ഓർമ്മയുടെ തുടക്കം ആ വിളിയുടെ തുടക്കവുമാണ്, “ബോധവ്രതാ!” അപ്പോഴൊക്കെയും താൻ മറുപടി പറഞ്ഞു, “ഇതാ ഞാൻ വരുന്നു!”
“ബോധവ്രതാ!”
അമ്മ വിളിച്ചു, അച്‌ഛൻ വിളിച്ചു, അദ്ധ്യാപകൻ വിളിച്ചു, കൂട്ടുകാർ വിളിച്ചു. അപ്പോഴൊക്കെയും താൻ പറഞ്ഞു, “ഞാനിതാ വരുന്നു!
ഭാര്യ വിളിച്ചു, മകൻ വിളിച്ചു, മകൾ വിളിച്ചു, അവരുടെ മക്കൾ വിളിച്ചു. ആ വിളികളത്രയും ബോധവ്രതന്റെ അറിവ് സ്ഥിരപ്പെടുത്തി, ഞാൻ!
ഓരോ രാത്രിയും ഉറങ്ങാൻ കിടക്കുമ്പോൾ അവസാനത്തെ ചിന്ത ഇതായിരുന്നു, ഇത് ഞാനാണ്.
രാത്രിയെ പകലും പകലിനെ രാത്രിയും പിന്നിട്ടു. അലസമായ ഈ ആവർത്തനം ബോധവ്രതന് പരിചിതമായി.
എന്നാൽ അവസാനം ഒരു രാത്രി മറ്റു രാത്രികളിൽനിന്നെല്ലാം വിഭിന്നമാണെന്ന് ബോധവ്രതനറിഞ്ഞു. പുറത്തെ മരപ്പടർപ്പിൽനിന്ന് അസാധാരണമായ ഒരു ശബ്‌ദം വിളിച്ചു, ”ബോധവ്രതാ!“
ബോധവ്രതൻ മറുപടി പറഞ്ഞില്ല.
രാത്രി പുലർന്നെങ്കിൽ എന്ന് ബോധവ്രതൻ ആശിച്ചു. രാത്രി പുലർന്നില്ല. മരപ്പടർപ്പിൽനിന്ന് ആ ശബ്‌ദം വീണ്ടും വിളിച്ചു.
ചിലന്തിവലപോലെ നേർത്ത ഒരു പട്ടുനൂല് ബോധവ്രതനുമേൽ ചുറ്റിപ്പിടിച്ചു. തട്ടിമാറ്റിയിട്ടും അതിനെ കളയാൻ അയാൾക്കു കഴിഞ്ഞില്ല. മരപ്പടർപ്പിലെ അപരിചിതൻ ആ നൂല് വലിച്ചു. തടുക്കാനാവാതെ ബോധവ്രതൻ മരപ്പടർപ്പിലേയ്‌ക്ക് നീങ്ങി.
ഒരു വിറയോടെ ബോധവ്രതൻ അപരിചിതനോട് പറഞ്ഞു, ”ഇത് ഞാനല്ല.“
അപരിചിതൻ കനിവോടെ ചിരിച്ചു.
അപരിചിതൻ പറഞ്ഞു, ”അത് മനസ്സിലാക്കിത്തരുവാൻ തന്നെയാണ് ഞാൻ നിന്നെ വിളിച്ചത്.“
Generated from archived content: story1_apr1.html Author: ov_vijayan