ഇതുവരെ ഞാനെഴുതിയിട്ടുളള എല്ലാ ഗാനങ്ങളും അടങ്ങിയ ഒരു സമാഹാരമല്ല ഈ ‘നാഴിയുരിപ്പാല്’. യഥാർത്ഥത്തിൽ ഇരുവരെ ഞാൻ രചിച്ചിട്ടുളള മൊത്തം ഗാനങ്ങളുടെ നാലിലൊന്നേ ഈ സമാഹാരത്തിൽ വരുന്നുളളൂ. മൊത്തം കണക്ക് ഇപ്പോഴും എനിക്ക് നിശ്ചയമില്ല. ഏകദേശം നാലായിരത്തോളം ഗാനങ്ങൾ പല വകുപ്പുകളിൽപ്പെടുന്നവ-ഞ്ഞാനെഴുതിയിട്ടുണ്ടാവുമെന്നാണ് എന്റെ ഊഹം.
ഞാൻ ആദ്യമായി ഗാനരചന തുടങ്ങിയത് 1941-ന്റെ ആരംഭത്തോടുകൂടിയാണ്. ഞാൻ എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥിയായിരിക്കുന്ന കാലം. വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെയും, അന്നത്തെ വിപ്ലവപ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും സജീവപ്രവർത്തകനായി ഒളിവിലും തെളിവിലും ഓടിനടന്നിരുന്ന കാലം.
ആദ്യമെഴുതിയ ഗാനങ്ങളെല്ലാം ഹിന്ദി സിനിമാ ട്യൂണുകളെ അനുകരിച്ചുകൊണ്ടുളള വിപ്ലവഗാനങ്ങളും ദേശീയ ഗാനങ്ങളുമായിരുന്നു. അവ ഞാനെഴുതിയത് ജാഥകളിലും പൊതുയോഗങ്ങളിലും വേദികളിലും പ്രവർത്തകർക്ക് പാടാൻ വേണ്ടിയായിരുന്നു. അന്നു മലയാളം സിനിമ ആരംഭദശയിൽനിന്ന് വളർന്നിട്ടില്ലെന്നു പറയാം. ‘ബാല’നും ‘ജ്ഞാനാംബിക’യും ‘പ്രഹ്ലാദ’നും പുറത്തുവന്ന് ഏതാനും വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളത്തിലന്ന് കൂടുതൽ ചലച്ചിത്രങ്ങൾ ഉണ്ടായില്ല എന്നത് ആലോചനാർഹമായ ഒരു വിപര്യയമാണ്.
അന്നത്തെ മലയാളനാടകവേദി മിക്കവാറും തമിഴ് നാടകങ്ങളുടെ ചുവടുപിടിച്ച് കീർത്തനങ്ങളും ‘ചവിട്ട്‌ഹാർമ്മോണിയ’വും സപ്‌തസ്വരക്കസർത്തുമായി പരിലസിക്കുന്ന കാലമായിരുന്നു. അതും ജീവിതസ്പർശികളല്ലാത്ത നാടകങ്ങൾ. കഥകളിപ്പാട്ടുകളും മറ്റും ബഹുജനസംഗീതത്തിന്റെ അംശങ്ങളായി മാറിയിരുന്നില്ല. നാടൻ പാട്ടുകൾ മിക്കവാറും അധഃസ്ഥിതരായിരുന്ന ഒരു വിഭാഗത്തിന്റെ മാത്രം സാംസ്‌കാരസമ്പത്തായി വയലേലകളിലും തെങ്ങിൻ പറമ്പുകളിലും തങ്ങിനിന്നു. റേഡിയോപോലും ഒരു ന്യൂനപക്ഷത്തിന്റെ ഇടയിൽ മാത്രമേ പ്രചാരത്തിലുണ്ടായിരുന്നുളളൂ. ചുരുക്കിപ്പറഞ്ഞാൽ മലയാളിക്കു പാടുവാൻ ലളിതഗാനങ്ങളോ ദേശീയ പ്രവർത്തകർക്കും വിപ്ലവപ്രവർത്തകർക്കും വീര്യമുൾക്കൊണ്ടുകൊണ്ട് ആലപിക്കുവാൻ സമരഗാനങ്ങളോ ഉണ്ടായിരുന്നില്ല. ആ പശ്ചാത്തലത്തിൽ, കാലഘട്ടത്തിന്റെ ചരിത്രപരമായ ഒരാവശ്യം, എന്നെക്കൊണ്ട് പാട്ടുകൾ എഴുതിച്ചതാണ് എന്നു പറയാം.
അതിനുമുമ്പ് ആ സരണിയിൽ എനിക്ക് മാർഗ്ഗദീപങ്ങളായി, വിദൂരതകളിൽ അങ്ങിങ്ങ് തിളങ്ങി നിന്നിരുന്ന ചില ഗാനരചയിതാക്കൾ ഉണ്ടായിരുന്നു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവുമായി വിരലിലെണ്ണാവുന്ന ഏതാനും പേർഃ ബഹുമാന്യരായ ശ്രീ അംശി നാരായണപിളള (‘വരിക… വരിക- സഹജരേ-’ എന്ന പ്രസിദ്ധമായ സഹനസമരഗാനത്തിന്റെ കർത്താവ്), ശ്രീ ബോധേശ്വരൻ (‘ജയ…ജയ…കോമള കേരള ധരണി….’ തുടങ്ങിയ പ്രശസ്‌തഗാനങ്ങളുടെ രചയിതാവ്) കൊടുങ്ങല്ലൂരിലെ എന്റെ സുഹൃത്തായിരുന്ന ശ്രീ ജോൺവൈദ്യർ- (ഇനി… താമസിക്കാതാഗമിയ്‌ക്ക പോർക്കളം തന്നിൽ…“ തുടങ്ങിയ ഏതാനും ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.) കൂടാതെ വടക്കെ മലബാറിലും മറ്റും നടന്ന കർഷക സമരങ്ങളിൽ മുഴങ്ങിക്കേട്ട, വഞ്ചിപ്പാട്ടുരീതിയിലും മറ്റുമുളള സമരഗാനങ്ങളുടെ കർത്താക്കളായ, അജ്ഞാതനാമാക്കളായ ചില കവികൾ-ഇവരെല്ലാം അന്നത്തെ ഗാനരചനാരംഗത്ത് എനിക്ക് പ്രചോദനവും ആവേശവും തന്നിരുന്നു.
സംഗീതതോടും ഗാനങ്ങളോടും എനിക്ക് ബാല്യകാലം തൊട്ടേ പ്രേമമായിരുന്നു. വീട്ടിൽ സഹോദരിമാരും മറ്റും അഭ്യസിച്ചു വന്നിരുന്ന ക്ലാസിക്കൽ സംഗീതത്തിന്റേതായ അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്. കവിയും സാഹിത്യകാരനുമായിരുന്ന എന്റെ വന്ദ്യപിതാവ് ശ്രീ നന്ത്യേലത്ത് പത്മനാഭമേനോൻ ‘ദേശീയഗാനമാല’, ‘നളിനി’ (സംഗീതനാടകം) തുടങ്ങിയ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എന്റെ ചെറുപ്പത്തിൽ തന്നെ അന്തരിച്ച എന്റെ അച്‌ഛൻ സംഗീതജ്ഞനായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
ശാസ്‌ത്രീയമായി അഭ്യസനം ഒന്നും നടത്താതെതന്നെ രാഗങ്ങളിലും കീർത്തനങ്ങളിലും താളങ്ങളിലും ആട്ടങ്ങളിലും നൃത്തങ്ങളിലുമെല്ലാം ചെറുപ്പകാലത്തുതന്നെ എനിക്ക് കമ്പം ജനിച്ചു. ‘ചെണ്ടപ്പുറത്ത് കോലുവീഴുന്ന’ എല്ലായിടങ്ങളിലും ഞാൻ ഓടിനടന്നു. അത്യാവശ്യം പാടാനും കൊട്ടാനുമൊക്കെ (‘ഗുരുക്കന്മാരില്ലാതെ തന്നെ) ഞാൻ സ്വയം പഠിച്ചു.
ഈ കാരണങ്ങളാലൊക്കെയാണ്- ഈ പശ്ചാത്തലത്തിലാണ്-നാല്‌പതുകളുടെ ആരംഭത്തിൽ ഞാൻ ദേശഭക്തി ഗാനങ്ങളുടേയും വിപ്ലവഗാനങ്ങളുടേയും സൃഷ്‌ടിയിലേക്കു കടന്നത്, പിന്നെ അന്ന് കാര്യമായ കവിതയെഴുത്തും മറ്റു സാഹിത്യപ്രവർത്തനങ്ങളും വേറെയുമുണ്ടായിരുന്നു.
അക്കാലത്തു പ്രചാരം നേടിയ ഹിന്ദി സിനിമാ ട്യൂണുകളെയൊന്നും ഞാൻ വെറുതെ വിട്ടില്ല. അന്നൊക്കെ ഞാൻ എഴുതിയ ഹിന്ദി ട്യൂണുകളിലുളള പല വിപ്ലവഗാനങ്ങളും സമരഗാനങ്ങളും പ്രസിദ്ധങ്ങളായി. അവ അച്ചടിച്ചു വന്ന ചെറുഗ്രന്ഥങ്ങൾ പലതും നിരോധിക്കപ്പെട്ടു. ’കരവാൾ‘ ’ഓടക്കുഴലും ലാത്തിയും‘ ’രണഭേരി‘ തുടങ്ങിയ സമാഹാരങ്ങൾ ഈ പട്ടികയിൽപ്പെടും. ’പദം പദമുറച്ചു നാം‘ എന്ന ഐക്യകേരളഗാനം തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ടു. അതു പ്രസിദ്ധീകരിച്ച ’മലയാളി‘ ’മലയാളരാജ്യം‘ എന്നീ പത്രങ്ങളുടെ ലക്കങ്ങൾ സർക്കാർ കണ്ടുകെട്ടി. ആയിടയ്‌ക്ക് തിരുവിതാംകൂറിൽ വെച്ച് ഞാൻ അറസ്‌റ്റു ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്‌തു.
ഇതെല്ലാം പഴയ ചരിത്രം. ഇങ്ങിനെയെല്ലാമാണ് ഞാൻ മലയാള സിനിമയിലെ ഗാനരചനാരംഗത്ത് എത്തിച്ചേർന്നതെന്ന് സൂചിപ്പിക്കാനാണ് ഈ പഴയ കഥകൾ ഇപ്പോൾ അയവിറക്കിയത്.
തൃശൂർ കറന്റ് ബുക്‌സ് പുറത്തിറക്കിയ നാഴിയുരിപ്പാല് എന്ന പുസ്‌തകത്തിന്റെ ആമുഖക്കുറിപ്പിൽനിന്ന്…
നാഴിയുരിപ്പാല് – തെരഞ്ഞെടുത്ത ഗാനങ്ങൾ
പി. ഭാസ്‌കരൻ, വില – 195.00, കറന്റ് ബുക്്സ്, തൃശൂർ
Generated from archived content: book2_mar16.html Author: p_bhaskaran