യു.ഡി.എഫ്‌ തിരഞ്ഞെടുപ്പ്‌ ധ്യാനകൺവെൻഷൻ…ഠമാർ…പഠാർ…ഡിഷ്യും

നൊയമ്പുകാലമല്ലേ എന്നു കരുതിയാണ്‌ കുഞ്ഞവറാൻ ഇടപ്പളളിപ്പളളി, ചിറ്റൂർ ധ്യാനകേന്ദ്രം എന്നീ വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാനായി ഭരണങ്ങാനത്തുനിന്നും എറണാകുളം നഗരത്തിൽ ബസ്സിറങ്ങിയത്‌. എറണാകുള പ്രാന്തപ്രദേശ ധാരണ തുലോം തുച്ഛമായതിനാൽ കുഞ്ഞവറാൻ ടൗണിന്റെ ഒത്ത നടുക്കായി വിയർത്തുനിന്നു. അവറാന്‌ കരച്ചിൽ വന്നു. വാശിയോടെ ഒരു പെട്രോൾ പമ്പിന്റെ അരികിലായി മുട്ടിപ്പായി കരയുവാൻ തുടങ്ങിയ അവറാൻ കർത്താവിന്‌ സ്തോത്രം പാടിവരുന്ന ഇടയ-ഇടയീ സംഘത്തെ കണ്ടു. അവറാൻ കർത്താവിൽ വീണ്ടും വിശ്വസ്തനായി. സ്തോത്ര സംഘത്തിന്റെ മുൻനിര നേതാക്കൾ അവറാനെ കണ്ട്‌ ചിരിച്ചു…ഹലേലുയ പാടി. ഭാഗ്യം…ഇവർ പോട്ടയിലും, മരാമണിലും വച്ച്‌ സ്‌നേഹിതരായ എറണാകുളത്തുകാർ…അവറാൻ അവർക്കൊപ്പമായി.

സംഘം എത്തിയത്‌ എറണാകുളം ടൗൺഹാളിൽ… കൊടികൾ, തോരണങ്ങൾ, ബാനറുകൾ…ധ്യാനത്തിന്റെ രൂപവും ഭാവവും മാറിയോയെന്ന്‌ അവറാന്‌ സംശയം…ചുറ്റും ഖദർധാരികൾ…‘വിനയമുളളവർ’…അവർ സംഘത്തെ നോക്കിച്ചിരിച്ചു…സംഘം വീണ്ടും ഹലേലുയ പാടി….സംഘം ഹാളിനകത്തേക്ക്‌….അകത്ത്‌ ഖദർ ധാരികൾ തുച്ഛം…തട്ടിനുമുകളിൽ മാത്രം ചിലത്‌….ബാക്കി കെ.സി.വൈ.എം., കെ.എൽ.സി.എ, സി.എസ്‌.എസ്‌ ദേഹങ്ങൾ നിറയെ…കുരിശുവര….വെഞ്ചരിപ്പ്‌ ഇത്യാദികർമ്മങ്ങൾ പരക്കെ നടക്കുന്നു….അവറാന്‌ പിന്നെയും പൊറുതിമുട്ടി….അടുത്തിരുന്ന ചട്ടയും മുണ്ടിനോടും ചോദിച്ചു…“സംഭവം എന്തീര്‌?” ചട്ടയും മുണ്ടും ആരുടെയോ ആത്മശാന്തിക്ക്‌ പ്രാർത്ഥിക്കും പോലെ പറഞ്ഞു….“എടേഴത്ത്‌ വിജയിക്കുമാറാകട്ടെ”…അവറാൻ വേദിയിലെ വലിച്ചുനീട്ടിയ തുണിയിലേക്ക്‌ നോക്കി. പഴയ നാലാംക്ലാസിന്റെ ധൈര്യത്തിൽ കാര്യം വായിച്ചൊപ്പിച്ചു. “എറണാകുളം മണ്ഡലം യു.ഡി.എഫ്‌ തിരഞ്ഞെടുപ്പ്‌ കൺവെൻഷൻ-എഡ്വേഡ്‌ എടേഴത്തിനെ വിജയിപ്പിക്കുക.” യു.ഡി.എഫ്‌ കൺവെൻഷനിലെന്തിന്‌ കുർബാനയും വേദോപദേശവും? അവറാൻ അമ്പരന്നു. സമീപസ്ഥനായ വിശ്വാസി കുരിശുവരച്ചു…“എല്ലാം അരമനയുടെ കൃപ.” മുകുന്ദപുരത്തെ കാറ്റ്‌ അരമനയിൽ വീശിയെന്ന്‌ ആടിനിന്ന വിശ്വാസിയുടെ മുറുമുറുക്കൽ.

പട്ടക്കാരൻ ടൗൺഹാളിന്റെ വാതിൽക്കൽ പ്രത്യക്ഷനായി. വെളുത്ത വേഷം, നരച്ചമുടി, വയസ്സ്‌ തൊണ്ണൂറടുക്കുന്നു….പാൽ ‘ഇളി’. പട്ടക്കാരൻ നടന്നു കയറി..പതിവിലും വിപരീതമായി ജയ്‌ വിളികളില്ല, അലർച്ചയില്ല, ആവേശമില്ല…മറിച്ച്‌ പിതാവിനും മക്കൾക്കും പരിശുദ്ധാത്മാവായ അന്തോണിക്കും അരമനക്കും സ്തോത്രം മാത്രം മുഴങ്ങി….പട്ടക്കാരന്‌ പണ്ട്‌ ചെണ്ടകൊട്ടി തഴക്കമുളളതിനാൽ ഏതു താളവും വശമാകും….സ്തോത്രവും വശമായി….പട്ടക്കാരൻ പറഞ്ഞു…“ഐക്യം വേണം…”(ഉറക്കെ) ‘മക്കൾക്ക്‌ സീറ്റുകിട്ടി’ (പതുക്കെ) കയറുകിട്ടിയിട്ടുണ്ടെന്ന്‌ ഉറക്കെയും അറ്റത്ത്‌ പശുവുണ്ടെന്ന്‌ പതുക്കെയും പറഞ്ഞ സൂത്രക്കാരന്റെ കഥപോലെ.

ഐക്യമെന്നാൽ കർത്താവിനോട്‌ ഐക്യപ്പെടുക എന്നർത്ഥമെന്നു കരുതി…അവറാനും പറഞ്ഞു “ഐക്യം വേണം…” പട്ടക്കാരന്റെ പ്രഭാഷണം മുഴുത്തു… ഇരുപതിൽ പതിനാലും നമുക്കെന്നും ആർക്കും ഐക്യം തകർക്കാൻ പറ്റില്ലെന്നും മക്കൾക്ക്‌ പാരപണിയാത്ത വിശുദ്ധ അന്തോണിക്കും സ്‌തോത്രം ചൊല്ലണമെന്നും പറഞ്ഞ്‌ പ്രസംഗം തുടർന്നു.

അകത്ത്‌ ധ്യാനം കൊഴുക്കുമ്പോൾ…പുറത്ത്‌ അടി തുടങ്ങി. എടേഴത്തിനായി ഇടയന്മാർ കൊണ്ടുവന്ന ലേഖന കടലാസുകെട്ടുകൾ പൊട്ടിച്ച്‌ റോമാക്കാരായ ‘എ’ ഗ്രൂപ്പുകാർ കീറി ആകാശത്ത്‌ പറത്തി…തല്ലുകൊളളുമെന്ന ഭീതിയിൽ ഇടയന്മാർ ധ്യാനഹാളിലേക്ക്‌ ഓടി ഒളിച്ചു….സ്ഥിതി ശാന്തം എന്നു കരുതിയപ്പോഴാണ്‌ പണ്ട്‌ പാതിരിയും പുണ്യാളനും രണ്ട്‌ ഗ്രൂപ്പായി കളിച്ച്‌ പാർട്ടിയെ പിളർത്തുന്ന വക്കിലെത്തിയ സമയത്ത്‌, സാത്താന്മാരായ സി.പി.എമ്മിനോട്‌ ചേർന്ന്‌ നഗരസഭകളും പഞ്ചായത്തുകളും കാലുവാരി പിടിച്ചെടുത്ത ചില ആന്റിമാരും അങ്കിൾമാരും സ്ഥലത്തെത്തിയത്‌. ഇവർ സാത്താന്റെ ചാരന്മാരാണെന്നും ഇവരെ വിശുദ്ധ ധ്യാനസ്ഥലത്തേക്ക്‌ കയറ്റില്ലെന്നും പറഞ്ഞ്‌ ‘എ’ ഗ്രൂപ്പ്‌ റോമാക്കാർ ഭാവം മാറ്റി യഹൂദ ജനതയായിക്കളിച്ചു. ധ്യാനകേന്ദ്രത്തിൽ കയറുമെന്ന്‌ സാത്താനോട്‌ സമരസപ്പെട്ടവർ… തെറിവചനങ്ങൾ, അടിതടവുകൾ തുടങ്ങി….അകത്ത്‌ ധ്യാനം പുറത്ത്‌ തല്ല്‌….പാതിരി പറഞ്ഞിട്ടാണ്‌ സാത്താനുമായി കൂടിയതെന്നും പറഞ്ഞ്‌ ഒരാന്റി പൊട്ടിക്കരയുന്നു. അകത്തപ്പോഴും പാതിരി വിളിച്ചു കൂവുന്നുണ്ടായിരുന്നു ‘ഐക്യം വേണം ഐക്യം വേണം മക്കൾ ജയിക്കാൻ ഐക്യം വേണം.’ സാത്താന്മാരായ സി.പി.എമ്മുകാർ ക്രൂരന്മാരാണെന്നും അവരുമായി യാതൊരു അവിഹിതബന്ധവും പാടില്ലെന്ന്‌ ഉപദേശവും നല്‌കി. പറഞ്ഞതു കേട്ടില്ലെങ്കിൽ പടിക്ക്‌ പുറത്തെന്ന ഭീഷണിയും. കൊത്തിയ പാമ്പ്‌ തന്നെവന്ന്‌ വിഷമിറക്കുന്നെന്ന്‌ കേട്ടിട്ടെയുളളൂ…പക്ഷെ ഇപ്പോൾ കണ്ടു…എങ്കിലും ഈ വിഷം പെട്ടെന്നിറങ്ങുമെന്ന്‌ തോന്നുന്നില്ലെന്ന്‌ ചില ദോഷൈകദൃക്കുകൾ.

മകളെ ജയിപ്പിക്കാൻ അരമനയുടെ പുന്നാരപുത്രനെ എറണാകുളത്ത്‌ പ്രതിഷ്‌ഠിച്ച്‌ ഒരു ചെപ്പടിവിദ്യ കളികളിക്കാൻ നോക്കിയ അപ്പൻ ആപ്പിലായോ എന്ന്‌ സംശയം. ഏതായാലും എടേഴത്തിന്റെ ആദ്യ യു.ഡി.എഫ്‌ ധ്യാനകൺവെൻഷൻ ഠമാർ…പഠാൻ…ഡിഷ്യും.

അവറാൻ മൂട്‌ തുടച്ച്‌ സ്ഥലം കാലിയാക്കാൻ തുടങ്ങി… പോസ്‌റ്ററിൽ എടേഴത്തിന്റെ തല…ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ…ഉണ്ട്‌ കർത്താവിന്റെ ഇരുവശത്തുമായി ക്രൂശിലേറ്റപ്പെട്ട കളളന്മാരിലൊരുവന്റെ ഛായ….അപ്പുറം കിടന്ന കളളന്റെ മുഖം ഓർക്കാൻ ശ്രമിച്ചില്ല…ഒരുപക്ഷെ അരമനപിതാവിന്റെ രൂപമോ, മക്കൾക്കുശേഷം പ്രളയം എന്നു കരുതുന്ന പുതിയ പാതിരിയുടെ മുഖമോ ആയി സാദൃശ്യം തോന്നിയാലോ….?

ചെറുകഷ്‌ണംഃ- സി.പി.എമ്മുമായി സഹകരിച്ച്‌ പഞ്ചായത്തുകളും, മുനിസിപ്പാലിറ്റികളും ഭരിക്കുന്ന കോൺഗ്രസുകാർ സ്ഥാനം രാജിവെച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ പി.പി.തങ്കച്ചൻ…

ഇനി ഇലക്‌ഷൻ കഴിഞ്ഞ്‌ ഭാഗ്യംകൊണ്ട്‌ സി.പി.എമ്മിന്റെ പിന്തുണയോടെ സോണിയ ഭരിച്ചാൽ അവിടെപ്പോയി നടപടിയെടുക്കുമോ എന്ന്‌ ഒരു വിമത ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌…എവിടയോ ഒരു റൈറ്റില്ലേ?

Generated from archived content: humour_apr8.html Author: padman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English