അലവ്യാക്ക മരിച്ച വിവരം ഞാനറിയുന്നത് മാസങ്ങൾ കഴിഞ്ഞാണ്. വാർദ്ധക്യത്തിലേക്ക് പ്രവേശിക്കും മുമ്പായിരുന്നു ആ മരണം പാപ്പിനിപ്പാറയിലെ അടുത്ത ബന്ധുക്കൾക്കൊന്നും വട്ടംകുളത്ത് താമസിക്കുന്ന ഞങ്ങളെ വിവരം അറിയിക്കാൻ തോന്നിയില്ല. ആ കാലമായപ്പോഴെക്കും വ്യക്തിബന്ധങ്ങളിലെ തീവ്രത കുറഞ്ഞ് പോയത് അതിനൊരു കാരണമാവാം. ആ ഏറനാടൻ മുസൽമാന്റെ കരുത്ത് ബാല്യ കൗമാരങ്ങളിലൊക്കെയും തുണയായിരുന്നു. പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ ആ കരുത്ത് ഞങ്ങൾക്ക് താങ്ങായി.
എന്റെ ഓർമ്മകൾ തെളിഞ്ഞു തുടങ്ങുന്ന കാലം തൊട്ടേ തറവാട്ടിൽ അലവ്യാക്കയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. അമ്മയുടെ ഏറ്റവും ഇളയ ആങ്ങളയുടെ സമപ്രായക്കാരനായിരുന്നു അലവ്യാക്ക. അവർക്കൊപ്പം കളിച്ച് നടന്ന് തറവാട്ടിലെ ഒരംഗത്തെപ്പോലെയായി. എന്റെ അമ്മക്ക് നാല് ആങ്ങളമാരെക്കൂടാതെ ഒരു ജ്യേഷ്‌ഠത്തി കൂടി ഉണ്ടായിരുന്നു. ഏറ്റവും മുതിർന്നത് അവരായിരുന്നു. പെങ്ങളമ്മ എന്നാണ് മുതിർന്ന ആങ്ങളമാർ വിളിച്ചത്. ചെറിയവർ ഏട്ടത്തിയെന്നും, എന്റെ അമ്മയെ ഇളയ ആങ്ങളമാർ ഓപ്പോൾ എന്നാണ്. അലവ്യാക്കയും അങ്ങനെതന്നെ വിളിച്ചു. ആ വിളിയിലൂടെ ഒരാങ്ങളയുടെ സ്ഥാനത്തേക്ക് കയറിനിന്നു.
ഏലായി അലവി എന്നായിരുന്നു അദ്ദേഹത്തിന്റെ വിലാസപ്പേര്. എന്റെ തറവാടിന്റെ കുറച്ചുകൂടി മോളിൽ ചോരൻകുന്നിന്റെ താഴ്‌വരയിലായിരുന്നു അലവ്യാക്കയുടെ തറവാട്. അദ്ദേഹത്തിന്റെ ഉപ്പ 1921 ലെ കലാപത്തിൽ പങ്കെടുത്ത് അന്തമാനിൽ ജയിൽവാസം കഴിഞ്ഞുവന്ന ആളായിരുന്നു. പിന്നീട് തികഞ്ഞൊരു കർഷകനായി പച്ചകളെ ധ്യാനിച്ച് ശാന്തനായി തൊണ്ണൂറ് കടന്നു.
കൃഷിയും നാടൻ പണിയുമൊക്കെയായിരുന്നു അലവ്യാക്കയുടെ ഉപജീവനമാർഗ്ഗം. ഒത്തഉയരത്തിന് ഇരുമ്പിന്റെ ബലമായിരുന്നു. മനസ്സിൽ മണ്ണിന്റെ വീര്യവും സ്‌നേഹവുമായിരുന്നു. അലവ്യാക്കയുടെ ചുമലിലിരുന്ന് മഞ്ചേരിയിലെ ശ്രീകൃഷ്‌ണ ടാക്കീസിലേക്ക് സിനിമ കാണാൻ പോയത് നല്ല ഓർമ്മയുണ്ട്. മഞ്ചേരിയിലെ ആഴ്‌ചച്ചന്തക്ക് ആദ്യമായി കൊണ്ട് പോയതും അദ്ദേഹമാണ്. അക്കാലത്ത് പാപ്പിനിപ്പാറയിൽ നിന്ന് മഞ്ചേരി അങ്ങാടിയിലേക്ക് നടന്നു തന്നെ പോകണം.
നാല് അമ്മാമൻമാരിൽ മൂന്ന് പേരും എന്റെ ബാല്യകാലത്തുതന്നെ തറവാട് വിട്ടുപോയിരുന്നു. കുട്ടിമാമ മാത്രമായിരുന്നു തറവാട്ടിൽ. ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് അച്ഛനും അമ്മയും പറമ്പികുളത്തായിരുന്നു. അവിടെ പോസ്‌റ്റ് മാഷായിരുന്നു അച്ഛൻ. മധ്യവേനലവധിക്കാലത്ത് എന്നെയും എന്റെ ചേച്ചിയേയും പറമ്പികുളത്ത് എത്തിക്കാനും ഒരിക്കൽ അലവ്യാക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂർച്ചയേറിയ പരിഹാസവും മായാത്ത ചിരിയുമായിരുന്നു അലവ്യാക്ക. തറവാട്ടിലുണ്ടാവുന്ന ദിവസങ്ങളിൽ, അഞ്ചാം പുരക്കും അടുക്കളക്കും ഇടയിലെ തുറസ്സായ തളത്തിൽ ചാണകം മെഴുകിയ തിണ്ണയിലിരുന്നാണ് അലവ്യാക്ക ഭക്ഷണം കഴിക്കുക. നന്നായി ആഹാരം കഴിക്കും. അതുകഴിഞ്ഞ് ബീഡി വലിക്കാനിരിക്കുമ്പോൾ അടുക്കളയിലെ സ്‌ത്രീകളെ പ്രകോപിപ്പിക്കാൻ പാചകത്തിലെ കുറവുകൾ പെരുപ്പിച്ച് പറഞ്ഞ് ചിരിപ്പിച്ചുകൊണ്ടിരിക്കും. ‘അണക്ക് വെച്ച്‌ണ്ടാക്കിത്തരണ ഞങ്ങളെ പറയണം.’ എന്നാവും അമ്മായിയുടെ പ്രതികരണം. വസ്‌ത്രങ്ങൾ അടുക്കിവെക്കുന്ന മരമഞ്ചകളിലെ ഏറ്റവും വിശിഷ്‌ടമായ സുഗന്ധം കൈതപ്പൂവായിരുന്നു. പൂത്ത കൈതകൾ കണ്ടെത്താൻ വല്ലാത്ത മിടുക്കായിരുന്നു അലവ്യാക്കക്ക്. കൈതപ്പൂവിന്റെ സുഗന്ധം ഇപ്പോഴും എനിക്ക് ഓർത്തെടുക്കാനാവും. ആ ഗന്ധത്തിലൂടെ സ്‌നേഹനിധിയായ ഒരു മനുഷ്യന്റെ നിഷ്‌കളങ്കമായ ചിരിയും തെളിഞ്ഞുവരും.
ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ വട്ടംകുളത്തേക്ക് താമസം മാറ്റി. വല്ല്യമ്മയും കുട്ടിമാമയുടെ കുടുംബവുമായിരുന്നു തറവാട്ടിൽ. പിന്നീട് സ്‌കൂൾ ഒഴിവുകാലത്ത് മാത്രമേ അലവ്യാക്കയെ കാണാൻ പറ്റിയിരുന്നുള്ളു.
തറവാട്ടിൽ നിന്ന് ഒരു പശുക്കുട്ടിയെ വട്ടംകുളത്തേക്ക് എത്തിച്ചാൽ നന്നായിരുന്നു എന്നൊരു മോഹം ഒരിക്കൽ അമ്മ അലവ്യാക്കയോട് പറഞ്ഞു. അത്ര ഗൗരവമായി പറഞ്ഞതൊന്നുമല്ല. വെറുംവാക്ക് അത്രയേ ഉള്ളു. പിന്നീടൊരു ദിവസം ഒരു പശുക്കുട്ടിയേയും തെളിച്ച് അദ്ദേഹം വട്ടകുളത്തെ വീട്ടിൽ പ്രത്യക്ഷപ്പെട്ടത് ഇന്നുമെന്റെ അത്ഭുതമാണ്. കൂടെ പറങ്ങോടനുമുണ്ടായിരുന്നു മഞ്ചേരിയിൽ നിന്ന് വട്ടകുളം വരെ നടന്നാണവർ വന്നത്. ഉടപ്പിറപ്പുകളായ ആങ്ങളമാരേക്കാൾ സ്‌നേഹമാണ് അലവ്യാക്ക ആ പെങ്ങളോട് പ്രകടിപ്പിച്ചത്. ആ സ്‌നേഹത്തിന്റെ തീവ്രതയത്രയും പുറത്തുവന്നത് തറവാട്ടിലെ സ്വത്തുതർക്കത്തിന്റെ ഘട്ടത്തിലാണ്.
കുട്ടിമാമയും പിരിഞ്ഞുപോയശേഷം തറവാട്ടിൽ വല്ല്യമ്മ ഒറ്റക്കായി. സഹചാരികളായി രോഗങ്ങൾ. വല്ല്യമ്മക്കും എന്റെ അമ്മക്കും ഞങ്ങൾ നാല് മക്കൾക്കുമായാണ് തറവാടും പറമ്പും ഭാഗത്തിൽ കിട്ടിയത്. ആ വീട്ടിൽ കിടന്ന് മരിക്കണം എന്നത് വല്ല്യമ്മയുടെ വാശിയായിരുന്നു. പേയിംഗ് ഗസ്‌റ്റായി ചില അദ്ധ്യാപികമാർ വല്ല്യമ്മക്ക് ഒപ്പമുണ്ടായിരുന്നു. അവരിൽ ഒരു പെൺകുട്ടിയോട് തീവ്രമായ സ്‌നേഹമായിരുന്നു വല്ല്യമ്മക്ക്. അവൾക്ക് തിരിച്ചും അതേ സ്‌നേഹമായിരുന്നു. വല്ല്യമ്മയെ ശരിക്കും ശുശ്രൂഷിച്ചിരുന്നു ആ പെൺകുട്ടി.
വിവാഹിതയായശേഷം അവൾ സ്വദേശത്തേക്ക് മാറ്റം വാങ്ങിപ്പോയതോടെ കടുത്ത ഏകാന്തതയെ നേരിടുകയായിരുന്നു വല്ല്യമ്മ. രോഗം മൂർച്ഛിച്ചതോടെ അവരെ വട്ടകുളത്തേക്ക് കൊണ്ടുവരികയല്ലാതെ വേറെ വഴിയില്ലാതായി. തറവാട് വിൽക്കാനും ഞങ്ങൾ നിർബന്ധിതരായി. വല്ല്യമ്മ ജീവിച്ചിരിക്കെ തറവാട് വിൽക്കാൻ വെയ്‌ക്കുമെന്ന് അമ്മാമൻമാർ പ്രതീക്ഷിച്ചതല്ല. ജീവിതകാലം മുഴുവൻ അവിവാഹിതയായി കഴിഞ്ഞ വല്ല്യമ്മയുടെ മരണശേഷമാണെങ്കിൽ ആ സ്വത്തിൽ അവകാശം ചോദിക്കാമെന്ന കുറുക്കൻ കണ്ണ് അമ്മാമൻമാരിൽ ചിലർക്കുണ്ടായിരുന്നു. അതിനാൽ സ്വത്തുവിൽപ്പന തടയാൻ അവർ ഒറ്റകെട്ടായി. പാവം പിടിച്ച രണ്ട് പെങ്ങൻമാർക്കെതിരെ അവർ വാളോങ്ങി വന്നപ്പോൾ അലവ്യാക്ക മാത്രം പെങ്ങൻമാർക്കൊപ്പം നിന്നു. സ്വത്ത് വിൽപ്പനയ്‌ക്ക് വേണ്ട ഏർപ്പാടുകൾ ചെയ്‌തത് അലവ്യാക്കയായിരുന്നു. അക്കാലത്ത് ചെറിയ അമ്മാവന് എസ് ഐ ആയി സ്ഥാനക്കയറ്റം കിട്ടിയിരുന്നു. അലവ്യാക്കയെ വിളിച്ച് പോലീസ് മുറയിൽ സംസാരിച്ചു എന്നും കേട്ടിരുന്നു. ആങ്ങളമാർ നാലും വാളോങ്ങി നിന്നപ്പോൾ പെങ്ങൻമാർ ഭയന്നു. പക്ഷേ അലവ്യാക്ക മാത്രം ഭയന്നില്ല.
ചെറിയമ്മാമൻ പോലീസുമുറയെടുത്താൽ അലവ്യാക്ക ഏറനാടൻ മാപ്പിളയുടെ മുറയെടുക്കും എന്നുപറഞ്ഞാണ് അദ്ദേഹം ഞങ്ങളെ ആശ്വസിപ്പിച്ചത്. ഒടുവിൽ അലവ്യാക്ക വിജയം കണ്ടു. റജിസ്‌റ്റർ കഴിഞ്ഞ ശേഷം എല്ലാ സാധനങ്ങളും ലോറിയിൽ നിറച്ച് വട്ടകുളത്തെത്തിച്ചിട്ടേ അലവ്യാക്ക മടങ്ങിയുള്ളു. അതിൽ പിന്നെ തമ്മിൽ കാണുന്നത് വർഷത്തിൽ ഒരിക്കൽ മാത്രമായി. കാവങ്ങാട്ടെ കുളത്തിന്റെ കരയിലെ പച്ചക്കറിത്തോട്ടത്തിൽ വെച്ചോ, കോണിക്കല്ലിങ്ങലെ ചായക്കടയിൽ വെച്ചോ ആണ് കാണുക. കൃഷിയോടുള്ള തീവ്രമായ ഇഷ്‌ടം എന്നുമുണ്ടായിരുന്നു. നിറയെ പച്ചക്കറിയുമായി ഓപ്പോളെ കാണാൻ വരാമെന്ന് പറഞ്ഞിരുന്നു കാണുമ്പോഴൊക്കെ. ഞാനും പെങ്ങളും വേറെ വീട് വെച്ച് താമസമാക്കിയപ്പോൾ ഞങ്ങളോടൊപ്പം രണ്ടുദിവസം താമസിക്കാമെന്ന് വാക്ക് തന്നിരുന്നു. ഒന്നും പാലിക്കാൻ പറ്റിയില്ല അദ്ദേഹത്തിന്.
ദൈവശാസ്‌ത്രത്തെക്കുറിച്ച് അഗാധമായ അറുവുകളൊന്നും അലവ്യാക്കയെപ്പോലുള്ള ഏറനാടൻ മുസൽമാൻമാർക്കില്ലായിരുന്നു. സ്വന്തം ജീവിതത്തിന്റെ മഹനീയതയിലൂടെയാണ് അവർ സ്വന്തം മതത്തിന്റെ മഹത്വം മറ്റുള്ളവർക്ക് മുമ്പിൽ വെളിപ്പെടുത്തിയത്. സ്വന്തം വിയർപ്പ് നനച്ച് വളർത്തിയ കയ്‌പയിലൂടെയും പടവലത്തിലൂടെയും വെള്ളരിക്കയിലൂടെയുമാണ് അവർ ഇസ്ലാമിനെക്കുറിച്ച് സംസാരിച്ചത്. അതിനാൽ ഒടുങ്ങാത്ത ഹിംസക്കുവേണ്ടി ആയുധമണിയുന്ന മതം അവരുടെ ജീവിത പുസ്‌തകത്തിലില്ലായിരുന്നു. അവർ ആയുധമെടുത്തത് ഒന്നിനേയും വെട്ടിമാറ്റാൻ വേണ്ടിയല്ല.
വംശത്തിന്റെ അഹന്ത തീർക്കാനല്ല. പകതീരാത്ത മനസ്സ് വെളിപ്പെടുത്താനല്ല. മറിച്ച് പയറു ചെടിക്ക് വേരോട്ടമുണ്ടാക്കാനും കുമ്പള വള്ളികളിൽ ധാരാളം വെയിലുതട്ടാനും വേണ്ടി മാത്രം.
അലവ്യാക്ക പാട്ടത്തിനെടുത്ത് കൃഷി ചെയ്‌തിരുന്ന സ്ഥലത്ത് ഇപ്പോഴും ധാരാളം പച്ചക്കറികൾ വിളഞ്ഞു നിൽപുണ്ട്. അലവ്യാക്കയുടെ വഴിയിൽ ആരൊക്കെയോ ഉണ്ട്. കവേങ്ങാട്ടെ പടിക്കലെ വലിയ പടവലപ്പന്തലിനടുത്തുകൂടി നടക്കുമ്പോൾ, പടവലങ്ങൾക്കിടയിലൂടെ വന്ന് അലവ്യാക്ക എന്നെ കുഞ്ഞാ (അതായിരുന്നു തറവാട്ടിലെ എന്റെ വിളിപ്പേര്) എന്ന് വിളിക്കും പോലെ എനിക്ക് തോന്നുന്നു. ആ ശബ്‌ദത്തിന് കാതോർത്ത് ഞാൻ നില്‌ക്കുന്നു.
Generated from archived content: essay1_aug25_06.html Author: p_surendran