പത്മരാജന്റെ ‘പറന്നു പറന്നു പറന്ന്’ എന്ന ചിത്രത്തിലെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചത് വഞ്ചിയൂരിലുള്ള ഒരു വീട്ടിലായിരുന്നു. അന്തരിച്ച സുകുമാരി അമ്മയും മറ്റും അഭിനയിച്ച ആ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായി ശ്രീ. കെ മധുവും, ശ്രീ. സുരേഷ് ഉണ്ണിത്താനും, ശ്രീ. പൂജപ്പുര രാധാകൃഷ്ണനും മറ്റുമായിരുന്നു എന്നാണെന്റെ ഓര്‍മ്മ. വൈകിട്ടാണ് ഞാന്‍ അവിടെ എത്തിയത്. ചിത്രത്തിന്റെ ഒരു സീന്‍ ഷൂട്ടു ചെയ്യുന്നതു മാത്രമേ എനിക്കു കാണുവാന്‍ സാധിച്ചുള്ളു. കെ. ആര്‍. വിജയ എന്ന നടിയുടെ അഭിനയ മികവ് ഞാന്‍ അന്നവിടെ വച്ചു കണ്ടു. രാത്രിയില്‍ തന്നെ എനിക്കു മടങ്ങിപ്പോരണമായിരുന്നു. അതു കൊണ്ട് തുടര്‍ചിത്രീകരണം കാണുവാന്‍ സാധിച്ചില്ല.
തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള ഒരു നില കെട്ടിടത്തില്‍ വച്ച് കരിയിലകാറ്റു പോലെ എന്ന ചിത്രത്തിന്റെ ഒരു ദിവസത്തെ ചിത്രീകരണവും ഭാഗികമായി ഞാന്‍ കണ്ടിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, കാര്‍ത്തിക, ശ്രീപ്രിയ തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. ശ്രീപ്രിയയും കാര്‍ത്തികയും ചേര്‍ന്ന് അഭിനയിക്കുന്ന ഒരു സീനായിരുന്നു ഷൂട്ട് ച്യ്തത്. ഒരു ചിത്രത്തിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രത്യേകിച്ചും ഡയറക്ടറുടെ ബദ്ധപ്പാടുകള്‍ അന്നാണെനിക്കു ബോദ്ധ്യപ്പെടുന്നത്. ഒരു വലിയ ‘ക്രൂ ‘വിനെ നിയന്ത്രിക്കേണ്ട ചുമതല മുഴുവന്‍ ഡയറക്ടര്‍ക്കാണ്.
1987 -ല്‍ ആണ് തൂവാനത്തുമ്പികള്‍ റിലീസ് ചെയ്തത്. പത്മരാജന്റെ തന്നെ ‘ഉദകപ്പോള’ എന്ന ഒരു വലിയ നോവലിന്റെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണ് തൂവാനത്തുമ്പികള്‍ക്ക് ചലച്ചിത്രഭാഷ്യം നല്‍കിയത്. മോഹന്‍ലാല്‍, പാര്‍വതി, സുമലത, അശോകന്‍ മുതലായവരായിരുന്നു ഈ ചിത്രത്തില്‍ അഭിനയിച്ചത്. ഈ ചിത്രത്തിന്റെയും ഒരു ദിവസത്തെ ചിത്രീകരണം തൃശൂര്‍ രാമവര്‍മ്മ കോളേജില്‍ വച്ചായിരുന്നു. ഞാനും ഒരു ദിവസം അവിടെ പോയിരുന്നു. മോഹന്‍ലാല്‍ ( ജയകൃഷ്ണന്‍) കോളേജില്‍ കടന്നു ചെന്ന് വിദ്യാര്‍ത്ഥിനിയും ഭാവി വധുവുമായ പാര്‍വ്വതി ( രാധ) യെ കാണുന്നതും വഴക്കുപറയുന്നതുമായ ഒരു സീനുണ്ട്. മറ്റു പെണ്‍കുട്ടികളുടെ ഇടയില്‍ വച്ചാണ് അത് ചെയ്യുന്നത്. അതില്‍ പ്രതിഷേധിച്ച് ആ ക്ലാസ്സിലെ ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും ചേര്‍ന്ന് ലാലിന്റെ പിറകെ കൂവിക്കൊണ്ട് വരുന്നതും സ്കൂട്ടറില്‍ റെഡിയായി നില്‍ക്കുന്ന അശോകന്റെ പിറകില്‍ കയറി സ്ഥലം വിടുന്നതുമായ രംഗമാണ് ചിത്രീകരിച്ചത്. കോളേജു പിള്ളാരുടെ ഇടയില്‍ താരങ്ങളെ നിര്‍ത്തി ചിത്രീകരണം നടത്തുന്നത് പ്രയാസമുള്ള ജോലിയാണെന്ന് പിന്നീട് പത്മരാജന്‍ എന്നോടു പറഞ്ഞിരുന്നു. കാരണം അവര്‍ ആ പ്രായത്തില്‍, താരങ്ങളോടുള്ള ആരാധ കൊണ്ട് തൊടാനും തോണ്ടാനുമൊക്കെ ഇടയുണ്ട്. വളരെ സൂക്ഷിച്ചേ അവരെ നിയന്ത്രിക്കാന്‍ കഴിയൂ. ആ ചിത്രത്തിന്റെ ബാക്കി രംഗങ്ങള്‍ ഷൂട്ടിംഗ് നടത്തുന്നതു കാണാനും എനിക്കു കഴിഞ്ഞില്ല. ഇന്നോര്‍ക്കുമ്പോള്‍ ഭാഗ്യ ദോഷമെന്നേ പറയാന്‍ പറ്റുന്നുള്ളു.
അടുത്ത വര്‍ഷം തന്നെ 1988 ലാണെന്നു തോന്നുന്നു ‘ അപരന്റെ’ ചിത്രീകരണം ആരംഭിച്ചത്. വളരെ കോപ്ലിക്കേറ്റഡായ ഒരു കഥയുടെ ചിത്രീകരണമായിരുന്നു അപരനില്‍ പത്മരാജന്‍ ഏറ്റെടുത്തത്. ചിത്രീകരണം കുട്ടനാടു വച്ചായിരുന്നു നടന്നത്. അതിന്റെ ചിത്രീകരണം തുടങ്ങാന്‍ ആലപ്പുഴക്കു പോകുവാന്‍ അത്മരാജനോടൊപ്പം ക്യാമറാമാന്‍ വേണുവും പുതുമുഖ നടന്‍ ജയറാമും കൂടി വീട്ടില്‍ വന്നത് ഇന്നലത്തേപ്പോലെ ഞാനോര്‍ക്കുന്നു. തകര്‍ത്തു പെയ്യുന്ന ഒരു മഴക്കാല രാത്രിയില്‍ മുറ്റത്ത് ഒരു കാര്‍ വന്നു നിന്നു. ഞാന്‍ എണീറ്റു നോക്കി ഒന്നും കാണാന്‍ വയ്യാത്രയത്ര ഇരുട്ട്. നിര്‍ത്താതെ പെയ്യുന്ന മഴയും. എനിക്കോ ആഗതര്‍ക്കോ പുറത്തേക്കിറങ്ങുവാന്‍ കഴിയുന്നില്ല. പുറത്തേക്കുള്ള ലൈറ്റ് തെളിച്ചു. കാറിന്റെ ലൈറ്റും തെളിയിച്ചിട്ടിരിക്കുകയായിരുന്നു. പത്മരാജനായിരുന്നു ആദ്യം ഇറങ്ങിയത്. മഴയില്‍ ഓടിയിറങ്ങിയ പത്മരാജന്‍ എന്നെകൊണ്ട് കുട എടുപ്പിച്ച് വേണുവുവിനേയും ജയറാമിനേയും കുട്ടിക്കൊണ്ടു വന്നു . അമ്മ നല്ല ഉറക്കമായിരുന്നു . ശബ്ദം കേട്ട് അമ്മയുണര്‍ന്നു . നടുത്തളത്തിലെ സ്ഥിരം കസേരയില് അമ്മ വന്നിരുന്നു. അമ്മയുടെ മുന്നില്‍ പത്മരാജന്‍ എന്നുമൊരു അനുസരണയുള്ള കൊച്ചുകുട്ടിയായിരുന്നു.
‘ ഈ പാതിരാത്രില്‍ നീ എവിടെ നിന്നും വരുന്നു?’അമ്മ ചോദിച്ചു.
അതിനുള്ള ഉത്തരത്തിനു പകരം പത്മരാജന്‍ ജയറാമിനെ വിളിച്ച് അമ്മയെ പരിചയപ്പെടുത്തി.
‘’ അമ്മേ ഇതാണ് എന്റെ പുതിയ പടത്തിലെ നായകന്‍. പട്ടരാണ്, മലയാറ്റൂര്‍ രാമകൃഷ്ണനെ കേട്ടിട്ടില്ലേ? അദ്ദേഹത്തിന്റെ അനന്തരിവന്‍. ഇവനെ ഞാന്‍ മിമിക്രിഷോയുടെ വേദിയില്‍ നിന്ന് പിടിച്ചുകൊണ്ടു വരികയാണ്. എന്റെ പുതിയ പടം നാളെ തുടങ്ങുകയാണ്. മഴ ശല്യം ചെയ്യത്തില്ലെന്നു തോന്നുന്നു’‘
എല്ലാ പടവും തുടങ്ങുന്നതിനു മുന്‍പ് പത്മരാജന്‍ വീട്ടിലെത്തി അമ്മയുടെ പാദം തൊട്ടുവണങ്ങിയേ പോകാറുള്ളു. അതിനായിട്ടാണ് ഈ വരവും. മടങ്ങിപ്പോകുന്നതിനു മുന്‍പ് ജയറാമിനെ കൊണ്ട് പ്രേം നസീറിനെ ‘ ഇമിറ്റേറ്റു’ ചെയ്യുന്ന ഒരു മിമിക്രി കാണിപ്പിച്ചു. രാത്രി തന്നെ ആലപ്പുഴയ്ക്കു പോവുകയും ചെയ്തു. ആലപ്പുഴ ‘നവോദയ’ സ്റ്റുഡിയോയിലായിരുന്നു ക്യാമ്പ്.
പിന്നേയും ഒരാഴച കഴിഞ്ഞാണ് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ഞാന്‍ പോയത്. എന്റെ കൂടെ പൂപ്പന്‍ ചേട്ടന്‍ എന്നു വിളിക്കുന്ന വലിയമ്മയുടെ ഒരു മകനും പത്ഭനാഭപണിക്കരു സാറും ഉണ്ടായിരുന്നു. ഞങ്ങള്‍ നെടുമുടിയില്‍ എത്തിയപ്പോഴാണ് അറിയുന്നത് ഇന്നു വൈകിട്ടെ ഷൂട്ടിംഗ് ഉള്ളെന്ന്. പിന്നെ വൈകീട്ട് തുടങ്ങിയ ഷൂട്ടിംഗ് നേരം പുലരും വരെയും നീണ്ടു പോയി. നദിയുടെ ഇരുകരകളിലും പെട്രോമാക്സ് വിളക്കുകള്‍ വച്ച് ഷേഡ് വെള്ളത്തില്‍ വീഴ്ത്തി ഒരു ചങ്ങാടത്തില്‍ ക്യാമറ ഉറപ്പിച്ചായിരുന്നു ചിത്രീകരണം. വേണു തന്നെയായിരുന്നു ക്യാമറ ചലിപ്പിച്ചത്. മധുസാര്‍ കായലില്‍ മുങ്ങി കയറി വരുമ്പോള്‍ സില്‍ബന്ധിയുടെ കയ്യിലിരിക്കുന്ന റാന്തല്‍ വാങ്ങി അരണ്ട വെളിച്ചത്തില്‍ മകനെ വാഴക്കൂട്ടത്തില്‍ കാണുന്ന അവസാന രംഗമായിരുന്നു അന്ന് ചിത്രീകരിച്ചത്. അതുവരെയും ആരും തന്നെഉറങ്ങിയിട്ടേയില്ല. രാവിലെ തന്നെ ലൊക്കേഷനിലെ കാറില്‍ ഞങ്ങളെ തിരികെ വീട്ടില്‍ കൊണ്ടുവന്നു വിടുകയും ചെയ്തു. പുതുമുഖമായിരുന്നിട്ടു കൂടി ജയറാം തിളങ്ങിയ പടമായിരുന്നു അപരന്‍. പിന്നീട് ഇതുവരെയും ജയറാമിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
‘ഞാന്‍ ഗന്ധര്‍വന്‍’ ആയിരുന്നു. പത്മരാജന്റെ അവസാന ചിത്രം. അതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മൂകാംബിക ക്ഷേത്രത്തിലും പോയി കുടുംബസമേതം ഇതുവഴി മടങ്ങി വന്നത് ഇപ്പോഴും ഞാനോര്‍ക്കുന്നു. മടക്കയാത്രയില്‍ തന്റെ എഴുത്തു പേന ‘ മൂകാംബികയ്ക്കു’ സമര്‍പ്പിച്ചതായും അമ്മയോടു പറയുന്നതു കേട്ടു.
‘’ ഈ മുകളിലൂടെ കടന്നു പോകുന്ന ആകാശം ഈ മേഘങ്ങളില്‍ നിന്നുയരുന്ന നിശ്വാസം ഇവയെല്ലാം എന്നെ വിളിക്കുന്നു. രാത്രിയുടെ കണ്ണുകള്‍ ചിമ്മിത്തുറക്കുന്നത് എന്നെ വിളിക്കാന്‍ വേണ്ടിയാണ്. എന്റെ ശരീരത്തുരുമ്മി കിടക്കുന്ന കല്യാണക്കോടി എന്നോടു പറയുന്നു, മതി മതി പോകൂ ഭൂമി പിടിച്ചു തള്ളുന്നു പോകൂ എന്നെ വിട്ടു പോകൂ ‘’
‘ സ്വയം’ എന്ന ചെറുകഥയില്‍ പത്മരാജന്‍ ഇങ്ങനെ എഴുതി. അതൊരു മടങ്ങിപ്പോക്കിന്റെ ആമുഖമായിരുന്നിരിക്കാം.
(അവസാനിച്ചു)
Generated from archived content: essay1_dec15_13.html Author: p_padmadharan