പറങ്കിമാങ്ങ

വവ്വാലുകൾ കൊണ്ടുവരുന്ന പറങ്കിമാങ്ങയുടെ നീരുവറ്റിയ ശരീരം കമുകിൻതോപ്പിൽ വീണു കിടക്കുമ്പോഴാണ്‌ ചോരൻകുന്നിൽ പറങ്കിമാങ്ങ പഴുത്തുതുടങ്ങി എന്നറിയുക. ചോരൻകുന്നിലെ പറങ്കിമാവുകളാണ്‌ ആദ്യം പൂക്കുക.

തറവാടിന്റെ പടിഞ്ഞാടുഭാഗത്തായിരുന്നു ചോരൻകുന്ന്‌. അവിടെ കുട്ടിമാമക്കും പറങ്കിമാവിൻതോപ്പുണ്ടായിരുന്നു. തട്ടുതട്ടായിക്കിടക്കുന്ന പാഴ്‌നിലങ്ങളിൽ കശുമാവുകൾ പടർന്നുപന്തലിച്ചുനിന്നു. കശുമാവിന്‌ പ്രത്യേകിച്ച്‌ ശുശ്രൂഷയൊന്നും വേണ്ട ആരും നട്ടുവളർത്തുകയും വേണ്ട.

ചോരൻകുന്നിൽ നിറയെ പാറക്കൂട്ടങ്ങളുണ്ടായിരുന്നു. അവക്കിടയിലായിരുന്നു കശുമാവ്‌ വളർന്നിരുന്നത്‌. വളരെ കുറച്ച്‌ നെല്ലിമരങ്ങളും. പാറകൾക്കിടയിൽ പിന്നെയുമുണ്ടായിരുന്നു ധാരാളം കുറ്റിച്ചെടികളും വളളിച്ചെടികളും. പേരറിയുന്നവയും പേരറിയാത്തവയും.

ഞാറ

പുല്ലാനി

തൊരടി…. തെച്ചി…. കാശാവൽ….

മുളളുനിറഞ്ഞ ചെടിയായിരുന്നു തൊരടി. അതിനിടയിലൂടെ നൂണ്ട്‌ ചെന്നാൽ ദേഹമാകെ മുളളുകൊണ്ടു മുറിയും. കശുമാങ്ങ പൊഴിയാൻ തുടങ്ങുന്ന കാലമാവുമ്പോഴേ ഞങ്ങൾ ചോരൻകുന്ന്‌ കയറാറുളളൂ. കണക്കൻമാർ എന്നു വിളിക്കുന്ന ദളിത്‌ ജനവിഭാഗത്തിന്റെ ചുടല (ശ്‌മശാനം) ചോരൻകുന്നിലായിരുന്നു. ആ വഴി ഒറ്റക്കു പോകാൻ ഞങ്ങൾക്കു പേടിയായിരുന്നു. ഓണക്കാലത്ത്‌ പൂ പറിക്കാൻപോലും കണക്കൻമാരുടെ ചുടലക്കരികിലേക്ക്‌ ഞങ്ങൾ പോയിരുന്നില്ല. ചുടലയിൽ നിന്ന്‌ പല നിറമുളള പൂക്കൾ മോഹിപ്പിച്ച്‌ ചിരിച്ചിട്ടുപോലും! രാത്രികാലങ്ങളിൽ പൊട്ടിച്ചൂട്ടുകൾ ചുടലയിൽ നിന്ന്‌ താഴ്‌വരയിലേക്കിറങ്ങി വരുന്നതിന്റെ കഥകൾ കേട്ടിട്ടുണ്ട്‌. പ്രേതാത്മാക്കളുടെ അമർത്തിയ കരച്ചിലുകൾ ചുടലയിൽ നിന്ന്‌ കേട്ടിരുന്നുവത്രെ! പറങ്കിമാങ്ങ പഴുത്തുതുടങ്ങിയാൽ എന്നും കടന്നുപോകേണ്ടിയിരുന്നത്‌ ചുടലവഴിയായിരുന്നു.

വർഷാന്ത്യപ്പരീക്ഷയുടെ കാലത്താണ്‌ പറങ്കിമാങ്ങ പഴുത്തുതുടങ്ങുക. കമുകിൻതോപ്പിൽ എല്ലാദിവസവും വാവല്‌ ചപ്പിയ പറങ്കിമാങ്ങ വീണുകിടക്കുന്നുണ്ടാവും അതിൽനിന്ന്‌ കശുവണ്ടി വേർപ്പെടുത്തി ചെമ്പിൻകുടത്തിൽ നിക്ഷേപിക്കും.

നേരം വെളുക്കുമ്പോഴേക്കും വല്ല്യമ്മ വിളിച്ചുണർത്തും. കുട്ടിമാമക്കൊപ്പം കശുവണ്ടി പറിക്കാൻ പോകാനാണ്‌. കുട്ടിമാമ പറങ്കിമാവിൽ കയറി കൊമ്പുകുലുക്കുമ്പോൾ പൊന്തക്കാടുകൾക്കുമേൽ പറങ്കിമാങ്ങയുടെ പെയ്‌ത്താണ്‌. ഒക്കെ പെറുക്കിയെടുത്ത്‌ കശുവണ്ടി മാത്രം ഉരിഞ്ഞെടുത്ത്‌ സഞ്ചിയിലാക്കണം. നന്നായി പഴുത്തതേ വീഴൂ. പാതി പഴുത്തവ തോട്ടികൊണ്ട്‌ ചാടിക്കണം.

തൊരടിക്കൂട്ടിൽ വീണ പറങ്കിമാങ്ങ പെറുക്കിയെടുക്കുമ്പോൾ കൈകൾ മുളളുകൊണ്ട്‌ മുറിയാതെ സൂക്ഷിക്കാൻ പ്രയാസമായിരുന്നു. പലതരം കശുമാങ്ങകൾ ഉണ്ടായിരുന്നു. പഴുത്താൽ പലനിറത്തിലുളളവയും. ചുവപ്പും മഞ്ഞയുമാണ്‌ കൂടതലും. മാവും പറങ്കിമാവും ഒരേ കാലത്ത്‌ പൂക്കുന്നതുകൊണ്ടാവണം പറവകൾക്കും അണ്ണാൻമാർക്കും പറങ്കിമാങ്ങ വേണ്ടാതാവുന്നത്‌ എന്ന്‌ തോന്നിയിട്ടുണ്ട്‌. കിളികൊത്തി വീഴുന്ന പറങ്കിമാങ്ങകൾ അത്യപൂർവ്വമാണ്‌. കുട്ടികൾക്കുമതെ പറങ്കിമാങ്ങകളോട്‌ തുടക്കത്തിലുളള കൗതുകം വളരെപ്പെട്ടെന്ന്‌ ഇല്ലാതാവും. ആദ്യമൊക്കെ കാറാങ്ങ (പച്ചനിറത്തിലുളള പറങ്കിമാങ്ങ) വരെ പറിച്ചുതിന്നിരുന്നു ഞങ്ങൾ. അതിന്റെ നീരിന്‌ പുളിയാണ്‌ തൊണ്ടക്ക്‌ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും.

ചോരൻകുന്നിൽ നിന്ന്‌ കശുമാങ്ങ പറിക്കുമ്പോൾ പഴം പൊന്തക്കാട്ടിലേക്ക്‌ വലിച്ചെറിയുകയേയുളളൂ. രാവിലെ പറങ്കിമാങ്ങ തിന്നാൻ ഒരു രസവുമില്ല. വലിച്ചെറിയുന്നവ വെയിലേറ്റ്‌ കിടക്കും. വെയിലിൽ വെന്ത കശുമാങ്ങയുടെ മണമാണ്‌ ഗ്രീഷ്‌മകാലത്ത്‌ ഞങ്ങളുടെ നാട്ടുവഴികൾക്ക്‌. ലഹരിയുണ്ടാക്കുന്ന ഗന്ധമാണെന്ന്‌ പിൽക്കാലത്ത്‌ തോന്നിയിട്ടുണ്ട്‌. ഫെനി (കശുമാങ്ങയിൽനിന്ന്‌ വാറ്റിയെടുക്കുന്ന ഗോവൻ മദ്യം) മണക്കുന്ന ഗോവൻ പാതകളിലൂടെ പിൽക്കാലത്ത്‌ സഞ്ചരിച്ചപ്പോഴൊക്കെ ചോരൻകുന്നിനെ മാത്രമേ ഞാൻ ഓർത്തിട്ടുളളൂ.

ഉച്ചനേരത്ത്‌ കുട്ടിയും കോലും (ക്രിക്കറ്റിന്റെ ഒരു പ്രാകൃതരൂപം) കളിച്ച്‌ തളരുമ്പോൾ പറങ്കിമാങ്ങ ആശ്വാസമായിരുന്നു. തറവാട്ടിലെ മേലേകണ്ടത്തിൽ നിറഞ്ഞുകായ്‌ക്കുന്ന ഒരു പറങ്കിമാവുണ്ടായിരുന്നു. കശുമാമ്പഴത്തിന്‌ മഞ്ഞനിറമായിരുന്നു. മരത്തിന്‌ ഉയരം കുറവായിരുന്നു. പൊതുവെ പടർന്നു പന്തലിച്ച മരമാണ്‌ കശുമാവ്‌. കുട്ടികൾക്ക്‌ ഊഞ്ഞാലാടാൻ പാകത്തിൽ വളരെ താഴേക്ക്‌ കൊമ്പുകൾ താഴ്‌ത്തികൊടുക്കുന്ന വൃക്ഷം.

ഉച്ചനേരത്ത്‌ ദാഹം തീർക്കാൻ കശുമാങ്ങ മതി. മുഴുത്ത ഒരു കശുമാമ്പഴത്തിന്റെ നീരുമുഴുവൻ ഊറ്റിക്കുടിച്ചാൽ ശേഷിക്കുന്ന ചണ്ടിയുടെ അളവ്‌ വളരെ കുറവായിരിക്കും. അത്‌ തിന്നാറില്ല ഞങ്ങൾ. കശുമാങ്ങയുടെ നീരിന്‌ കറയുണ്ട്‌. വസ്‌ത്രങ്ങളിൽ മായാത്ത അടയാളമുണ്ടാക്കും. അതുകൊണ്ട്‌ സ്‌കൂളിൽ പോകുമ്പോഴോ, മടങ്ങിവരുമ്പോഴോ ഒന്നും കശുമാങ്ങ തിന്നില്ല. കുട്ടിക്കാലത്ത്‌ രണ്ട്‌ ഷർട്ടിൽ കൂടുതൽ ഉണ്ടായിരുന്നില്ല എനിക്ക്‌ കശുമാവിൻകൊമ്പിൽ കയറി താഴത്തെ ഉണക്കയിലകളിലേക്ക്‌ മൂത്രമൊഴിച്ച്‌ ഒച്ചയുണ്ടാക്കുന്നത്‌ കുട്ടിക്കാലത്തെ കളിയായിരുന്നു.

കശുമാമ്പഴത്തിന്റെ നീര്‌ പഞ്ചസാര ചേർത്ത്‌ മണ്ണിൽ കുഴിച്ചിട്ട്‌ രണ്ടാഴ്‌ച കഴിഞ്ഞാൽ ലഹരിയുണ്ടാവുമെന്ന്‌ പറഞ്ഞുതന്നത്‌ ഉണ്ണീരിയുടെ മകൻ ചന്ദ്രനാണ്‌. വളരെ രഹസ്യമായി ചെയ്യേണ്ട കാര്യമാണത്‌. മുതിർന്നവർ ആരും അറിയാൻ പാടില്ല. പഞ്ചസാര പത്തായത്തിൽ നിന്ന്‌ മോഷ്‌ടിച്ചുകൊണ്ടുവരും. പക്ഷേ രണ്ടാഴ്‌ച മണ്ണിനടിയിൽ സൂക്ഷിച്ചുവെക്കാൻ ഒരിക്കലും ഞങ്ങൾക്ക്‌ കഴിഞ്ഞിട്ടില്ല. സംഘത്തിലെ ആരെങ്കിലും അത്‌ മാന്തിയെടുത്ത്‌ കുടിക്കും. പറങ്കിമാങ്ങയുടെ നീരിൽ ശർക്കര ചേർത്ത്‌ തിളപ്പിച്ച്‌ ഒരുതരം മിഠായി ഉണ്ടാക്കിയിരുന്നു. അതിന്‌ കറുത്ത നിറമായിരുന്നു. പല്ലുകളിൽ ഒട്ടിപ്പിടിക്കുന്ന പശയായിരുന്നു.

ചോരൻകുന്നിലേക്ക്‌ വെളുപ്പിനേ തന്നെ കുട്ടിമാമക്കൊപ്പം കശുമാങ്ങ പറിക്കാൻ പോകാനുളള ഉത്സാഹത്തിന്റെ കാരണം, കശുവണ്ടി വിറ്റു കിട്ടുന്ന തുകയുടെ ഒരു ഭാഗം വിഷുപ്പടക്കത്തിന്‌ മാറ്റിവക്കും എന്നതുകൊണ്ടായിരുന്നു.

വവ്വാൽ കൊണ്ടിടുന്ന കശുവണ്ടി പെറുക്കിയെടുത്ത്‌ ആരും കാണാത്ത പൊത്തുകളിൽ സൂക്ഷിക്കും കുട്ടികൾ. ഒഴിവുകാലത്ത്‌ കടല വിൽക്കുന്ന കുട്ടിക്കച്ചവടക്കാർ കശുവണ്ടിക്ക്‌ കടല തരും. ഇരുമ്പുഴി കോണിക്കല്ലിങ്ങലെ ശിവരാമൻ നായരുടെ കടയിൽ കശുവണ്ടി കൊടുത്താൽ ചീറ്റപ്പടക്കം തരും. ശിവരാമൻനായരുടെ കടയിലെ വിഷുപ്പടക്കക്കാലം മാർച്ച്‌ ഒടുവിൽ തന്നെ ആരംഭിക്കും.

ഇടവപ്പാതിമഴ നിലത്തു വീഴുന്നതോടെ കശുവണ്ടി വാങ്ങാൻ അയമുട്ടിയും വരാതാവും. ബാക്കിവരുന്ന കശുവണ്ടി ചുട്ട്‌ പരിപ്പെടുത്ത്‌ തിന്നും. വീടിനകത്ത്‌ കശുവണ്ടി ചുടാൻ പാടില്ല. വല്ലാത്ത ഗന്ധമാണതിന്‌. ചിലപ്പോൾ കശുവണ്ടി പൊട്ടിത്തെറിച്ച്‌ അതിന്റെ എണ്ണ ദേഹത്ത്‌ വീഴും. അവിടം പൊളളി കറുത്ത പാടുവീഴും.

കശുവണ്ടി ചട്ടിയിലിട്ട്‌ വറുക്കാറുണ്ട്‌. അത്‌ പക്ഷെ കശുവണ്ടിപ്പരിപ്പിന്‌ വേണ്ടിയായിരുന്നില്ല. എണ്ണക്കുവേണ്ടിയായിരുന്നു. കറുത്ത നിറമാണ്‌ ആ എണ്ണക്ക്‌. വർഷക്കാലത്ത്‌ ഉറവ പൊടിഞ്ഞ്‌ എപ്പോഴും വെളളം കെട്ടിനിൽക്കുന്ന മുറ്റത്തുകൂടി ചെരിപ്പിടാതെ നടക്കുമ്പോൾ കാൽവിരലിന്റെ അടിഭാഗത്ത്‌ ഒരുതരം വ്രണമുണ്ടാകും. കൃമികൾ വഴി ഉണ്ടാവുന്നതാണ്‌ ചേറ്റുപുണ്ണെന്നാണ്‌ പറയുക. കശുവണ്ടിയെണ്ണ അതിനുളള ഔഷധമാണ്‌.

മഞ്ചേരിയിലെ ആനക്കയത്ത്‌ കശുവണ്ടി ഗവേഷണകേന്ദ്രമുണ്ട്‌. എന്നാൽ ഏറനാട്ടെ കുന്നുകളിൽ നിന്ന്‌ കശുമാവുകൾ പുഴക്കിയെറിയുന്ന കാലമാണ്‌. അവിടെ കുന്നുകൾ നിരപ്പാക്കിക്കൊണ്ടിരിക്കുന്നു.

ഇപ്പോൾ ജന്മനാട്ടിലെ ഇടവഴികൾക്ക്‌ കശുമാങ്ങയുടെ ഗന്ധമില്ല. നെഞ്ചിൽ കശുമാങ്ങാനീരൊലിപ്പിച്ച്‌ നടക്കുന്ന കുട്ടികളും ഇപ്പോൾ അവിടെയില്ല.

Generated from archived content: essay2_july28_06.html Author: p_surendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here