പുകഞ്ഞു നീറുന്ന പാപത്തിൻ
വിറകടുപ്പ് ഞാനോമനേ…
തിരികളേഴും തെളിയുന്ന
നിലവിളക്കാകുന്നു നീ.
കനലുകൾ കായ്‌ച്ച കാടുകൾ
കാത്തിരിപ്പാണെന്നെയും
കുരുതി പൂത്ത വൃക്ഷങ്ങളിൽ
കൊടുങ്കാറ്റായി വീശുവാൻ.
വിദൂരനക്ഷത്ര ദേശങ്ങൾ
വിളിക്കുന്നുണ്ടെന്നെ ഗൂഢമായ്
അനന്തനീല വിഹായസ്സിൽ
അലഞ്ഞു പാടിപ്പറക്കുവാൻ.
ഇത്രനാളും സഹിച്ചു നാം
എത്ര ദുഃസ്വപ്‌നനിദ്രകൾ
ഓടിയെത്തുന്നു വേട്ടപ്പട്ടിയായ്
ഓർമ്മകൾ ഓരോ നിമിഷവും.
കത്തുമീ ഉച്ചയിൽ കലി-
കാലശാപങ്ങൾ പേറി നാം
എത്തി ദിക്കുകളറ്റതാം
ഏതേതോ മരുഭൂമിയിൽ.
നിനക്ക് തണൽ വിരിച്ചിട്ട
മരച്ചുവട് തന്നെ എന്റെയും.
അതിൽ ശയിക്കാം വരിക നീ
ആത്മാവിന്റെ വിരിപ്പുമായ്!
ആടിമാസക്കരിംമേഘം
ആഞ്ഞിരമ്പുന്ന നേരവും
നീ നനയും മഴപ്പെയ്‌ത്തിൽ
കൂടെ നിന്ന് കുതിർന്നിടാം!!
നിറഞ്ഞ നേത്രങ്ങളിലെ പിൻ-
നിലാവിനെ തെളിയിക്കുക
പ്രണയപരവശനിശയിതിൽ
പ്രകാശക്കടൽ തുളുമ്പുവാൻ.
പൂവിരലിന്റെ തുമ്പിനാലെന്നിൽ
പുലരികൾ കൊളുത്തുക
കടഞ്ഞെടുത്ത വാക്കുകളുടെ
കവിതക്കതിർ കിളിർക്കുവാൻ.
Generated from archived content: poem1_mar4.html Author: p-salimraj