കണ്ടൽക്കാടുകളും പൊക്കുടനും

പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി എല്ലാ പ്രകൃതിസ്‌നേഹികളും ആശങ്ക പുലർത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ്‌ നാം കടന്നു പോകുന്നത്‌. താത്‌കാലികലാഭം കണക്കാക്കി വികസനപ്രക്രിയ നടത്തി പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്‌തു പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കുന്ന ഒരു വ്യവസ്ഥിതിയിലേക്ക്‌ എത്തിനില്‌ക്കുകയാണ്‌ നാം. വനനശീകരണത്തിനെതിരെയും നദീജലം ചൂഷണം ചെയ്യുന്നതിനെതിരെയും പ്രകൃതിസ്‌നേഹികൾ സംഘടിച്ചു കഴിഞ്ഞു. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ പ്രകൃതിസംരക്ഷണത്തെക്കുറിച്ച്‌ ബോധവത്‌കരണം നടത്തുന്ന ചില ഒറ്റപ്പെട്ട ശബ്‌ദങ്ങൾ എന്നും ശ്രദ്ധേയമാകാറുണ്ട്‌.

തീരപ്രദേശങ്ങളിലെ നിത്യഹരിതവനങ്ങൾ എന്നറിയപ്പെടുന്ന ‘കണ്ടൽവനങ്ങളുടെ’ സംരക്ഷകൻ അഥവാ കല്ലേൻ പൊക്കുടൻ എന്ന പ്രകൃതിസ്‌നേഹി തന്റെ ആത്മകഥയിലൂടെ താൻ കണ്ടതും കേട്ടതുമായ പാഠങ്ങൾ നമുക്ക്‌ നല്‌കുന്നു. വളച്ചുകെട്ടലോ അലങ്കാരങ്ങളോ ഇല്ലാതെയുളള സ്വന്തം അനുഭവങ്ങളിൽ ഏറ്റവും പ്രസക്തമായവ തെരഞ്ഞെടുത്ത്‌ നല്‌കുകയാണ്‌ അദ്ദേഹം. താൻ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിന്റെ ഭാഷതന്നെ ഉപയോഗിച്ചിരിക്കുന്നതിനാൽ ആത്മകഥകളുടെ പതിവു ചട്ടക്കൂടുകളിൽനിന്ന്‌ അദ്ദേഹം പറയുന്നു.

‘സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്നവർ വാക്കുകൾ ഉപയോഗിച്ചു തുടങ്ങുമ്പോൾ അറിവിന്റെയും അനുഭവത്തിന്റെയും പുതുലോകത്തിലൂടെ നാം കടന്നുപോകും.’ പ്രകൃതിയുമായുളള അടുപ്പമാണ്‌ ഈ ആത്മകഥയുടെ സത്ത. കണ്ടൽ ചെടികൾ നട്ടുവളർത്തി ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ ശ്രമിക്കുന്ന ഒരു പ്രകൃതിസ്‌നേഹിയുടെ അനുഭവങ്ങൾക്ക്‌ പ്രകൃതിസമ്പത്തിനോളം തന്നെ വിലയുണ്ടെന്ന്‌ കാണാം.

ജാതിവ്യവസ്ഥയുടെ നിഴലിൽ സമൂഹത്തിന്റെ ഏറ്റവും താഴെ വർഷങ്ങളോളം കഴിയേണ്ടിവന്ന ഒരാളാണ്‌ പൊക്കുടൻ. പക്ഷേ, അത്‌ കണക്കാക്കാതെ ആദ്യം രാഷ്‌ട്രീയപ്രവർത്തകനായും പിന്നീട്‌ പരിസ്ഥിതിപ്രവർത്തകനായും അദ്ദേഹം സമൂഹത്തിൽ ഇടപെട്ടു. പുഴയതിരിലെ ചതുപ്പുകളിൽ തായ്‌വേരുകൾ താഴ്‌ത്തി അനേകം ചെറുമീനുകൾക്കും പക്ഷികൾക്കും ആവാസസ്ഥലമാകുന്ന കണ്ടൽച്ചെടിയുമായി തന്റെ അസ്‌തിത്വത്തെ ഇണക്കി.

‘പ്രകൃതി കോപിച്ച്‌ നാശം വിതയ്‌ക്കുമ്പോൾ നമുക്ക്‌ ഒന്നും ചെയ്യാൻ കഴിയില്ല. അടുത്ത കാലത്തായി കൊടുങ്കാറ്റടിച്ചുണ്ടായ ജീവനാശവും മറ്റും പത്രത്തിലും ടി.വിയിലും നാം കണ്ടതല്ലെ. ഇതിനു കാരണം മനുഷ്യൻ തന്നെയാണ്‌. യാതൊരു വീണ്ടുവിചാരവുമില്ലാതെ പുതിയ മനുഷ്യൻ നമ്മുടെ തീരക്കാടുകളെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. തീരപ്രദേശത്തെ കണ്ടൽക്കാടുകൾ നശിപ്പിച്ചില്ലായിരുന്നെങ്കിൽ നേരത്തെ പറഞ്ഞ കൊടുങ്കാറ്റിൽ നിന്നൊക്കെ നമുക്കു രക്ഷപ്പെടാമെന്നുളള അഭിപ്രായമൊക്കെ പത്രത്തിൽ വന്നു തുടങ്ങി’ അദ്ദേഹം എഴുതുന്നു.

ഈ പ്രകൃതിസ്‌നേഹി നല്‌കുന്ന പാഠങ്ങൾ ഏറെ മൂല്യമുളളവയാണ്‌. പ്രകൃതിയെക്കുറിച്ചുളള വ്യാകുലതകൾ നമ്മളോടൊപ്പം പങ്കുവെയ്‌ക്കുകയും പ്രകൃതിസമ്പത്തിന്റെ മൂല്യത്തെ സംരക്ഷിക്കണമെന്നു നമ്മെ ബോധവത്‌കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു ഈ ആത്മകഥ. കണ്ടൽക്കാടുകളെക്കുറിച്ചുളള ലേഖനങ്ങൾ അനുബന്ധമായി ഈ പുസ്‌തകത്തിൽ നല്‌കിയിരിക്കുന്നത്‌ ഏറെ സഹായകരമാണ്‌.

കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം, പൊക്കുടൻ (ആത്മകഥ), ഡി സി ബുക്‌സ്‌, പേജ്‌ 114 വില 75.00

Generated from archived content: book2_june30_05.html Author: p_ramkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English