സ്വന്തം വാക്കുകളോട് നീതിപുലര്‍ത്താന്‍ കഴിയാത്തവര്‍

മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടു മലയാളികള്‍ പുറങ്കടലില്‍ വച്ച് വെടിയേറ്റു മരിച്ചത് കേരളത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു. ഇന്ത്യന്‍ നേവിയും കോസ്റ്റ്ഗാര്‍ഡും സമയോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ വൈകാതെ തന്നെ കേസിന് ആസ്പദമായ കപ്പലിനേയും കൊലയാളികളെന്ന് കരുതപ്പെടുന്ന ഇറ്റാലിയന്‍ നാവികരേയും കസ്റ്റഡിയിലെടുക്കാന്‍ കേരളാ പോലീസിനു സാധിച്ചു. കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷയും ഇറ്റലിയുമായുള്ള ബന്ധവും , ക‍ത്തോലിക്കാ സഭയുടെ ആസ്ഥാനവുമായി ഇറ്റലിക്കുള്ള ബന്ധവുമൊക്കെ ഓര്‍മ്മയിലെത്തിയ ചില രാഷ്ട്രീയ നേതാക്കള്‍ കുറ്റവാളികളെ കേരളാസര്‍ക്കാര്‍ വിട്ടയക്കുമെന്നും കേസ് ദുര്‍ലബപ്പെടുത്തുമെന്നൊക്കെയുള്ള പ്രചാരണം അഴിച്ചു വിട്ടിരുന്നു. എന്നാല്‍ കുറ്റവാളികള്‍ ആരായാലും അവരെ കുറ്റവാളികളായി തന്നെ പരിഗണിക്കുമെന്നായിരുന്നു മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉറച്ച പ്രഖ്യാപനം. അതനുസരിച്ചു തന്നെ കാര്യങ്ങള്‍ മുമ്പോട്ടു പോവുകയും ചെയ്തു. ചെയ്തു. ഇതിനിടെ പുതിയതായി അഭിഷിക്തനായ കര്‍ദ്ദിനാളിന്റെ പുറത്തു വന്ന വാര്‍ത്ത ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ‘’ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ധൃതഗതിയില്‍ നടപടി എടുക്കരുതെന്ന് താന്‍ മലയാളിയായ കേന്ദ്രമന്ത്രിയോടും കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ‘’ എന്നതായിരുന്നു അത്. വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ ഈ വാര്‍ത്തക്കെതിരെ ഒരു രൂ‍പതാ മെത്രാന്‍ പോലും രംഗത്തു വന്നു. അതോടെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവനയിറക്കി. ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ഇടയായതില്‍, വത്തിക്കാനിലെ വാര്‍ത്താ ഏജന്‍സി ‘ ഫിദേസ്’ ക്ഷമ ചോദിച്ച വാര്‍ത്ത പിന്‍വലിച്ചതായും അദ്ദേഹം അറിയിച്ചു. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഇങ്ങനെ പക്ഷപാതപരമായൊരു വിവാദ പ്രസ്താവന നടത്തുമെന്ന് ആരും കരുതുന്നില്ല എന്നാല്‍ അദ്ദേഹം തന്നോട് ഇങ്ങനെയൊരു കാര്യം നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഒപ്പമുണ്ടായിരുന്ന കേന്ദ്രമന്ത്രി പ്രസ്താവന പുറപ്പെടുവിച്ചു കണ്ടില്ല. ഒരു കത്തോലിക്കാ വാര്‍ത്താ ഏജന്‍സി ഇപ്രകാരമൊരു വ്യാജവാര്‍ത്ത കെട്ടിച്ചമക്കുമോ എന്നതും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. കര്‍ദ്ദിനാള്‍ വാര്‍ത്ത നിഷേധിച്ചതോടെ , അദ്ദേഹത്തിനെതിരെ നിലപാടു സ്വീകരിച്ച മെത്രാനും താന്‍ പറഞ്ഞ കാര്യങ്ങള്‍‍ അപ്പാടെ നിഷേധിച്ചു എന്നതാണ് രസകരമായ വസ്തുത.

ഒരു കാര്യം പറയുക , അത് വിവാദമായി മാറുമ്പോള്‍ താനങ്ങനെ പറഞ്ഞിട്ടില്ല എന്നു കള്ളം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്നു ചൂണ്ടിക്കാട്ടി, അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുക. ഇതൊക്കെ ഇന്ന് പതിവായി മാറിയിരിക്കുന്നു. ആദരണീയനായ കോടതിയേപ്പോലും നികൃഷ്ടമായ പദപ്രയോഗത്തിലൂടെ അപമാനിച്ച രാഷ്ട്രീയ നേതാക്കളെക്കുറിച്ച് നമുക്കറിയാം. ഒടുവില്‍ കോടതിക്ക് ചാര്‍ത്തി നല്‍കിയ ‘ശുംഭന്‍’ പ്രയോഗത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തി, സ്വയം ന്യായീകരിക്കാന്‍ നടത്തിയ വിഫലശ്രമങ്ങളും നാം കണ്ടതാണ്. രാഷ്ട്രീയക്കാരിലാണ് ഈ രീതി കണ്ടു തുടങ്ങിയതെങ്കിലും ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരിലും സന്ന്യാസവര്യരിലും മതനേതാക്കളിലും വരെ ഈ പ്രവണത ഇന്ന് പടര്‍ന്നു പിടിച്ചിരിക്കുന്നു. ആദരണീയരായ വ്യക്തികള്‍ പോലും സ്വന്തം വാക്കുകളോട് നീതി പുലര്‍ത്താന്‍ ‍സാധിക്കാത്തവരായി മാറുന്നത് സമൂഹത്തിന്റെ മൊത്തത്തിലുള്ള മൂല്യ ച്യുതിയാണ് വ്യക്തമാക്കുന്നത്,. പറയേണ്ട വാക്കുകള്‍ മാത്രം പറയുക , തെറ്റു പറ്റിയെന്നു തോന്നിയാല്‍ അപ്പോള്‍ തന്നെ തിരുത്തുക അല്ലാത്ത പക്ഷം പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കാനുള്ള തന്റേടം കാട്ടുക . ഇതൊക്കെയാണ് അന്തസ്സും ആഭിജാത്യവും സത്യസന്ധതയുമുള്ള വ്യക്തികളില്‍ നിന്ന് നാം പ്രതീക്ഷിക്കുക. പണ്ട് ഒരു നിഷേധക്കുറിപ്പ് ഇറക്കിയാല്‍ അത് വിശ്വസിക്കുകയേ ജനത്തിന് തരമുണ്ടായിരുന്നുള്ളു. ഇന്നാകട്ടെ, ഡസന്‍ കണക്കിന് ദൃശ്യ മാധ്യമങ്ങളുടെ മുമ്പിലാണ് വാര്‍ത്താ സമ്മേളനം നടക്കുക. വള്ളീ പുള്ളി വ്യത്യാസമില്ലാതെ പറഞ്ഞെതെന്താണെന്ന് വീണ്ടും വീണ്ടും കാണാനും കേള്‍ക്കാനും കഴിയുമെന്ന ബോധം പോലും പലര്‍ക്കുമില്ല ഫലമോ ? സമൂഹത്തിനു മുന്‍പിലിത്തരക്കാര്‍ അപഹാസ്യരാകുന്നു. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തേയും പ്രസ്ഥാനത്തേയും അപമാനിക്കുകയാണ് ഇതിലൂടെ ഇവര്‍ ചെയ്യുന്നത്.

നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജി പറഞ്ഞത് ‘’ എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം’‘ എന്നാണ് . വാക്കുകളുടെ കാര്യത്തില്‍ മാത്രമല്ല ; പ്രവൃത്തിയിലും അദ്ദേഹം ലോകത്തിന് മഹാമാതൃകയായിരുന്നു ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും യൂറോപ്പിലെ പല രാജ്യങ്ങളിലും അര്‍ദ്ധനഗനനായ ആ മനുഷ്യന്റെ പ്രതിമ, അന്നാട്ടുകാര്‍ സ്ഥാപിച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ ശാശ്വതസ്മരണ നില നിര്‍ത്തിയിരിക്കുന്നതും ആ വ്യക്തി മാഹാത്മ്യം ഒന്നു കൊണ്ടു മാത്രമാണ് . വാക്കുകൊണ്ടോ പ്രവൃത്തി കോണ്ടോ ലോകത്തിനു മുമ്പില്‍ സാക്ഷികളായി മാറാന്‍ ക്രൈസ്തവര്‍ക്ക് ഇന്ന് സാധിക്കുന്നുണ്ടോ എന്നത് ഇത്തരുണത്തില്‍ നാമൊന്നുചിന്തിക്കണ്ടതല്ലേ? ഒരു സ്വയം വിമര്‍ശനത്തിനു തയ്യാറായാല്‍ കേരളത്തിലെ സഭകള്‍ രോഗാഗ്രസ്തമാണെന്ന് കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. ഒന്നായിരുന്ന ശേഷം വഴിപിരിഞ്ഞ രണ്ടു സഭകളും അവരുടെ വിശ്വാസികളും , ദേവാലയത്തിനകത്തും പുറത്തും ആരാധനയുടേയും ശവസം‍സ്ക്കാരത്തിന്റേയും പേരു പറഞ്ഞ്, തമ്മില്‍ തല്ലുന്നതും ഏറ്റു മുട്ടുന്നതും വര്‍ഷങ്ങളായി നാം കാണുന്നു. ക്രിസ്തുവിന്റെ വേല ചെയ്യാന്‍ വ്രതമെടുത്ത് രംഗത്തിറങ്ങിയ വൈദികര്‍ പോലും പോരാളികളായി മാറുന്നതും പോലീസിന്റെ ലാത്തിയടി ഏറ്റുവാങ്ങുന്നതും കാണുമ്പോള്‍ , സമൂഹത്തിനു മുമ്പില്‍ തകര്‍ന്നു വീഴുന്നതു ക്രൈസ്തവ മൂല്യങ്ങളാണെന്ന് യാഥാര്‍ത്ഥ്യം എന്തുകൊണ്ടാണ് ഇവര്‍ക്ക് ഇപ്പോഴും ബോദ്ധ്യമാകാതെ പോകുന്നത്? സ്നേഹത്തിന്റേയും സഹനത്തിന്റെയും മൂര്‍ത്തീഭാവമായ ക്രിസ്തുദേവന്റെ അനുയായികള്‍ എന്നു തന്നെ ഇവര്‍ ഇപ്പോഴും അവകാശപ്പെടുന്നതിനെ വിചിത്രമെന്നല്ലാതെ മറ്റെന്തു പറയാനാണ്!!!

ഞാറക്കലില്‍ കന്യാസ്ത്രികള്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ടത് സഭാവിരുദ്ധരോ അന്യമതസ്ഥരോ ആയിരുന്നില്ല . ചില രൂപതകളിലെ സഭാദ്ധ്യക്ഷരുടേയും ചുരുക്കം ചില പുരോഹിതരുടേയും ചെയ്തികള്‍ പല ഇടവകകളിലും പ്രശ്നസങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു. ഇതിന്റെയൊക്കെ ഫലമായി തലമുറകളായി പിന്തുടരുന്ന പാരമ്പര്യസഭകള്‍ ഉപേക്ഷിച്ച് വിശ്വാസികള്‍ വന്‍ തോതില്‍ കൊഴിഞ്ഞു പോകുന്നു. ഇതിനുള്ള കാരണങ്ങളെക്കുറിച്ച് ഇനിയെങ്കിലും നാം അന്വേഷിക്കുകയും അതിന് പരിഹാരം കാണുകയും ചെയ്യേണ്ടതല്ലേ?

ക്രിസ്തുവിന്റെ വചങ്ങളോടു നീതി കാട്ടാത്തവര്‍ ക്രിസ്ത്യാനി എന്ന പേരിന് അര്‍ഹരല്ലാത്തതു പോലെ, സ്വന്തം വാക്കുകളോടു നീതി പുലര്‍ത്താന്‍ കഴിയാത്തവര്‍ക്കു മറ്റുള്ളവരോടു നീതി പുലര്‍ത്താനും കഴിയില്ലെന്നു ഉറപ്പാണ്. ഇത്തരക്കാരില്‍ നിന്ന് നല്ല ഫലങ്ങള്‍ പുറപ്പെടുമെന്നും കരുതാനാവില്ല ‘’ സൗമ്യതയുള്ള നാവ് ജീവന്റെ വൃക്ഷമാണ്. അതിലെ വക്രതയോ ചൈതന്യത്തെ കെടുത്തും ‘’എന്ന ബൈബിള്‍ വാക്യം നാം മറക്കാതിരിക്കുക.

കടപ്പാട്:പുറപ്പാട് സമയം

Generated from archived content: essay1_apr20_12.html Author: p.a_joseph.stanli

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here