മുറ്റത്തിനരികിൽ
വേനലിൽ ഞരമ്പുകൾ നിഴലിച്ചിരുന്ന
കാട്ടുനെല്ലിമരം
കുമ്പളവള്ളിക്കു പടരാനും
നിലാവിന് ചില്ല വരയ്‌ക്കാനും
പൂവാലനണ്ണാറക്കണ്ണന്
ഊഞ്ഞാലാടാനും
കോഴിക്കുഞ്ഞിനെ കണ്ണുവെച്ച്
പറന്നിരിക്കാനും
ഇടമൊരുക്കി
കുഞ്ഞിലകൾ വീഴ്‌ത്തിയാൽപ്പോലും
മുറ്റം വൃത്തികേടാക്കാതെ
വീടിനരികിൽ
കാടിനെ പ്രതീതിപ്പിച്ച്
ഇടയ്‌ക്കാരോ
ഒരു നെല്ലിയ്‌ക്ക പോലുമില്ലലോ
എന്നും
ആൺമരമാവുമെന്നും
ആശങ്കപ്പെട്ടും
വീടിന് പെയിന്റടിച്ചു
മുറ്റം ചെത്തിക്കോരി
പടർപ്പുകൾ വെട്ടിക്കളഞ്ഞു
ജനൽക്കാഴ്‌ചകളെ കർട്ടൻ മറച്ചു.
നെല്ലിമരം
വെട്ടിക്കളയാൻ തീരുമാച്ചതിന്റെ പിറ്റേന്നാണ് കണ്ടത്
ഉണങ്ങിയെന്നു കരുതിയിരുന്ന
കൊമ്പിലെല്ലാം പൂക്കൾ!
ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടിൽ
ചോരപുരണ്ട്
പാമ്പുറപോലന്തോ കിടന്നത് മാത്രം
ആരും കണ്ടില്ല.
Generated from archived content: poem1_nov3_09.html Author: pa_anish
Click this button or press Ctrl+G to toggle between Malayalam and English