ഓർമകൾ കുറിക്കുമ്പോൾ…

റിമംബറൻസ്‌ തിംഗ്‌സ്‌ പാസ്‌റ്റ്‌ എന്നത്‌ വിശ്വസാഹിത്യത്തിലെ പ്രഖ്യാതമായ ഒരു നോവലാണ്‌. ബോധധാരയുടെ സവിശേഷമായ ആഖ്യാനസൗന്ദര്യം അനുഭവിപ്പിക്കുന്ന ഒരു കൃതി. ലോകസാഹിത്യത്തെ രൂപപ്പെടുത്തിയ എക്കാലത്തെയും മികച്ച സൃഷ്ടികളുടെ ഗണത്തിലാണ്‌ മാഴ്‌സെൽ പ്രൂസ്‌ത്തിന്റെ ഈ രചന സ്ഥാനം പിടിക്കുന്നത്‌. സാഹിത്യം വിശാലമായ അർഥത്തിൽ ഓർമകളുടെ വീണ്ടെടുപ്പാണ്‌. ഓർമകൾ, അത്‌ ദേശത്തെക്കുറിച്ചാവാം അല്ലെങ്കിൽ ഒരു ദേശം ജീവിച്ച ജീവിതത്തെക്കുറിച്ചാവാം അതുമല്ലെങ്കിൽ ദേശം കടന്നുപോകാവുന്ന വരും നാളുകളെക്കുറിച്ചാവാം. യുദ്ധവും സമാധാനവും എന്ന ടോൾസ്‌റ്റോയ്‌ കൃതി കാലാതീതമായ മനുഷ്യാനുഭവത്തെക്കുറിച്ച്‌ പറയുന്നതും ദേശാനുഭവത്തോട്‌ ചേർന്ന്‌ നിന്നുകൊണ്ടാണ്‌. അതുകൊണ്ട്‌ തന്നെ ഒരെഴുത്തുകാരൻ അഥവാ ഒരു കലാകാരൻ താന്റെ ജീവിച്ച ജീവിതത്തിലേക്ക്‌ നടത്തുന്ന ഏതന്വേഷണവും സാഹിത്യത്തിൽ പ്രധാനപ്പെട്ട ഒന്നാണ്‌. ജീവിതത്തെ അതിനെ രൂപപ്പെടുത്തുന്ന കാലത്തെ വ്യത്യസ്തമായി വീക്ഷിക്കുന്നവയാണ്‌ എഴുത്തുകാരന്റെ കണ്ണുകൾ. ലോകത്തെ വേറിട്ട്‌ കാണുന്ന ഒരാൾക്ക്‌ മാത്രമേ എഴുത്ത്‌ സാധ്യമാവൂ. ചുറ്റും കാണുന്നവയെ കാലഗണനാക്രമത്തിൽ കേവലമായി രേഖപ്പെടുത്തുന്ന ഒന്നിനെയും എഴുത്തിന്റെ സൗന്ദര്യലോകത്ത്‌ പ്രവേശിപ്പിച്ചുകൂടാ. അതിന്റെ സ്ഥാനം പ്രസക്തമല്ലെന്നല്ല. അത്‌ പക്ഷേ സാഹിത്യത്തിലല്ല മറിച്ച്‌ ചരിത്രത്തിലാണ്‌. പക്ഷേ ജനതയുടെ രൂപപ്പെടലുകൾക്ക്‌ ഈ ഓർമ്മകൾ ഒരുവിധ സംഭാവനയും അർപ്പിക്കുന്നില്ലെങ്കിൽ അത്തരം വീണ്ടെടുക്കലുകൾക്ക്‌ ചരിത്രത്തിലും വലിയ പ്രസക്‌തികൾ ഉണ്ടാവില്ല. ആത്മകഥകളുടെ കാര്യത്തിലും ഈ പ്രസ്‌താവത്തിന്‌ വമ്പിച്ച പ്രസക്തിയുണ്ട്‌. പിന്നിട്ട വഴികളിലേക്കുള്ള സഞ്ചാരമാണ്‌ ആത്മകഥകൾ. ഓരോ ജീവിതവും അതിന്റെ സൂക്ഷമതയിൽ വ്യത്യസ്തവും സവിശേഷവുമാണ്‌. സ്വന്തം ജീവിതം അത്തരത്തിൽ ഒന്നല്ല എന്ന്‌ ആരും കരുതുന്നുമില്ല. പക്ഷേ ആ ജീവിതം ലോകത്തോട്‌ എന്താണ്‌ സംവദിക്കുന്നത്‌ എന്നത്‌ മാത്രമാണ്‌ വായനയിലെ താൽപര്യം.

ഈ താൽപര്യത്തിൽ നിന്നാണ്‌ ചാർളി ചാപ്ലിന്റെ ജീവിതം എഴുത്തിലെ ഇതിഹാസമായത്‌. അതുകൊണ്ടാണ്‌ ഗാന്ധിജിക്ക്‌ തന്റെ ജീവിതം സത്യവുമൊത്തുള്ള പരീക്ഷണങ്ങളായത്‌. വമ്പിച്ച ഒരു സമരകാലത്തെ വായിച്ചെടുത്തപ്പോഴാണ്‌ എ.കെ.ഗോപാലൻ എന്ന എ.കെ.ജി.യുടെ ജീവിതകഥയ്‌ക്ക്‌ വായനയിൽ പ്രസക്തിയുണ്ടായത്‌. ഞാൻ എന്ന പ്രമേയം പൂർണമായി കയ്യൊഴിഞ്ഞ്‌ താൻ ജീവിച്ച കാലത്തെ ഏറ്റവും സത്യസന്ധമായി രേഖപ്പെടുത്തിയപ്പോഴാണ്‌ ചെറുകാടിന്റെ ജീവിതപ്പാത ആത്മകഥയിലെ ക്ലാസിക്‌ ആയത്‌. ആശ്ചര്യചിഹ്‌നങ്ങളില്ലാത്ത ആത്മകഥയായത്‌. ജീവിച്ച ജീവിതം മുഴുവനായി എഴുതിത്തീർന്നത്‌ കൊണ്ടും പറയാൻ കഥകൾ ഒട്ടേറെ ബാക്കിയുള്ളതുകൊണ്ടുമാണ്‌ വൈക്കം മുഹമ്മദ്‌ ബഷീർ ആത്മകഥ എഴുതാതിരുന്നത്‌.

കേരളത്തിലെ വിവിധ പ്രസാധകർ, ഡി.സി. മുതൽ എച്ച്‌ ആന്റ്‌ സി വരെ പുറത്തിറക്കിയ ചില പുസ്‌തകങ്ങളിലൂടെ കടന്ന്‌ പോയപ്പോഴാണ്‌ ആമുഖമായി ഇത്രയും പറയാൻ തോന്നിയത്‌. ഒ.എൻ.വി. മുതൽ പ്രിയ എ.എസ്‌.വരെയുള്ള എഴുത്തുകാരുടെയും നെടുമുടി വേണു മുതൽ സത്യൻ അന്തിക്കാടുവരെയുള്ള സിനിമാ പ്രവർത്തകരുടെയും രചനകളാണിവ. അനുഭവക്കുറിപ്പുകളാണ്‌ എല്ലാം. ജീവിതക്കുറിപ്പുകൾ. വ്യക്തി ചിത്രങ്ങളാണ്‌ ഒ.എൻ.വി.യുടെ പുസ്‌തകത്തിൽ. ദിനപത്രത്തിലെഴുതിയ ആഴ്‌ചക്കുറിപ്പുകളാണ്‌ നെടുമുടിയുടെ രണ്ടു പുസ്‌തകങ്ങളിലും.

മുഴുവൻ പുസ്‌തകങ്ങളും വായിച്ച്‌ തീർന്നാലും നമ്മുടെ സാഹിത്യത്തിൽ ഈ ഓർമ്മകൾക്ക്‌ എന്തെല്ലാമാണ്‌ പ്രസക്തി എന്ന മൗലീകമായ ഒരു ചോദ്യം ബാക്കിയാവും. കവിതയിൽ മഹാരൂപമാണ്‌ ഒ.എൻ.വി. മലയാളിക്ക്‌ പ്രിയമാണ്‌ ആ വാക്കും വരികളും. പക്ഷേ തട്ടിത്തടയുന്ന ഗദ്യത്തിൽ ആ മഹാനായ എഴുത്തുകാരൻ വരഞ്ഞുവെക്കുന്ന വ്യക്തിചിത്രങ്ങൾ ഒരു വായനാനുഭവവും ജീവിതാനുഭവവും സമ്മാനിക്കുന്നില്ല. ദേവരാജനെക്കുറിച്ചുള്ള ‘ഞാനാ ദേവരാജൻ’ എന്ന ഭാഗം ഇതിന്‌ അപവാദമാണെങ്കിലും. പക്ഷേ സവിശേഷവും അനുഭവതീക്ഷ്‌ണവുമായ ഇന്നലെകളിൽ ജീവിച്ചതാണ്‌ ഒ.എൻ.വി.യുടെ ജീവിതം. കവിയായും ഗാനരചയിതാവായും അദ്ദേഹം നടന്ന വഴികൾ നമ്മുടെ കവിതയുടേയും സാഹിത്യത്തിന്റെയും പാട്ടിന്റെയും ചരിത്രം തന്നെയാണ്‌. അതുകൊണ്ട്‌ തന്നെ സായംകാലത്തിൽ അദ്ദേഹം പങ്കിടുന്ന ഓർമകൾ അവ അത്രയൊന്നും പ്രധാനപ്പെട്ടതോ തീക്ഷ്‌ണമോ അല്ലെങ്കിൽ പോലും നമുക്ക്‌ ക്ഷമിക്കാം. സഹിക്കാം. അതല്ലല്ലോ പ്രിയ എ.എസിനെയും കെ.രേഖയുടെയും ഒക്കെ സ്ഥിതി. കെ.രേഖയുടെ പ്രസ്‌ അക്കാദമി പഠനകാലം തുന്നിക്കെട്ടി പുസ്‌തകമാക്കിയിട്ട്‌ മലയാളിക്ക്‌ എന്ത്‌ പ്രയോജനം. ആശുപത്രിക്കുട്ടി എന്ന ഇമേജ്‌ സ്വയം സൃഷ്ടിച്ച്‌ അതിനുള്ളിൽ ജീവിക്കുന്ന എഴുത്തുകാരിയാണ്‌ പ്രിയ.എ.എസ്‌. ഒന്നോ രണ്ടോ ശരാശരിക്കഥകൾക്കപ്പുറം ഒന്നും അവരിൽ നിന്ന്‌ മലയാളിക്ക്‌ ലഭിച്ചിട്ടില്ല. ഒട്ടും വ്യത്യസ്തമല്ല അവരുടെ അനുഭവക്കുറിപ്പുകളും സ്വകാര്യ സുഹൃത്തുക്കളോട്‌ പോലും പറയാൻ യോഗ്യതയില്ലാത്ത അനുഭവങ്ങളെ അരോചകവും പൈങ്കിളിയിലേക്ക്‌ തെന്നിനീങ്ങുന്നതുമായ ഭാഷയിൽ കുത്തിക്കുറിക്കുകയാണ്‌ ഈ ആശുപത്രിക്കുട്ടി. പത്രത്തിലെ ആഴ്‌ചക്കുറിപ്പുകൾക്ക്‌ ഒരു ദിവസമാണ്‌ ആയുസ്‌. അത്‌ കഴിഞ്ഞാൽ അത്‌ വളിക്കും. നെടുമുടി കുത്തികെട്ടിയിറക്കിയ അനുഭവക്കുറിപ്പുകൾ വായിച്ച്‌ നോക്കിയാൽ ഇത്‌ ബോധ്യമാകും. പലവിധ തിരക്കുള്ള ഇവർ കോളമെഴുതുന്നതിൽ തെറ്റില്ല. അത്‌ പുസ്‌തകമാക്കുന്നത്‌ കടന്ന കൈയാണ്‌ വായിക്കാൻ മെനക്കെടുന്ന നമ്മൾ വിഢികളും.

ചന്ദ്രമതിയുടെ ഞണ്ടുകളുടെ നാട്ടിൽ, സത്യൻ അന്തിക്കാടിന്റെ ഓർമകളുടെ കുടമാറ്റം, എൻ.ശശിധരന്റെ മെതിയടി എന്നിങ്ങനെ വിരലിൽ എണ്ണാവുന്ന പുസ്‌തകങ്ങളേ ഇക്കൂട്ടത്തിൽ മനസിൽ അവശേഷിക്കാൻ തക്ക യോഗ്യതയുള്ളതായി ഉളളൂ. കാൻസറിന്റെ ഉഗ്ര പീഡകളോട്‌ നടത്തിയ യുദ്ധവും വേദനകളും സൂക്ഷ്‌മമായി പറഞ്ഞുവെക്കുന്ന ചന്ദ്രമതിയുടെ പുസ്‌തകം വായനയിൽ നിങ്ങളെ അസ്വസ്ഥമാക്കും. സത്യൻ ചിത്രങ്ങളുടെ ഗ്രാമവിശുദ്ധി സത്യന്റെ ഭാഷക്കുമുണ്ട്‌ എന്ന്‌ വെളിവാക്കുന്നതാണ്‌ ഓർമകളുടെ കുടമാറ്റം. ചിരിയുണർത്തുന്ന ചില മുഹൂർത്തങ്ങൾ അവിടവിടെ വരഞ്ഞിടാൻ സത്യന്‌ കഴിഞ്ഞിട്ടുണ്ട്‌. ചിലപ്പോഴൊക്കെ വല്ലാതെ ബോറടിപ്പിക്കുന്നുണ്ട്‌. കാസർകോടൻ ദേശാനുഭവത്തെ നാടകീയമായി പറഞ്ഞുവെക്കുന്നതാണ്‌ ശശിധരന്റെ മെതിയടി. അതൊരു കാലത്തേക്കൂടി അടയാളപ്പെടുത്തുന്നുണ്ട്‌. ഒരു ലേഖനം എഴുതുന്നതിനോ കുറിപ്പെഴുതുന്നതിനോ ഒരുപക്ഷേ ചെറിയ അറിവുകളോ അനുഭവങ്ങളോ മതിയാവും. പക്ഷേ പുസ്‌തകത്തെക്കുറിച്ചുള്ള ഒരു സങ്കൽപം അത്‌ കാത്തുവെക്കാനും കൈമാറാനുമുള്ളതാണ്‌ എന്നതാണ്‌. അതിന്‌ തക്ക ഉൾക്കനമില്ലാത്ത പടപ്പുകൾ ഒഴിവാക്കാനുള്ള മര്യാദ പ്രസാധകരെങ്കിലും കാണിക്കണം. വായനക്കാരെ കൈയ്യേറ്റം ചെയ്യാതിരിക്കാനുള്ള മാന്യത എഴുത്തുകാരും (?) പുലർത്തിയാൽ വായനാലോകത്ത്‌ ഒരു മാലിന്യ നിർമാർജ്ജനം സാധ്യമാക്കാം.

അഭിമുഖങ്ങൾ…മുഖങ്ങൾ…

ഞാനൊരു മഹാ സംഭവം തന്നെ എന്നത്‌ ഒരു ദിലീപ്‌ ചിത്രത്തിലെ ഹിറ്റായ ഡയലോഗാണ്‌. ന്യൂസ്‌ സ്‌റ്റാന്റുകളിൽ നിത്യേനയെത്തുന്ന ആഴ്‌ചപ്പതിപ്പുകളും മാസികകളും കാണുമ്പോൾ നമ്മുടെ എഴുത്തുകാർക്ക്‌ ഇത്തരമൊരു രോഗം ബാധിച്ചോ എന്ന്‌ സംശയം തോന്നാം. കഴിഞ്ഞ ഒരു മാസത്തിനിടെ പുറത്തിറങ്ങിയ മാതൃഭൂമി, മാധ്യമം തുടങ്ങി മിക്ക വാരികകളിലും അവരുടെ വിശേഷാൽ പതിപ്പുകളിലും നിറഞ്ഞു നിന്നത്‌ അഭിമുഖങ്ങളായിരുന്നു. നല്ലത്‌ തന്നെ. എഴുത്തുകാർക്കും കലാകാരൻമാർക്കും ഈ ലോകത്തോട്‌ പലതും പറയാനുണ്ടാവും. അവരുടെ എഴുത്ത്‌ ലോകം, ജീവിതബോധം, ജീവിതസ്‌മരണകൾ എല്ലാം പറയേണ്ടത്‌ തന്നെ. അത്തരം തുറന്നു പറച്ചിലുകൾ ലോകസാഹിത്യത്തിലും രാഷ്‌ട്രീയത്തിലും എല്ലാ കാലത്തും വമ്പിച്ച കൊടുങ്കാറ്റുകൾ ഇളക്കിവിട്ടിട്ടുണ്ട്‌. ഒരുവർഷം മുമ്പ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ ഇത്തരത്തിൽ ലോകോത്തരങ്ങളായ അഭിമുഖങ്ങൾ കണ്ടെടുത്ത്‌ പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു. അഭിമുഖം ചെയ്യപ്പെടുന്നയാളും ചെയ്യുന്നയാളും തമ്മിലെ സർഗാത്മക സംവാദങ്ങളായിരുന്നു അവയോരോന്നും. രണ്ടു പ്രതിഭകളുടെ സമാഗമം. അതുകൊണ്ട്‌ തന്നെ നമ്മുടെ എഴുത്തുകാർ അഭിമുഖം ചെയ്യപ്പെടുന്നതിൽ ഒരു തെറ്റുമില്ല. അതൊക്കെ കവർസ്‌റ്റോറിയായി പ്രസിദ്ധീകരിക്കുകയും ചെയ്യാം. പക്ഷേ അതിൽ പുതുതും സത്യവും വേണം എന്ന്‌ മാത്രം. നിർഭാഗ്യകരം എന്ന്‌ പറയട്ടേ ഇത്തരത്തിൽ അടുത്തിടെ പുറത്തുവന്ന ഒറ്റ സെലിബ്രിറ്റി അഭിമുഖവും ഒരിളംകാറ്റ്‌ പോലും സൃഷ്ടിക്കാതെ വിസ്‌മൃതിയിലാവുകയായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുന്ദരമുഖത്തോടെ പുറത്തിറങ്ങിയ മാതൃഭൂമി വാരിക ഉദാഹരണം. താഹ മാടായി എന്ന പ്രസിദ്ധ അഭിമുഖകാരനോട്‌ ബാലചന്ദ്രൻ പലതും പറയുന്നു. ഉത്സാഹത്തോടെ വായന തുടങ്ങുമ്പോഴേ നമ്മുടെ മുഖം ചുളിയും. ഇതൊക്കെ ഇപ്പോൾ എന്തിനു പ്രസിദ്ധീകരിക്കണം എന്ന ചോദ്യവും ഉയരും. കാരണം അതിലെവിടെയും പുതുതായി ബാലചന്ദ്രൻ ഒന്നും പറഞ്ഞിട്ടില്ല. താഹയൊട്ട്‌ ചോദിച്ചതുമില്ല. കവിത വറ്റിയ കഴിഞ്ഞ പത്തുവർഷങ്ങളിൽ പലയിടത്തായി ബാലചന്ദ്രൻ ചുള്ളിക്കാട്‌ ആവർത്തിക്കുന്ന കാര്യങ്ങളിൽ അപ്രസക്തമായവ വെറുതേ പുനരവതരിപ്പിക്കുകയാണ്‌ താഹ. ഈ അഭിമുഖം നടത്താൻ കണ്ണൂർക്കാരനായ താഹയ്‌ക്ക്‌ ചുമ്മാ മാടായിയിൽ ഇരുന്നാൽ മതി. അത്തരം ചോദ്യങ്ങൾക്ക്‌ ചുള്ളിക്കാട്‌ അതേ പറയൂ എന്ന്‌ എല്ലാവർക്കുമറിയാം. ഒരുപക്ഷേ താഹ മാടായിക്കൊഴികെ. ഒരു തമാശയുണ്ടായി… അഭിമുഖം വന്ന്‌ മൂന്നാം ദിവസം ബാലചന്ദ്രൻ ചുള്ളിക്കാട്‌ അഭിമുഖകാരെക്കുറിച്ച്‌ കവിതയെഴുതി. അത്‌ വന്നത്‌ പക്ഷേ സമകാലിക മലയാളത്തിൽ. അഭിമുഖത്തിനെത്തിയ കുട്ടിക്ക്‌ മുന്നിൽ തന്നെ വെട്ടിക്കീറികൊടുത്തിട്ടും തൃപ്തിയാകാത്ത അഭിമുഖക്കാരോടുള്ള പ്രതിഷേധവും ഏറ്റുപറച്ചിലുമാണ്‌ ആ കവിത. പഴയ ചുള്ളിക്കാടിൽ ചുള്ളി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന്‌ ആവർത്തിച്ചുറപ്പിക്കുന്നു ആ വരികൾ.

അഭിമുഖക്കാർക്ക്‌ ഏറെ പ്രിയങ്കരനാണ്‌ അയ്യപ്പൻ. എന്നും എന്തെങ്കിലും പുതുതായി അയ്യപ്പൻ പറയുമെന്ന പ്രതീക്ഷയാണ്‌ ഓരോ ഫീച്ചറെഴുത്തുകാർക്കും. ഒളിഞ്ഞ്‌നോട്ടം (വോയേറിസം) ഒരു രോഗമായി മാറിക്കഴിഞ്ഞ സമൂഹമാണ്‌ മലയാളിയുടേത്‌. സംഭവബഹുലവും അരാജകവുമായ അയ്യപ്പന്റെ ലഹരി ജീവിതത്തിൽ അതിനെ തൃപ്തിപ്പെടുത്താൻ എന്തെങ്കിലും കാണും എന്ന്‌ അവർക്കറിയാം. മാധ്യമം ദശവർഷികപതിപ്പിൽ വന്ന അഭിമുഖത്തിനും അതിൽകൂടുതൽ പ്രാധാന്യം ഒന്നുമില്ല. വ്യത്യസ്‌തത തോന്നിയ ഒന്ന്‌ പുതിയ ലക്കം മാധ്യമത്തിൽ പ്രസിദ്ധീകരിച്ച കടമ്മനിട്ടയുടെ അഭിമുഖമാണ്‌. വിജു.വി.നായർ എന്ന പ്രതിഭാശാലിയായിരുന്നു എതിർവശത്ത്‌. കുറേക്കാലമായി കടമ്മനിട്ട വെളിച്ചപ്പെട്ടിട്ട്‌. ഇടിയും വാളുമായ്‌ വന്ന്‌ നമ്മെ പിടിച്ച്‌ കുലുക്കിയ ആ കവി ജീവിതത്തിലേയ്‌ക്ക്‌ നന്നായി കടന്നുചെല്ലുന്നുണ്ട്‌ ആ കൂടിക്കാഴ്‌ച. അഭിമുഖത്തിനിരിക്കും മുമ്പ്‌ തനിക്ക്‌ എന്തെങ്കിലും പറയാനുണ്ടോ എന്ന്‌ എഴുത്തുകാർ ആത്മപരിശോധന നടത്തിയാൽ അഭിമുഖ ഉപദ്രവങ്ങൾ ഒഴിവാക്കാം. അവർക്കും വായനക്കാർക്കും. ഫീച്ചർ പയ്യന്മാർ വേറെ പണിയെടുക്കുകയും ചെയ്യും.

സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ കാലം കഴിഞ്ഞോ? സംശയം അസ്ഥാനത്തല്ലെന്ന്‌ തെളിയിക്കുന്നതാണ്‌ കേരളത്തിലെയെങ്കിലും അവസ്ഥ. മാതൃഭൂമി, മാധ്യമം, മലയാളം, കലാകൗമുദി തുടങ്ങിയ വാരികകൾക്ക്‌ കേവലം സ്‌പെയ്‌സ്‌ ഫില്ലർ മാത്രമാണ്‌ സാഹിത്യം. അച്യുതാനന്ദ ഗോവിന്ദ മട്ടിൽ അവ രാഷ്‌ട്രീയത്തിൽ തന്നെ കളിക്കുന്നു. ഭാഷാപോഷിണിയാകട്ടെ ഗതകാലപ്രതാപത്തിന്റെ നിഴൽപോലെ തുടരുന്നു. അതിവാദമായി തോന്നാം. പക്ഷേ വാസ്‌തവമാണ്‌. ഭാഷാപോഷിണിയുടെയും മാതൃഭൂമിയുടെയും പഴയതാളുകളിലൂടെ നടത്തിയ ഓട്ടസഞ്ചാരമാണ്‌ ഈ പ്രസ്‌താവനക്ക്‌ കാരണം. നമ്മുടെ എഴുത്തിന്റെയും വായനയുടെയും സജീവമായ ചരിത്രമാണ്‌ ആ താളുകൾ. സാഹിത്യ ചർച്ചകൾ, ഭാവുകത്വ സംവാദങ്ങൾ, സത്യസന്ധമായ നിരൂപണങ്ങൾ, ഇടയിൽ നക്ഷത്രത്തിളക്കത്തോടെ എഴുത്തുകൾ. വായനയുടെ എക്കാലത്തേയും വലിയ വാഗ്‌ദാനങ്ങളായിരുന്നു ഓരോ ലക്കങ്ങളും. മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ വരവും കാത്തിരിക്കുന്ന വള്ളുവനാടൻ ബാലനെ എം.ടി.യിൽ കാണാം. ഒരാഴ്‌ചയുടെ ആയുസുപോലുമില്ലാത്ത ദുർബലവും അരോചകവുമായ വിവാദങ്ങളും ഇന്റലക്‌ച്വൽ സെൻസേഷണലിസവും കൊണ്ട്‌ കാലം കഴിക്കുന്ന പുതിയ വാരികാ സംസ്‌കാരം നഷ്ടമാക്കുന്നത്‌ നിശ്ചയമായും സംസ്‌കാരത്തിന്റെ ശരിയായ രൂപപ്പെടലിനെയാണ്‌.

കമല പോവുന്നു

കമല സുരയ്യ എന്ന മാധവിക്കുട്ടി കേരളം വിടുന്നു. തന്നെ സംബന്ധിച്ച എന്തും വാർത്തയാക്കാൻ അപൂർവ സിദ്ധിയുള്ള ആയമ്മയ്‌ക്ക്‌ ഇതും മഹാ സംഭവമാക്കാൻ കഴിഞ്ഞു. ഒറ്റ നോട്ടത്തിൽ വാർദ്ധക്യത്തിൽ മക്കളുടെ അടുത്തേയ്‌ക്ക്‌ അമ്മ മടങ്ങിപ്പോകുന്നതിൽ കവിഞ്ഞ്‌ ഒന്നും കമലയുടെ മടങ്ങലിന്‌ ഇല്ല. പക്ഷേ അതിനെ കൊച്ചിയുടെ മാലിന്യ കേരളത്തിലെ സാംസ്‌കാരിക അന്തരീക്ഷത്തിൽ സംഭവിച്ച മൂല്യശോഷണം തുടങ്ങിയ പ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കാൻ അവർക്ക്‌ കഴിഞ്ഞു. വാർത്തകളുടെ സ്വന്തം മാധവിക്കുട്ടി കൂടിയാണ്‌ കമല. വാർത്തകളിൽ സദാ നിറഞ്ഞ്‌ നിൽക്കുക എന്നത്‌ ഒരു കലകൂടിയാണ്‌.

വായനയുടെ ഉൽസവംഃ-

വർഷത്തിലൊരിക്കൽ ഒരു പുസ്‌തകം സംഭവിച്ചാൽ തന്നെ മലയാള വായനക്കാർ തൃപ്തരാണ്‌. കാരണം വിവർത്തനമായും അല്ലാതേയും ലോകോത്തര എഴുത്തുകാർ ഇവിടെ ധാരാളമുണ്ട്‌. സന്തോഷ്‌ എച്ചിക്കാനത്തിന്റെ കൊമാലയും മോഹനകൃഷ്ണൻ കാലടിയുടെ മഴപ്പൊട്ടനും ഇത്തരത്തിൽ തൃപ്തി നൽകുന്നതാണ്‌. നിരൂപക കേസരികളും മാധ്യമങ്ങളും കുരച്ച്‌ കുരച്ച്‌ എഴുത്താളരാക്കിയതല്ല സന്തോഷിനേയും മോഹനകൃഷ്ണനേയും. എഴുത്തിലെ സമീപനങ്ങളിൽ തുടരുന്ന ധീരതയും സത്യസന്ധതയുമാണ്‌ എച്ചിക്കാനത്തിന്റെ കഥയും മോഹനകൃഷ്ണന്റെ കവിതയും അനുഭവമാക്കുന്നത്‌.

“കുന്നിടിച്ച്‌ നിരത്തുന്ന യന്ത്രമേ

മണ്ണ്‌ മാന്തിയെടുക്കുന്ന കൈകളിൽ

പന്ത്‌ പോലൊന്ന്‌ കിട്ടിയാൽ നിർത്തണേ

ഒന്ന്‌ കൂകി വിളിച്ചറിയിക്കണേ…

പണ്ട്‌ ഞങ്ങൾ കുഴിച്ചിട്ടതാണത്‌

പന്ത്‌ കായ്‌ക്കും മരമായ്‌ വളർത്തുവാൻ”

കവിത വിശദീകരണങ്ങൾ ആവശ്യമില്ലാത്ത കാഴ്‌ചയാണ്‌. മോഹനകൃഷ്ണൻ എഴുതുമ്പോൾ പ്രത്യേകിച്ചും.

Generated from archived content: sahithyajalakam_feb15_07.html Author: p_anirudran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here