ഓർമ്മ

രണ്ടായിരം ആഗസ്‌റ്റിലെ ആദ്യത്തെ പതിനഞ്ചുദിനം നമ്മൾ എന്തു ചെയ്യുകയായിരുന്നു? കൊടുങ്ങല്ലൂരിൽനിന്നും ഗുരുവായൂർക്ക്‌ പോകുന്ന ഏതെങ്കിലും ഒരു ബസ്സിനെക്കുറിച്ച്‌ നമ്മൾ ആലോചിക്കുകയുണ്ടായോ? ഒൻപതിനും ഒൻപതരക്കുമിടയിൽ കൊടുങ്ങല്ലൂർ സ്‌റ്റാൻഡിൽനിന്നും ഗുരുവായൂർവരെ എത്തുന്ന ഏതെങ്കിലുമൊരു ബസ്സിലെ യാത്രക്കാരിൽ ആരെയെങ്കിലും നമ്മുക്കൊന്നോർത്തെടുക്കാൻ സാധിക്കുമോ? ആ സമയത്തെക്കുറിച്ചും അപ്പോൾ എന്തു ചെയ്യുകയായിരുന്നുവെന്നതിനെക്കുറിച്ചും നമുക്കിപ്പോൾ ഓർത്തെടുക്കാൻ കഴിഞ്ഞെന്നു വരില്ല. അടർന്നുവീണ കുറേ ദിനങ്ങൾ ഇന്നലെയുടെ ഇരുളിലേക്കു മറഞ്ഞപ്പോൾ കൂട്ടത്തിൽ രണ്ടായിരം ആഗസ്‌റ്റിലെ ആ ദിനങ്ങൾകൂടിയുണ്ടായിരുന്നു. എന്നാൽ ആഗസ്‌റ്റിലെ ആ ദിനങ്ങൾക്കുപകരമായി മാർച്ചിലേയോ ഫെബ്രുവരിയിലേയോ അല്ലെങ്കിൽ ഡിസംബറിലേയോ ദിനങ്ങളെക്കുറിച്ചാണ്‌ ചോദിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ ഓർത്തെടുക്കാൻ നമുക്കെന്തെങ്കിലും കാണുമായിരുന്നു. ആഗസ്‌റ്റിലെ ആ പതിനഞ്ചുദിനങ്ങൾ തെളിയാത്തവിധം മാഞ്ഞുപോയിരിക്കുന്നു. എന്നാൽ ആഗസ്‌റ്റിലെ ആ ദിനങ്ങളുടെ വേവുന്ന ചൂടിൽ കൊടുങ്ങല്ലൂർ നിന്നും ഗുരുവായൂർക്ക്‌ പോകുന്ന ബസ്സിനെക്കുറിച്ചും അതിന്റെ യാത്രവേളയെക്കുറിച്ചും അതിലെ യാത്രക്കാരെക്കുറിച്ചും ഒരിക്കലും മറക്കാത്ത ഓർമ്മകളുമായി ഒരു സ്‌ത്രീയുണ്ട്‌. എന്തെങ്കിലുമൊരു പേരിട്ട്‌ വിളിക്കുന്നതിനു പകരം നമുക്കവരെ അമ്മ എന്നു വിളിക്കാം. കാരണം അവർ ഒരു അമ്മ തന്നെയാണ്‌. വിങ്ങുന്ന ഹൃദയവും കനത്ത മുഖവും നിറഞ്ഞമിഴികളും ഇടറുന്ന സ്വരവുമുളള ആ സ്‌ത്രീയെ കണ്ടാൽ നമുക്കവരുടെ പേരറിയണമെന്ന നിർബന്ധമുണ്ടാവില്ല. മറിച്ച്‌ ഒരമ്മയായി മാത്രമാണ്‌ തോന്നുക. ഗദ്‌ഗദംകൊണ്ടുമുറിയുന്ന വാക്കുകളുമായി, കണ്ണടച്ചു നിന്നേങ്ങിക്കരയുന്ന അവരെ കാണുമ്പോൾ നമ്മുടെ അമ്മയാണോ എന്നുതോന്നും. അവർ സംസാരിക്കുന്നത്‌ നമ്മെക്കുറിച്ചാണെന്നു തോന്നും. ആ ബസ്സുകളിലൊന്നിൽ നമ്മൾ ഉണ്ടായിരുന്നുവെന്ന്‌ തോന്നും. എന്തെന്നാൽ അതിലൊന്നിൽ അവരുടെ മകനുണ്ടായിരുന്നു. അത്‌ നമ്മുടെ അമ്മയാണെന്ന്‌ തോന്നിയാൽ, നമ്മുടെ അമ്മയെക്കുറിച്ചുളള ഒരോർമ്മ അവർ നമ്മിലുണ്ടാക്കിയാൽ തീർച്ചയായും ആ പതിനേഴുകാരൻ മകൻ നാം തന്നെയായിരുന്നു.

കൊടുങ്ങല്ലൂർ ആയിരുന്നില്ല അവരുടെ വീട്‌. കൊടുങ്ങല്ലൂരിൽനിന്നൊക്കെ വളരെ അകലെയുളള ഒരിടത്തായിരുന്നു അവർ താമസിച്ചിരുന്നത്‌.

നോക്കൂ, ഒരമ്മ അവരുടെ ദുഃഖങ്ങളും നൊമ്പരങ്ങളും തുറന്നു പറയുകയാണ്‌. മനസ്സിലുളള മതിൽകെട്ടുകൾ ഉരുകിയൊഴുകുന്നു. അത്‌ നമ്മിലേക്കു പരക്കുന്നു.

ഞങ്ങൾ നാല്പതോളം പേരുണ്ടായിരുന്നു. എല്ലാവരുടേയും ദൃഷ്‌ടികൾ ഒരേസമയം അവരിലായിരുന്നു. തന്റെ ഊഴം അവസാനമായാണ്‌ അവർ തിരഞ്ഞെടുത്തത്‌. ബാക്കിയുളളവരെല്ലാം അതിനോടകം തങ്ങളനുഭവിച്ച വിവിധതരം വികാരങ്ങളെക്കുറിച്ച്‌ പറഞ്ഞുകഴിഞ്ഞിരുന്നു. എല്ലാവരും പറഞ്ഞവസാനിച്ചെന്നുകരുതി എഴുന്നേല്‌ക്കാൻ തുടങ്ങിയപ്പോഴാണ്‌ ഏറ്റവും പിറകിൽനിന്നും അവർ എഴുന്നേറ്റത്‌. യാതൊരുതരത്തിലുളള സഭാകമ്പത്തിനോ ഭയത്തിനോ കീഴ്‌പ്പെടാതെ തനിക്കുളളിലുളളതുമുഴുവൻ പുറത്തേക്കൊഴുക്കി വിടാൻ മാത്രമായിരുന്നു അവർ ശ്രമിച്ചിരുന്നത്‌. അവരുടെ ശബ്‌ദത്തിനോ വാക്കുകൾക്കോ ഒരു പ്രാസംഗികയുടേതുപോലെ ആകർഷണീയതയോ മാധുര്യമോ ഉണ്ടായിരുന്നില്ല.

ഞങ്ങളെല്ലാം ഒത്തുകൂടാൻ തുടങ്ങിയിട്ട്‌ അന്നേക്ക്‌ ആറുദിനം കഴിഞ്ഞിരുന്നു. ഈ ആറുദിനങ്ങളിലായി നടന്ന സംവാദങ്ങളിൽനിന്നും ചോദ്യങ്ങളിൽനിന്നും മറ്റുമൊക്കെയായി പരസ്‌പരം ഞങ്ങളേറിയകൂറും മുഖപരിചയം സിദ്ധിച്ചിരുന്നു. എന്നാൽ അത്തരം സംവാദങ്ങളിലോ ചോദ്യങ്ങളിലോ ഒന്നെത്തി നോക്കുകപോലും ചെയ്യാതെ നിശ്ശബ്‌ദയായി ഇരുന്ന അവർ അതുകൊണ്ടുതന്നെ തികച്ചും ഒരു പുതുമുഖംപോലെയായിരുന്നു. ഞങ്ങളത്ഭുതപ്പെട്ടു. കഴിഞ്ഞ അഞ്ചുദിനങ്ങളായി ആ ഹാളിൽ, ശ്വാസത്തിന്റെ വിവിധതാളഗതിയിലൂടെ ഊർജ്ജമാവാഹിച്ച്‌ മനസ്സിനെ നിയന്ത്രിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുമ്പോൾ ഞങ്ങൾക്കൊപ്പം അവരുമുണ്ടായിരുന്നുവെന്നോ?

തുടക്കം മുതലെ അതൊരു ദുഃഖകഥ ആയിരുന്നുവെങ്കിലും മറ്റുളളതിൽനിന്നും വ്യത്യസ്‌തമായി കഥനഭാരം വിങ്ങിനില്‌ക്കാൻ പാകത്തിലെന്തെങ്കിലുമുണ്ടെന്ന്‌ തോന്നിയില്ല. സ്‌കൂൾ ഹെഡ്‌മാസ്‌റ്ററായി റിട്ടയർ ചെയ്‌ത പരോപകാരിയായ ഒരു മനുഷ്യനായിരുന്നു അവരുടെ അച്ഛൻ. കാര്യമായൊരസുഖവുമില്ലാതിരുന്ന അച്ഛൻ പൊടുന്നനെ ഹൃദയസ്‌തംഭനം മൂലം മരിക്കുകയാണുണ്ടായത്‌. അത്‌ ആയിരത്തിതൊളളായിരത്തി തൊണ്ണൂറ്റിരണ്ടിലായിരുന്നു. ആ ദിവസവും തിയ്യതിയും വരെ അവർ വ്യക്തമായി പറഞ്ഞു. കാലത്ത്‌ പതിവുപോലെ അമ്മ പുറത്തേക്കും അച്‌ഛൻ കുളിമുറിയിലേക്കുമായി കുളിക്കാൻ നടന്നു. കുളിക്കഴിഞ്ഞുവന്ന അമ്മ സാധാരണഗതിയിൽ തന്നേക്കാൾ നേരത്തെ കുളിക്കഴിഞ്ഞ്‌ കുറിതൊട്ടു നില്‌ക്കാറുളള അച്ഛനെ കാണുന്നതിനുപകരം അടഞ്ഞ കിടക്കുന്ന കുളിമുറി വാതിലാണു കണ്ടത്‌. പുറത്തുനിന്നും ഏറെനേരം വിളിച്ചിട്ടും മറുപടിയൊന്നുമുണ്ടായില്ല. അവസാനം അപ്പുറത്തെ വീട്ടിൽ പണിതുകൊണ്ടിരുന്ന ആശാരിമാർ വന്ന്‌ വാതിൽ വെട്ടിപൊളിച്ചപ്പോഴാണ്‌ കുളികഴിഞ്ഞ്‌ വസ്‌ത്രം മാറി, നിലത്തു കുഴഞ്ഞുകിടക്കുന്ന അച്ഛനെ കണ്ടത്‌. ആശുപത്രിയിലെത്തുമ്പോഴേക്കും അച്ഛന്റെ ശ്വാസം നിലച്ചിരുന്നു.

ആയിരത്തിതൊളളായിരത്തി തൊണ്ണൂറ്റിരണ്ടിലെ ആ ഒരു സമയത്തെക്കുറിച്ചും പിന്നീട്‌ ആയിരത്തിതൊളളായിരത്തി തൊണ്ണൂറ്റാറിലെ ഒരു സായാഹ്‌നത്തെക്കുറിച്ചും അതിൽ പിന്നീട്‌ ആയിരത്തിതൊളളായിരത്തി തൊണ്ണൂറ്റിയെട്ടിലെ ഒരു നട്ടുച്ചയെക്കുറിച്ചും നമ്മൾ ആലോചിക്കേണ്ടതില്ല. ആ സമയത്ത്‌ എന്തു ചെയ്‌തിരുന്നുവെന്ന്‌ നമ്മൾ ഓർക്കുന്നുണ്ടാകുന്നില്ലെന്നു മാത്രമല്ല അതോർത്തെടുക്കാൻ മാത്രം അവർ നമ്മോടൊന്നും പറയുന്നുമുണ്ടായിരുന്നില്ല. യഥാക്രമം ഈ വർഷങ്ങളിൽ ശ്വാസം നിലച്ചുപോയ അവരുടെ അനുജനെക്കുറിച്ചും അമ്മാവനെക്കുറിച്ചുമാണ്‌ അവർ പറഞ്ഞത്‌. അമ്മാതിരി സന്ദർഭങ്ങൾ ഒരു കറുത്തകാറ്റുപോലെ നമ്മുടെ ജീവിതത്തിലൂടെയും കടന്നുപോയിട്ടുണ്ടാകും. തുടക്കം മുതൽ അതീവ ദയയോടെ പറയുന്നതുമുഴുവൻ കേട്ടിരിക്കാൻ തയ്യാറായിരുന്ന പലരും വിരസതയുടെ ഗന്ധമറിഞ്ഞെന്നവണ്ണം ചെരിഞ്ഞിരുന്നു.

കൊടുങ്ങല്ലൂരിലെ രൂക്ഷവെയിലിലേക്കും യാത്രചെയ്യുമ്പോൾ മുഖത്തേക്കടിച്ചുകൊണ്ടിരിക്കുന്ന ചൂടുകാറ്റിലേക്കും പോകുന്നതിനുമുൻപ്‌ ആയിരത്തിതൊളളായിരത്തി തൊണ്ണൂറ്റിയേഴിലെ എസ്‌.എസ്‌.എൽ.സി. പരീക്ഷാഫലത്തിലേക്കു പോകാം. അവരുടെ മകന്‌ എഴുപത്തിമൂന്നു ശതമാനം മാർക്കാണു കിട്ടിയത്‌.

“എല്ലാവരും അതിൽ കൂടുതൽ പ്രതീക്ഷിച്ചിരുന്നു. ഞങ്ങൾ അതുകൊണ്ട്‌ തൃപ്‌തിപ്പെട്ടു. എന്നാൽ അവനതിൽ തൃപ്‌തനല്ലെന്നും അതിൽ കൂടുതൽ അവൻ പ്രതീക്ഷിച്ചിരുന്നുവെന്നും പിന്നീടാണ്‌ മനസ്സിലായത്‌. പക്ഷേ അതവനിൽ എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടാക്കുന്നതായി ഞങ്ങളാർക്കും തോന്നിയില്ല.”

നമുക്കവനെ വിപിൻ എന്നു വിളിക്കാം. മറ്റുളള കുട്ടികൾക്കൊപ്പം പ്രീഡിഗ്രിക്കവനും അടുത്തുളള കോളേജിൽ ചേർന്നു. അവന്‌ മെഡിക്കലിനും എഞ്ചിനീയറിങ്ങിനും എഴുതണമെന്നുണ്ടായിരുന്നു. അടുക്കളയിൽ ചായ ഉണ്ടാക്കിക്കൊണ്ടിരുന്ന അമ്മക്കരുകിലേക്ക്‌ ചെന്ന്‌ പിറകിൽ നിന്നവൻ വട്ടം ചുറ്റിപ്പിടിച്ചു.

“അമ്മേ എനിക്കു കോച്ചിങ്ങിനുപോകണം. ഞാൻ രണ്ടും എഴുതുന്നുണ്ട്‌. മെഡിക്കലും എഞ്ചിനീയറിങ്ങും.”

“ആയിക്കോട്ടെ നിന്റെ ഇഷ്‌ടത്തിനിവിടെ ആരെങ്കിലും എതിരുനില്‌ക്കുമോ?”

നഗരത്തിലെ ഏറ്റവും പ്രശസ്‌തമായ ട്യൂഷൻസെന്ററിൽ തന്നെ അവൻ ചേർന്നു. അവന്‌ കൂട്ടുകാർ ധാരാളമുണ്ടായിരുന്നു. ആ നാളുകളിലൊക്കെ അവന്റെ കൂട്ടുകാർ അവിടെ വരികയും അമ്മ അവരെ നന്നായി സല്‌ക്കരിക്കുകയും നല്ല രീതിയിൽ പെരുമാറുകയും ചെയ്‌തു. അപ്പോഴൊക്കെയും അവർക്കുമുന്നിൽ അമ്മയെ കൊണ്ടുവന്ന്‌ തോളിലൂടെ കയ്യിട്ടുകൊണ്ട്‌ പറയും.

“നിങ്ങളുടെയെല്ലാം അമ്മ ഇങ്ങനെയാണോ? എന്റെ ഏറ്റവും നല്ല ഫ്രണ്ടാണ്‌ അമ്മ.” എല്ലാവരും ചിരിച്ചുകൊണ്ടു നില്‌ക്കുന്നതിനിടയിൽ അവൻ അമ്മയെ ഉമ്മവെച്ചു.

നമ്മുടെയെല്ലാം മക്കൾ പഠിക്കാൻ സ്‌ഥിരമായി പോയിക്കൊണ്ടിരുന്നു. അവർ ക്ലാസ്സിൽ കയറി. ഒഴിവുനേരങ്ങളിൽ സിനിമാതിയേറ്ററിലും ഐസ്‌ക്രീം പാർലറുകളിലും കയറി സമയം ചെലവഴിച്ചു. രാത്രിനേരത്ത്‌ തങ്ങളുടെ മുറിയിലിരുന്ന്‌ വെളുക്കുവോളം പഠിച്ചു.

വിപിൻ തീർത്തും സാധാരണപോലെയാണെന്നാണ്‌ അമ്മ കരുതിയത്‌. എന്നാൽ ആദ്യവർഷ പരീക്ഷ തുടങ്ങുന്നതിന്റെ ആദ്യ ദിവസം തന്നെ അവൻ പോയില്ല. അവൻ തന്റെ മുറിയിൽ കയറിയിരുന്ന്‌ വാതിലടച്ചു. അവനന്ന്‌ പരീക്ഷയാണെന്ന്‌ അമ്മക്കറിയാമായിരുന്നു. തലേന്ന്‌ ഉറക്കമിളച്ചിരുന്ന്‌ അവൻ പഠിക്കുന്നത്‌ അവർ കണ്ടിരുന്നു. ഈ കുട്ടിയെന്താണിന്ന്‌ പരീക്ഷക്ക്‌ പോകുന്നില്ലേ എന്നു സ്വയം ചോദിച്ചുകൊണ്ട്‌ അവർ വാതിലിൽ തട്ടി.

“വിപിൻ, നോക്കൂ, നിനിക്കിന്ന്‌ പരീക്ഷയില്ലേ. നീ ഇന്ന്‌ പരീക്ഷക്ക്‌ പോകുന്നില്ലേ…”

“ഞാനിന്നെങ്ങും പോകുന്നില്ലമ്മേ”

“എന്താ നീ പോകാത്തത്‌”

“ഒന്നുമില്ലമ്മേ, എനിക്കു വയ്യ”

“എന്താ നീ പറയുന്നത്‌. വാതിൽ തുറക്ക്‌”

ആദ്യമവൻ വാതിൽ തുറന്നില്ല. നിർബന്ധം സഹിക്കവയ്യാതായപ്പോൾ അവൻ വാതിൽ തുറന്നു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൻ അമ്മയെ കെട്ടിപിടിച്ച്‌ തേങ്ങിതേങ്ങിക്കരഞ്ഞു.

“വേണ്ട മോനേ. വയ്യെങ്കിൽ പോകേണ്ട.”

“ഇന്നമ്മ ജോലിക്കുപോണ്ടാ. എനിക്കമ്മയെ കണ്ടിരിക്കണം.”

“ശരി. ഞാൻ പോകുന്നില്ല.” അമ്മ സമ്മതിച്ചു. അവൻ അമ്മയ്‌ക്കു പിറകെ അടുക്കളയിലേക്കു നടന്നു. അമ്മ നാളികേരം അരക്കുന്നത്‌ നോക്കി അവനിരുന്നു. അരിവാർക്കുമ്പോഴും അവൻ അമ്മക്കൊപ്പമുണ്ടായിരുന്നു. ഉണ്ണുകഴിഞ്ഞ്‌ അമ്മയും മകനും ടി.വിക്കുമുന്നിൽ ചെന്നിരുന്നു. അമ്മക്ക്‌ എപ്പോഴും നടുവേദനയുണ്ടാകുമായിരുന്നു. അതുകൊണ്ട്‌ നിലത്തിരുന്ന്‌ ടി.വി.കാണാൻ അവർക്കു കഴിയുമായിരുന്നില്ല. എന്നാൽ വിപിൻ വീട്ടിലുളളപ്പോൾ മുഴുവൻ നിലത്തിറങ്ങിയിരിക്കാൻ അവൻ അമ്മയെ നിർബന്ധിക്കുമായിരുന്നു. നിലത്തിരുന്ന അമ്മയുടെ മടിയിൽ തലവെച്ച്‌ അവൻ ടി.വി.യിലേക്കു നോക്കി കിടന്നു.

പിറ്റേന്നത്തെ പരീക്ഷയ്‌ക്കും അവൻ പോയില്ല. അന്നും അമ്മ അവധിയെടുത്ത്‌ അവനരികിൽ ഇരുന്നു. അന്നുച്ചക്ക്‌ കോളേജിൽ നിന്നും അവൻ പരീക്ഷക്കിരിക്കാത്തതിന്റെ കാരണം തിരക്കി പ്രിൻസിപ്പാളിന്റെ ഫോൺവന്നു. അമ്മ കാര്യം പറഞ്ഞു. ഫോൺ അവന്റെ കയ്യിൽ കൊടുക്കാനും അവനുമായി നേരിട്ടു സംസാരിക്കണമെന്നും പ്രിൻസിപ്പാൾ പറഞ്ഞെങ്കിലും ‘എനിക്കാരോടും സംസാരിക്കേണ്ടെ’ന്നു പറഞ്ഞ്‌ അവൻ മുറിയിൽ കയറി വാതിലടച്ചു.

വെക്കേഷനുശേഷം ആദ്യത്തെ കുറേ ദിനങ്ങൾ നമ്മൾ ഓർക്കുന്നുണ്ടോ? നമ്മുടെ കുട്ടികൾ എന്തൊക്കെ നമ്മോട്‌ ആവശ്യപ്പെട്ടു. പോക്കറ്റുമണിയായി നാമവർക്കെത്ര രൂപനല്‌കി. പുതുതായി എത്ര ജീൻസും ടീഷർട്ടും വാങ്ങിക്കൊടുത്തു?

വിപിൻ പക്ഷേ പോക്കറ്റുമണി ഒന്നും ആവശ്യപ്പെട്ടില്ല. സ്‌​‍്‌നേഹപൂർവ്വം അമ്മ നല്‌കിയ കാശെല്ലാം അവൻ തിരികെ കൊടുത്തു. പുതിയ ജീൻസും ടീഷർട്ടും അവയുടെ പാക്കറ്റ്‌ പോലും അഴിയാതെ അലമാരയിൽ തന്നെ ഇരുന്നു. കോളേജിൽ പോകാൻ അവൻ മടികാണിച്ചില്ല. ഒരു രാത്രി അമ്മക്കരികിലിരുന്ന്‌ ടി.വി.കാണുമ്പോൾ വിപിൻ പറഞ്ഞു.

“ഞാനിനി ട്യൂഷന്‌ പോകുന്നില്ലമ്മേ. നല്ല മനഃശക്‌തിയുളളവർക്കുമാത്രമേ ആ ട്യൂഷൻ ക്ലാസ്സിൽ ഇരിക്കാൻ സാധിക്കുകയുളളൂ.” തുടർന്നുളള ദിനങ്ങളിൽ അവൻ അമ്മയുടെ കൂടെ കിടന്നുറങ്ങി. അമ്മയില്ലാതെ അവനുറങ്ങാൻ വയ്യെന്നായി. ഒന്നിടവിട്ടുളള ദിനങ്ങളിലായി പിന്നീടവന്റെ ക്ലാസ്സിൽ പോക്ക്‌. അവസാനം അതുമില്ലാതായി. അമ്മ അവന്റെ ഒരിഷ്‌ടത്തിനും മറുവാക്കു പറഞ്ഞില്ല. അവന്റെ നിറയുന്ന കണ്ണുകൾ അവരുടെ പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങളിൽപോലും കാണാൻ അവരിഷ്‌ടപ്പെട്ടില്ല. രണ്ടാം വർഷപരീക്ഷയും അവനില്ലാതെ കടന്നുപോയി.

ആയിരത്തിതൊളളായിരത്തി തൊണ്ണൂറ്റിഒമ്പതിലെ ആ ദിനങ്ങളിലൊന്നെങ്കിലും നമ്മുടെ ഓർമ്മയിലെത്താതിരിക്കില്ല. നമ്മുടെ മകനോ മകൾക്കോ കട്ടൻകാപ്പിയുണ്ടാക്കി അവരുറങ്ങാതിരിക്കാനായി അവർക്കൊപ്പം ഉറക്കമിളച്ച്‌ കൺപോളകളിൽ തന്നെ തുറിച്ചുനോക്കി ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ അവരുടെ ചുണ്ടുകളിലൂടെ മനസ്സിലേക്കൊഴുകുന്ന പാഠഭാഗങ്ങൾ നമ്മളും ഉരുവിട്ടിരുന്നിരിക്കാം. അവർ ഒരുപക്ഷേ ഉറക്കം തൂങ്ങുന്ന നമ്മുടെ മിഴികൾകണ്ട്‌, ഉറക്കം തൂങ്ങി മുന്നോട്ടാഞ്ഞ മുഖം കണ്ടുചിരിച്ച്‌ നമ്മോടു പോയി കിടന്നുറങ്ങി കൊളളാൻ പറഞ്ഞിട്ടുണ്ടാകും. എന്നാൽ അവിടെ നമ്മുടെ കുട്ടിയോളം പ്രായം വന്ന ഒരു മകൻ അവന്റെ അമ്മയുടെ നെഞ്ചിൽ മുഖം പൂഴ്‌ത്തി എന്തിനെന്നില്ലാതെ ഭയന്ന്‌ അമ്മയെ കെട്ടിപിടിച്ച്‌ ഉറങ്ങിയെന്ന ധാരണയിൽ കിടക്കുകയായിരുന്നു. ഞെട്ടിയുണർന്നപ്പോഴൊക്കെ അവൻ അമ്മയെ കൂടുതൽ കൂടുതൽ തന്നിലേക്കടുപ്പിച്ചു കിടത്തി. കണ്ണീർ തുടച്ചുകൊണ്ട്‌ അപ്പോഴൊക്കെ അമ്മ അവന്‌ സംരക്ഷണം നൽകി. പിറ്റേദിനം പഠിച്ച പാഠങ്ങൾ ഒന്നും മറക്കരുതേ എന്ന പ്രാർത്ഥനയുമായി നമ്മോട്‌ കൈവീശി പരീക്ഷയെഴുതാൻ ഗേറ്റിന്റെ താഴുതുറന്ന്‌ നമ്മുടെ മക്കൾ റോഡിലേക്കിറങ്ങി നടക്കുമ്പോൾ, ആ അമ്മയും മകനും മാറിമാറിയുളള സൈക്ക്യാട്രിസ്‌റ്റുകളുടെ വീട്ടുവാതില്‌ക്കൽ ചെന്നെത്തുകയായിരുന്നു. പരീക്ഷ കഴിഞ്ഞ്‌ തെളിഞ്ഞ മനസ്സും ആശ്വാസം വമിക്കുന്ന നിശ്വാസവുമായി ഭാരമിറക്കിവെച്ച മനസ്സോടെ അവർ പുറത്തിറങ്ങുമ്പോൾ ആശ്വാസവചനങ്ങൾ ധാരാളം കേട്ട്‌ എന്നാൽ അവയൊന്നും മനസ്സിലേല്‌ക്കാതെ ഭാരം മൂലം വിങ്ങിയ മനസ്സുമായി ആ മകൻ, എല്ലാം ഭേദമായി തുടങ്ങിയെന്ന്‌ സമാധാനിക്കുന്ന അമ്മയുടെ പിറകെ നടന്നു.

ഒരുദിനം വിപിനെതേടി ഒരു ഫോൺകോൾ വന്നു. ഫോണെടുത്തത്‌ അമ്മയായിരു​‍ുന്നു. അങ്ങേതലയ്‌ക്കൽ ഒരു പെൺകുട്ടിയുടെ സ്വരം. അമ്മക്കത്‌ഭുതം തോന്നി. ആദ്യമായിട്ടായിരുന്നു അവനെതേടി ഒരു പെൺകുട്ടിയുടെ സ്വരം എത്തുന്നത്‌. അമ്മ വിപിനെ വിളിച്ചു. പെൺകുട്ടിയെന്നു പറഞ്ഞപ്പോൾ അവൻ ഫോൺ വാങ്ങാൻ കൂട്ടാക്കിയില്ല. അക്കാര്യം പറഞ്ഞ്‌ അമ്മ ഫോൺ വെച്ചു.

“എന്താണ്‌ നീ സംസാരിക്കാത്തത്‌?”

“എനിക്കറിയാം, എന്നോട്‌ ഇഷ്‌ടം പറഞ്ഞ പെൺകുട്ടിയാണത്‌.”

“നീ അവളോടെന്തു മറുപടി പറഞ്ഞു” അമ്മ അവന്റെ മറുപടിയറിയാനുളള ഉത്‌ക്കണ്‌ഠയിൽ ചോദിച്ചു.

“ഇല്ലമ്മേ. എനിക്കവൾ ഒരു കൂട്ടുകാരി മാത്രമാണ്‌.”

തന്റെ കൂട്ടുകാർ ഡിഗ്രിക്ക്‌ പഠിക്കുന്ന കോളേജിൽ പ്രീഡിഗ്രിക്കു തുടരാൻ അവനാകുമായിരുന്നില്ല. അവരെയെല്ലാം കാണുമ്പോൾ അവൻ ഒഴിഞ്ഞു മാറുകയോ ഓടിയൊളിക്കുകയോ ചെയ്‌തു. എന്നാൽ അമ്മ നിർബന്ധിച്ചപ്പോൾ അവൻ പഠിക്കാൻ സമ്മതിച്ചു. അവന്റെ ഇഷ്‌ടപ്രകാരം അമ്മ അവനെ കൊടുങ്ങല്ലൂരുളള കോളേജിൽ ചേർത്തു. കൊടുങ്ങല്ലൂർ അവരുടെ നാട്ടിൽ നിന്നേറെ ദൂരെയായിരുന്നു. അവനെ തിരിച്ചറിയുന്ന മുഖങ്ങളോ അവൻ ചിരിക്കേണ്ടതായിട്ടുളള മുഖങ്ങളോ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. അമ്മയുടെ അനുജത്തിയുടെ വീട്‌ അവിടെയുണ്ടായിരുന്നു. ചെറിയമ്മയുടെ വീട്ടിൽ താമസിച്ച്‌ അവൻ കോളേജിൽ പോയിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ അമ്മക്കാശ്വാസവും സമാധാനവുമുണ്ടായിരുന്നു. കോളേജുകഴിഞ്ഞു വന്നാൽ എന്നും അവൻ ഫോൺ ചെയ്യുമായിരുന്നു. അകലെനിന്നും അമ്മയുടെ സ്വരം മകനിലേക്കും മകന്റേത്‌ അമ്മയിലേക്കും തിരമാലപോലെ ഉയർന്നു താഴ്‌ന്നുകൊണ്ടിരുന്നു.

കോളേജിൽ ചേർന്നതിന്റെ പതിനാറാം ദിനം അവൻ വീട്ടിൽ തിരികെയെത്തി. വൈകുന്നേരം ഓഫീസിൽനിന്നു വന്ന്‌ ആറുമണിക്കെത്തുന്ന മകന്റെ സ്വരം കേൾക്കാൻ ധൃതിപ്പെട്ട്‌ ഓടിയണയുന്ന അമ്മയെ കാത്ത്‌ മകൻ പുറത്ത്‌ ഗേറ്റിൽ തന്നെ നില്‌പുണ്ടായിരുന്നു. തങ്ങൾക്കിടയിലെ പതിനഞ്ചുദിനത്തിന്റെ വിടവ്‌ എത്രതന്നെ സംസാരിച്ചിട്ടും നികന്നുവരുന്നില്ലെന്നവർക്കു തോന്നി.

പിറ്റേദിവസം മകൻ തിരികെപോകുമെന്നാണ്‌ അമ്മ കരുതിയത്‌. ഓഫീസിലേക്കിറങ്ങിയ അച്ഛനും അമ്മക്കും യാത്രപറഞ്ഞ്‌ അവൻ അകത്തേക്കു നടന്നു. അമ്മയുടെ മനസ്സപ്പോൾ ശാന്തമായിരുന്നു. എന്തിനെന്നില്ലാതെ അവർ സന്തോഷിച്ചു. എന്നാൽ വൈകുന്നേരം തിരികെ എത്തിയപ്പോഴും അവന്റെ മുറി തുറന്നു തന്നെ കിടന്നിരുന്നു. അമ്മ ഒന്നമ്പരന്നു. അവൻ കട്ടിലിൽ മുകളിലേക്കു നോക്കി കിടക്കുകയായിരുന്നു. എന്താണവൻ തിരികെ പോകാഞ്ഞതെന്ന്‌ അമ്മ ചോദിച്ചു. ആദ്യം അവൻ ഒഴിഞ്ഞുമാറി. നിരന്തരമായി അമ്മ അതുതന്നെ ചോദിക്കുകയും അതിനിടയിൽ അമ്മയുടെ കണ്ണുകൾ നിറയാൻ തുടങ്ങുന്നതും കണ്ടപ്പോൾ അവൻ പറഞ്ഞു.

“കഴിഞ്ഞ പതിനഞ്ചു ദിവസവും ഞാൻ കോളേജിൽ പോയിട്ടില്ല. ചെറിയമ്മ തരുന്ന ചോറുമായി കൊടുങ്ങല്ലൂരിൽനിന്നും ഗുരുവായൂർക്ക്‌ പോകുമായിരുന്നു. ഉച്ചവരെ അവിടെയിരുന്ന്‌ കോളേജ്‌ വിടുന്ന സമയത്ത്‌ തിരികെയുളള ബസ്സിൽ കയറും. എന്തോ എനിക്ക്‌ കോളേജിൽ പോകാൻ കഴിയുന്നില്ല. ഗുരുവായൂർ ബസ്‌ കണ്ടാൽ അതിൽ കയറി പോകാൻ തോന്നും.”

അതിനുളള മറുപടി അമ്മയുടെ കൈവശമില്ലായിരുന്നു. അവർ മകന്റെ കണ്ണുകളിലേക്കുതന്നെ നോക്കിനിന്നു. ആ കണ്ണുകളുടെ ആഴത്തിലെന്തെന്ന്‌ അവർക്കു തിരിച്ചറിയാനായില്ല. ഒന്നു കരയുന്നതിനുപോലും അവർക്കു കഴിയുമായിരുന്നില്ല.

കുഞ്ഞുങ്ങൾക്കും ഉറ്റവർക്കുമൊപ്പം ഗുരുവായൂരപ്പനെ തൊഴുത്‌ മടങ്ങുമ്പോൾ അങ്ങനെയൊരുമുഖം അവിടെ എവിടെയെങ്കിലും കണ്ടതായി നമ്മൾ ഓർക്കുന്നുണ്ടോ? തോളിൽ ഒരു ബാഗുമായി അമ്പലത്തിന്റെ ഏതോ ഒരു കോണിൽ ഉച്ചതിരിയുവോളം നടന്നിരുന്ന വിപിന്റെ മുഖം നമ്മുടെ ദൃഷ്‌ടിയിലെങ്ങാനും പെട്ടിട്ടുണ്ടോ?

അന്നു രാത്രി വിപിന്റെ അനുജനൊരികെ മറ്റാരും ഉറങ്ങിയില്ല. അമ്മയുമച്ഛനും അമ്മായിയമ്മയും വിപിനെക്കുറിച്ച്‌ രാത്രി വൈകുവോളം സംസാരിച്ചു. അവൻ തനിച്ച്‌ തന്റെ മുറിയിൽ വാതിലടച്ചു കിടക്കുകയായിരുന്നു. അവിടെയുളള റെക്കോഡിൽനിന്നും മെഡിറ്റേഷന്റെ സംഗീതം ഉയരുന്നുണ്ടായിരുന്നു. അതായിരുന്നു ആ പതിനഞ്ചു ദിനങ്ങൾ ആകെ അവനിൽ ഉണ്ടാക്കിയെടുത്ത മാറ്റം. തിരികെ വരുമ്പോൾ അവൻ ധാരാളം കാസറ്റുകൾ കൊണ്ടുവന്നിരുന്നു. അതു മുഴുവനും പലതരത്തിലുളള മെഡിറ്റേഷൻ കാസറ്റുകളായിരുന്നു. പുലരുവോളം കാസറ്റുകൾ മാറിമാറി വരുന്നത്‌ അവരെല്ലാവരുമറിഞ്ഞു.

അമ്മയുമച്ഛനും പുതിയ ഒരു തീരുമാനത്തിലെത്തിച്ചേർന്നിരുന്നു. അമ്മൂമ്മയോടവനെ നന്നായി ശ്രദ്ധിക്കാൻ പറഞ്ഞ്‌ അവർ ഓഫീസിലേക്കു യാത്രയായി. അമ്മൂമ്മ പതിവുളള തന്റെ അടുക്കളഗന്ധത്തിലേക്ക്‌ തിരിഞ്ഞു. അവനാകട്ടെ ആ സമയം തന്റെ മുറിയിൽ കയറി വാതിലടച്ചു. പിന്നെ ജനലുകൾ ഒന്നൊന്നായടച്ചു. പുറമേനിന്ന്‌ ഒരാൾക്കും തന്നെ കാണാൻ സാധിക്കില്ലെന്നുറപ്പായപ്പോൾ അവൻ ടേപ്പ്‌ ഓൺ ചെയ്‌തു. മെഡിറ്റേഷന്റെ കാസറ്റുകൾ ഒന്നൊന്നായി ഓർഡർ ക്രമത്തിൽ അവിടെ നിറയാൻ തുടങ്ങി.

കഴിഞ്ഞ ഒരാഴ്‌ചയായി അപ്പുറത്തെ വീട്ടിൽ ആശാരിമാർ പണിയുന്നത്‌ അവൻ കണ്ടിരുന്നു. അന്നത്തോടുകൂടി അവരുടെ അവിടുത്തെ പണി തീരുമെന്നവനറിയാമായിരുന്നു. അടഞ്ഞ കുളിമുറി വാതിൽ ആശാരിമാർവന്ന്‌ ഉളിയുപയോഗിച്ച്‌ പൊളിക്കുന്നത്‌ കുട്ടിക്കാലത്ത്‌ അവൻ കണ്ടിരുന്നു. പൊളിഞ്ഞു കിടക്കുന്ന വാതിലിലൂടെ അകത്ത്‌ കിടക്കുന്ന മുത്തശ്ശനെ അന്നവൻ ഏറെനേരം നോക്കിനിന്നിരുന്നു.

ആഗസ്‌റ്റിലെ ആ ഇരുപതാം തിയ്യതി ഉച്ചനേരത്ത്‌ നാം എന്തുചെയ്യുകയായിരുന്നു. കുട്ടികളെ സ്‌ക്കൂളിലേക്കോ കോളേജിലേക്കോ അണിയിച്ചയച്ച്‌ നമ്മൾ ഓഫീസിലേക്കോ അടുക്കളയിലെ സ്വകാര്യതയിലേക്കോ മുഖം പൂഴ്‌ത്തിയിരിക്കും. അതുകൊണ്ടുതന്നെ അന്നത്തെ ആ വായുവിന്റെ ഗന്ധമെന്തെന്നോ അതിന്റെ ചൂടെന്തെന്നൊ ശ്വാസഗതിക്കായി അതെത്രമാത്രം താളമെടുത്തെന്നോ നമുക്കാർക്കും ഓർത്തെടുക്കാൻ കഴിയില്ല.

എന്നാൽ ആ അമ്മക്കും അച്ഛനും ആ വായുവിന്റെ ഗന്ധവും താളവും എന്തെന്ന്‌ തങ്ങളുടെ ആയുസ്സിൽ ഒരിക്കലും മറക്കാൻ കഴിയുകയില്ല. അപ്പുറത്ത്‌ പണിതുകൊണ്ടിരുന്ന ആശാരിമാർക്കും ആ കാഴ്‌ച നല്‌കിയ വേവ്‌ ഏറെക്കാലത്തേക്ക്‌ ആ ദിനത്തെ അവരിൽ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും.

നാമിപ്പോൾ എവിടെയാണ്‌? സ്വീകരണമുറിയിൽ തീരാറായ ഞായറാഴ്‌ച സിനിമയുടെ പിരിമുറുക്കത്തിലല്ലേ നാം. നോക്കൂ, ഒരിക്കൽ നമുക്കു ചുറ്റിലെ വായുവിനും ഇതുപോലെ മറക്കാനാകാത്ത ഗന്ധവും താളഭംഗവും ഉണ്ടാകും. അന്ന്‌ മറ്റുളളവർ ചെയ്യുന്നതല്ലേ നാമിപ്പോൾ ചെയ്യുന്നുളളൂ.

Generated from archived content: story1_oct6.html Author: p_raghunath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English