നാലു വേദങ്ങളിൽ നിന്ന് ആവശ്യമായ ഉപദാനങ്ങൾ സ്വീകരിച്ച് ബ്രഹ്‌മാവ് അഞ്ചാമത്തെ വേദമായ നാട്യവേദം നിർമ്മിച്ചു. ഋഗ്വേദത്തിൽ നിന്ന് കഥാവസ്‌തുവും സാമവേദത്തിൽ നിന്ന് ഗീതവും യജുർവേദത്തിൽ നിന്ന് അഭിനയവും അഥർവവേദത്തിൽ നിന്ന് രസവും സ്വീകരിച്ചു.
വേദങ്ങൾ നാലും അറിയാനും കേൾക്കാനും അവകാശമില്ലാതിരുന്ന താഴ്‌ന്നവരായ ശുദ്രർക്ക് വേദങ്ങളുടെ പൊരുളറിയാനാണ് നാട്യവേദം ഉണ്ടാക്കിയത്. ബ്രഹ്‌മാവ് നാട്യവേദത്തെ ഭരതമുനിക്ക് ഉപദേശിക്കുകയും ഭരതമുനി തന്റെ നൂറുപുത്രൻമാരെ ഈ വേദം അഭ്യസിപ്പിക്കുകയും ചെയ്‌തു.
ഭരതമുനിയുടെ നൃത്തംകണ്ട ശിവൻ അദ്ദേഹത്തെ അഭിനന്ദിച്ചു. നൃത്തത്തിന്റെ പൂർവ്വരംഗത്തിൽ താണ്ഡവംകൂടി ചേർക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്‌തു. തണ്ഡുവിന്റെ സഹായത്തോടെ ഭരതമുനി താണ്ഡവം അഭ്യസിച്ച് നൃത്തത്തിന്റെ പൂർവ്വ രംഗത്തിൽ ചേർത്തു. നൃത്തത്തിന്റെ പൂർണ്ണതക്കായി ബ്രഹ്‌മാവ് അപ്‌സരസ്സുകളെകൂടി സൃഷ്‌ടിച്ചു. ശൃംഗാര പ്രധാനവും സുകുമാരവുമായ ‘ലാസ്യം’ നാട്യത്തിൽ യോജിപ്പിച്ചത് പാർവ്വതിയാണ്. പാർവ്വതി തന്റെ ഇഷ്‌ടതോഴിയായ ഉഷയെ (ബാണന്റെ പുത്രി) ലാസ്യ നൃത്തം പഠിപ്പിച്ചു. ഉഷ സൗരാഷ്‌ട്രയിലെ പെൺകുട്ടികളെ ലാസ്യ നൃത്തം പഠിപ്പിച്ചു.
വിഷ്‌ണു നാട്യവൃത്തികൾ ആവിഷ്‌ക്കരിച്ചു. നാട്യത്തിന്റെ ആവിർഭാവത്തെക്കുറിച്ചുള്ള ഈ വിവരണം ഭരതമുനിയുടെ സ്വന്തം അഭിപ്രായമോ ഐതിഹ്യമോ ആയിരിക്കാം.
നാട്യശാസ്‌ത്രത്തിന്റെ കാലം ക്രിസ്‌തുവിന് മുമ്പ് അഞ്ചാം നൂറ്റാണ്ടാണെന്ന് കരുതപ്പെടുന്നു. നാട്യശാസ്‌ത്രത്തിലെ ഭാഷയും വിവരണങ്ങളും പരിശോധിക്കുമ്പോൾ ചന്ദ്രഗുപ്‌തമൗര്യന്റെ കാലത്തോ അതിനു മുമ്പോ ആയിരിക്കണം നാട്യശാസ്‌ത്രഗ്രന്ഥത്തിന്റെ രചന. രാമായണത്തിലോ മഹാഭാരതത്തിലെയോ കഥകളൊ കഥാപാത്രനാട്യ ശാസ്‌ത്രത്തിൽ പരാമർശിക്കപ്പെടുന്നില്ല. അതിനാൽ വ്യാസനും വാത്‌മീകിക്കും മുമ്പായിരിക്കണം നാട്യശാസ്‌ത്രത്തിന്റെ രചന. അതിനാൽ ക്രിസ്‌തുവിന് മുമ്പ് അഞ്ചാം നൂറ്റാണ്ടിലാണ് നാട്യശാസ്‌ത്രം രചിക്കപ്പെട്ടത് എന്ന അഭിപ്രായം ശരിതന്നെ.
ഭരതമുനിയുടെ പുത്രന്മാരിൽ പലരും നാട്യശാസ്‌ത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഭരതമുനി മഹേന്ദ്രവിജയം നാടകത്തിലും ത്രിപുരദഹനം നൃത്തശിൽപത്തിലും അമൃതമഥനം കഥാവിഷ്‌ക്കാരത്തിലും അഭിനയിച്ചു എന്നും കരുതപ്പെടുന്നു. പതിനായിരവും ആറായിരവും ശ്ലോകങ്ങളുള്ള നാട്യശാഖകളെ സമന്യയിപ്പിച്ച് സാമതഥ്യമുപയോഗിച്ച് ഭരതമുനി നാട്യശാസ്‌ത്ര ഗ്രന്ഥം രചിച്ചു എന്നുവേണം കരുതാൻ.
അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുന്ന സംസ്‌ക്കാരമാണ് നാട്യനിർമ്മിതിക്കും ആധാരമെന്ന് പണ്ഡിതന്മാർ പറയുന്നു. നാട്യത്തിന്റെ ആദ്യാവസ്‌ഥ അന്വേഷിക്കുന്ന നിരൂപകന്മാർക്ക് ഋഗ്വേദത്തിലെ സംവാദങ്ങളിൽ അവയുടെ അടിവേരുകൾ കാണാം.
ഋത്വിക്കുകൾ വേദസൂക്തങ്ങൾ അഭിനയിച്ചുകൊണ്ടാണ് ചൊല്ലിയിരുന്നത്. കൂടാതെ ഹസ്‌തമുദ്രകൾ സ്വീകരിച്ചിരുന്നു. ദേവതമാരുടെ വേഷങ്ങൾ സ്വീകരിച്ച് ഋത്വിക്കുകൾ ഏതെങ്കിലും ഇതിവൃത്തവും അവതരിപ്പിച്ചിരിക്കാം. അതിനനുസരിച്ച് ഗീതവും രംഗാവിഷ്‌ക്കാരവും ഉണ്ടായിരിക്കാം. ഇതാണ് നാട്യത്തിന്റെ വൈദികമായ ആരംഭം.
ഭരതാചാര്യൻ കലയെ അവയുടെ ലക്ഷ്യത്തെ മുൻനിർത്തി രണ്ടായിതിരിക്കുന്നു. ഒന്ന്, പ്രായോഗികം. രണ്ട്, ലളിതം. ജീവിത നിർവ്വഹണത്തിന് ആവശ്യമായത് പ്രായോഗികം. മാനസിക ഉല്ലാസത്തിന് ഉതകുന്നത് ലളിതം.
നാട്യത്തിലും നൃത്യത്തിലും അഭിനയത്തിനാണ് പ്രാധാന്യം. അഭിനയത്തെ ആംഗികം, വാചികം, സാത്വികം, ആഹാര്യം ഇങ്ങനെ നാലായി തിരിക്കാം. ആംഗികം അംഗപ്രധാനവും, വാചികം വാക്യപ്രധാനവും, സാത്വികം ഭാവപ്രധാനവും, ആഹാര്യ വേഷപ്രധാനവും ആണ്. ഈ നാല് അംഗങ്ങളും സവിശേഷം സമന്വയിക്കുന്നവയാണല്ലൊ ക്ലാസിക്ക് കലകൾ.
എല്ലാ നാട്യശാസ്‌ത്ര ഗ്രന്ഥങ്ങളും ആരംഭിക്കുന്നത് ശിവസ്‌തുതിയിലാണ്. നാട്യ ശാസ്‌ത്രത്തിന്റെ തുടക്കം തന്നെ ഇങ്ങനെയാണ്.
“ആംഗികം ഭൂവനം യസ്യ-
വാചികം സർവ്വ വാങ്ങ്‌മയം
ആഹാര്യം ചന്ദ്ര താരാദി-
-ത്വം നമഃസാത്വികം ശിവം.”
ചേക്കദാർ എന്ന പുരാണ തമിഴ്‌കവിയുടെ ഗ്രന്ഥം ആരംഭിക്കുന്നത്-
“ഉലകെല്ലാ മുണർന്തോതർ കരിയവൻ
നിലവുലാവിയ നീർമലി വേണിയൻ
അളകിൽ ഓവിയൻ അമ്പലത്താടു വാർ
മലർ ചിലമ്പടി വാഴ്‌ത്തിവണക്കുവോം.”
ലോകം മുഴുവൻ മനസ്സിലാക്കിയ തത്വജ്ഞാനികൾക്കുപോലും അറിയാൻ കഴിയാത്തവനും പ്രകാശിക്കുന്ന ചന്ദ്രക്കലയും ഗംഗയും ശിരസ്സിൽ അണിഞ്ഞവനും അതി തേജസ്സോടുകൂടിയവനും ചിദംബരത്ത് നൃത്തം ചെയ്യുന്നവനുമായ മഹാശിവന്റെ പൂപോലെയുള്ള കാലടികളെവന്ദിക്കുന്നു എന്നാണ് ഈ വരികളുടെ സാരം.
ശിവനാണ് നാട്യദേവത. ശിവനെ നർത്തകൻ – നാട്യപ്രിയൻ- മഹാനൃത്തൻ -നടരാജൻ എന്നിങ്ങനെ മഹാപുരാണങ്ങളിൽ കീർത്തിക്കുന്നു. ശ്‌മശാനത്തിൽ ഭൂത ഗണങ്ങളോടുകൂടി നൃത്തം ചെയ്യുന്നതും ശിവനാണ്. പുരാണങ്ങളിൽ ശിവന്റെ സന്ധ്യാതാണ്ഡവം, ശിവ താണ്ഡവം – രൗദ്രതാണ്ഡവം, ഉദ്യോനതാണ്ഡവം എന്നിവയെ അളവറ്റ് സ്‌തുതിക്കുന്നുണ്ട്. പ്രദോഷ സമയത്ത് ശിവൻ പാർവ്വതിയോടുകൂടി നൃത്തം ചെയ്യുന്നു എന്നും വിശ്വസിക്കുന്നു. ഈ പ്രദോഷ നൃത്തമാണ് ഭരതനാട്യത്തിന്റെ മൂലപ്രകൃതി.
നൃത്തകല ഓരോ കാലഘട്ടത്തിലും വളരുകയും ഭരതമുനിക്ക് മുൻപും പിൻപും നിരവധി മഹാൻമാർ നാട്യശാസ്‌ത്ര ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്‌തിട്ടുണ്ട്.
ഭരതനാട്യം എന്ന നൃത്തകല ഉത്‌ഭവിച്ചത് ആന്ധ്രപ്രദേശിലാണ്. എന്നാൽ അത് വളർന്ന് വികസിച്ചത് തമിഴ്‌നാട്ടിലും. ദേവദാസിസമ്പ്രദായകാലത്ത് ആന്ധ്രപ്രദേശിൽ നിന്ന് തമിഴകത്ത് വന്നെത്തിയ ദേവദാസികളാണ് അതിനുകാരണം. നർത്തകികളായിരുന്ന അവർക്ക് തെലുങ്കു ഭാഷ നല്ല വശമായിരുന്നു. തഞ്ചാവൂർ രാജാക്കന്മാരുടെ കാലത്ത് പതിനാല് പതിനഞ്ച് നൂറ്റാണ്ടികളലാണ് ഭരതനാട്യത്തിന്റെ വളർച്ച. അക്കാലത്താണ് നാട്യശാസ്‌ത്ര ഗ്രന്ഥത്തിൽ വിവരിക്കുന്ന കരണങ്ങളും മുദ്രകളും മറ്റും ക്ഷേത്രങ്ങളിലും, ഗോപുരങ്ങളിലും, രാജകൊട്ടാരങ്ങളിലും വാസ്‌തു ശിൽപികൾ കൊത്തിവച്ചത്. ചിദംബരം – തഞ്ചാവൂർ തടങ്ങിയ തമിഴകത്തെ എല്ലാ കേന്ദ്രങ്ങളിലും ഇതുകാണാൻ സാധിക്കും. ഭരതമുനിയുടെ നാട്യശാസ്‌ത്രഗ്രന്ഥത്തിലെ നലു ഗോപുരങ്ങളിലും കൊത്തിവച്ചത് അതിമനോഹരം തന്നെ. ഹസ്‌തമുദ്രകളും പാദവിന്യാസങ്ങളും തഞ്ചാവൂർ ക്ഷേത്രങ്ങളിലും കാണാം. ഈ ശിൽപങ്ങൾ നാട്യശാസ്‌ത്രത്തെക്കുറിച്ച് അറിയാനും പഠിക്കാനും ജനങ്ങൾക്ക് പ്രചോദനം നൽകി.
ദേവദാസികൾ ഭരതനാട്യത്തെ ഉപാസിച്ച് സംരക്ഷിച്ച് പോന്നില്ലായെങ്കിൽ ഇന്ന് ഈ കല നാമാവശേഷമാകുമായിരുന്നു. കാലക്രമേണവിദ്വാൻമാർ ഭരതനാട്യകലയിൽ പല മാറ്റങ്ങളും വരുത്തി. സമൂഹത്തിലെ ഉയർന്ന കുടുംബങ്ങളിലെ പെൺകുട്ടികൾ ഈ നാട്യം അഭ്യസിക്കാൻ തുടങ്ങിയതോടുകൂടി ക്ഷേത്രങ്ങളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഭരതനാട്യം സമൂഹത്തിൽ പ്രചരിച്ചു.
ഭരതമുനിയുടെ നാട്യ ശാസ്‌ത്രത്തെ അടിസ്‌ഥാനമാക്കി ചിട്ടപ്പെടുത്തിയ നൃത്തവിശേഷമായതുകൊണ്ട് ഈ കലക്ക് “ഭരതനാട്യം” എന്ന് പേർ ലഭിച്ചു.
(കടപ്പാട് – ആത്‌മമിത്രം)
Generated from archived content: essay1_july21_09.html Author: p_padmanabhanmastar