മധ്യവർഗ്ഗത്തിന്റെ ആധിയും വ്യാധിയും

ജെ. അനിൽകുമാറിന്റെ കഥകളുടെ കാതൽ മധ്യവർഗ്ഗ ജീവിതത്തിന്റെ ചുഴിക്കുത്തുകളും അടിയൊഴുക്കുകളുമൊക്കെയാണ്‌. എക്കാലത്തും സാഹിത്യത്തിൽ ഏറ്റവും കൂടുതൽ പ്രശ്‌നവൽക്കരിക്കപ്പെട്ടിട്ടുള്ളതും ഈ ജീവിതമാണ്‌. എല്ലാ വിപണികളും മധ്യവർഗ്ഗത്തെ ലക്ഷ്യം വയ്‌ക്കുന്നു. ക്ഷേത്രഭണ്ഡാരങ്ങൾ നിറയുന്നതും ആത്മീയവ്യാപാരം തഴച്ചുവളരുന്നതും മധ്യവർഗ്ഗത്തിന്റെ പേടിയിലൂടെയാണ്‌ അത്രയ്‌ക്ക്‌ ദുർബലമാണ്‌ ആ മനസ്സ്‌. മധ്യവർഗ്ഗത്തെപ്പോലെ സന്ദേഹികൾ വേറെയുണ്ടാവില്ല. അതുകൊണ്ടാണ്‌ എഴുത്തുകാർക്ക്‌ ഇവർ നൽകുന്ന പ്രമേയസാധ്യതകൾക്ക്‌ ആഴവും പരപ്പും കൂടുന്നത്‌.

ചോക്ലേറ്റ്‌ എന്ന കഥ തന്നെ മികച്ച ഉദാഹരണം. ചോക്ലേറ്റ്‌ എന്നത്‌ ഉരുകുന്ന മിഠായിയുടെ പ്രതീകമാണ്‌. യഥാർത്ഥ ചോക്ലേറ്റിന്‌ അന്തരീക്ഷതാപം കുറഞ്ഞ സ്‌ഥലത്തുമാത്രമേ അതിന്‌ നൽകപ്പെട്ട ആകൃതിയിൽ നിലനിൽക്കാനാവൂ. ഉഷ്‌ണകാലത്തെ അതിനു നേരിടാനോ സാധ്യമല്ല. ഈ കഥയിലെ നീതു ഒരുപാട്‌ ചോക്ലേറ്റുകൾ തിന്നുന്ന കുട്ടിയാണ്‌. അവൾക്ക്‌ വളരെപ്പെട്ടെന്ന്‌ പ്രായപൂർത്തിയാവുകയാണ്‌. മൂന്നാംക്ലാസിലെത്തിയപ്പോഴേക്കും ഋതുമതിയായ കുട്ടിയാണവൾ. ഈ കുട്ടിയിലേക്കുള്ള അവളുടെ അച്ഛന്റെ നോട്ടം പോലും അതോടെ അട്ടിമറിക്കപ്പെടുകയാണ്‌. മകളുടെ ശരീര മുഴുപ്പ്‌ ജോസ്‌ വെപ്രാളത്തോടെ അളന്നുവെന്ന്‌ കഥയിലൊരിടത്ത്‌ പറയുന്നുണ്ട്‌.

ജോസിനും ഭാര്യ റ്റീനയ്‌ക്കുമിടയിൽ സ്‌നേഹത്തിന്റെയോ പരസ്‌പരവിശ്വാസത്തിന്റെയോ ആർദ്രത നിറഞ്ഞ ലോകമില്ല. രണ്ട്‌ ധ്രുവങ്ങളിൽ സംശയാലുക്കളായി അവർ ജീവിക്കുന്നു. മകൾ മാത്രമാണ്‌ അവരെ തമ്മിൽ ബന്ധിപ്പിക്കുന്നത്‌. അച്ഛനും മകൾക്കുമിടയിലെ ബന്ധംപോലും ലൈംഗികമാവുന്ന ഇക്കാലത്ത്‌ റ്റീനയ്‌ക്ക്‌ തന്റെ ഭർത്താവായ ജോസിനെ നീതുവെന്ന പുത്രിയുടെ അച്ഛനായി കാണാൻ പറ്റുന്നില്ല. മകൾക്ക്‌ അകാലത്തിൽ പ്രായപൂർത്തിയാവുന്നതും അവളുടെ ശരീരഘടന മാറുന്നതുമൊന്നും റ്റീനയ്‌ക്ക്‌ തിരിച്ചറിയാൻ പറ്റുന്നില്ല. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകളുടെ ഋതുരക്തം പിതാവിനാൽ പീഡിപ്പിക്കപ്പെട്ട മകളുടെ കണ്ണീരാണെന്ന്‌ അവൾക്ക്‌ തോന്നുന്നു. അത്രയ്‌ക്ക്‌ വിചിത്രമായ ഒരു മാനസികാവസ്‌ഥയിലാണവൾ. ജോസിനെ പ്രതിസ്‌ഥാനത്തു നിർത്തി അവൾ വിചാരണ ചെയ്യുമ്പോൾ ഒരു പിതാവിന്റെ നെഞ്ചുപിളരുന്ന കരച്ചിൽ നാം കേൾക്കുന്നു. അടിമുടി അശ്ലീലപ്പെട്ടുപോയ ഒരു കാലഘട്ടത്തിന്റെ മനോവ്യാപാരങ്ങൾ നല്ല ഉൾക്കാഴ്‌ചയോടെ കഥാകാരൻ അവതരിപ്പിക്കുന്നു.

മധ്യവർഗ്ഗ ജീവിതത്തിന്റെ കപട സദാചാരബോധത്തെ പ്രശ്‌നവൽക്കരിക്കുന്ന കഥയാണ്‌ ചില സത്യന്വേഷണ പരീക്ഷണങ്ങൾ. ലൈംഗികതയെന്നത്‌ പ്രണയത്തിന്റെ തുടർച്ചയാവേണ്ടതാണ്‌. പ്രണയത്താൽ തന്നെയാണ്‌ ഒരാൾ രതിയിലേക്ക്‌ ഉന്മുഖനാവേണ്ടത്‌. പക്ഷേ ലൈംഗികമായ ഉണർവ്‌ പ്രണയമെന്ന യഥാർത്ഥ ഔഷധം കൊണ്ട്‌ സംഭവിക്കേണ്ടതിനു പകരം വാജീകരണ മരുന്നുകൾ കൊണ്ട്‌ സംഭവിക്കുമ്പോൾ പ്രണയമില്ലാത്ത രതിയുണ്ടാവും. അങ്ങനെയത്‌ അശ്ലീലമായി മാറും. ഈ കഥയിലെ കഥാപാത്രമായ സി.കെ. മരണപ്പെടുന്നത്‌ വാടകയ്‌ക്കെടുത്ത ഒരു പെണ്ണുമായി രതിയിലേർപ്പെടുന്ന സമയത്താണ്‌. അയാളുടെ മുറിയിൽ മദ്യവും ഉറകളും വാജീകരണ ഔഷധങ്ങളുമുണ്ട്‌. സി.കെ.യുടെ കൂട്ടുകാർ ആദ്യം അവളെ രക്ഷപ്പെടുത്തുന്നു. അത്‌ വേണ്ടായിരുന്നുവെന്ന്‌ തോന്നിയ വേളയിൽ അവൾ മറന്നുവെച്ച മൊബൈൽ ഫോണിലൂടെ അവളുടെ പേര്‌ അന്വേഷിക്കുന്നതാണ്‌ കഥയുടെ പ്രമേയം. പക്ഷേ ഒരെത്തും പിടിയും കിട്ടുന്നില്ല. സംഭ്രമത്തിൽ അകപ്പെട്ടുപോയ ഒരവസ്‌ഥയിൽ തന്റെ ജോയുടെ നമ്പരും അവളുടെ ഫോണിലുണ്ടോ എന്നു പരതുന്നുണ്ട്‌ ആലീസ്‌. ഓരോ പുരുഷനും ഓരോ നുണയാണെന്ന്‌ തിരിച്ചറിയുന്നു. ആലീസ്‌. ഭാര്യയെ വിട്ട്‌ മറ്റ്‌ ശയനഗൃഹങ്ങൾ തേടിപ്പോകുന്ന പുരുഷാന്വേഷണങ്ങളുടെ കഥ കൂടിയാണിത്‌.

ഈ കഥാസമാഹാരത്തിലെ ഏറ്റവും വ്യത്യസ്‌തമായ രചനയാണ്‌ ഏഴാം നരകത്തിലെ വെളിച്ചം. മലയാള കഥാസാഹിത്യത്തിലെ തന്നെ വ്യത്യസ്‌തമായ ഒരു പ്രമേയം. ബുദ്ധഭാവങ്ങൾ നമ്മുടെ സാഹിത്യത്തിൽ മിന്നി മറയാറുണ്ടെങ്കിലും ജൈന മത ദർശനങ്ങൾ സാഹിത്യത്തിന്റെ പ്രമേയ പരിസരത്തേക്ക്‌ അങ്ങിനെ കടന്നു വരാറില്ല. ജൈന ദർശനങ്ങൾ ബൗദ്ധ ദർശനങ്ങൾ പോലെ സമൂഹത്തിനു പരിചിതമല്ല. അത്‌ കുറേക്കൂടി സങ്കീർണ്ണമായതുകൊണ്ടാവാം.

പര്യൂഷാൻ പർവ എന്ന ജൈനമത ഉപവാസഘട്ടത്തിൽ വർഷാബെൻ എന്ന തീവ്ര ജൈനമത വിശ്വാസിയായ വിധവയ്‌ക്ക്‌ നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളാണ്‌ ഈ കഥയുടെ കാതൽ. ഇത്‌ കേരളീയ പരിസരത്തിലെ കഥയല്ല. പാൻ ഇന്ത്യൻ കഥയെന്നു വിശേഷിപ്പിക്കാം. മുസൽമാൻമാർ സമീപകാലത്ത്‌ നേരിടുന്ന പോലീസ്‌ അന്വേഷണങ്ങളും ഈ കഥയിലെ സമാന്തരപ്രമേയമാണ്‌. പാപപുണ്യങ്ങളെ സംബന്ധിച്ച സംവാദാത്മകമായ ഒരു തലം ഈ കഥയിലുണ്ട്‌.. ജൈനമത വിശ്വാസപ്രകാരം, നുണ പറഞ്ഞാൽ ഉപവാസ വ്രതങ്ങൾ കൊണ്ട്‌ ഒരു പ്രയോജനവും കാണില്ല. എന്നാൽ എന്തിനുവേണ്ടി നുണ പറയുന്നു എന്നതാണ്‌ പ്രശ്‌നം. നമ്മുടെ നുണകൊണ്ട്‌ ഒരു മനുഷ്യൻ ആപത്തിൽ നിന്ന്‌ രക്ഷപ്പെടുകയാണെങ്കിൽ നുണയൊരു പുണ്യകർമ്മമാവും. നമ്മുടെ സത്യപ്രസ്‌താവന ഒരാളുടെ ജീവിതത്തെ അപായകരമായി ബാധിക്കുമെങ്കിൽ സത്യം പാപവുമായേക്കാം. പാപ-പുണ്യങ്ങൾ സന്ദർഭങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതാണ്‌. വളരെയേറെ ആത്മീയമായ അർത്ഥ കൽപ്പനകൾ നിറഞ്ഞ കഥയാണിത്‌. നരകത്തിലെ വെളിച്ചവും നിർവ്വാണത്തിലേക്ക്‌ വഴി കാണിച്ചേക്കും.

ശരീര കേന്ദ്രീകൃതമായ ചിന്തകളുടേയും ഭാവനകളുടേയും കാലത്തിന്റെ തീവ്രമായ ആധികൾ നിറഞ്ഞ കഥയാണ്‌ ജലജയുടെ ശരീരം. പുരുഷനെ കേവലം നുണകളായി കാണാൻ ജലജയെ പഠിപ്പിച്ചത്‌ അവളുടെ അനുഭവങ്ങളാണ്‌. തന്റെ ജീവിതത്തിലേക്ക്‌ കടന്നുവന്ന പുരുഷന്മാരൊന്നും അവർക്ക്‌ തണലും സാന്ത്വനവുമായില്ല. കേവല ലൈംഗികതയിൽ നിന്ന്‌ ഉദാത്തമായ മാതൃകത്വത്തിലേക്ക്‌ ഉയിർക്കാൻ ജലജ ആഗ്രഹിക്കുന്നുണ്ട്‌. സ്വന്തം പുത്രനേപ്പോലെ അവൾ കരുതിപ്പോന്ന വിപിനെ തന്റെ മടിയിലേക്ക്‌ പിടിച്ചു കിടത്തി അവന്റെ വായിലേക്ക്‌ തന്റെ മുലക്കണ്ണുകൾ തിരുകിക്കൊടുക്കുന്ന ഒരു സന്ദർഭം ഈ കഥയിലുണ്ട്‌. പക്ഷേ അന്നേരം ജലജയെ ‘യൂ ബിച്ച്‌’ എന്നു വിളിച്ച്‌ തള്ളി മാറ്റുകയാണ്‌ വിപിൻ. എൺപത്‌ വയസ്സ്‌ കഴിഞ്ഞതിനുശേഷവും ലൈംഗികത്തൊഴിലാളിയുടെ ജീവിതം നയിക്കേണ്ടിവന്ന സ്‌ത്രീയെക്കുറിച്ച്‌ ഒരു സാമൂഹികപ്രവർത്തകൻ പറഞ്ഞത്‌ ഓർമ്മ വരികയാണ്‌. മുത്തശ്ശിക്കുപോലും ലൈംഗികഭാവം വരുന്ന കാലത്ത്‌ അമ്മയ്‌ക്കെങ്ങിനെ ‘മാതാവായി’ നിലനിൽക്കാനാവും. അമ്മയുടെ കാരുണ്യം ചൊരിയുന്ന മുലകൾ പോലും കാമപ്പേക്കുത്തിനുള്ള ഉപകരണം മാത്രമായി ചുരുങ്ങുന്നവരുടെ കാലത്ത്‌ മുലപ്പാൽ ഔഷധമാവില്ലെന്ന്‌ ബോധ്യപ്പെടുത്തുന്ന കഥയാണിത്‌.

അനിൽകുമാറിന്റെ ചില കഥകളുടെ സവിശേഷതകൾ എടുത്തെഴുതി എന്നേയുള്ളു. അതിനപ്പുറം ഈ കഥകൾക്ക്‌ വ്യാഖ്യാനം ചമയ്‌ക്കാനൊന്നും ഞാൻ മുതിരുന്നില്ല. മികച്ച മനോവിശകലന പാടവം ഈ കഥാകാരനുണ്ട്‌. കഥയെ കേവല സൗന്ദര്യാഖ്യാനത്തിനുള്ള ഉപാധിയാകാതെ നമ്മുടെ കാലഘട്ടത്തിലെ സാമൂഹിക സംഘർഷങ്ങൾ അവതരിപ്പിക്കാനുള്ള മാധ്യമമാക്കാനും ഈ കഥാകാരൻ ശ്രദ്ധിക്കുന്നു.

അനിൽകുമാറിന്റെ കഥയുടെ അതിരുകളിലൊക്കെ തെളിഞ്ഞ ചിരിയുണ്ട്‌. മധ്യവർഗ്ഗ ജീവിതത്തെ ചിരികൊണ്ട്‌ നേരിടുന്നതാണ്‌ നല്ലതെന്ന്‌ തോന്നിപ്പോവുന്ന എത്രയോ മുഹൂർത്തങ്ങൾക്ക്‌ നമ്മൾ സാക്ഷികളാവാറില്ലേ? നാട്യങ്ങളെ രൂക്ഷമായ പരിഹാസത്തിനു വിധേയമാക്കുന്നു ഈ കഥാകാരൻ. കാതലുള്ള കഥകൾക്ക്‌ അവതാരികകൾ വേണ്ട. സ്വന്തം ബലത്താൽ അവ വായനക്കാരിലേക്ക്‌ സഞ്ചരിച്ചുകൊള്ളും.

ജെ. അനിൽകുമാർ

പ്രസാധകർ ഃ കൈരളി ബുക്‌സ്‌

വില ഃ 85രൂപ

Generated from archived content: vayanayute32.html Author: p_surendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English