മാഫിയാ രാജ്യം

മണല്‍ മാഫിയ ജില്ലാ കളക്ടറെപ്പോലും ആക്രമിക്കാന്‍ ധൈര്യം കാണിച്ചതോടെ മാഫിയാരാജ്യത്തിലേക്കുള്ള കേരളത്തിന്റെ ദൂരം ഒന്നു കൂടി കുറഞ്ഞു. ഭാവിയിലേക്കു നോക്കുമ്പോള്‍ കാര്യങ്ങള്‍ അത്രക്കു ശുഭകരമല്ല. താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥന്മാരും പരിസ്ഥിതി ആക്ടിവിസ്റ്റുകളുമൊക്കെ സമാനമായ ആക്രമണങ്ങല്‍ക്കും കൈയേറ്റങ്ങള്‍‍ക്കും വിധേയമായിട്ടുണ്ടെങ്കിലും ജില്ലാ കലക്ടറെ വെല്ലുവിളിക്കാന്‍ മാത്രം മാഫിയകള്‍ കരുത്താര്‍ജ്ജിക്കുന്നുവെന്നത് അല്‍പ്പം ഭയത്തോടു കൂടിത്തന്നെ കാണണം.

കോഴിക്കോട് ജില്ലാ കളക്ടറായ കെ. വി മോഹന്‍ കുമാര്‍ മാഫിയകളുടെ കണ്ണിലെ കരടായിട്ട് കുറച്ചു കാലമായി. വര്‍ഷങ്ങളായി എനിക്കദ്ദേഹത്തെ അറിയാം. നിര്‍ഭയനും നീതിമാനുമായ ഉദ്യോഗസ്ഥനാണദ്ദേഹം. മികച്ച ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്. അദ്ദേഹം പാലക്കാട് ജില്ലാ കളക്ടറായിരുന്നുപ്പോള്‍‍ അദ്ദേഹത്തിന്റെ ധീരമായ ഇടപെടലുകള്‍ കൊണ്ട് എത്രയോ വയലുകളും കുന്നുകളും രക്ഷപ്പെട്ടിട്ടുണ്ട്. കുറച്ച് ഉദ്യോഗസ്ഥരെങ്കിലും റിസ്ക്കെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി പ്രകൃതി വിഭവങ്ങളൊന്നും കരുതിവയ്ക്കാനുണ്ടാവില്ല.

കോഴിക്കോട് സംഭവത്തിനു ശേഷവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള അലസസമീപനങ്ങള്‍ യഥാര്‍ത്ഥത്തില്‍ മാഫിയകള്‍ക്ക് ഊര്‍ജ്ജം പകരുകയാണ്. സര്‍ക്കാരിന്റെ തണലില്‍ മാഫിയ എന്നനിലയില്‍ നിന്ന് മാഫിയകളുടെ തണലില്‍ സര്‍ക്കാര്‍ എന്ന നിലയിലേക്കു കാര്യങ്ങള്‍ മാറുകയും ചെയ്യാം. ലോകത്ത് എത്രയോ സമാന്തര സമ്പദ്ഘടനയാണ്.

പ്രകൃതി വിഭവങ്ങള്‍ അനധികൃതമായി കടത്തിക്കൊണ്ടു പോകുമ്പോള്‍ കോടാനു കോടി രൂപയുടെ സമ്പത്തിന്റെ ഉടമകളായി മാറുന്ന മാഫിയകളുടെ കൊച്ചു കൊച്ചു സാമ്രാജ്യങ്ങള്‍ ഇന്ത്യയില്‍ എല്ലായിടത്തുമുണ്ട്. ബല്ലാരി/ കൊപ്പാല്‍ മേഖലയില്‍ ഇരുമ്പയിരിന്റെ ഖനനവുമായി ബന്ധപ്പെട്ട മാഫിയ കര്‍ണാടകസര്‍ക്കാരിനെത്തന്നെ നിയന്ത്രിക്കുന്നത് നമ്മള്‍ കണ്ടതാണ്. ഖനനത്തിന്റെ ഭയാനകതയ്ക്ക് അല്പം ശമനം കിട്ടിയത് കോടതി ഇടപെട്ടപ്പോഴാണ്. രാജസ്ഥാനില്‍ മാര്‍ബിള്‍ ഖനനവുമായി ബന്ധപ്പെട്ട് , യു.പിയില്‍ മണല്‍ക്കല്ലുമായി ബന്ധപ്പെട്ട് , ആന്ധ്രയില്‍ കപ്പകല്ലുമായി ബന്ധപ്പെട്ട് മാഫിയകളുടെ സാമ്രാജ്യങ്ങള്‍ നിലനില്‍ക്കുന്നു. ചോദ്യം ചെയ്യുന്ന ആരേയും അവര്‍ക്ക് ഇല്ലായ്മ ചെയ്യുവാനും രാജ്യത്തെ ഒരു നിയമവ്യവസ്ഥയും പാലിക്കേണ്ടതില്ലാത്ത വിഭാഗമായി മാഫിയകള്‍ മാറിക്കഴിഞ്ഞു.

നിയമത്തിന്റെ അപര്യാപ്തതകള്‍ കൊണ്ടല്ല മാഫിയകള്‍ വളരുന്നത്. ശക്തമായ നിയമങ്ങള്‍ നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്നു. ഏതു നിയമമാണ് കുന്നിടിക്കാന്‍ അനുകൂലിക്കുന്നത്? പുഴയില്‍ നിന്ന് മണലൂറ്റാന്‍ അനുവദുക്കുന്നത്? ഒന്നുമില്ല. വില്ലേജ് ഓഫീസര്‍ക്കു തന്നെ ശക്തമായ നടപടികള്‍ കൈകൊള്ളാന്‍ നിയമമുണ്ടെന്നിരിക്കെ ജില്ലാകലക്ടര്‍ക്കു മാഫിയകളെ പിന്തുടര്‍ന്നു ചെല്ലേണ്ടിവരുന്നുവെന്നത് താഴേത്തട്ടിലെ സര്‍ക്കാരിന്റെ അധികാരഘടന അത്രമേല്‍ മാഫിയകളുമായി സന്ധിചെയ്തതുകൊണ്ടാണ്. ശിക്ഷ നടപ്പിലാക്കേണ്ടവര്‍ കുറ്റവാളികള്‍ക്കുവേണ്ടി ഒറ്റുകാരുടെ പക്ഷം ചേര്‍ന്നാല്‍ ആരെയാണു ജനങ്ങള്‍ വിശ്വസിക്കുക?

പ്രാദേശിക ഭരണകൂടങ്ങളില്‍നിന്നും പോലീസില്‍നിന്നും അളവറ്റ പിന്തുണ ലഭിക്കുന്നതു കൂടിയാണ് മാഫിയകള്‍ വളര്‍ന്നു പന്തലിച്ചത്. പ്രകൃതി വിഭവങ്ങളുടെ കൊള്ളയുമായി ബന്ധപ്പെട്ടു പരാതി കൊടുക്കാന്‍ പോകുന്നവരുടെ പേരുകള്‍ പോലീസുകാര്‍ തന്നെ മാഫിയകള്‍ക്ക് ഒറ്റികൊടുക്കും. എല്ലാ ഉദ്യോഗസ്ഥരും അങ്ങനെയാണെന്നല്ല. നീതിമാന്മാരായ ഉദ്യോഗസ്ഥര്‍ എല്ലാ വകുപ്പുകളിലുമുണ്ട്. പക്ഷെ അവര്‍ക്ക് നീതി നടപ്പാക്കാന്‍ വിലങ്ങുതടിയാവുന്നത് മാഫിയകളും അഴിമതിക്കാരായ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിതമായ കൂട്ടുകെട്ടാണ്. മാഫിയകള്‍ അവരെ വേട്ടയാടും. വീടുകള്‍ ആക്രമിക്കുക,സ്കൂളില്‍ പഠിക്കുന്ന കുട്ടികളെ കൊന്നുകളയുമെന്ന് ഭീഷിണിപ്പെടുത്തുക. അസാമാന്യമായ ഉള്‍ക്കരുത്തില്ലാത്ത ഏതു നീതിമാനും അതോടെ കീഴടങ്ങും.

രാഷ്ട്രീയപാര്‍ട്ടികളുടെ ജീര്‍ണ്ണത തന്നെയാണ് രാജ്യത്തിന്റെ മാഫിയാവല്‍ക്കരണത്തിനു കാരണമാകുന്നത്. മിക്കവാറും രാഷ്ട്രീയപാര്‍ട്ടികളുടെ വരുമാനമാര്‍ഗം ഖനിജവിഭവങ്ങളുടെ അനധികൃതമായ ഖനനവും വിപണനവുമാണ്. കേരളത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും തൊഴിലാളിസംഘടനകള്‍ മണലൂറ്റുമായും കുന്നിടിക്കലുമായും ക്വാറി പ്രവര്‍ത്തനങ്ങളുമായും സഹകരിക്കുന്നവരാണ്. ചെയ്യുന്ന തൊഴിലിന്റെ കണക്കനുസരിച്ചുള്ളതല്ല അവര്‍ക്കു ലഭിക്കുന്ന വരുമാനം.നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ‘റിസ്ക് അലവന്‍സ് ’എന്ന രീതിയിലാണ് വളരെകൂടുതല്‍ പണം അവര്‍ അമ്പാദിക്കുന്നത്. കേരളത്തിലെ പാറമടകളുടെ കാര്യം തന്നെ എടുക്കുക. ജിയോളജിവകുപ്പിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ അംഗീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒറ്റ പാറമടയും ഉണ്ടാവാന്‍ സാധ്യതയില്ല. പക്ഷേ, തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നകാര്യം ഉന്നയിച്ച് അനധികൃത ഖനനത്തിനൊപ്പം നിലകൊള്ളൂന്നവരാണ് മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികള്‍. അവരുടെ നേതാക്കള്‍ക്കും ഒരു വിഹിതം ലഭ്യമാകുന്നു. വില്ലേജ്/ പഞ്ചായത്ത് ഉദ്യോഗസ്ഥന്മാര്‍, പോലീസ് അധികാരികള്‍ എന്നിവര്‍ക്ക് കൊള്ളമുതല്‍ വിറ്റുകിട്ടുന്നതിന്റെ വിഹിതം കൈമാറണം. ബ്യൂറോക്രസിയേയും രാഷ്ടീയത്തേയും മാറ്റിനിര്‍ത്തി മാഫിയകളെ വിലയിരുത്താനാവില്ല.

കള്ളമണല്‍ കടത്തിക്കൊണ്ടുപോകുന്ന പ്രദേശങ്ങളില്‍ അനധികൃതമായ പണവിതരണം സാമൂഹികജീവിതത്തിന്റെ ഗതികളെ മാറ്റിമറിച്ചു. കാര്യമായ അദ്ധ്വാനമില്ലാത്ത ചെറുപ്പക്കരുടേ പോക്കറ്റില്‍ പണം വന്നു നിറയുന്നു. എന്നാല്‍ ഈ പണം അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ ഉപയോഗിക്കുകയാണ്. മനല്‍ക്കടത്തുമായി ബന്ധപ്പട്ടു പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരുടെ മദ്യപാനാസക്തി കൂടുതലാണ്.

നിളയുടെ തീരങ്ങളില്‍നിന്ന് കേരളത്തിലെ നഗരങ്ങളിലെ വന്‍കിടഹോട്ടലിലേക്ക് മദ്യപിക്കാന്‍ മാത്രമായി കാര്‍ വാടകയ്ക്കെടുത്തു പോകുന്നവരെ അറിയാം. വൈ‍കുന്നേരമാവുമ്പോഴേക്കും നാലായിരവും അയ്യായിരവുമൊക്കെ പോക്കറ്റില്‍ വീഴുമ്പോള്‍ ചെറുപ്പക്കാര്‍ക്കു വഴിതെറ്റും. അത്ഭുതമില്ല. പെണ്‍വാണിഭമെന്നതു പൂര്‍ണ്ണമായും മാഫിയവല്‍ക്കരിക്കപ്പെട്ട ജനജീവിതത്തിന്റെ അടയാളമാണ്.

പെണ്‍ വാണിഭവുമായി പ്രതിചേര്‍ക്കപ്പെടുന്ന മഹാഭൂരിഭാഗം പേരും ഏതെങ്കിലും മാഫിയാബന്ധമുള്ളവരായിരിക്കും. മണല്‍മാഫിയകളുടേ വ്യാപനമുള്ള പുഴയോരങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ഥികളെപ്പോലും അവര്‍ക്ക് സ്വാധീനിക്കാനാവുന്നു. രാത്രി മുഴുവന്‍ മണല്‍ കടത്താന്‍പോയി പോക്കറ്റില്‍ നിറയെ പണവുമായി വന്ന് ക്ലാസ്സില്‍ ഉറക്കം തൂങ്ങുന്ന കുട്ടികളെപ്പറ്റി എത്രയോ അധ്യാപകര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇത്തരം കുട്ടികള്‍ പാന്‍മസാലയ്ക്ക് അടിമപ്പെടുന്നു. മദ്യപിക്കാന്‍ ശീലിക്കുന്നു. മണലൂറ്റു കേന്ദ്രങ്ങളിലൊക്കെ അധോലോകമാണ് രൂപപ്പെടുന്നത്. ഇതിനെ തകര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളം വലിയ വില നല്‍കേണ്ടി വരും.

കേരളത്തില്‍ ഏറ്റവും വലിയ സാമൂഹിക വിപത്ത് മണല്‍മാഫിയ തന്നെയാണ്. അവരില്‍നിന്നു നദികളെ മോചിപ്പിക്കണം. സമ്പൂര്‍ണ മണല്‍നിരോധനമൊന്നും പ്രയോഗികമല്ല. അത്തരം കേവല പരിസ്ഥിതി വാദത്തിലും കഴമ്പില്ല. ആവശ്യക്കാര്‍ക്ക് മണല്‍ ലഭ്യമാവണം. പാരിസ്ഥിതികപ്രത്യാഘാതമില്ലാതെ മണലെടൂക്കാവുന്ന ധാരളം നദീതടങ്ങള്‍ നമുക്കുണ്ട്. ഏറ്റവും കൂടൂതല്‍ മണല്‍ഖനനം നടത്താവുന്നത് നിളയില്‍നിന്നാണ്. നിളയുടെ ഘടന ആ തരത്തിലുള്ളതാണ്. അതിനര്‍ത്ഥം ലക്കും ലഗാനുമില്ലാത്ത മാഫിയകള്‍ക്ക് നദിയെ തീറെഴുതനം എന്നല്ല. വളരെ ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മണല്‍ഖനനം സാധ്യമാക്കാവുന്ന നദീതടങ്ങള്‍ അടയാളപ്പെടുത്തണം. മൈനര്‍ മൈനിംഗിന്റെ ഗനത്തില്‍ ഉള്‍പ്പെടുത്തി ഖനനം പൂര്‍ണ്ണമായും സര്‍ക്കാര്‍ അധീനതയിലാക്കണം. പുഴയുടെ തീരങ്ങളീല്‍നിന്ന് മണലെടുത്ത് അവിടുന്ന് തന്നെ അരിച്ച് രണ്ടോ മൂന്നോ ഗ്രേഡ് ആക്കിത്തിരിച്ച് ചരല്‍ പുഴയില്‍തന്നെ നിക്ഷേപിക്കണം. മണല്‍ ചാക്കുകളിലാക്കി വില്‍ക്കണം. പത്തുകിലോ പാക്കറ്റുകള്‍വരെ ലഭ്യമാവണം. വളരെകുറഞ്ഞ ആവശ്യത്തിനുപോലും വളരെ കൂടുതല്‍ മണല്‍ ഇറക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. അതു മാറാണം. വിദേശമദ്യവില്പന ബിവറേജസ് കോര്‍പറേഷന്‍ വഴിയാക്കിയപ്പോള്‍ കള്ളവാറ്റ് നിന്നില്ലേ. ആവശ്യത്തിനു മണല്‍ ലഭ്യമായാല്‍ ആരാണ് മാഫിയകളെ ആശ്രയിക്കുക.

മണലിന്റെ ഉപയോഗം കുറച്ചുകൊണ്ടുള്ള നിര്‍മാണരീതികള്‍ പ്രോത്സാഹിപ്പിക്കണം. അത്തരം നിര്‍മിതികള്‍ക്ക് നികുതിയിളവു കൊടുക്കണം. മണലും സിമന്റും ഉപയോഗിച്ചുകൊണ്ടുള്ള അലങ്കാരമതിലുകള്‍ക്കു കൂറ്റന്‍ നികുതി ചുമത്തണം. ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരാതെ ഒരു നദിയും രക്ഷപ്പെടാന്‍ പോകുന്നില്ല. വികസനത്തിന്റെ രീതികളെ നിശ്ചയിക്കേണ്ടത് വിഭവങ്ങളുടെ ലഭ്യതയായിരിക്കണം. ഭരണം തന്നെ നിഷ്ക്രിയമാവുമ്പോള്‍ ഒന്നും പറഞ്ഞിട്ടു കാര്യമില്ല. ഇത്തരം വിഷയങ്ങളില്‍ ഇടതുപക്ഷപാര്‍ട്ടികള്‍ ഉയര്‍ത്തുന്നതും കള്ളരാഷ്ട്രീയമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും കാര്യങ്ങള്‍ ഇങ്ങനെതന്നെയായിരുന്നു എന്ന് ഓര്‍ത്തെടുക്കാന്‍ അരിയാഹാരം കഴിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല.

Generated from archived content: essay1_jan11_13.html Author: p_surendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English