ഒരു നേരത്തെ അന്നത്തിന്-
നിന്റെ വാതിലിൽ മുട്ടിയപ്പോൾ
എന്നെ ആട്ടിയിറക്കിയോൻ
എന്റെ വിശന്നൊട്ടിയ വയറിൽ-
കൊഴുത്ത കാൽകൊണ്ട് ചവിട്ടിയോൻ.
വലിയ ജാതിത്തേരിലിരുന്ന്-
ചെറിയ ജാതിയെ തൊഴിച്ചോൻ,
ദേഹം മറയ്‌ക്കാനല്പം-
വസ്‌ത്രമിരന്നപ്പോൾ,
ചാട്ടവാറെൻ നഗ്നതയിൽ-
പതിപ്പിച്ചോൻ
തല ചായ്‌ക്കാനിടമില്ലാതെ-
ഞാൻ തണുത്തു വിറച്ചപ്പോൾ,
മണിമാളികയിലൊന്നുമറിയാതെ-
പുതച്ചു മൂടിയുറങ്ങിയോൻ
ഇന്ന്,
നീയെന്നെ-അറിയുന്നു
നീയും, ഞാനും-
ഒന്നിച്ചുറങ്ങുന്നു.
അന്നത്തിനായ്,
ഒന്നിച്ചിരക്കുന്നു.
ഭൂചലനരേഖയിൽ-
നമ്മൾ
ഒരുമയോടെ നീങ്ങുന്നു.
Generated from archived content: nammal.html Author: ozhukuparasatyan