ഈ പുഴയിലൊരു,
നിറമുളള മീനായ്,
മുങ്ങിയും, പൊങ്ങിയും,
നീന്തിക്കഴിയുന്നു ഞാൻ.
നനഞ്ഞ ജീവിതവും,
നനയാത്ത മോഹവും,
നാറുന്ന ജന്മവുമാ-
ണെന്റെ – ദുർവിധി.
നിറമുളള വാക്കുകൾ,
കോർത്തിട്ട ചൂണ്ടകൾ,
കുരുക്കാനടുക്കുമ്പോൾ,
തെന്നിമാറുന്നു ഞാൻ.
കരുത്തുറ്റ കൈകൾ,
വീശുന്ന വലകളിൽ,
വീഴാതിരിക്കുവാൻ,
വിറപൂണ്ടൊളിക്കുന്നു.
മുകളിലേക്കൊന്നെ-
നിക്കുയരുവാനാവില്ല,
കൊറ്റികൾ തപസ്സാണ്,
കരയിലുറങ്ങാതെ.
തെന്നിമാറിയും,
ചേറിലൊളിച്ചും,
നാവില്ലാതെയുമീ-
ജീവിതമെത്രനാൾ…?
പുഴയൊരു കടലല്ല,
കാലത്തിൻ കരുത്തല്ല,
പുഴകലങ്ങിയാൽ,
കരയിൽ ഞാൻ പിടയും.
കാമം പുരട്ടിവരും,
കഴുകൻ ചുണ്ടുകൾ,
കൊത്തിവലിക്കും,
കലപിലകൂട്ടും.
അന്നേരമെൻ ജന്മ-
മാർക്കോ ഇരയാകാൻ,
വിധിക്കപ്പെട്ടതെന്ന,
സത്യത്തിൽ ഞാൻ ദഹിക്കും.
Generated from archived content: poem_malsyam.html Author: ozhukuparasatyan
Click this button or press Ctrl+G to toggle between Malayalam and English