ഇക്കഴിഞ്ഞ ജൂൺ 11-ാം തീയതിയായിരുന്നല്ലോ ചങ്ങമ്പുഴയുടെ 60-ാം ചരമദിനം. കേരളീയർ വേണ്ടപോലെ ഈ ചരമദിനാചരണത്തിനായി മുന്നോട്ടുവരിക ഉണ്ടായില്ല എന്നാണ് തോന്നുന്നത്. നമ്മൾ കാണുന്ന സങ്കല്പ ലോകമല്ല ഈ ഉലകം. ബിസിനസ്സും വ്യവസായവും വളർന്നുകൊണ്ടിരിക്കുകയാണല്ലോ. “പോയെങ്കിൽ പോകട്ടെ പൊയ്‌പോയ നാളുകൾ, പോരും കരഞ്ഞത്…” എന്ന് ആശ്വസിക്കുകയാവും അവർ.
1927 -ൽ, ആലുവാ സെന്റ്‌മേരീസ് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന ചങ്ങമ്പുഴ 1928 -ൽ ഇടപ്പിള്ളി ഗവൺമെന്റ് സ്‌ക്കൂളിലേക്കു മാറി. പിന്നീട് എറണാകുളം എസ്സ്. ആർ.വി. സ്‌ക്കൂളിൽ ചേർന്നു. 1941-ൽ മഹാരാജാസിൽ എത്തിയ ചങ്ങമ്പുഴ, തിരുവനന്തപുരത്തേക്കു പോയി, അവിടെ നിന്ന് ബി.എ. ഓണേഴ്‌സ് നേടി. അതിനുശേഷം 1942-ൽ പൂനെയിൽ സൈനീകസേവനത്തിനു പോയി. കുറേ കഴിഞ്ഞ് സേവനം മതിയാക്കി നിയമപഠനത്തിന് മദിരാശിക്ക് വിട്ടു. പക്ഷേ, നിയമത്തിന് അതീതനാണ് താൻ എന്നു തോന്നിയതുകൊണ്ടോ എന്തോ, മദിരാശിയോട് വിടപറഞ്ഞ്, തൃശ്ശൂരിലെത്തി മംഗളോദയത്തിൽ ചേർന്നു.
തന്റെ അനർഘങ്ങളായ കൃതികൾ ചങ്ങമ്പുഴയ്‌ക്കു പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞത്, അദ്ദേഹം മംഗളോദയത്തിൽ പത്രാധിപ സമിതിയിൽ അംഗമായിരിക്കുമ്പോഴാണ്. “സ്‌പന്ദിക്കുന്ന അസ്ഥിമാടവും” “ദേവഗീത”യും അവിടെവച്ചെഴുതിയ കൃതികളാണ്.
1947 -ൽ ചങ്ങമ്പുഴ രോഗബാധിതനായി. മർത്ത്യാകാരമാർന്ന കാവ്യതേജസ്സായി മാറിയിരുന്നു അപ്പോഴേയ്‌ക്കും അദ്ദേഹം. പക്ഷേ അദ്ദേഹത്തിന്റെ ഉള്ളിലെ ചൂട്, സ്വയം കത്തി എരിയുന്ന ചില യന്ത്രങ്ങളെപ്പോലെയായിരുന്നു. കാവ്യതേജസ്സിനെ വിസർജ്ജിച്ച ആ ശരീരം, അതിന്റെ ഊഷ്‌മാവിൽ തന്നെ വെന്തെരിയുകയായിരുന്നു. അസാധാരണവും അപരിമേയവുമായ സിദ്ധികളെ ധൂർത്തടിച്ച് വരണ്ടൊടുങ്ങിയ, ആ സ്വരരാഗസുധ 1948 ജൂൺ 11 ന് “അമിത സൗരഭധാരയിൽ മുങ്ങി നില്‌ക്കുന്ന സുമിത സുസ്‌മിത കുഞ്ജാന്തരങ്ങ”ളിൽ നമ്മെ വിട്ടുപേക്ഷിച്ചു കൊണ്ടുപോയി.
ചങ്ങമ്പുഴയെക്കുറിച്ച് ഓർക്കുമ്പോൾ അദ്ദേഹം 25-ാമത്തെ വയസ്സിൽ എഴുതിയ രമണനാണ് ഓർമ്മയിലേക്ക് ഓടിവരുന്നത്. പക്ഷേ അതിനും രണ്ടുവർഷം മുമ്പ്് (23-ാമത്തെ വയസ്സിൽ) എഴുതിയ “ബാഷ്‌പാഞ്ജലി” യിലെ പല കവിതകളും രമണനിലെ തന്നെയെന്നു പറയേണ്ടിവരുന്നു.
47 പദ്യകൃതികൾ, 13 ഗദ്യകൃതികൾ ചങ്ങമ്പുഴയിൽ നിന്ന് കൈരളിക്ക്, ഉപഹാരമായി ലഭിച്ചിട്ടുണ്ട്. ഒട്ടേറെ ഭാവഗീതങ്ങളുടേയും നീണ്ട കവിതകളുടേയും വിവർത്തനങ്ങളുടേയും കർത്താവുമാണ് അദ്ദേഹം.
ഇടയ്‌ക്കൊന്നു പറയാൻ വിട്ടുപോയി; ഇടപ്പള്ളി പടിഞ്ഞാറെ ഇലവുങ്കൽ വീട്ടിൽ ശ്രീദേവിയെയാണ് ചങ്ങമ്പുഴ വിവാഹം കഴിച്ചത്.
ചങ്ങമ്പുഴയുടെ ഏറ്റവും പ്രിയസുഹൃത്ത് ഇടപ്പള്ളി രാഘവൻപിള്ളയായിരുന്നു എന്നറിയാമല്ലോ. അദ്ദേഹത്തിന്റെ ആത്മഹത്യയാണ് രമണൻ എഴുതാൻ പ്രചോദനമായതും.
1946 ആദ്യമാണ് ഞാൻ ചങ്ങമ്പുഴയുമായി അടുത്തിടപെടുന്നത്. അക്കാലത്ത് ഞാൻ ആലുവാ യു.സി.കോളേജിൽ ഇന്റർ മീഡിയറ്റിനു പഠിക്കയാണ്. കോളേജിലെ സാഹിത്യ സമാജത്തിന്റെ ഉദ്‌ഘാടനത്തിന് കുറ്റിപ്പുഴ കൃഷ്‌ണപിള്ള സാർ പറഞ്ഞിട്ട് അദ്ദേഹത്തെ ക്ഷണിക്കാൻ ഇടപ്പള്ളിയിലെ വീട്ടിൽ ചെല്ലുകയുണ്ടായി. അദ്ദേഹം വീട്ടിലെ ലൈബ്രറിയിൽ പുസ്‌തകങ്ങൾ അടുക്കി വയ്‌ക്കുകയായിരുന്നു. ഞാൻ കുറ്റിപ്പുഴ സാറിന്റെ അടുക്കൽ നിന്നും വരുന്ന വിദ്യാർത്ഥിയാണെന്നുപറഞ്ഞപ്പോൾ അദ്ദേഹത്തിനു കാര്യങ്ങൾ മനസ്സിലായി. അവർ കാര്യങ്ങൾ നേരത്തേ പറഞ്ഞുവച്ചിരുന്നു.
ചങ്ങമ്പുഴ ഉടൻ മുറിക്കകത്തു പോയി, ഡ്രസ്സ് മാറി, കഴുത്തിൽ ഒരു ഷാൾ വട്ടം ചുറ്റി പുറത്തേക്കുവന്ന് പോകാമെന്നു പറഞ്ഞു……
എന്നാൽ ചങ്ങമ്പുഴയെ അതിനു മുൻപ്, വല്ലപ്പോഴും തൃശ്ശൂരിൽ പോകുമ്പോൾ രാമവർമ്മതിയേറ്ററിന്റെ അടുത്തുള്ള മംഗളോദയം ആഫീസിൽ മുണ്ടശ്ശേരിയും എം.ആർ.ബി.യും മറ്റും ഒരുമിച്ചിരുന്നു സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.
ഗീതി കാവ്യങ്ങൾ അഥവാ സ്വഛന്ദ ഗീതങ്ങൾ എന്ന സാഹിത്യ ശാഖയിൽ പെട്ടതാണ് ചങ്ങമ്പുഴയുടെ കവിതകൾ. ഒരു പ്രത്യേകത നാം അതിൽ കാണുന്നത്, പലപ്പോഴും, കഥ നീങ്ങുന്നത് ആട്ടിടയന്മാർ പാട്ടുപാടുമ്പോഴാണ്. അവരെ ആലംബമാക്കി, കവിക്കു പറയാനുള്ളതെല്ലാം കവി നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു.. ഇതെല്ലാം “രമണ”നെ ഉദ്ദേശിച്ചാണ് പറയുന്നത്. രമണനിലെ ഗായക സംഘത്തിന്റെ റോൾ സുപ്രധാനമാണ്. “അനുപമ സുലളിതവനതലത്തിൽ,…….. ഒരു പൂത്തമരത്തിന്റെ തണൽ ചുവട്ടിൽ, ഒരു കവിതപോലെ രമണൻ ഉറങ്ങിക്കിടക്കുമ്പോൾ” “അനുപദമനുപദ, മതി മൃദുവാം ആലോല ശിഞ്ജിതം വീശിവീശി” ചന്ദ്രിക എത്തുന്ന രംഗവും, “വേനൽപോയിക്കൊടും കരിമുകിലിനാലിതാ മൂടുന്നു വാനിടം” എന്നും “നിത്യനിരാശയിൽ നിന്നഭിലാഷങ്ങൾ പൊത്തിപ്പിടിച്ചു കിടന്നുറങ്ങൂ” എന്നും മറ്റും ഗായകസംഘങ്ങൾ പാടുമ്പോൾ കഥയുടെ പരിസമാപ്തിയിൽ നമുക്ക് ഒരറിവ് ലഭിക്കുന്നു.
അദ്ദേഹത്തിന്റെ ആഖ്യാന കാവ്യങ്ങളാണ് വാഴക്കുല, യവനിക തുടങ്ങിയവ. ചങ്ങമ്പുഴ കൃതികളുടെ സമഗ്രമായ ഒരു വിചിന്തനത്തിന് മുതിരുകയല്ല എന്റെ ലക്ഷ്യം അദ്ദേഹത്തിന്റെ നിര്യാണത്തിനു കുറേകൊല്ലങ്ങൾക്കുശേഷം ഞാൻ ഇടപ്പള്ളിയിലെ വീട്ടിൽ പോയിരുന്നു. എന്റെ കൂടെ പോട്ടയിൽ എൻ.ജി.നായരുമുണ്ടായിരുന്നു.
ചങ്ങമ്പുഴയുടെ വീട്ടിൽ എത്തിയ ഞാൻ ആദ്യമായി അദ്ദേഹത്തിന്റെ കുഴിമാടത്തിലേക്കാണ് പോയത്. പെട്ടെന്നാണ് എന്റെ ഓർമ്മയിലേക്ക്,
“മാനസം കല്ലുകൊണ്ടല്ലാത്തതായുള്ള
മാനവരാരാനുമുണ്ടെന്നിരിക്കുകിൽ
ഇക്കല്ലറതൻ ചവിട്ടുപടിയിലൊ-
രല്പമിരുന്നു കരഞ്ഞേച്ചുപോകണേ”‘
എന്ന മദനന്റെ, ഹൃദയത്തിൽ നിന്നും ഒലിച്ചിറങ്ങിയ അന്ത്യവിലാപത്തിന്റെ ധ്വനി കാതുകളിൽ അലയടിച്ചത്…
ഞാൻ ഇവിടെ നിറുത്തുകയാണ്.
Generated from archived content: essay2_oct10_08.html Author: op_joseph