പടിയിറങ്ങുമ്പോൾ

കൊഴിയുമോരോദിനവുമെന്നുള്ളിൽ

ഓർമ്മകൾക്കായൊരു തിരികൊളുത്തുന്നു

എരിയുമോരോസന്ധ്യയുമെന്നുള്ളിൽ

നോവിനായൊരു കനലൊരുക്കുന്നു

ഈ വേനലത്രയും പ്രണയിച്ചുതീരാതിനി-

യൊരുമഞ്ഞുകാലവും തേടി ഞാൻപോകവേ,

ഉള്ളിലാഴങ്ങളിൽ അഗ്നിയാളുന്നു, പിന്നെ

പോയകാലത്തിന്നോർമ്മപോലാകെപ്പടരുന്നു

പ്രിയമുള്ളതൊക്കെയും ഇവിടെത്യജിച്ചീ-

പ്പടിവതിലുംചാരി യാത്രചൊന്നീടവേ,

ഒരുയുഗം നമ്മളീമണിമന്ദിരത്തിൽ

ഈജന്മമൊന്നായിക്കഴിഞ്ഞതോർത്തുപോയ്‌.

എല്ലാം പകുത്തുംപകർന്നും നമ്മളൊ-

ന്നായ്‌ ചിരിച്ചുംകരഞ്ഞും, എല്ലാം

മറന്നും, മഹാമാരിയിൽ നനഞ്ഞും

ഇവിടെയൊരുജന്മം കഴിഞ്ഞുപോയെന്നോ!!

ഓരോവഴികളിൽ വേർപിരിഞ്ഞിട്ടുമിനി-

യോരോരോജന്മങ്ങളിലൊത്തുചേരിലും

ഹാ! എന്തെന്തുദൂരമാണിന്നു നമ്മൾ

പറന്നുചേക്കേറുമീ മരങ്ങൾ തമ്മിൽ

Generated from archived content: poem1_oct12_2006.html Author: padma_saju

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here