ഈ കഥാസമാഹാരത്തിലെ എട്ടു കഥകളും പുതിയകാല മനുഷ്യന്റെ വ്രണിതയാനങ്ങളുടെ ആവിഷ്‌കാരങ്ങളാണ്…പല ദേശ&ഗോത്ര&ദൈവശാസ്‌ത്രഭാഷകളുടെ സങ്കലനങ്ങൾ പല കഥകളിലൂടെ സമർത്ഥമായി സാധിച്ചെടുക്കുകയാണ് മധുപാൽ. എന്നാൽ ലാളിത്യം നഷ്‌ടപ്പെടാതെ നോക്കുകയും ചെയ്യുന്നു. ‘ഇലകൾ പച്ച, പൂക്കൾ വെളള’ എന്ന കഥയിൽ സംസാരഭാഷയുടെ ഘടനയാണ് ഉപയോഗിക്കുന്നത്. കടൽമണമുളള ആത്മഭാഷണമാണത്. മതത്താൽ അടയാളപ്പെടുത്തി ഹിംസകളെ ആദർശവത്‌കരിക്കുകയോ രാഷ്‌ട്രീയവത്‌കരിക്കുകയോ ചെയ്യുമ്പോൾ മതത്തിന്റെ അതിരുകൾ ഭേദിച്ചുചെല്ലുന്ന പ്രണയവും സ്‌നേഹവുമൊക്കെ ക്രൂരമായി മായ്‌ക്കപ്പെടുന്നതാണ് ആവാട് കടപ്പുറത്തെ ഉപ്പുകാറ്റിൽ കുരുങ്ങിപ്പോയ നിലവിളികൾ പറഞ്ഞുതരുന്നത്. അബ്‌ദുക്കയോടുളള ജാനുവിന്റെ തെളിമയുറ്റ പ്രണയം ദൈവങ്ങൾക്കുപോലും തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് ദൈവങ്ങൾ ജാനുവിനെ ഭയക്കുന്നതെന്ന് മധുപാൽ കുറിക്കുന്നു.
എല്ലാ സേവനങ്ങളും ആവിഷ്‌കാരങ്ങളും കമ്പോളവത്‌കരിക്കുന്ന സമൂഹത്തിൽ ശരീരത്തെ ലാഭത്തിന്റെ കണക്കുകൾക്കായി തുറന്നുകൊടുക്കുന്ന പെൺകുട്ടിയാണ് ‘ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്ത്?’ എന്ന കഥയിലുളളത്. അവളെ കൂട്ടിക്കൊടുക്കുന്നവൻ അവളെച്ചൊല്ലി വ്യാകുലപ്പെടുമ്പോൾ അവൾ ചിരിക്കുകയാണ്. കച്ചവടത്തിന്റെ അനന്തസാധ്യതകൾ അറിഞ്ഞ ഒരു വണിക്കിന്റെ കൃത്യമായ ജീവിതബോധംകൊണ്ട് അവൾ തന്റെ ദല്ലാളെ നേരിടുന്നത് ദാരുണമായ ഒരു കേരളീയചിത്രമാണ്. തുറന്ന വിപണിയുടെ ഒരു മുഖം കൂടിയാണ് ഈ കഥ. സിൽവർസ്‌ക്രീനിൽ പല ആഖ്യാനതന്ത്രങ്ങളും ഉപയോഗിക്കുന്നു മധുപാൽ. ഒരേ കഥയ്‌ക്കകത്തുതന്നെ ആഖ്യാനങ്ങളുടെ ബഹുസ്വരത ശ്രദ്ധേയമാണ്….
(കലാകൗമുദി, ജനുവരി 24, 2004)
ഹീബ്രുവിൽ ഒരു പ്രേമലേഖനം
മധുപാൽ
കറന്റ് ബുക്‌സ്
വില – 30.00
Generated from archived content: book_mar17.html Author: p_surendran