ഇത്തിരി നേരമ്പോക്ക്‌ ഇത്തിരി ദർശനം…

കാർട്ടൂൺ എന്നു പറയുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത്‌ ഇത്തിരി വളച്ചൊടിക്കലും തമാശയുമുളള ഒരു ചിത്രരൂപമാണ്‌. സാക്ഷരരെങ്കിലും കടലാസ്‌ മിതവ്യയം ചെയ്യാൻ നിർബന്ധിതരാവുന്ന നമുക്ക്‌ പരീക്ഷണങ്ങൾക്കായി പത്രത്തിന്റെ ഏടുകൾ ധാരാളിത്തത്തോടെ കൈകാര്യം ചെയ്യാൻ വയ്യ. പോരെങ്കിൽ വാർത്തകൾ അപഗ്രഥിക്കാൻ സ്‌ഥലം തേടുന്നതിനിടയിൽ ആ അപഗ്രഥനത്തിന്റെ അതിരുകൾ കടന്ന്‌ ബഹുദൂരം സഞ്ചരിക്കുക വിഷമവും. കാർട്ടൂണുകൾ ഇന്ന്‌ ഏറെക്കുറെ നിശ്‌ചിതവിഭാഗങ്ങളിൽപ്പെടുന്നു. മുൻപേജിലോ എഡിറ്റ്‌ പേജിലോ പ്രത്യക്ഷപ്പെടുന്ന, മുഖപ്രസംഗത്തെപ്പോലെയോ ശുദ്ധരാഷ്‌ട്രീയ കമന്ററിയായോ രചിക്കപ്പെടുന്ന എഡിറ്റോറിയൽ കാർട്ടൂണുകൾ, പാതി രാഷ്‌ട്രീയവും പാതി ഹാസ്യവുമായ കാർട്ടൂൺ സ്‌ട്രിപ്പുകൾ, തികച്ചും അരാഷ്‌ട്രീയമായ സ്‌ട്രിപ്പുകൾ, കോമിക്‌ കഥാമാലകൾ എന്നിങ്ങനെയൊക്കെ.

ഈ ഭിന്നരൂപങ്ങൾ ചിലപ്പോഴൊക്കെ ഇന്ന്‌ മറ്റൊന്നിന്റെ സ്വഭാവം പകർന്നുവെന്നു വരും. മറ്റു ചിലപ്പോൾ ഹാസ്യമില്ലാതെ വിഷാദത്തിലേക്ക്‌ കടന്നെന്നു വരും. ചിലപ്പോൾ ശുദ്ധമായ കാവ്യപ്രദർശനമായെന്നുംവരും.

ലളിതമായ വരകളുപയോഗിച്ച്‌ ഒരു ദാർശനികവിളംബരം സാധ്യമാണെന്നുകൂടി ഇവിടെ പറഞ്ഞു ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത്തരം ഒരു അന്വേഷണയാത്രയാണ്‌ ഈ ലഘുഗ്രന്ഥത്തിൽ കൊടുത്തിട്ടുളള ചിത്രങ്ങൾ. ലാഘവത്തിനടിയിൽ ഘനിമ തേടുന്നവ.

ഈ പടങ്ങൾക്ക്‌ പശ്ചാത്തലമൊരുക്കിയ സന്ദർഭത്തെക്കൂടി പറഞ്ഞുകൊളളട്ടെ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഞാൻ ഹാസ്യചിത്രരചന നിർത്തിവെച്ചിരുന്നു. ആ അന്തരീക്ഷത്തിലാണ്‌ കലാകൗമുദിയുടെ കടന്നുവരവ്‌. എന്തെങ്കിലും ഈ പുതിയ വാരികയ്‌ക്കുവേണ്ടി ചെയ്യണമെന്നു സമ്മർദ്ദം. മനുഷ്യാവകാശങ്ങൾ നിഷ്‌കാസനം ചെയ്യപ്പെട്ട സാഹചര്യത്തിൽ ദുർബലനായ പത്രപ്രവർത്തകൻ എന്താണ്‌ ചെയ്യുക? ഒന്നുമില്ല. അടിയന്തരാവസ്ഥയുടെ പൈശാചം എഴുത്തിന്റെയും വരയുടെയും ശാലീനതകളെ അസാധ്യമാക്കി.

എന്തു ചെയ്യണം? എന്തെങ്കിലും. ഞാൻ എന്റെ രേഖാചിത്രങ്ങളുടെ ഭ്രൂണാവസ്ഥയിലേക്കു മടങ്ങി; ഒരു കൊച്ചുകുട്ടി കരിക്കട്ടകൊണ്ട്‌ നിലത്തു വരയ്‌ക്കുന്ന ചിത്രങ്ങളിലേക്കു മടങ്ങി. അങ്ങനെ അജ്‌ഞ്ഞാതനായ എന്റെ വായനക്കാരനുമായി ഒരു സ്വകാര്യം പങ്കിടാനാശിച്ചു. കാർട്ടൂൺ ഒരു വാരികയിൽ അടിച്ചുവന്നതാകയാലും പ്രസ്തുത വാരിക മലയാളത്തിൽ ആയിരുന്നതിനാലും ഈ സ്വകാര്യം പോലീസുകാരനുമായി പങ്കിടേണ്ടിവന്നില്ല. അങ്ങനെ അടിയന്തരാവസ്ഥയുടെ ഹീനമായ കഥയിലൂടെ ഈ കാർട്ടൂൺ പരമ്പര സൗമ്യമായി കടന്നുപോയി. ഇപ്പോൾ, തിരിഞ്ഞുനോക്കുമ്പോൾ, അവയുടെ വരയും വാക്കും നഷ്‌ടപ്രസക്തങ്ങളായിട്ടില്ലെന്നു തോന്നുന്നു. അന്നത്തെ സ്വകാര്യം ഇന്നും ആ വിപത്തിലേക്കു വിരൽചൂണ്ടുന്നു.

എന്റെ പ്രിയപ്പെട്ട വായനക്കാരനു സമർപ്പണം.

(‘ഇത്തിരി നേരമ്പോക്ക്‌ ഇത്തിരി ദർശനം’ എന്ന തന്റെ കാർട്ടൂൺ പുസ്‌തകത്തിന്‌ എഴുതിയ ആമുഖക്കുറിപ്പിൽ നിന്ന്‌)

Generated from archived content: essay1_apr1.html Author: ov_vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English