നമ്മുടെ സൈക്കിള്‍

ഒരു മരത്തണലില്ല വഴിയോരത്തെങ്ങും
പൊരിയുന്ന വെയിലേറ്റു തളരുന്നു പഥികര്‍!
ശകടങ്ങളനവധി കുതിച്ചു പായുന്നു
പുക തുപ്പി പൊടി വിതറി പൊതുനിരത്തില്‍

തിടുക്കത്തിലേറ്റവും വേഗതയില്‍ വിട്ടോടി
ഞൊടിയിടയിലെത്തുവാന്‍ ബദ്ധപ്പെടുന്നവര്‍
ഇടിഞ്ഞുപൊളിഞ്ഞുള്ള റോഡിന്റെ ദു:സ്ഥിതികള്‍
തടയുകില്ലവരുടെയാ പരക്കം പാച്ചില്‍

പഥയാത്രികര്‍ക്കേറെ പ്രയാസം വരുത്തുന്നു
പൊതുനിരത്തില്‍ ‘ പാര്‍ക്കിങ്’ പകുതിയും കൈയേറി;
പെരുകുന്ന വണ്ടികള്‍ വഹിക്കുവാന്‍ പാതക്കു
പരിധി കൂട്ടേണ്ടതൊരാവശ്യമായ് മാറുന്നു

കടകളും വീടുകളും റോഡായി മാറുമ്പോള്‍
ഇടമില്ല മര്‍ത്യര്‍ക്കു കുടി വെച്ചു പാര്‍ക്കുവാന്‍
കാടില്ല, മലകളും, കൃഷിയിടവുമില്ല
നാടാകെ റോഡുകളായ് മാറുന്ന ഭീകരത,

ഉപഭോഗ സംസ്ക്കാരപ്രിയനാം മലയാളി-
ക്കുപയുക്തമാക്കുവനാറിയില്ല മണ്ണിനെ
വികസനമെന്നതിവിടെ റോഡു നിര്‍മ്മാണം
വികൃതമാക്കുന്നതൊരു നാടിന്റെ സംസ്കൃതി.

വാഹനം പെരുകുമ്പോള്‍ മരണവും കൂടുന്നു;
വഹനം വില്‍ക്കുന്ന കമ്പനികള്‍ വളരുന്നു
പാരിസ്ഥിതിക വിപത്തുകളും പടരുന്നു
ദാരിദ്ര്യം ജനതിയെ പാടേ വലക്കുന്നു

ഇരു ചക്രവാഹനം സ്വന്തമായുള്ളവന്‍
കരഗതമായിടണമുടനെയൊരു കാറ്
ആഡംബരത്തിനതുപോരെന്നു വരികിലോ
വീടുവിറ്റാലുമവനഭിലാഷം സാധിക്കും

തലക്കു ചേരാത്തൊരു ശിരസ്ത്രം ധരിക്കുന്നു
മലയാളി തന്‍ നില മറന്നു പലപ്പോഴും
കുറയുകയാണ് ദ്രവയിന്ധനം നാള്‍ക്കുനാള്‍
ഉറവ വറ്റുന്നൊരു കാലമിനി വരവായ്

നമ്മുടെയാ‍ സൈക്കിളൊരു പരിഹാരമല്ലേ
നമ്മുടെ നിരത്തിലപകടങ്ങള്‍ കുറയ്ക്കാന്‍?
ഇല്ല പാരിസ്ഥിതിക വിപത്തും നമുക്കിനി
നല്ല വ്യായാമമുറയുമൊപ്പം ലഭിച്ചിടും

പ്രകൃതിയുടെ ശത്രുവായ്ത്തീരരുത് മര്‍ത്യന്‍
പ്രവൃത്തികള്‍ സ്വയമവനു ദോഷമാകൊല്ല
നയമില്ലാതുകലകത്തിന്‍ വിഭവങ്ങളെല്ലാം
വ്യയം ചെയ്തു തീര്‍ത്താല്‍ പൊറുക്കില്ല തലമുറ

Generated from archived content: poem1_mar12_12.html Author: pachalloorvijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English