ഈ നിലാവ് അന്തരംഗത്തിലെ ദീപനാളത്തിൽ നിന്നാണ്; ആകാശോന്മുഖമായി അതു പരക്കുന്നു. അതായത് ആകാശത്തു നിന്ന് ഭൂമിയിലേക്കു പരക്കുന്ന നിലാവല്ല. ഈ നിലാവ് കവിതയുടെ നിലാവാണ്. ആകാശനിലാവിൽനിന്ന് വ്യത്യസ്‌തമാണോ? അല്ല. തന്നെയുമല്ല രണ്ടും ഒന്നായിച്ചേരുന്ന വേളകളും ഈ കവിതയിൽ കാണാം. ഒരുപക്ഷേ ആ വേളകളാവാം ആലോചനാമൃതം, കവിതയുടെ സാഫല്യം.
നിലാവ് പ്രതിനിധാനം ചെയ്യുന്നത് തീർച്ചയായും ജീവിതത്തിലെ പേലവവും സൗന്ദര്യാത്മകവും ആയ ഭാവങ്ങളെയാണ്, ഭാവാത്മക സ്വപ്‌നങ്ങളെയാണ്. ജീവിതത്തിന്റെ പ്രാഥമികവും യഥാർത്ഥവുമായ തലം ദുഃഖമാണെങ്കിലും ആനന്ദം പകരുന്ന ഉദ്യോനച്ചെടികളെ, സ്വപ്‌നങ്ങളെ, അവിടെ വളർത്താനാവും. യാഥാർത്ഥ്യത്തെ ഭാവനകൊണ്ടു മധുരിപ്പിക്കാം. ഇതിനൊരു മറുവശവുമുണ്ട്; അതുവേണം താനും. മറുവശം ഉണ്ടെങ്കിലേ ഏതിനും നിലനില്‌പുളളൂ. സുഖം ഉണ്ടാവണമെങ്കിൽ അതിന്റെ വിപരീതവിന്യസനമെന്നോണം ദുഃഖം വേണം. പ്രകൃതിസ്വഭാവം അതാണ്. ആ മറുവശത്തെ ഇങ്ങനെ പറയാംഃ ജീവിതത്തിന്റെ പ്രാഥമികവും യഥാർത്ഥവും ആയ തലം ആനന്ദമാണെങ്കിലും നാം അവിടെ ദുഃഖത്തിന്റെ മുൾച്ചെടികൾ നട്ടുവളർത്തുന്നു-നമ്മുടെ അജ്ഞാനം നിമിത്തം എന്നു സമ്മതിക്കുക. ഈ മറുവശം തത്വചിന്തയുടേതാണെങ്കിൽ ആദ്യത്തെ വശം-അതായത് ഭാവനാമാധുര്യം-കവിതയുടേതാണ്. രണ്ടും നാം അനുഭവിക്കണം, അറിയണം, കൊണ്ടുനടക്കണം.
കവിതയിൽ ഇതു രണ്ടുമുണ്ട്. രാമായണകാലം മുതൽ ഉണ്ട്. രണ്ടിന്റെയും ഇടയ്‌ക്കായതുകൊണ്ടാണ് നമ്മുടെ മനസ്സ് വിഹ്വലമോ തരളമോ വികാരാർദ്രമോ ഒക്കെയാവുന്നത്. ആ മനസ്സിനു ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യം ദുഃഖത്തെ ഘനീഭവിപ്പിക്കാതെ സൗന്ദര്യത്തെ അന്വേഷിക്കുക എന്നതാണ്. സൗന്ദര്യം സത്യം തന്നെയാണെങ്കിൽ അങ്ങിനെയായിക്കൊളളട്ടെ. അല്ല വെറും സങ്കല്പം മാത്രമാണെങ്കിൽ അങ്ങനെയിരിക്കട്ടെ; അനുഭൂതിതലത്തിലുളള ഒരു താല്‌ക്കാലിക സത്യദർശനം ഉണ്ടാകുമല്ലോ-അതുമതി. ഏതായാലും അവിടെ രസനീയത എന്നത് വന്നുഭവിക്കുന്നു. അതുകൊണ്ടാണല്ലോ നാമൊക്കെ എഴുതുന്നതും പാടുന്നതും ചിത്രം വരയ്‌ക്കുന്നതും. രസാത്മകമായ വാക്യത്തെ കാവ്യം എന്നു വിളിക്കുന്നതും.
ത്രേസ്യാമ്മ തോമസ് നാടാവളളിൽ എന്ന കവി, മനസ്സിന്റെ ഏകാന്തതയിൽ അഗാധതയിലുളള സൗന്ദര്യം ചിലതൊക്കെ കണ്ടെത്തുന്നു എന്നതിന് തെളിവ് അവരുടെ നിലാവിൽ ഇത്തിരിനേരം എന്ന സമാഹാരത്തിലെ കവിതകൾ തന്നെയാണ്. അവർ, അത് പ്രകടിപ്പിക്കുന്നതുകൊണ്ടുളള ഗുണം വായനക്കാരന് സമാനമായ, സ്വാനുഭവജന്യമായ, അത്തരം സൗന്ദര്യമേഖല തുറന്നു കിട്ടുന്നു. വർണപ്രപഞ്ചം, നാദലയം, കാമുക-കാമുകീ സമാഗമം, വിരഹം, പ്രതീക്ഷ, ഋതുവിന്യാസ ചാരുത, കളത്രപുത്രാദികളോടുളള മമതാബന്ധത്തിന്റെ മാധുര്യം, ശൈശവാഭിമുഖ്യം-ഇതൊക്കെ ഹൃദയാവർജ്ജകമാണ്. അതീത ലോകത്തിലെ ആത്മപ്രകാശത്തിനുവേണ്ടിയുളള ത്വര, ഈശ്വര കാരുണ്യപ്രവാഹത്തിനുവേണ്ടിയുളള പ്രാർത്ഥന, നിർദോഷമായ ആഗ്രഹങ്ങളുടെ പിറകേയുളള പ്രതീക്ഷാഭരിതമായ തീർത്ഥയാത്ര എന്നീ കാര്യങ്ങളിൽ സ്വയം രമിച്ചിരിക്കുന്ന ഒരു മനുഷ്യാത്മാവിനെ ഈ കവിതകളിൽ നാം പരിചയപ്പെടുന്നു. ചിലപ്പോൾ മഹാകവി ടാഗൂറിനെയും ചിലപ്പോൾ വേഡ്‌സ്‌വർതിനെയും ഓർമ്മിപ്പിക്കും പടിയുളള ഈ ജൈവപ്രകൃതിബന്ധം അമ്മയും കുഞ്ഞും തമ്മിലുളളതോ കാമുകനും കാമുകിയും തമ്മിലുളളതോ ജീവാത്മാവും പരമാത്മാവും തമ്മിലുളളതോ ആയി മാറുന്നു. വായനക്കാരന്റെ മനസ്സിൽ വസന്തകാന്തി വിടർത്തിയില്ലെങ്കിലും വാസന്തസ്‌മരണയുടെ കാറ്റു വീശുകയെങ്കിലും ചെയ്യും. ഈ കവി അനുസ്യൂതമായ രചനാപ്രക്രിയയിലൂടെ മൊഴിത്തിളക്കം കൂടി നേടിയെടുത്താൽ ആ കാന്തി വിടർത്തുവാനും കഴിവുളള പ്രതിഭയാണെന്ന് ഈ കവിതകളിൽ തെളിയുന്ന നേർത്ത വരകൾ നിരീക്ഷിക്കുന്നവർക്കു സധൈര്യം പറയാൻ സാധിക്കും.
നിലാവിൽ ഇത്തിരിനേരം (കവിത), ത്രേസ്യാമ്മ തോമസ് നാടാവളളിൽ, വില – 40.00, പ്രവാസി ബുക്‌സ്
Generated from archived content: book2_oct19_05.html Author: p_narayanakuruppu