എന്തൊരു വിധിമതം കൂരിരുള്‍ കയം തീര്‍ത്തു
പന്തിയില്ലാതാക്കിയെന്‍ ജീവിതം ക്ലേശിക്കുവാന്‍
ചിന്തിച്ചാല്‍ നോവും മനം ദുര്‍ബലപ്പെടുത്താതെ-
ന്നന്തരാത്മാവിന്‍ ശക്തികൊണ്ടു ഞാന്‍ ജീവിക്കുന്നു.
ഇരുളും വെളിച്ചവും വേര്‍തിരിച്ചറിയുവാന്‍
ഒരു നക്ഷത്രദീപ പ്രഭ തെളിയാന്‍ മോഹം.
ഇരുളാം കാരാഗൃഹം വിട്ടു മൂകത മാറ്റാന്‍
ഒരു വെളിവുമായി മിഴി തുറക്കാന്‍ മോഹം.
നിറങ്ങള്‍ തന്‍ നൃത്തവും, പൂക്കള്‍ തന്‍ പുഞ്ചിരിയും,
പറവ സമൂഹവും , പാടത്തെ പൊന്നഴകും,
കാടിന്റെ രമ്യതയും, കുന്നും തടിനിയും, പുല്‍-
മേടും , താഴ്വാരങ്ങളും കണ്ടാനന്ദിക്കാന്‍ മോഹം.
മനുഷ്യമുഖങ്ങള്‍ തന്‍ വിസ്മയ ഭാവങ്ങളെ
മനസിന്‍ കണ്ണാടിയില്‍ പകര്‍ത്തിക്കാണാന്‍ മോഹം.
ഇനിയീ മോഹങ്ങളുടെ ചിറകു മുറിച്ചോട്ടെ;
എനിക്കീ ഭാവനതന്‍ ലോകത്തു ജീവിക്കണം.
ചിന്തിച്ചു വിറങ്ങലിക്കുമ്പോഴും വെട്ടമെന്റെ
അന്തരാത്മാവില്‍ ജ്ഞാനത്തിന്‍ കിരണമായ്.
കാണായതനുഭവ പരിധിക്കുള്ളില്‍ നിന്നും
കാണുകയല്ലയീ ഞാനറിയുകയാണെല്ലാം
നടനായ് വേഷമിട്ടു വന്നു ഞാന്‍ ഭുവി കര്‍മ്മ
നാടകവേദിയിലെ തിരശ്ശീലയ്ക്കു പിന്നില്‍;
വന്നു പിറന്നതൊരു ദുര്‍ന്നിമിത്തമായാര്‍ക്കും
ഖിന്നത നല്‍കാതെ ഞാന്‍ ജീവിച്ചാല്‍ കൃതാര്‍ത്ഥനായ്.
മുന്നോട്ടാണെന്റെ യാത്ര പിന്നിലേക്കില്ല നോട്ടം
ധന്യമാം മനോബലമുണ്ടെനിയ്ക്കതിനെന്നും
വികലഹൃദയനാമെന്നെയുമിജ്ജീവിതം
പകരം പകരമായോരുന്നും പരീക്ഷിക്കേ,
തോല്‍ക്കുകില്ലിനിയെല്ലാം വെല്ലുവാനൊരുങ്ങി ഞാന്‍
ഉള്‍ക്കരുത്തോടെ ജയം നേടുമീ ജീവിതത്തില്‍.
അനുകമ്പയല്ലംഗീകാരമാണെനിക്കിതി-
നനുകൂലമായ് വേണ്ടതൊന്നുമീ സമൂഹത്തില്‍.
അന്ധനെന്നതിലേറെ ശാപാമായ്ത്തീരുന്നതെന്‍
അന്ധതയോടുള്ളൊരു നികൃഷ്ട മനോഭാവം.
എനിക്കും ജീവിക്കണം സ്വസ്ഥമായ് ലോകത്തിങ്ങു
ജനിച്ചു പോയൊരെന്റെ മരണം വരുവോളം.
അപ്രതിരോധ്യമായൊരാത്മശക്തിയാല്‍ത്തന്നെ
നിഷ്പ്രയാസം ഞാനതിജീവിക്കും വൈകല്യത്തെ.
Generated from archived content: poem2_june11_12.html Author: pachalloorvijayan