കൃതഹസ്‌തനായ ഒരു പത്രപ്രവർത്തകന്റെ ഉൾക്കാഴ്‌ച

പ്രശസ്‌ത പത്രപ്രവർത്തകനായ ജോയ്‌ ശാസ്‌താംപടിക്കൽ തന്റെ തിരക്കേറിയ പത്രപ്രവർത്തന ജീവിതത്തിൽ ഇണങ്ങുകയും പിണങ്ങുകയും ഇടപഴകുകയും ചെയ്‌ത പ്രഗല്‌ഭരായ പത്ത്‌ പൊതു പ്രവർത്തകരെക്കുറിച്ചുള്ള നഖചിത്രങ്ങളാണ്‌ ഈ പുസ്‌തകത്തിലെ ഉള്ളടക്കം.

കേരളത്തിലെ പൊതുജീവിതത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നിറപ്പൊലിമ കൊണ്ട്‌ അകത്തിറമ നിറഞ്ഞു നിന്നിരുന്നവരാണ്‌ ഈ ആളുകളെല്ലാം എന്ന്‌ ആ പേരുകൾ വായിച്ചുപോകുമ്പോൾ തന്നെ ആർക്കും ബോധ്യമാകും. ഇ.എം.എസ്‌. പനമ്പിള്ളി,. എ.കെ.ജി, അച്യുതമേനോൻ, മത്തായി മാഞ്ഞൂരാൻ, പി.ടി.ചാക്കോ, ഇ.കെ.നായനാർ, വടക്കൻ അച്ചൻ, ഇമ്പിച്ചിബാവ എന്നിവരാണ്‌ ചെറിയ ചെറിയ അനുഭവകഥകളിലൂടെ ജോയ്‌ ശാസ്‌താംപടിക്കൽ വരച്ചിടുമ്പോൾ തിളക്കമുള്ള ചിത്രങ്ങളായി നമ്മുടെ കൺമുമ്പിൽ പുനർജനിക്കുന്നത്‌.

ഇവരെ എല്ലാവരേയും അടുത്തു പരിചയപ്പെടാനും നിയമസഭയിലും പുറത്തുമായി അവരുമായി ഇടപഴകാനും സന്ദർഭം ലഭിച്ചിട്ടുള്ള എന്നെപ്പോലൊരാൾക്കു പോലും കണ്ടറിയാനോ ഊഹിച്ചെടുക്കാനോ കഴിയാത്ത വ്യക്തിത്വ സവിശേഷതകൾ അവരിലുണ്ടായിരുന്നു. എന്ന്‌ ശാസ്‌താംപടിക്കലിന്റെ ഹ്രസ്വമെങ്കിലും ഹൃദയസ്‌പൃക്കായ നഖചിത്രങ്ങളിലൂടെയാണ്‌ ഞാനറിയുന്നത്‌. ശാസ്‌ത്രാംപടിക്കലിന്റെ നിരീക്ഷണ പാടവത്തിനും ഓർമ്മശക്തിക്കും മുമ്പിൽ ഞാൻ തലകുനിച്ചു പോകുന്നു.

നിരീക്ഷണ പാടവവും ഓർമ്മശക്തിയും വാഗ്‌വിലാസവും മാത്രമല്ല ശാസ്‌താംപടിക്കലിന്റെ ലേഖനങ്ങളെ ഹൃദയസ്‌പൃക്കായ വായനാനുഭവങ്ങളായി മാറ്റുന്നത്‌. നേരത്തെ അദ്ദേഹം “ഇണങ്ങിയും പിണങ്ങിയും ഇടപഴകിയ” എന്നു പറഞ്ഞിരുന്നതിന്‌ ഒരനുബന്ധം കൂടി ചേർത്തില്ലെങ്കിൽ വായനക്കാർ തെറ്റിദ്ധരിച്ചേക്കും. ശാസ്‌ത്രാംപടിക്കലിനു പിണങ്ങുക എന്നത്‌ തീരെ വശമുള്ള ഒരു കാര്യമല്ല. പിണക്കം പലപ്പോഴും മറുപക്ഷത്തു നിന്നായിരിക്കും.

കക്ഷി രാഷ്‌ട്രീയ വ്യഗ്രത മുഖമുദ്രയായ ഒരു പത്രത്തിൽ പ്രവർത്തിക്കുകയും വാസനാ സമ്പന്നരായ പത്രപ്രവർത്തകർക്കു സഹജമായ കുസൃതികൾ സഹജമായിത്തന്നെ പ്രവർത്തിച്ചു പോരുകയും ചെയ്യുന്ന ശാസ്‌താം പടിക്കലിനോട്‌ ചിലപ്പോൾ അദ്ദേഹത്തിന്റെ കുസൃതികൾക്കും കക്ഷി രാഷ്‌ട്രീയ വ്യഗ്രതയ്‌ക്കും ഇരയാകുന്നവർ അല്‌പമൊന്ന്‌ പിണങ്ങിപ്പോയാൽ അതിൽ അത്ഭുതമില്ല. എന്നാൽ ആ പിണക്കം അധികം താമസിയാതെ പിണങ്ങന്മാർ തന്നെ മറന്ന്‌ ശാസ്‌താം പടിക്കലിനോട്‌ ഇണങ്ങുന്നു എന്നത്‌ അദ്ദേഹത്തിന്റെ നയചാതുരിയുടേയും സ്വഭാവ നൈർമല്യത്തിന്റെയും തെളിവായിട്ടേ കണക്കാക്കാനാകൂ.

ഇത്തരം അല്‌പായുസ്സുകളായി പരിണമിച്ച പിണക്കങ്ങളുടേയും നിത്യമായി നിലനിന്ന ഇണക്കങ്ങളുടേയും രസകരമായ കഥകൾ ഈ കൃതിയിൽ ഉടനീളം കണ്ടെത്താം. ഇങ്ങനെ ആരോടും പ്രത്യേക വൈരാഗ്യം ഒന്നുമില്ലാത്ത ജോയ്‌ ശാസ്‌താംപടിക്കലിന്റെ സ്വഭാവമാധുരിയാണ്‌ ഈ ലേഖനങ്ങളിൽ മുന്തിനില്‌ക്കുന്ന മനുഷ്യപ്പറ്റിന്റെ മൂലം.

പക്ഷെ ഈ സാർവത്രിക സൗഹാർദ്ദ മനസ്‌ഥിതി ചിലപ്പോൾ ഒരു പോരായ്‌മയായും അനുഭവപ്പെടും. ഗുണദേഷ സമ്മിശ്രമാണല്ലോ മനുഷ്യ സ്വഭാവം. അപ്പോൾ ഏതു മനുഷ്യനെപ്പറ്റിയുള്ള വിവരണവും വിശ്വാസവും സത്യസന്ധവുമാകണമെങ്കിൽ അവരുടെ ചില ദൗർബല്യങ്ങൾ എങ്കിലും ചുണ്ടിക്കാണിച്ചേ മതിയാകൂ. ദോഷൈകദൃഷ്‌ടി നല്ലതല്ലെങ്കിലും ഗുണൈകദൃഷ്‌ടിയും അത്ര നന്നാണെന്നു തോന്നുന്നില്ല. എന്നാൽ ശാസ്‌താം പടിക്കൽ വിട്ടുവീഴ്‌ചയില്ലാത്ത ഗുണൈകദൃക്കാകയാൽ തികച്ചും പരസ്‌പരവിരുദ്ധമായ വൃക്തിത്വങ്ങളുടെ ഉടമകളെ ഒരേതരത്തിൽ വെള്ള തേച്ചു വെളുപ്പിക്കാൻ ശ്രമിക്കുന്നില്ലേ എന്നു സംശയം തോന്നാം. നേർബുദ്ധിയായ എ.കെ.ജിയേയും അത്ര നേരല്ലാതെ ചിലപ്പോൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ബുദ്ധിരാക്ഷസനായ പനമ്പിള്ളി ഗേവിന്ദമേനോനേയും ഒരേപോലെ ശുഭ്രവർണാംഗിതരായി ആരാധിക്കാൻ മാത്രമേ ശാസ്‌താംപടിക്കലിന്‌ കഴിയൂ എന്നു തോന്നുന്നു.

പരാമർശവിധേയരായ വ്യക്തികളെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിനോ. വിശദമായ വിശകലനത്തിനോ ഗ്രന്ഥകാരൻ തുനിയുന്നില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ അവരുമായി ഇടപഴകുമ്പോൾ ഉണ്ടായ ചില ചില്ലറ അനുഭവങ്ങളും പറഞ്ഞുകേട്ട ചെറിയ കഥകളും അടിസ്‌ഥാനപ്പെടുത്തി അവരുടെ വ്യക്തിവിലാസത്തിന്റെ ഹൃദയത്തിലേക്ക്‌ ചൂഴ്‌ന്നിറങ്ങുകയാണ്‌ ശാസ്‌താംപടിക്കൽ ചെയ്യുന്നത്‌. കൃതഹസ്‌തനായ ഒരു പത്രപ്രവർത്തകന്റെ ഉൾക്കാഴ്‌ചയാണ്‌ ഈ ചെറിയ സംഭവങ്ങളിലൂടെ വലിയ വ്യക്തിത്വങ്ങളെ അളന്നവതരിപ്പിക്കാൻ ശാസ്‌താംപടിക്കലിന്‌ കഴിവു നല്‌കുന്നത്‌.

ശാസ്‌താംപടിക്കലിന്റെ കൃതി രസകരവും ഉദ്വോഗജനകവുമായി വായിക്കാൻ സാധിക്കുന്നതിന്റെ മറ്റൊരു കാരണം അവതരണ രീതിയിൽ അദ്ദേഹം കൈക്കൊള്ളുന്ന നാടകീയ തന്ത്രങ്ങളാണ്‌. ‘നാടകാന്തം കവിത്വം’ എന്ന പ്രശസ്‌തമായ സാഹിത്യ നിരൂപണ ഗ്രന്ഥത്തിൽ ഏതു സാഹിത്യ സൃഷ്‌ടിയുടേയും മേന്മ ഈ നാടകീയമായ ആവിഷ്‌ക്കാരതന്ത്രത്തിലാണ്‌ അടങ്ങിയിരിക്കുന്നതെന്ന്‌ പ്രൊഫസർ ജോസഫ്‌ മുണ്ടശ്ശേരി സമർത്ഥിച്ചിട്ടുണ്ട്‌. അങ്ങനെയെങ്കിൽ ആ തന്ത്രത്തിന്റെ വിദഗ്‌ധനായ ഒരു പ്രയോക്താവാണ്‌ ശാസ്‌താംപടിക്കലെന്ന്‌ ഇതിലെ ഓരോ അധ്യായവും സാക്ഷ്യപ്പെടുത്തുന്നു.

ഉദാഹരണത്തിന്‌ എ.കെ.ജി.യെക്കുറിച്ചുള്ള ആദ്യത്തെ ലേഖനം ആരംഭിക്കുന്നതു നോക്കൂഃ “കൊടുങ്ങല്ലൂർ ഭരണിക്ക്‌ ഉടുക്കുകയും പുതയ്‌ക്കുകയും ചെയ്യുന്ന മുണ്ട്‌ രക്തപതാകയാക്കി മാറ്റി സിന്ദാബാദ്‌ വിളിക്കുന്നവരുടെ വോട്ട്‌ എനിക്കു വേണ്ട”. തുടർന്നാണ്‌ പാലക്കാടു നിന്ന്‌ പാർലമെന്റിലേക്കു മത്സരിക്കുന്ന അവസരത്തിൽ സാധാരണ സ്‌ഥാനാർത്ഥികൾ പറയാൻ ധൈര്യപ്പെടാത്ത വിധം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്‌ എ.കെ.ജി. പറഞ്ഞതാണിത്‌ എന്ന്‌ വിവരിച്ച ശേഷം അദ്ദേഹത്തിന്റെ ആർജവത്തേയും ധീരതയേയും സ്വപ്രത്യയസ്ഥൈര്യത്തേയും ശാസ്‌താം പടിക്കൽ പ്രകീർത്തിക്കുന്നത്‌.

അതുപോലെ കെ.പി.സി.സി. പ്രസിഡന്റായിരുന്ന സി.കെ. ഗോവിന്ദൻ നായരെക്കുറിച്ച്‌ എഴുതിവിടുന്നതിങ്ങനെ. “കോൺഗ്രസ്‌ മുഖ്യമന്ത്രിക്കെതിരെ കമ്യൂണിസ്‌റ്റ്‌ ദിനപത്രം അഴിമതിയാരോപണം ഉന്നയിക്കുക, ആ പത്രാധിപരുമൊത്തു കെ.പി.സി.സി. പ്രസിഡന്റ്‌ ഡൽഹിയിൽ ചെന്ന്‌ കോൺഗ്രസ്‌ പ്രധാനമന്ത്രിയെ കാണുക, ഈ അഴിമതി ആരോപണത്തെപ്പറ്റി അന്വേഷിക്കണം എന്ന ആവശ്യം നേടിയെടുക്കുക”. അങ്ങനെ ഒരേയൊരു പ്രസിഡന്റ്‌ മാത്രമേ കേരള പ്രദേശ്‌ കോൺഗ്രസ്‌ കമ്മറ്റിക്ക്‌ ഉണ്ടായിട്ടുള്ളു. അത്‌ സി.കെ.ജി. ആയിരുന്നു എന്നും ശാസ്‌താംപടിക്കൽ അറിയിക്കുന്നു.

മത്തായി മാഞ്ഞൂരാനെപ്പറ്റി തുടങ്ങുന്നതും ഇപ്രകാരം തന്നെ. “കേരളത്തിലിങ്ങനെ ഒരു മന്ത്രി ഉണ്ടായിരുന്നു എന്ന പറഞ്ഞാൽ ഇക്കാലത്ത്‌ ആരെങ്കിലും വിശ്വസിക്കുമോ? സർക്കാർ ഗസ്‌റ്റ്‌ഹൗസിന്റെ പൂമുഖത്ത്‌ വെറും തറയിൽ ഷീറ്റ്‌ വിരിച്ച്‌ സുഖമായി കിടന്നുറങ്ങുന്ന മന്ത്രി”. ഇ.എം.എസിന്റെ രണ്ടാം മന്ത്രിസഭയിൽ തൊഴിൽ വകുപ്പ്‌ ക്ര്യം ചെയ്‌തിരുന്ന സമർത്ഥനും ധീര സ്വാതന്ത്ര്യസമരസേനാനിയും വാക്‌പയറ്റിൽ ആരുടേയും മുന്നിൽ തോറ്റിട്ടില്ലാത്ത സരസ്വതി പ്രസാദത്തിന്റെ ഉടമയുമായ മത്തായി മാഞ്ഞൂരാന്റെ സാഹസിക സമര ചരിത്രം പോലെ ലളിതജീവിത താത്‌പര്യവും ഇതിലൂടെ ശാസ്‌താംപടിക്കൽ നമ്മെ ബോധ്യപ്പെടുത്തുന്നു.

കുറേക്കൂടി രസകരമാണ്‌ കേരളത്തിലെ ഡസൻ കണക്കിനു മന്ത്രിമാരിൽ അനന്യസാധാരണനായ ഇമ്പിച്ചിബാവയെക്കുറിച്ചുള്ള വിവരണം. ഇമ്പിച്ചിബാവയെക്കുറിച്ചുള്ള വിവരണം ആരംഭിക്കുന്നത്‌ വായിക്കൂഃ “വണ്ടി കോയമ്പത്തൂർക്ക്‌ വിട്‌. നമ്മളു തന്നെ കണ്ടക്‌ടർ”. കോയമ്പത്തൂർ ബോർഡ്‌ വച്ച കെ.എസ്‌. ആർ.ടി.സി. ബസിൽ കയറി കണ്ടക്‌ടറുടെ സീറ്റിൽ ഇരുന്നുകൊണ്ട്‌ ഇ.കെ.ഇമ്പിച്ചിബാവ എന്ന ട്രാൻസ്‌പോർട്ട്‌ മന്ത്രി നടത്തിയ നാടകീയമായ ഈ യാത്ര അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ പ്രവർത്തനശൈലിയുടേയും ഔചാരികത തീണ്ടാത്ത അഭ്യസ്‌ത ഭരണമാതൃകയുടേയും ഉത്തമോദാഹരണമായിരുന്നു. കേരളത്തിലെ ഒരു ട്രാൻസ്‌പോർട്ട്‌ ബസ്‌ വേണ്ടത്ര രേഖകളോ അഴിമതിയോ കൂടാതെ കോയമ്പത്തൂരിലെ തമിഴ്‌നാട്‌ റീജ്യണൽ ട്രാൻസ്‌പോർട്ട്‌ അപ്പീസുകാർ തടഞ്ഞു നിറുത്തി പിടിച്ചെടുത്ത നടപടിയെക്കുറിച്ചന്വേഷിക്കാനും ഫയലു വിളിപ്പിക്കലിനും എഴുത്തു കുത്തിനും ഒന്നും കാത്തു നില്‌ക്കാതെ മന്ത്രി തന്നെ വണ്ടിയെടുത്ത്‌ നേരേ പോയി കയ്യോടെ പ്രശ്‌നം പരിഹരിക്കാനും നടത്തിയ ശ്രമത്തിന്റെ കേളികൊട്ടാണ്‌ ശാസ്‌താംപടിക്കൽ ഇവിടെ വിവരിക്കുന്നത്‌.

ശാസ്‌താംപടിക്കലിന്റെ ഈ നാടകീയമായ ആരംഭവിവരണരീതി നാടകീയത കൊണ്ടു മാത്രമല്ല ശ്രദ്ധേയമാകുന്നത്‌. ഈ പ്രാരംഭപരാമർശനത്തിലൂടെ അല്ലെങ്കിൽ സംഭവത്തിലൂടെ തന്റെ കഥാപുരുഷന്റെ കാതലായ വ്യക്തിത്വവും പ്രത്യേകതയും ആവിഷ്‌ക്കരിക്കത്തക്ക വിധത്തിലാണ്‌ ഇവ അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്‌. അതുകൊണ്ട്‌ അവയ്‌ക്ക്‌ രൂപഭദ്രതയിൽ എന്നപോലെ ഭാവഭദ്രതയിലും പ്രസക്തിയേറുന്നു.

ഇങ്ങനെ വിവരിച്ചുപോയാൽ ഈ കൊച്ചു പുസ്‌തകത്തിൽ ശാസ്‌താംപടിക്കൽ പ്രകടിപ്പിക്കുന്ന ആവിഷ്‌ക്കാരശൈലിയുടെ അനന്യത ഇനിയും പറയാനുണ്ടാകും. ഒരവതാരികയുടെ പരിമിതിയിൽ അവയൊക്കെ തിരുകിക്കയറ്റിയാൽ അതു മറ്റൊരു പുസ്‌തകമായിത്തീരും- വീടിനേക്കാൾ വലിയൊരു പടിപ്പുര. അതുകൊണ്ട്‌ ഈ കുറിപ്പ്‌ നിറുത്തേണ്ട സമയം ഇപ്പോൾത്തന്നെ കഴിഞ്ഞിരിക്കുന്നു.

ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. ഇതിൽ പരാമർശിക്കപ്പെടുന്ന പത്തു വ്യക്തിത്വങ്ങളെപ്പോലെ ഡസൻ കണക്കിന്‌ വേറെയും പ്രമാണികരെ പരിചയപ്പെടാനും നിരീക്ഷിക്കാനും ശാസ്‌താംപടിക്കലിനു കഴിഞ്ഞിട്ടുണ്ട്‌. അവരെക്കുറിച്ചു കൂടി എപ്പോഴെങ്കിലും ഇതുപോലെ എഴുതി പ്രസിദ്‌ധീകരിക്കുന്ന പക്ഷം വായനക്കാർക്കത്‌ രുചിയും പോഷകവും പ്രദാനം ചെയ്യുന്ന വിരുന്നാകും. ഉദാഹരണത്തിന്‌ ഇമ്പിച്ചിബാവയെപ്പോലെ ഔപചാരിക വിദ്യാഭ്യാസം കൂടാതെ തന്നെ സാധാരണ ഒരു ബീഡിത്തൊഴിലാളിയായി ജീവിതം ആരംഭിച്ച്‌ കേരളത്തിന്റെ ഭരണചക്രം തിരിക്കുന്ന താക്കോൽ സ്‌ഥാനം വരെയെത്തിയ സർവ്വസമ്മതനും സൗഹൃദസമ്പന്നനും ആയ ഒരാളും രക്തസാക്ഷിയുമായ അഴീക്കോടൻ രാഘവനും, അദ്ദേഹത്തിന്റെ പ്രസ്‌ഥാനത്തെ നഖശിഖാന്തം എതിർക്കുന്ന മലയാള മനോരമയുടെ താരപ്രഭയുള്ള ലേഖകൻ ജോയ്‌ ശാസ്‌താംപടിക്കലും തമ്മിലുള്ള ഹൃദയവേഴ്‌ച എന്നെപ്പോലെ അനേകർക്കു നേരിട്ടറിവുള്ളതാണ്‌. അങ്ങനെ ശാസ്‌താം പടിക്കലിന്റെ സുഹൃദ്‌പട്ടിക പരതിയാൽ പല പ്രഗല്‌ഭമതികളും അതിലുണ്ടാകും. അവരൊക്കെ കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞെങ്കിലും ശാസ്‌താംപടിക്കലിന്റെ തൂലികാവിലാസത്തിലൂടെ യുവതലമുറയ്‌ക്കു മുമ്പിൽ പ്രത്യക്ഷപ്പെടാൻ സ്വർഗലോകത്തിൽ കാത്തിരിക്കുകയാകും. അവരോടുള്ള കർത്തവ്യനിർവഹണത്തിൽ ശാസ്‌താംപടിക്കൽ ഉപേക്ഷ വിചാരിക്കുകയില്ല എന്നു കരുതുന്നു.

എന്റെ നീണ്ടകാല സുഹൃത്താ​‍ായ ജോയ്‌ ശാസ്‌താംപടിക്കലിന്‌ സർവമംഗളങ്ങളും ആശംസിച്ചുകൊണ്ട്‌ ഈ കൃതി സഹൃദയ സമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.

(പ്രസാധകർ – ഗ്രീൻ ബുക്‌സ്‌, തൃശൂർ. വില-75&-)

Generated from archived content: book1_jan4_10.html Author: p_govindapilla

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here