മരച്ചോട്ടിലെ വെയിൽച്ചീളുകൾ

ഒരെഴുത്തുകാരനാകണമെങ്കിൽ ആദ്യം ചെയ്യേണ്ടത്‌ വീടുവിട്ടു പുറത്തുപോകലാണെന്നു പറഞ്ഞതു പോൾതോറെയാണ്‌. പുറത്തുപോയാൽ തിരികെ വരണമെന്ന ഒരനുബന്ധവും ആ പ്രസ്താവത്തിനുണ്ട്‌. എഴുത്തുകാർ തിരികെ വരുന്നത്‌ എഴുത്തിലൂടെയാണ്‌. വയനാട്ടിലെയും ഉത്തരേന്ത്യൻ നാടുകളിലേയും അമേരിക്കൻ ഐക്യനാടുകളിലേയും മറ്റും പര്യടനങ്ങൾക്കിടയിൽ ചീന്തിയെടുത്ത അനുഭവത്തിന്റെ ചീളുകളുമായാണ്‌ വത്സലയുടെ വരവ്‌. എഴുത്തിന്റെ ദേശം, എഴുത്തിന്റെ സൗഹൃദം, എഴുത്തിന്റെ നിയോഗം എന്നിങ്ങനെ മൂന്നു തലങ്ങൾ ഈ വെയിൽച്ചീളുകൾക്കുണ്ട്‌. വയനാടൻകാടുകളിലെ ആദിവാസികൾക്കിടയിലെ ജീവിതാനുഭവങ്ങളാണ്‌ ‘എഴുത്തിന്റെ ദേശ’ത്തിലെ കാതൽ. എഴുപതുകളിൽ വയനാടൻ കാടുകളിൽ പൊലിഞ്ഞുപോയ വിപ്ലവപ്രസ്ഥാനത്തെപ്പറ്റിയുള്ള വത്സലയുടെ വീക്ഷണങ്ങൾ ഇവിടെ വെളിച്ചപ്പെടുന്നു. നെല്ലിന്റെ ദേശവും, പുലയൻകൊല്ലിയിലെ ആനകളും, ആഗ്നേയം എന്ന നോവലിന്‌ ജീവൻ കൊടുത്ത വർഗ്ഗീസും ധീരതയുടെ ഫെമിനിസ്‌റ്റ്‌ മുദ്രയായ നങ്ങേമയും കുറിച്യൻ ചന്തുവും എല്ലാം ഇവിടെ പ്രത്യക്ഷപ്പെടുകയാണ്‌. കവർന്നെടുക്കപ്പെടുന്ന മണ്ണിന്റെയും അധിനിവേശത്തിന്റെയും ഉറവ നഷ്ടപ്പെടുന്ന നന്മയുടേയും സൂക്ഷ്മചിത്രങ്ങൾ വത്സല വരയ്‌ക്കുന്നു. പാരിസ്ഥിതിക വിപത്തുകൾക്കു മുന്നിൽ, പ്രകൃതിയുടെ തിരോധാനത്തിനു മുന്നിൽ നിഷ്‌ക്രിയരായി നിൽക്കുന്ന സമകാലിക സമൂഹത്തെ അവർ വിചാരണ ചെയ്യുന്നു. വത്സലയുടെ എഴുത്തു ജീവിതവുമായിട്ടിടപഴകുകയും സർഗ്ഗാത്മകതയുടെ അനുഭവപാഠങ്ങൾ കൈമാറുകയും ചെയ്ത യശസ്വികളായ ഏതാനും എഴുത്തുകാരെക്കുറിച്ചുള്ള ഓർമ്മകളാണ്‌ ‘എഴുത്തിന്റെ സൗഹൃദ’ത്തിൽ. പൊറ്റെക്കാട്ട്‌, എം.ടി, വൈലോപ്പിള്ളി, വി.കെ.എൻ, സത്യാർത്ഥി തുടങ്ങിയ ലബ്ധപ്രതിഷ്‌ഠരായ എഴുത്തുകാരുമായുള്ള സൗഹൃദങ്ങൾ വത്സല പങ്കുവയ്‌ക്കുന്നു. വത്സല കഥയിലൂടെ പിന്നിട്ട വഴികളെയും ഈ ഭാഗം പ്രകാശിപ്പിക്കുന്നു. സമൂഹത്തിന്റെ പരിവർത്തനത്തിനും പുരോഗമനത്തിനും വേണ്ടിയുള്ള വത്സലയുടെ പിടച്ചിലുകൾ എഴുത്തായും പ്രവൃത്തിയായും പരിണമിക്കുന്ന കാഴ്‌ച ‘എഴുത്തിന്റെ നിയോഗ’ത്തിൽ കാണാം. ആദിവാസി ചൂഷണത്തിനെതിരെ, അനാചാരത്തിനും അന്ധവിശ്വാസത്തിനുമെതിരെ, സ്ര്തീപീഡനത്തിനെതിരെ, സാംസ്‌കാരിക അധഃപതനത്തിനെതിരെ ഒരു സോഷ്യൽ ആക്ടിവിസ്‌റ്റിന്റെ നിശ്ചയദാർഢ്യത്തോടെ വത്സല ശബ്ദമുയർത്തുന്നു. വത്സലയുടെ ഭാഷ ‘ശിവപാർവ്വതീ നടന’ത്തിനു തുല്യം ശക്തിയും സൗന്ദര്യവുമാർജ്ജിച്ചതാണെന്നാണ്‌ നിരൂപകമതം. ആ ഭാഷയുടെ ഗാംഭീര്യം ഈ കൃതി ഉൾക്കൊള്ളുന്നു. ഉലയുന്ന കാടിന്റെ സംഗീതം ഈ കൃതിയിൽ നിന്നു നമുക്കു കേൾക്കാം. സ്നേഹത്തിന്റെ ശ്രുതിതാളങ്ങളനുഭവിക്കാം. വിശ്വമാനവികതയെ സ്വപ്നം കാണുന്ന മഹാമനസ്‌ക്കയായ ഒരെഴുത്തുകാരി ഈ വെയിൽച്ചീളുകൾക്കിടയിൽ നിന്നും എഴുന്നേറ്റുവരുന്നു.

(ആമുഖം)

കൃഷ്ണദാസ്‌

വില ഃ 120

പുസ്തകം വാങ്ങുവാൻ സന്ദർശിക്കുക “www.dcb.puzha.com”

മരച്ചോട്ടിലെ വെയിൽച്ചീളുകൾഃ (പി. വത്സല)

അനുഭവം

Generated from archived content: book1_feb16_08.html Author: p_valsala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here