വിദ്യാലയത്തില്‍ മണി മുഴങ്ങി കുട്ടികള്‍ തുമ്പികളേപ്പോലെ ക്ലാസ്സ് മുറികളില്‍ നിന്നും പുറത്തേക്കു പാറിപ്പറന്നു.
അഞ്ചാം ക്ലാസ്സുകാരി നമിത ഓര്‍ത്തു.അടുത്ത പിരീഡ് ഡ്രോയിംഗാണു കളര്‍പെന്‍സിലില്ല അമ്മ നല്‍കിയ രൂപയുമായി അവള്‍ സ്കൂളിനു മുന്നിലെ കടയിലേക്കു ഓടിപ്പോയി.
അവിടെ നിന്നും മിഠായി നുണഞ്ഞുകൊണ്ട് കുട്ടികള്‍ ഇറങ്ങുന്നു വീണ്ടും മണിയൊച്ച.കുട്ടികള്‍ റോക്കറ്റുകളായി ക്ലാസ്മുറികളിലേക്കു.
നമിത അപ്പോള്‍ കടക്കുള്ളിലായിരുന്നു കളര്‍പെന്‍സില്‍ വാങ്ങിക്കഴിഞ്ഞിട്ട്യും അവള്‍ വിരല്‍ കടിച്ചു കൊണ്ടവിടെ നിന്നു.
” കുട്ടീ… ബെല്ലടിച്ചതു കേട്ടില്ലേ? ” ഋഷിതുല്യനും ബ്രഹ്മചാരിയും റിട്ടയേര്‍ഡ് അദ്ധ്യാപകനും കടയുടമസ്ഥനുമായ രാമന്‍നായര്‍ സാര്‍ ചോദിച്ചു .
” ഉം..ഉം.. ” കുട്ടി വെറുതെ തലയാട്ടി.
” എന്താ കുട്ടിക്കു വേണ്ടത്?’ ‘ അവള്‍ മിഠായി ഭരണിയിലേക്കു വിരല്‍ ചൂണ്ടി സാറിന്റെ ചുണ്ടില്‍ നിലാവു പരന്നു.
”ആഹാ … ഇതാണോ കാര്യം ഭരണി തുറന്ന് ഒന്നെടുത്തോളു ..”
കുട്ടി ഭരണി തുറക്കാന്‍ ശ്രമിച്ചു പറ്റുന്നില്ല.
” കുട്ടി ..അതിങ്ങ് കൊണ്ടു വരു…”
ഭരണിയില്‍ നിന്നും രണ്ടു മിഠായി എടുത്ത് നമിതയുടെ കുഞ്ഞിക്കൈകളില്‍ വെച്ചു കൊടുത്തു പനിനീര്‍പ്പൂവായി അവളുടെ മുഖം വിടര്‍ന്നു.സാറില്‍ വാത്സല്യഭാവം നുരയിട്ടുയര്‍ന്നു.ആ കുഞ്ഞിക്കവിളിലൊന്നു നുള്ളി, കയ്യില്‍ ചുംബിച്ചിട്ടു പറഞ്ഞു.
” വേഗം പൊയ്ക്കോളു”
മിഠായി നുണഞ്ഞ കുട്ടി വാണം വിട്ട പോലെ ക്ലാസിലേക്കു. അവിടെ ഡ്രോയിംഗ് സാറിന് പകരം വേണു സാര്‍ ( രഹസ്യമായ നാമം പിരിയല്‍ വേണു)
”ങും..”
”കുട്ടി ഇതുവരെ എവിടെയായിരുന്നു?”
” ഞാന്‍ …കടയില്‍..”
” അവിടെ എന്തെടുക്കുകയായിരുന്നു?”
” പെന്‍സിക് വാങ്ങി …മുട്ടായിയും..”
” എന്നിട്ട്?”
” അതല്ല ചോദിച്ചത് നിന്നെ പിന്നെ എന്തു ചെയ്തുന്നാ..”
” എന്റെ ചെള്ളക്കു പിച്ചി , കയ്യിലുമ്മ വയ്ച്ചു”
” ആ അങ്ങനെ വരട്ടെ”
വേണു പെട്ടന്ന് ക്ലാസിനു വെളിയിലിറങ്ങി നമിതയുടെ അച്ഛനുമായി ഫോണില്‍ ബന്ധപ്പെട്ടു .
ഉച്ചസമയം ..
രാമന്‍ നായര്‍ തിരക്കിലാണു . ഒരു പോലീസു വാന്‍ കടക്കു മുന്നില്‍ നിര്‍ത്തി.
” നിങ്ങളാണോ രാമന്നായര്‍ ?” എസ് ഐ ചോദിച്ചു.
” അതെ”
പോലീസുകാര്‍ സാറിനെ അടിമുടി നോക്കി അളന്നു മുറിക്കുന്നു.
” ഇപ്പോള്‍ തന്നെ ഞങ്ങളൊടൊപ്പം സ്റ്റേഷനില്‍ വരണം ”
സര്‍ ഒന്നമ്പരന്നു.കുറ്റിയടിച്ചു നിര്‍ത്തിയതുപോലെ കാലുകള്‍.. തൊണ്ട വരളുന്നു ചിറിയുണങ്ങുന്നു. ദാഹം അസഹ്യം. കം ഒരു വട്ടപൂജ്യമായി തനിക്കു മുന്നില്‍.
കുട്ടികള്‍ ഇരമ്പി വന്നു …പിറകെ അദ്ധ്യാപകരും ചുറ്റും ജനാവലി.
പീഡനം…പീഡനം…പീഡനം
പോലീസുകാര്‍ പരസ്പരം പറഞ്ഞു ചിരിക്കുന്നു.
മൂക്കത്ത് കൈവച്ച് ജനം കഷ്ടം ! കഷ്ടം!
‘ പുഴുങ്ങനെല്ലിനു വാ പൊളിക്കാത്ത മനുഷ്യനാ ”
” ങും.. ആര്‍ക്കറിയാം ? ഇതേയ് പൂച്ച കട്ട് പാലു കുടിക്കുന്നതുപോലെയായിപ്പോയില്ലേ..?ഇതേതോ രാഷ്ട്രീയ വൈരാഗ്യമാ..”
” അതിനു അദ്ദേഹത്തിനു രാഷ്ട്രീയമില്ലല്ലോ..”
” അതല്ലേ ഏറ്റവും വലിയ തെറ്റ് ”സ്റ്റേഷനിലെത്തിച്ച സാറിനെ ചോദ്യം ചെയ്തു തുടങ്ങി.
” നിങ്ങള്‍ നമിത എന്ന പെണ്‍കുട്ടിയെ മിഠായി കൊടുത്തു പീഡിപ്പിച്ചോ..?”
സാറിന്റെ തലയിലൊരിടിവാള്‍ വെട്ടി.ശരീരത്തിലൂടെയൊരു മിന്നല്പ്പിണര്‍ പാഞ്ഞുപോയി.
” നിര്‍ത്ത് …നിര്‍ത്ത് ”
ആരുടേയൊക്കെയോ ശബ്ദം …എന്തൊക്കെയോ കുശുകുശുക്കുന്നു.
ആരോപണങ്ങള്‍ പ്രത്യാരോപണങ്ങള്‍.
സാറൊന്നും കാണുന്നില്ല കേള്‍ക്കുന്നില്ല അറിയുന്നുമില്ല
” സാറെ.. സാറെ ..”
ആരോ തട്ടി വിളിക്കുന്നു
ആഴിയുടെ നീലക്കറുപ്പിലേക്കു ഊര്‍ന്നു വീണ സൂര്യബിംബമായി ഇരുളിന്റെ കാണാക്കയങ്ങളിലൂടെ ഊളിയിട്ടു നീങ്ങുകയായിരുന്നു രാമന്‍നായര് സാര്‍ അപ്പോള്‍.
കടപ്പാട് : ഉണര് വ്
Generated from archived content: story1_may8_14.html Author: p_vijayakumari