ആത്മാവിന്റെ പര്യടനങ്ങള്‍- ഭാഗം ഒന്ന്‌

(അന്തരിച്ച പ്രശസ്ത സംവിധായകന്‍ പി പത്മരാജന്റെ സഹോദരന്‍ പി. പത്മധരന്റെ ഓര്‍മ്മകള്‍)

ഉച്ചയോടടുത്ത സമയം. കായല്‍പ്പരപ്പിലെവിടെയോ നിന്ന് ഒരു വിലാപഗാനം പോലെ പള്ളിമണികള്‍ മുഴങ്ങി. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത കൂടി. കാര്‍മേഘങ്ങള്‍ ആകാശത്ത് വടക്കു പടിഞ്ഞാറന്‍ കോണില്‍ ഒത്തു കൂടി മുരണ്ടു നിന്നു.

നാളെ കര്‍ക്കിടകവാവാണ്. ആണ്ടിലൊരിക്കല്‍ പരേതാത്മാക്കള്‍ ഭൂമിയിലേക്കു വരുന്ന ദിവസം. മഴ കനക്കും. ബലിതര്‍പ്പണത്തിനുള്ള ദിവസമാണ്. എല്ലാ വര്‍ഷവും വാവുബലിക്ക് ഞാന്‍ തൃക്കുന്നപ്പുഴ കടപ്പുറത്തു പോകാറുണ്ട്. മണ്മറഞ്ഞു പോയ ഒരു പാട് ആത്മാവുകള്‍ക്ക് ബലികര്‍മ്മാദികളര്‍പ്പിക്കാന്‍. ആത്മാവുകളുമായുള്ള കൂടിക്കാഴ്ചക്കൊടുവില്‍ നനുത്ത ശബ്ദത്തിലൊരു ചോദ്യമുണ്ടായേക്കാം.

‘’ വയ്യാത്ത കാലത്ത് കൊച്ചേട്ടനെതിനാ ഈ തണുപ്പും പിടിച്ചിറങ്ങിയത് വിളിച്ചാല്‍ ഞാന്‍ അങ്ങോട്ടു വരില്ലായിരുന്നോ…?”

45 വര്‍ഷക്കാലവും കേട്ടു പരിചയിച്ച ശബ്ദം മറ്റാരുടേതുമല്ല. മലയാള സാഹിത്യ സിനിമാ ലോകത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കി അകാലത്തില്‍ മടങ്ങിപ്പോയ എന്റെ ഇളയ സഹോദരന്‍ പി പത്മരാജന്റെത്. എന്നേക്കാള്‍ രണ്ടരവയസിനു ഇളപ്പമായിരുന്നു. 1991 ജനുവരി മാസം 23- ആം തീയതി വെളുപ്പിനു ഉറക്കത്തില്‍ അന്തരിച്ച മഹാപ്രതിഭാശാലി.

ഞങ്ങള്‍‍ ഒരുമിച്ചായിരുന്നു വിദ്യാഭ്യാസം പഠിത്തം കഴിഞ്ഞ് നാട്ടിലിരിക്കുന്ന കാലം. അന്നൊക്കെ നാട്ടിന്‍ പുറങ്ങളില്‍ ധാരാളം കലാ സംസ്ക്കാരിക സമിതികള്‍ ഉണ്ടായിരുന്നു. മുതുകുളം വൈ. എം. സി. എ നല്ല പ്രവര്‍ത്തനം കാഴ്ച വെച്ച ഒരു സമിതിയായിരുന്നു. സി. എല്‍ ജോസിന്റെ ദിവ്യബലി എന്നനാടകം അവതരിപ്പിക്കുവാന്‍ വൈ. എം. സി. എ ഒരിക്കല്‍ തീരുമാനിച്ചു. നാട്ടിലെ വിദ്യാസമ്പന്നരായ പല ചെറുപ്പക്കാരും അതില്‍ വേഷമിട്ടു. നാടകത്തിനുള്ള പാട്ടുകള്‍ രചിച്ചത് ഹരിപ്പാട് ശ്രീകുമാരന്‍ തമ്പിയും സി. മാധവന്‍പിള്ള സാറും സി.എന്‍ നായരുമായിരുന്നു. നാലഞ്ചു ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ആ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് പത്മരാജനായിരുന്നു. കഷ്ടി 18 വയസ്സേ അന്നു പ്രായമുണ്ടായിരുന്നുള്ളു. പില്‍ക്കാലത്ത് സിനിമാലോകത്തിനു സുപരിചിതയായ കരുവാറ്റക്കാരി ശ്രീലതയായിരുന്നു അതിലെ പ്രധാന ഗായിക. എന്റെ ഇളയ പെങ്ങള്‍ പത്മപ്രഭയും അതില്‍ പാടിയിട്ടുണ്ട്. ഒരു പക്ഷെ പത്മരാജന്റെ കലാരംഗത്തേക്കുള്ള ആദ്യ കാല്‍ വയ്പ്പും അതായിരിക്കാം. പില്‍ക്കാലത്ത് പത്മരാജനും ശ്രീകുമാരന്‍ തമ്പിയും ശ്രീലതയും മലയാള സിനിമാലോകത്ത് വിരാജിക്കുമെന്ന് അന്നു ആരു കണ്ടു? യഥാര്‍ത്ഥ പ്രതിഭകള്‍ കുരുന്നിലേ കരുത്തു കാണിക്കുമെന്ന തെളിവായിരുന്നു ആ ഗ്രാമീണ നാടകം. ഇന്നെന്തുകൊണ്ടോ ഗ്രാമങ്ങള്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് വളരാന്‍ പറ്റാത്ത മണ്ണായി മാറിയിരിക്കുന്നു.

എഴുപതുകളുടെ തുടക്കത്തില്‍ തന്നെ പത്മരാജന്‍ സിനിമാലോകത്ത് അറിയപ്പെടാന്‍ തുടങ്ങിയിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരവും, കൊടിയേറ്റവും അന്താരാഷ്ട്ര ഫെസ്റ്റിവലുകളില്‍ അവാര്‍ഡുകള്‍‍ വാരികൂട്ടിക്കൊണ്ടിരുന്നു അക്കാലത്താണ് ഫിലിം സൊസൈറ്റി പ്രസ്ഥാനം എന്നൊന്ന് കേരളത്തില്‍ വികാസം പ്രാപിക്കുന്നത്. മുതുകുളത്തും ഒരു ഫിലിം സൊസൈറ്റി ഉണ്ടാവണം അതിനായി മുന്നിട്ടിറങ്ങിയത് പ്രസിദ്ധ മാന്ത്രിക കുമാരി അമ്മുവിന്റെ പിതാവ് ശ്രീ. രാജശേഖരനായിരുന്നു. അന്തരിച്ച മുതുകുളം ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. മാധവന്‍ പിളള സാര്‍ വൈസ് പ്രസിഡന്റും, രാജശേഖരന്‍ സെക്രട്ടറിയുമായി ക്ലബ്ബ് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം തുടങ്ങി. ഞാനൊക്കെ ഫിലിം സൊസൈറ്റി അംഗങ്ങളായിരുന്നു. എല്ലാ ഓണത്തിനും പത്മരാജന്‍ മുതുകുളത്ത് കുടുംബവീട്ടിലെത്തി അമ്മയോടും മറ്റു ബന്ധുമിത്രാദികളൊടുമൊപ്പമിരുന്നെ ഊണു കഴിക്കാറ്ടുള്ളു. പതിവു പോലെ ആ ഓണത്തിനും പത്മരാജനും കുടുംബവും മുതുകുളത്തുണ്ടായിരുന്നു. ഫിലിം സൊസൈറ്റിയുടെ ഉത്ഘാടനത്തെ കുറിച്ചും മറ്റും ആലോചിക്കാന്‍ രാജശേഖരനും തെങ്കാഞ്ചിയില്‍ ബാബു ( ഇപ്പോള്‍‍ ജീവിച്ചിരിപ്പില്ല) വും മറ്റു ചിലരും കൂടി വീട്ടില്‍ വന്നിരുന്നു. ഫിലിം സൊസൈറ്റിക്കിടാന്‍ ഞങ്ങളോരോരുത്തരും ഓരോരോ പേരുകള്‍ കരുതി വച്ചിരുന്നു. എല്ലാം കേട്ട ശേഷം പത്മരാജനാണ് ‘ഗ്രാമീണ ഫിലിം സൊസൈറ്റി’ എന്ന പേര്‍ നിര്‍ദ്ദേശിച്ചത്. ആ പേര്‍ ഏറെക്കാലം ഇവിടെ സുപരിചിതമായിരുന്നു. ഉത്ഘാടനത്തിനു അടൂര്‍ ഗോപാലകൃഷ്ണനേയും കൂട്ടി വരാമെന്ന് പത്മരാജന്‍ ഏറ്റു. മുതുകുളം ജയചിത്ര തിയേറ്ററില്‍ വച്ചായിരുന്നു ഫിലിം സൊസൈറ്റിയുടെ ഉത്ഘാടനം നടന്നത്. നല്ല സദസ്സുണ്ടായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങു കൂടിയായിരുന്നതുകൊണ്ട് അദ്ദേഹത്തിനു കൊടുക്കുവാനുള്ള ഒരു നിലവിളക്കും കൂടി വാങ്ങി കാറില്‍ കരുതി വച്ചുകൊണ്ടാണ് ഇരുവരേയും കൂട്ടി തുരുവനന്തപുരത്തു നിന്ന് പത്മരാജന്‍ വന്നത്. ആ ഫിലിം സൊസൈറ്റി ഏതാണ്ട് പതിനഞ്ചോളം നല്ല സിനിമകള്‍ മുതുകുളത്തും പരിസരപ്രദേശങ്ങളിലുമുള്ള പ്രേക്ഷകര്‍ക്കു കാണിച്ചു കൊടുത്തു . പീന്നീട് പ്രവര്‍ത്തനം അനിശ്ചിതത്തിലായി. ശ്രീ കെ. പത്ഭനാഭപണിക്കര്‍, ശ്രീ രാമപുരം തങ്കപ്പന്‍, എം എസ് എം കോളേജില്‍ സ്റ്റാറ്റിസ്റ്റിക് പ്രൊഫസര്‍ ആയിരുന്ന ശ്രീ. ദാമോദരന്‍‍ നായര്‍ സാര്‍ ( ജീവിച്ചിരിപ്പില്ല) അന്തരിച്ച ശ്രീ. എസ്. രാധാകൃഷ്ണന്‍ തുടങ്ങി പലരും സ്തുത്യര്‍ഹമായ സേവനങ്ങളാണ് ഈ സൊസൈറ്റിയുടെ വളര്‍ച്ചക്കു നല്‍കിയിട്ടുള്ളത്.

1975 -ല്‍ ‘ പ്രയാണത്തില്‍’ തുടങ്ങി 1991 – ല്‍ ‘ ഞാന്‍ ഗന്ധര്‍വനില്‍ ‘ അവസാനിച്ച അഭ്രത്രയാണമാണ് പത്മരാജന്റേത് . ആദ്യകാല ചിത്രങ്ങള്‍ കലാമേന്മക്ക് പ്രാമുഖ്യം നല്‍കിയവയായിരുന്നു. പിന്നീടുള്ളവ കലാമേന്മക്കും ഒപ്പം വാണിണ്യതാത്പര്യങ്ങള്‍ക്കും കൂടി ഊന്നല്‍ കൊടുക്കുന്നവയുമായിരുന്നു. അതുകൊണ്ട് ആ ചിത്രങ്ങള്‍ ഏറെ പ്രേക്ഷകരെ ആകര്‍ഷിക്കുകയും ചെയ്തു.

പത്മരാജന്റെ സിനിമാ ലൊക്കേഷനുകളില്‍ അപൂര്‍വ്വമായിട്ടേ ഞാന്‍ പോയിട്ടുള്ളു. ഒരിടത്തൊരു ഫയല്‍ വാന്റെ ഷൂട്ടിംഗ് കുമരകത്തു വച്ചായിരുന്നു. എന്നാല്‍ ഞാന്‍ ചെന്ന ദിവസം ഷൂട്ടിംഗ് നിര്‍ത്തി വച്ച് പത്മരാജന്‍ ഫിലിം കൊണ്ടുവരാന്‍ മദിരാശിക്കു പോയിരിക്കുകയായിരുന്നു. അതുകൊണ്ട് അന്നവിടെ തങ്ങി. പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയുടെ ബന്ധു കൂടിയായ പ്രൊഡക്ഷന്‍ മാനേജര്‍ ശ്രീ ഗിരിയേട്ടനും നടന്‍ അശോകനും നെടുമുടി വേണുവും മറ്റും അവിടെയുണ്ടായിരുന്നു. കുമരകം രാജപ്പനും അവിടെയെത്തി. ചിത്രത്തിന്റെ നിര്‍മ്മാതാവ് വക്കത്തുള്ള സുരേഷ് എന്ന ചെറുപ്പക്കാരനായിരുന്നു. എപ്പോഴും ഒരു ചെറു പുഞ്ചിരിയുമായി ഉണ്ടാകാറുണ്ട്. അദ്ദേഹവും അന്ന് നാട്ടില്‍ പോയിരിക്കുകയായിരുന്നു. അതുകൊണ്ട് ഗിരിയേട്ടനെയും അശോകനേയും മറ്റും കൂട്ടി കോട്ടയത്ത് ഒരു തിയേറ്ററില്‍ പോയി ശാലിനി എന്റെ കൂട്ടുകാരി കണ്ടു. അതും പത്മരാജന്റെ തിരക്കഥയായിരുന്നു.

ഒരിടത്തൊരു ഫയല്‍വാനില്‍ തവളപിടുത്തക്കാരു പിള്ളേരുടെ കൂട്ടത്തില്‍ പാക്ക് മോഷ്ടിക്കുന്ന ഒരു കഥാപാത്രമുണ്ട് ‘ കൊച്ചേട്ടന്‍’ എന്നായിരുന്നു ആ കഥാപാത്രത്തിനു സിനിമയിലെ പേര്. ആ വേഷമിട്ടത് മാവേലിക്കര രാമചന്ദ്രനായിരുന്നു. അദ്ദേഹം വളരെക്കാലം ഡല്‍ഹിയിലായിരുന്നു. A. I. R ലായിരുന്നു ജോലി. അവിവാഹിതന്‍. പത്മരാജന്റെ ആദ്യകാലചിത്രങ്ങളില്‍ പലതിലും കൊച്ചേട്ടനു ഒരു വേഷം കൊടുക്കുമായിരുന്നു. കേരളത്തില്‍ നിന്ന് ആര് ദില്ലിയില്‍ ചെന്നാലും അവരെ തേടി പിടിച്ച് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന രാമചന്ദ്രന്‍ ഇന്ന് ഗുരുതരമായ അസുഖം ബാധിച്ച് നിവര്‍ന്നു നില്‍ക്കാന്‍ പോലും വയ്യാത്ത സ്ഥിതിയിലാണ്. ഏറ്റവുമൊടുവില്‍ അദ്ദേഹത്തെ പറ്റി ഒരു വാര്‍ത്തയും ചിത്രവും കൂടി മാതൃഭൂമി ദിന പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആരോരും നോക്കാനില്ലാതെ വളഞ്ഞു കുത്തി ശംഖുമുഖത്തെവിടെയോ ഒരു റസ്റ്റു ഹൗസില്‍ നില്‍ക്കുന്ന മാവേലിക്കര രാമചന്ദ്രന്റെ ചിത്രം. അത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. പത്മരാജന്‍ ജീവിച്ചിരിക്കുമ്പോഴും അനുസ്മരണ വേളകളിലും പലപ്പോഴും ഞവരയ്ക്കല്‍ വീട്ടില്‍ വന്ന് കുശലങ്ങള്‍‍ അന്വേഷിച്ച് തിരിച്ചു പോയിരുന്ന കൊച്ചേട്ടന്റെ അവസ്ഥ ഇപ്പോഴെങ്ങിനെയിരിക്കുന്നുവെന്ന് അറിയില്ല. ആരോ അദ്ദേഹത്തെ ഏറ്റെടുത്തതായി പറഞ്ഞറിഞ്ഞു.

Generated from archived content: essay1_dec7_13.html Author: p_padmadharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here