കണ്വാശ്രമം മുത്തങ്ങ പിന്നെ ഇറാഖും

പണ്ട്‌ ഗംഗാ പുണ്യസമതലക്കാടുകൾ-

ക്കുളളിൽ മുനികണ്വതാപസഭൂമിയിൽ

മണ്ണും മനസ്സും പൊരുൾതിരിഞ്ഞീടാതെ

കുന്നിൻചരിവു കിടന്നിരുന്നു

ചമതപ്പുക വീണ മൺചുവർ

നടുമുറ്റ സുഗന്ധവല്ലിയിൽ ജലബിന്ദു-

തോഴികൾക്കിടയിലൊരപ്‌സര-

താപസ കന്യയാ-

വനചിത്രഭംഗി തെളിഞ്ഞിരുന്നു

പൊടിപടലങ്ങളുയർത്തിയ

രഥവേഗമുരുളുന്നു

അരചന്റെ വിഷയമ്പു മാംസഗന്ധം നുണയുന്നു

വിറപൂണ്ട ആശ്രമജന്തുവാ-

ജൈവസമരത്തിലായ്‌ വിരണ്ടുപായുന്നു.

അരുതേ അരചായിതാശ്രമം

തെളിയായ്‌ കേഴുന്നു താപസപുത്രരും

ദുർമോഹ വിഷയാനുരാഗിയാ ദുഷ്യന്ത-

നാ മുനികുമാരിയിൽ ആകൃഷ്‌ടനായ്‌

പിന്നെ അധിനിവേശത്തിന്റെ ഗാന്ധർവ്വമായ്‌

തഞ്ചത്തിലരചനുമക്കഥ പാടേ മറന്നുപോയ്‌

ഇന്ന്‌ വയൽനാടിന്റെ വനഭംഗിയിൽ

മണ്ണിൽ തുടിപ്പാർന്ന പൊൻമക്കൾ

മാതൃഹൃദയത്തിലിടം തേടുന്നു കുടിൽകെട്ടുന്നു

അരികിൽ ദുഷ്യന്ത ദുർമോഹം

അലകളുയർത്തി ആർത്തിരമ്പി-

കൂരമ്പ്‌ ഞാൺ തൊടുക്കുന്നു

ഗാന്ധർവ്വ വിധി തുടരുന്നു

വളളിക്കുടിലിലാ രതിസുഖം നുണഞ്ഞാർത്തരചൻ

പൊൻമകനെ പാടേ മറക്കുന്നു

അരുതേ വിലാപം കേട്ടീലിവിടെ

ചകിത പ്രകൃതിയും കണ്ണുപൂട്ടി

അരുതേ വിലാപമേ നീയെവിടെ

കണ്വമുനി പുത്രവൃന്ദമേ നിങ്ങളെവിടെ

ഇവിടെ നൈലിന്റെ തീരം ചുവക്കുന്നു

യൂഫ്രട്ടീസ്‌ ജലധാരയിൽ നിണഗന്ധം കനക്കുന്നു

കിനിയുന്ന എണ്ണക്കിണറിൽ അഗ്‌നി രഥവേഗമാർക്കുന്നു

ഒരധിനിവേശത്തിന്റെ വിഷയമ്പ്‌ഃ

ദുർമോഹ ദുഷ്യന്തനാകുന്നു

ദ്രവ്യമോഹ കലിപൂണ്ട്‌

അധികാര വെറിപൂണ്ട്‌ അഗ്‌നി

വാരിവിതറുന്നു

അരുതേ വിലാപമേ നീയെവിടെ

മുനിപുത്രവൃന്ദമേ നിങ്ങളെവിടെ

ഇനിയും ചരിത്ര രഥമുരുളും

വിറപൂണ്ട പേടമാൻ മണ്ണിന്റെ പൊൻമകൻ

നൈലിന്റെ തീരം ഒരുനുളളു പ്രാണനിരക്കുന്നു

അരുതേ അരചാ കൊല്ലരുതേ

മനമുരുകുന്നു; ചിരി മറന്നെന്റെ

കരളപേക്ഷിക്കുന്നു അരുത്‌, അരുത്‌ അരചാ…

Generated from archived content: poem_may27.html Author: ov_shynoj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here