പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെ…..

ഭാഗ്യവാനായിത്തീരേണ്ടതിന്നു മനുഷ്യൻ അനുഷ്‌ഠിക്കേണ്ട ജീവിത ചര്യകളെപ്പറ്റിയാണ്‌ ബൈബിളിലെ ഒന്നാം സങ്കീർത്തനം ഒന്നാം അധ്യായം ഒന്നാം വാക്യത്തിൽ പറയുന്നത്‌. ദുഷ്‌ടന്മാരുടെ ആലോചന പ്രകാരം നടക്കാതിരിക്കുക, പാപികളുടെ വഴിയിൽ നിൽക്കാതിരിക്കുക, പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതിരിക്കുക എന്നീ മൂന്നു കാര്യങ്ങൾ തുടങ്ങിയതാണ്‌ ആ ജീവിതചര്യ. ഇവ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. ഇവയിലെ ക്രിയാപദങ്ങൾ തമ്മിൽ ഒരനുക്രമീകരണം (Gradation) ഉണ്ടെന്നുകാണാം. ഇവയെ ആധ്യാത്മികതയിലേക്കുള്ള യാത്രയുടെ മുന്നൊരുക്കങ്ങളായി കരുതാം. നടക്കുക, നിൽക്കുക, ഇരിക്കുക – ഈ മൂന്നു ക്രിയകളുടെ പാരസ്‌പര്യവും ഇതോടൊപ്പം അറിഞ്ഞിരിക്കേണ്ടതാണ്‌. നടക്കുന്ന ആൾ ഉത്തമനെങ്കിൽ, വിഹിതമല്ലാത്തതൊന്നും നോക്കുന്നില്ല, ചിലതൊക്കെ കാണുന്നു എന്നേയുള്ളൂ. അത്‌ അനൈച്ഛികമായ ഒരു വ്യാപാരമാണ്‌! കാണുന്നതൊന്നും അയാളിൽ പ്രതികരണങ്ങളുളവാക്കുന്നില്ല. പാപികളുടെ വഴിയിൽ നിൽക്കുക എന്നതാണു രണ്ടാമത്തെ അവസ്‌ഥ. നിൽക്കുന്നതു കേവലമായ നിസ്സംഗതയോടെയല്ല. സോദ്ദേശ്യമായനില്‌പാണത്‌. “ദർശനം ദൃഷ്‌ടിക്കനുസരിച്ച്‌ എന്നാണല്ലോ ചൊല്ലുള്ളത്‌. പാപികളുടെ വഴിയിലുള്ള നില്‌പ്‌ യഥാർത്ഥ ലക്ഷ്യത്തിൽ നിന്നു വ്യതിചലിക്കാൻ യാത്രക്കാരനെ പ്രേരിപ്പിച്ചെന്നു വരാം. പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കുന്ന അവസ്‌ഥ മേൽപറഞ്ഞ രണ്ടുകൂട്ടം ജീവിത ചര്യകളെക്കാളും ഭയാനകമാണ്‌; ദോഷസമ്പൂർണ്ണമാണ്‌. അടിമത്തം അവരുടെ മുഖമുദ്രയായി മാറികഴിഞ്ഞിരിക്കുന്നു. ഇരിപ്പിടത്തോടുള്ള ആധമർണ്യത്തിൽ നിന്നു മോചനം പ്രാപിക്കുക അത്ര എളുപ്പമല്ല. പര പരിഹാസത്തോട്‌ അവർ അത്രമാത്രം താദാത്മ്യം പ്രാപിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരെപ്പറ്റിയാണ്‌ ഇവിടെ ചിന്തിക്കുന്നത്‌.

പരിഹാസികളുടെ ഇരിപ്പിടങ്ങൾ എവിടെയൊക്കെയാണ്‌? ഒരു നിശ്ചിതമായ ഇരിപ്പിടം ഇക്കൂട്ടർക്കില്ല. കേൾക്കാൻ ആളുള്ള ഇടങ്ങളൊക്കെ പരിഹാസികളുടെ ഇരിപ്പിടങ്ങളാകാറുണ്ട്‌. ക്ലബ്ബുകളും ചായക്കടകളും മാത്രമല്ല, ദേവാലയങ്ങളും ഉത്സവപ്പറമ്പുകളുമൊക്കെ പരിഹാസികളുടെ ഇരിപ്പിടങ്ങളായിത്തീരുന്നുണ്ട്‌. പരിഹാസിക്കു സ്‌ഥലകാലങ്ങളില്ല, ഔചിത്യബോധവുമില്ല. കൊച്ചുമക്കളുടെ പ്രായക്കാർ മുതൽ നവതിയിലെത്തിയവർവരെ ഇവർക്കിരയാകാറുണ്ട്‌. പരിഹാസിക്കു സ്വന്തം കാര്യങ്ങളേക്കാൾ പരകാര്യങ്ങളിലാണു ശ്രദ്ധയും ഉൽകണ്‌ഠയും. അന്യരുടെ നന്മകളും മേന്മകളും കാണാൻ കണ്ണില്ലെങ്കിലും അവരുടെ പോരായ്‌മകളും കുറവുകളും കണ്ടുപിടിച്ച്‌ അടുക്കിനു പറയുന്നവരാണ്‌ ഇക്കൂട്ടർ. ‘രന്ധ്രാന്വേഷികൾ’ എന്നാണ്‌ അറിവുള്ള ജനം ഇവരെ വിളിക്കാറുള്ളത്‌. സ്വന്തം കണ്ണിൽ കോലിരിക്കെ അന്യന്റെ കണ്ണിലെ കരടുനീക്കുവാൻ ബദ്ധപ്പെടുന്നവർ! പരിചയമില്ലാത്ത ഒരാളിനെ നാം മറ്റൊരുവനു പരിചയപ്പെടുത്തിക്കൊടുക്കുന്നതെങ്ങനെയാണെന്നു ചിന്തിച്ചിട്ടുണ്ടോ? നിർദ്ദിഷ്‌ട വ്യക്തി ഒറ്റക്കണ്ണനോ മുടന്തനോ പൊണ്ണത്തടിയനോ വിക്കനോ ആകാം. ഇവയിലേതെങ്കിലും അടയാളവാക്യമായി പറയുകയല്ലേനാം ചെയ്യുന്നത്‌? ബൈബിളിൽ നിന്നുതന്നെ ഒരുദാഹരണം ഉദ്ധരിക്കട്ടെ? അരാം രാജാവിന്റെ സേനാപതിയായ നയമാൻ പരാക്രമശാലിയെങ്കിലും കുഷ്‌ഠരോഗിയായിരിന്നു”- 2. രാജാക്കന്മാർ 5ഃ1 നയമാൻ പരാക്രമശാലിയായ സേനാപതിയായിരുന്നു എന്നു പറഞ്ഞാൽ ധാരാളം മതിയാകുമായിരുന്നു. അന്യന്റെ ശാരീരികവും മാനസികവുമായ വൈകല്യങ്ങളുടെയും ജീവിതത്തിൽ സംഭവിച്ചപാകപ്പിഴകളുടെയും അടിസ്‌ഥാനത്തിൽ ഭാവനാപൂർവ്വം ഇരട്ടപ്പേരു ചാർത്തിക്കൊടുക്കാനാണു നാം ഇഷ്‌ടപ്പെടുക. ഇതു തെറ്റായ പ്രവണതയാണ്‌. സർവ്വസൃഷ്‌ടികളെയും ഈശ്വരന്റെ പ്രകടിത രൂപങ്ങളായി കാണുവാൻ അദ്വൈതസിദ്ധാന്തം ഓരോ ഭാരതീയനെയും ഉദ്‌ബോധിപ്പിക്കുന്നു. “സഹോദരനോടു നിസ്സാരാ എന്നു പറഞ്ഞാലോ ന്യായാധിപ സഭയുടെ മുമ്പിൽ നില്‌ക്കേണ്ടി വരും, മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനുയോഗ്യനാകും” – മത്തായി 5ഃ20. എന്നു ശ്രീയേശുദേവൻ തന്നെ അത്യന്തം കർശനമായി പറയുന്നതിന്റെ പൊരുളും ഇതുതന്നെയാണെന്നു കാണാം. അന്യനെ കുറ്റം വിധിക്കാനോ പരിഹസിക്കാനോ ഒരു വ്യക്തിക്കും അവകാശമില്ല. മറിച്ചായാൽ അവന്റെ സ്രഷ്‌ടാവിനേത്തന്നെ ആയിരിക്കും നിന്ദിക്കുന്നത്‌.

പരനിന്ദനം പാപമാണെന്നു നമുക്കൊക്കെ അറിയാം. അതുകൊണ്ടു നീതിബോധമുള്ളവർ അതൊഴിവാക്കും. അതോടൊപ്പം തന്നെ നാം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന മറ്റൊരു പാപംകൂടിയുണ്ട്‌. പരനിന്ദനം സന്തോഷപൂർവ്വം കേട്ടുകൊണ്ടിരിക്കും. തുടർന്നു പറയാൻ പ്രോത്സാഹിപ്പിക്കും. പറയാൻ വിട്ടുപോയ കണ്ണികൾ കൂട്ടിച്ചേർത്തുകൊടുക്കും. താൻ പരനിന്ദനം നടത്തുന്നില്ലല്ലോ എന്നു സ്വയം നീതികരിക്കും. പരപരിഹാസം പാപമാണെന്നു വ്യക്തമായി എല്ലാവർക്കും അറിയാം. സജ്ജനങ്ങളെ ആക്ഷേപിക്കുന്നതു കേൾക്കുന്നതും പാപമാണെന്ന സത്യം നാം വിസ്‌മരിക്കുന്നു. ശിവപ്രേമം സാക്ഷാത്‌കരിക്കുന്നതിനു വേണ്ടി ശ്രീപാർവ്വതി കഠിനമായ തപസ്സനുഷ്‌ഠിച്ചു. തന്നിലുള്ള സ്‌നേഹം നിർവ്യാജമാണോ എന്നു പരീക്ഷിച്ചറിയുവാൻ ശ്രീപരമേശ്വരൻ ഒരു വടുവിന്റെ വേഷത്തിൽ പാർവ്വതിയുടെ അടുത്തു ചെന്നു. വടു ശിവനെക്കുറിച്ച്‌ ആവുന്നതിലേറെ ദുഷിച്ചു സംസാരിച്ചു. പാർവ്വതി അവയോരോന്നും നിഷേധിച്ചുകൊണ്ട്‌ ഉചിതമായിത്തന്നേ മറുപടികൊടുത്തു. എന്നിട്ടും ശിവൻ ഉപാലംഭം തുടരുന്നതുകണ്ടപ്പോൾ സഹിക്കാനാവാതെ പാർവ്വതി സ്‌ഥലം വിടാനൊരുങ്ങി. അതിനവർ ന്യായവും കണ്ടെത്തി.

“വരുമിഹസുജനാപവാദപാപം

പരനുരചെയ്‌വതുകേട്ടുനില്‌പവർക്കും”.

-കാളിദാസൻ, കുമാരസംഭവം.

കേട്ടു നില്‌പവർക്കും സജ്ജനാപവാദപാപത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരും.

പ്രസേനനെകൊന്നു സ്യമന്തകരത്നം അപഹരിച്ചു എന്നൊരപവാദം ശ്രികൃഷ്‌ണനെകുറിച്ചു നാട്ടിലെല്ലായിടത്തും പരന്നു. ഭഗവാനായിട്ടുപോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്‌ഥ! കുട്ടികൾപോലും ഭഗവാന്റെ മുമ്പിൽ നിന്ന്‌ ഓടിയൊളിച്ചു തുടങ്ങി. സത്യാവസ്‌ഥ വെളിപ്പെടുത്തുവാൻ “പരസ്യാന്വേഷണത്തിനുള്ള സംവിധാനമൊന്നും അന്നില്ലായിരുന്നു. നിജസ്‌ഥിതി അറിയുവാൻ ഭഗവാൻ തന്നെ ഇറങ്ങിത്തിരിച്ചു. അന്വേഷണത്തിനൊടുവിൽ ജാംബവാനുമായി അത്യുഗ്രമായ ദ്വന്ദ്വയുദ്ധം നടത്തി സ്യമന്തകം വീണ്ടെടുത്തുകൊണ്ടു വന്നു സഹോദരനായ സത്രാജിത്തിനെ ഏല്‌പിച്ചു. അങ്ങനെ ഭഗവാൻ അപവാദവിമുക്തനായി. ഭഗവാൻ ഈ കാര്യം നിഷ്‌പ്രയാസം സാധിച്ചു. സാധരണക്കാരായ നമുക്ക്‌ അതിനു കഴിവില്ലല്ലോ.

Generated from archived content: essay1_aug9_10.html Author: pa_zkariya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here