നുമുണർന്ന ഉൾവിളിയാൽ ‘താടിവച്ച മോഡി പാപപങ്കിലൻ’ എന്ന് ഏതോ വിശ്രമകേന്ദ്രത്തിലെ ഇരുട്ടറയിൽ നിന്നും വിളിച്ചു കൂവിയതു കൊണ്ടാകാം.
സംഘപരിവാരത്താൻമാർ പറയുന്നതിങ്ങനെ ‘പണ്ട് രണ്ടു സീറ്റുമായി പാർലമെന്റിൽ കൊത്താംകല്ലുകളിച്ച് കഞ്ഞിക്കുടിച്ച് പോന്ന ബി.ജെ.പിയെ ഭാരതം ഭരിക്കാൻ ശേഷിയുണ്ടാക്കിയത് ചില ’പൊളിക്കലി‘ന്റേയും അതുമായി ബന്ധപ്പെട്ട അഭ്യാസപ്രകടനങ്ങളുടേയും ഫലമാണ്. അതുപോലെ ചെറിയതൊന്നല്ലേ മോഡിസാറും കാട്ടിയത്….ഗുജറാത്ത് നിയമസഭയെ പൂച്ചകുഞ്ഞിനെ കുഞ്ചിയിൽ പിടിച്ച് പൊക്കും പോലെയല്ലേ ആ മാന്യദേഹം എടുത്ത് കൈവെളളയിൽ വച്ചത്…ഇതുപോലൊരു സാധനം പിറക്കാൻ ഇനിയെത്ര യുഗങ്ങൾ കഴിയണം…?“
മോഡിയെ ഒരു സെന്റിമീറ്റർ പോലും മാറ്റില്ലെന്ന് വെങ്കയ്യനും, വായെടുത്താൽ വാജ്‌പേയ് നുണയേ പറയൂവെന്ന് സുദർശനും അരുളിച്ചെയ്‌തു.
രഥയാത്ര നടത്തി ഏറെ അധ്വാനിച്ച അദ്വാൻജിയാകട്ടെ ’കമ‘ എന്നുമാത്രമല്ല ലോകത്തിലെ ഒരക്ഷരവും ഉരിയാടുന്നില്ല. മൗനം അദ്വാനിക്ക് ഈ സമയം ഭൂഷണം….രണ്ടുപേരോടും റിട്ടയർ ചെയ്‌ത് വീട്ടിലിരിക്കാനാണ് ബജ്‌റങ്ങ്‌ദൾ സാറന്മാരുടെ വിനീതാവശ്യം.
ഗുജറാത്ത് കലാപവും മോഡി രീതികളുമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിനു ഒരു പ്രധാന കാരണമെന്ന വാജ്‌പേയിയുടെ പ്രസ്താവന കേട്ട്്, എണ്ണിപ്പെറുക്കി കരഞ്ഞ് തലമുണ്ഡനം ചെയ്യാനും, കഞ്ഞിയും പയറും കഴിക്കാനും വെറും തറയിൽ കിടക്കാനും ആരെയും കണ്ടില്ല…വരുമായിരിക്കും…ഇതിൽ പ്രതിഷേധിച്ച് ഒന്നിനും രണ്ടിനും പോകില്ല എന്നുപറഞ്ഞ് ചിലർ.
പറഞ്ഞിട്ടു കാര്യമില്ല…. നല്ലകാലത്ത് പെണ്ണു കെട്ടിയിരുന്നെങ്കിൽ അവസാനകാലത്ത് ഉരിയരിക്കഞ്ഞി തരാനെങ്കിലും ആരെങ്കിലും ഉണ്ടായേനെ…ഇതിപ്പോ വെളളത്തിലുമില്ല കരയിലുമില്ല എന്ന മട്ടായി….
”കാക്ക പറഞ്ഞു…ബൗ…ബൗ…ബൗ….
പൂച്ച പറഞ്ഞു…കാ….കാ…കാ….“ എന്നൊക്കെയുളള ബാലകവിതകളെഴുതിയോ….അല്ലെങ്കിൽ
”മനാലിയിലേക്കുളള വണ്ടിയിൽ
നിറയെ നാവിൽ വിളയാടുന്ന ഗുളികന്മാരായിരുന്നു…
നേർത്ത കാവിക്കുമപ്പുറം
ഞാൻ കണ്ട കൂട്ടുകാർക്കൊക്കെ
ഇറ്റാലിയൻ പിസ്സയുടെ ഗന്ധമായിരുന്നു….“ എന്ന രീതിയിലുളള ആധുനിക കവിതയെഴുതിയോ ഇനി ശിഷ്‌ടകാലം കഴിക്കാം.
രഹസ്യമായി ഒരു വാർത്ത പരക്കുന്നുണ്ട്….സംഘപരിവാരന്മാർ ആത്മാർത്ഥമായി ഒരു ബക്കറ്റ് പിരിവ് സംഘടിപ്പിക്കാനും അതിന്മേൽ ലഭ്യമാകുന്ന കുറെ പണത്താൽ നഗരത്തിലെ നെറിവില്ലാത്ത മക്കളുടെ തന്തമാർ താമസിക്കുന്ന ഒരു വൃദ്ധസദനത്തിൽ ഒരു സീറ്റൊപ്പിക്കാനും ഒരു പൊതുമിനിമം പരിപാടി തയ്യാറാക്കുന്നുണ്ട്.
***************************************************
ഇപ്പറഞ്ഞതെല്ലാം ചവറുകുട്ടയിൽ തളളിയേക്കൂ….എങ്കിലും അവസാനം സത്യം പറഞ്ഞ വാജ്‌പേയുടെ നാവിന് നന്ദി….
Generated from archived content: humour_june17.html Author: padman
Click this button or press Ctrl+G to toggle between Malayalam and English