ചിങ്ങമാസസമത്വപ്പുലരി വന്നെത്തുന്നില്ല
കർക്കടകത്തിന്റെ ദുർഘടരാത്രി തീരുന്നേയില്ല.
അധിനിവേശക്കാലടി വെച്ചീ ഭൂമിയളക്കുന്നോർ
മൂന്നാം ചുവടിൽ നമ്മുടെ നെറുക ചവിട്ടിയരയ്‌ക്കുമ്പോൾ.
തുമ്പവസന്തം തായ്‌വേരോടെ നശിച്ചുണങ്ങുന്നു
നന്മത്തനിമകൾ അഭയാർത്ഥികളായ് എങ്ങോ പോവുന്നു
പൂവിളി മൂളും ഇളംകണ്‌ഠങ്ങൾ കയറിൽ കുരുങ്ങുന്നു
ആവണിവിണ്ണ് നിലാവലയാൽ ശവവസ്‌ത്രം തുന്നുന്നു.
കുരുതിച്ചോരയൊഴുക്കാൻ കൂട്ടക്കുരവ മുഴങ്ങുന്നു
ഊഞ്ഞാലാടും സ്വപ്നങ്ങളുടെ ഹൃദയം മുറിയുന്നു
ഉണ്ണികൾ തീർക്കും പൂക്കൂടകളിൽ കണ്ണീർ പുരളുന്നു
പെണ്ണുങ്ങളുടെ കുമ്മിപ്പാട്ടിൽ ചങ്ങല വലിയുന്നു.
നമ്മുടെ ഉത്രാടങ്ങളെ ചന്തപ്പുരകളിലാക്കുന്നു
കളളപ്പൂക്കളമൊരുക്കി സഹജരെ ഭിന്നിപ്പിക്കുന്നു
ഓണത്തപ്പനെ വരവേൽക്കാൻ വിഷവിത്ത് വിളമ്പുന്നു
കാണം വിറ്റും ഓണം കൊളളാൻ തറവാടും തീറെഴുതുന്നു.
മനുഷ്യത്വത്തെ പാതാളത്തിൽ നാടുകടത്തീടാൻ
വാമനവേഷമണിഞ്ഞു വരുന്നൂ നവസാമ്രാജ്യത്വം.
മലയാളികളുടെ മനസ്സുകൾ പോലും കോളനിയാകുമ്പോൾ
വീണ്ടെടുക്കുക- പണ്ടുണ്ടായൊരു മാവേലിക്കാലം.
വാണിഭവാരിക്കുഴികളിൽ നിന്നും നിവർന്നെണീറ്റെത്തി
ചതിയുടെ മത്സരവേദി തകർക്കും ഇടിവാളാവുക നാം.
അടിമക്കേരള സംസ്‌കാരത്തെ പുതുക്കി സൃഷ്‌ടിക്കാൻ
സ്വാതന്ത്ര്യാമൃത ലഹരി നുരയ്‌ക്കും കവിതകൾ പാടുക നാം.
Generated from archived content: poem2_sept12_05.html Author: p-salimraj