കലാഭാഷയുടെ പ്രഥമ ലക്കം നിറഞ്ഞ സന്തോഷത്തോടെ പുറത്തിറങ്ങുന്നു. ആധുനികോത്തര വിൽപനക്കമ്പോളത്തിൽ, അതിനുളള തന്ത്രങ്ങളുടെ പിൻബലമില്ലാത്ത ഇതിന്റെ ഇടത്തെപ്പറ്റിയുളള ആശങ്കയും ഞങ്ങൾ മറച്ചുവെക്കുന്നില്ല. കലാസങ്കൽപങ്ങളെയും സിദ്ധാന്തങ്ങളെയും കുറിച്ചുളള കനപ്പെട്ട ചിന്തകൾ മാത്രം ഉൾച്ചേരുന്ന കലാഭാഷയെ സ്‌നേഹിക്കാനും ആനന്ദത്തോടെ ഏറ്റെടുക്കാനും മലയാളനാട്ടിൽ സുമനസ്സുകളുണ്ട് എന്ന ഉറച്ച വിശ്വാസമാണ് ഇതിന്റെ ഈടുവെപ്പ്.
ഒരുകാലത്ത് മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ കലാരംഗത്തും ലാവണ്യശാസ്‌ത്രരംഗത്തും ആഴത്തിലുളള നിരീക്ഷണങ്ങൾ കൈകാര്യം ചെയ്‌തിരുന്നു എന്നത് ഇന്നൊരു ഓർമ്മ മാത്രമായിരിക്കുന്നു. വിവാദങ്ങൾക്കു തീകൊടുക്കുന്ന ഉപരിപ്ലവപ്രശ്‌നങ്ങൾക്കും മൂല്യബോധമറ്റ കേവലരാഷ്‌ട്രീയ വ്യവഹാരങ്ങൾക്കും വൈകാരികമേദസ്സു നൽകി ഉൽപാദിപ്പിക്കുന്ന പരമ്പരകൾക്കും പ്രാമുഖ്യം നൽകുന്ന മുഖ്യധാരാ മാധ്യമങ്ങൾ കലാസിദ്ധാന്തങ്ങളെയും പഠനങ്ങളെയും പാടേ അവഗണിക്കുന്നത് സാർവ്വലൗകികമായിരിക്കുന്നു.
സംഗീതം, ചിത്ര-ശിൽപകലകൾ, നാടൻകല, അനുഷ്‌ഠാനകല എന്നിവയെക്കുറിച്ചുളള പഠനങ്ങൾ മാത്രമല്ല, ഇവ തമ്മിലുളള പാഠാന്തരബന്ധങ്ങളും കലാഭാഷയിൽ പരാമൃഷ്‌ടമാവണമെന്നാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഓരോ രംഗത്തും നിലനിൽക്കുന്ന കലാതത്ത്വശാഠ്യങ്ങൾക്കുപരി, ഇവയുടെ പാരസ്‌പര്യവും വൈജാത്യസവിശേഷതകളും സാംസ്‌കാരികപഠനത്തിന്റെ രീതിശാസ്‌ത്രത്തിൽ സുപ്രധാനമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
കലാഭാഷയുടെ ഒന്നാം ലക്കം നടേ പരാമർശിച്ച ലക്ഷ്യത്തിൽ പൂർണ്ണമായും എത്തി എന്ന് അവകാശപ്പെടുന്നില്ല. പക്ഷേ, കേരളത്തിലെ പ്രശസ്‌ത കലാകാരൻമാരുടെയും സാംസ്‌കാരികരംഗത്തെ മഹാമതികളുടെയും പിന്തുണയും സഹായവും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഉന്നമനത്തിന് നിങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
കലാഭാഷ – ലക്കം 1
എഡി. പി.ജയപാലമേനോൻ
വില – 50.00
Generated from archived content: book1_june9_08.html Author: p_jayapalamenon
Click this button or press Ctrl+G to toggle between Malayalam and English