സ്‌ത്രൈണ ഭാവ പൂർണ്ണതയോടെ……കോട്ടയ്‌ക്കൽ ശിവരാമൻ

സ്‌ത്രീവേഷങ്ങൾ ഭാവാഭിനയത്തികവോടെ, വേഷഭംഗിയോടെ അവതരിപ്പിക്കുന്നതിൽ കോട്ടയ്‌ക്കൽ ശിവരാമന്‌ ഏറെ മിടുക്കാണ്‌. പ്രായം അറുപതുകളിൽ എത്തിയിട്ടും, കാലം മുഖത്ത്‌ വികൃതികൾ കാട്ടിയിട്ടും സ്‌ത്രൈണഭാവപൂർണ്ണത തന്നെയാണ്‌ അദ്ദേഹം തന്റെ ആസ്വാദകർക്ക്‌ നൽകുന്നത്‌. ദമയന്തിയായും രുഗ്‌മിണിയായും സീതയായും ദേവയാനിയായും പാഞ്ചാലിയായും ശിവരാമൻ ഇന്നും അരങ്ങിൽ തകർത്താടുന്നു. തന്റെ കലാജീവിതത്തിൽ അരനൂറ്റാണ്ട്‌ പിന്നിട്ട ശിവരാമൻ പാലക്കാട്‌-കാറൽമണ്ണയിലെ സ്വവസതിയിലിരുന്ന്‌ സംസാരിക്കുന്നു.

* നന്നെ ചെറുപ്പത്തിലെ കലാരംഗത്ത്‌ എത്തിപ്പെടാനുണ്ടായ സാഹചര്യം?

കുട്ടിക്കാലത്തെ കടുത്ത ദാരിദ്ര്യമാണ്‌ കലാരംഗത്ത്‌ എത്തിച്ചതെന്ന്‌ പറയാം. ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ്‌ അച്‌ഛൻ മരിക്കുന്നത്‌. അതോടെ ജീവിതം ശരിക്കും വഴിമുട്ടി. നാലണ സ്‌കൂൾ ഫീസ്‌ കൊടുക്കാനില്ലാത്തതിനാൽ സ്‌കൂളിൽനിന്ന്‌ പുറത്താക്കുമെന്ന അവസ്ഥ വന്നു. മറ്റൊരു മാർഗ്ഗവും മുമ്പിലില്ലാത്തതിനാൽ അമ്മ ഒരു കത്തുമായി എന്നെ അമ്മാവനും കോട്ടയ്‌ക്കൽ പി.എസ്‌.വി.നാട്യസംഘത്തിലെ പ്രധാനാധ്യാപകനുമായ പരേതനായ പത്‌മശ്രീ വാഴേങ്കട കുഞ്ചുനായരാശാന്റെ അടുത്തേക്ക്‌ പറഞ്ഞുവിട്ടു. അന്നുതന്നെ അദ്ദേഹമെന്നെ നാട്യസംഘത്തിൽ സ്ഥിരാംഗമായി ചേർക്കുകയും ചെയ്‌തു. ദിവസം മൂന്ന്‌ രൂപ ശമ്പളം. കൂടാതെ മൃഷ്‌ടാന്ന ഭോജനവും. ഒരു നേരത്തെ ആഹാരത്തിന്‌ വകയില്ലാതിരുന്ന എന്നെ സംബന്ധിച്ചിടത്തോളം സ്വർഗ്ഗം കിട്ടിയ അനുഭവമായിരുന്നു.

* നാട്യസംഘത്തിലെ ജീവിതത്തെ കുറിച്ച്‌?

പത്താമത്തെ വയസ്സിലാണ്‌ ഞാൻ നാട്യസംഘത്തിലെത്തുന്നത്‌. പന്ത്രണ്ട്‌ വർഷം നാട്യസംഘത്തിൽ കഥകളി അഭ്യസിച്ചു. പിന്നീട്‌ കൂടുതൽ പഠനത്തിനായി കുഞ്ചുനായരാശാൻ എന്നെ നാട്യസംഘത്തിൽ നിന്ന്‌ രാജിവെപ്പിച്ച്‌ കൊണ്ടുപോവുകയായിരുന്നു. പന്ത്രണ്ട്‌ വർഷം മാത്രമേ നാട്യസംഘത്തിൽ ഉണ്ടായിരുന്നുളളുവെങ്കിലും പതിറ്റാണ്ടുകളുടെ ദൈർഘ്യമാണ്‌ എനിക്ക്‌ തോന്നുന്നത്‌. എന്റെ കലാജീവിതത്തേയും വ്യക്തിജീവിതത്തേയും നാട്യസംഘം ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. ഒരു തവണ കലാമണ്ഡലം ട്രൂപ്പിന്റെ കൂടെ വിദേശരാഷ്‌ട്രങ്ങൾ സന്ദർശിക്കാനുളള അവസരം വന്നപ്പോൾ കോട്ടയ്‌ക്കൽ ശിവരാമൻ എന്ന പേര്‌ കലാമണ്ഡലം ശിവരാമൻ എന്നാക്കി മാറ്റണമെന്ന നിർദ്ദേശം വന്നു. എന്നാൽ പേരുമാറ്റാൻ ഞാൻ തയ്യാറായില്ല. ഒടുവിൽ കോട്ടയ്‌ക്കൽ ശിവരാമൻ എന്ന പേരിൽ തന്നെ ഞാൻ യാത്ര പോയി.

* ഏറെ പ്രശസ്തിയാർജ്ജിച്ച കലാമണ്‌ഡലം ഗോപി-കോട്ടയ്‌ക്കൽ ശിവരാമൻ കൂട്ടുകെട്ടിനെ കുറിച്ച്‌?

നാൽപതുകൊല്ലം മുമ്പാണ്‌ ഗോപിയാശാനുമായുളള എന്റെ ആദ്യത്തെ അരങ്ങ്‌. കലാമണ്ഡലത്തിൽവെച്ചാണ്‌ എന്നാണെന്റെ ഓർമ്മ. പിന്നീട്‌ എണ്ണമറ്റ അരങ്ങുകളിൽ ഞങ്ങൾ ഒന്നിച്ചിട്ടുണ്ട്‌. കണക്കുപറയാൻ പ്രയാസമാണ്‌. സിനിമയിൽ നസീർ-ഷീല ജോടികളെ ഓർമ്മിപ്പിക്കുന്നതാണ്‌ ഞങ്ങളുടെ കൂട്ടുകെട്ട്‌. കഴിഞ്ഞ ഉത്സവ സീസണിലും ഞങ്ങൾ നിരവധി അരങ്ങുകളിൽ ഒന്നിക്കുകയുണ്ടായി.

* സ്‌ത്രീവേഷങ്ങൾ ആണല്ലോ കൂടുതലും?

ആദ്യകാലത്ത്‌ പുരുഷവേഷങ്ങൾ മാത്രമാണ്‌ ഞാൻ ചെയ്തത്‌. തികച്ചും യാദൃശ്ചികമായാണ്‌ സ്‌ത്രീവേഷങ്ങളിലേക്ക്‌ തിരിഞ്ഞത്‌. വർഷങ്ങൾക്കുമുമ്പ്‌ ദില്ലിയിൽവെച്ച്‌ അന്നത്തെ പ്രസിഡന്റ്‌ ഡോ.രാജേന്ദ്രപ്രസാദിന്റെ സാന്നിധ്യത്തിലാണ്‌ എന്റെ ആദ്യത്തെ സ്‌ത്രീവേഷം അരങ്ങിലെത്തുന്നത്‌. ദമയന്തിയായി അരങ്ങത്ത്‌ വരേണ്ടിയിരുന്ന കുട്ടന്നൂർ കരുണാകരപ്പണിക്കർക്ക്‌ പകരക്കാരനായി ഞാൻ വേഷമണിഞ്ഞു. എന്റെ ദമയന്തീവേഷം എല്ലാവർക്കും ഇഷ്‌ടമാവുകയും ചെയ്‌തു. പിന്നീട്‌ സ്‌ത്രീവേഷം മാത്രമാണ്‌ ഞാൻ അണിഞ്ഞിട്ടുളളത്‌.

* അരങ്ങിലെ മറക്കാനാവാത്ത അനുഭവം?

ഒരു തവണ ഇംഗ്ലണ്ടിൽ പോയപ്പോൾ ‘ലവണാസുരവധ’ത്തിലെ സീതയുടെ വേഷമായിരുന്നു എനിക്ക്‌. കളി കണ്ടവർ പിന്നീട്‌ എന്നെ ‘സീത’ എന്നാണ്‌ വിളിച്ചിരുന്നത്‌. അവിടെത്തന്നെ മറ്റൊരു കൂട്ടർ ‘മിസ്സ്‌ ശിവരാമനെ’ന്നും. എന്നിലുളള ‘സ്‌ത്രീത്വം’ വിദേശികൾപോലും അംഗീകരിച്ചതിൽ വളരെ അഭിമാനം തോന്നിയ നിമിഷമാണത്‌.

* ഈയിടെ കാർഷികവൃത്തിയിലേക്ക്‌ തിരിഞ്ഞതായി വാർത്ത കണ്ടല്ലോ?

കാർഷികവൃത്തിയിൽ വളരെ മുമ്പേ തന്നെ എനിക്ക്‌ താൽപ്പര്യമുണ്ട്‌. അഞ്ചുവർഷം മുമ്പുവരെ നെൽകൃഷി ചെയ്‌തിരുന്നു. ഇപ്പോൾ നമ്മുടെ മണ്ണിന്‌ അന്യമായ ആപ്പിളും മുന്തിരിയുമെല്ലാം ഞാൻ എന്റെ വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നുണ്ട്‌. കാർഷിക വൃത്തിയിൽ നിന്ന്‌ എനിക്ക്‌ വളരെയധികം മാനസികാരോഗ്യം ലഭിക്കുന്നുണ്ട്‌.

* പുരസ്‌കാരങ്ങൾ?

‘76ൽ നാട്യസംഘം ബഹുമതി, ’89-ൽ കലാമണ്ഡലം അവാർഡ്‌, ‘96-ൽ കേരള സംഗീത നാടക അക്കാദമി അവാർഡ്‌, ’99-ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്‌, 2000-ൽ കളഹംസം അവാർഡ്‌.

* ഇന്നത്തെ കളരിയുടെ അവസ്ഥയെക്കുറിച്ച്‌?

‘പരപ്പ്‌ കൂടുന്തോറും ആഴം കുറയുന്നു’ എന്നതാണ്‌ ഇന്നത്തെ കളരിയുടെ അവസ്ഥ. കഠിനാധ്വാനം ചെയ്യാൻ പുതുതലമുറ വൈമുഖ്യം കാണിക്കുകയാണ്‌. പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രമായാണ്‌ ഇന്ന്‌ പലരും രംഗത്തേക്ക്‌ വരുന്നത്‌. എല്ലാരംഗത്തുമുളള മൂല്യശോഷണം ഇവിടെയുമുണ്ട്‌.

* കലാകാരൻമാരുടെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച്‌?

കലാകാരൻമാർ ജനങ്ങളിൽ നിന്നകന്ന്‌ ദന്തഗോപുരത്തിൽ വസിക്കേണ്ടവരല്ല. അവർ ജനങ്ങളുടെ ഇടയിൽ ജീവിക്കേണ്ടവരാണെന്നാണ്‌ എന്റെ അഭിപ്രായം. സമൂഹത്തെ ശരിയായ ദിശയിൽ നയിക്കാൻ കലാകാരൻമാർക്ക്‌ കഴിയണം. സമൂഹത്തിൽ ഛിദ്രശക്തികൾ തലയുയർത്തുമ്പോൾ അവയെ അടിച്ചൊതുക്കാൻ അവർ മുന്നിട്ടിറങ്ങണം.

Generated from archived content: interview1_apr21.html Author: oorali_jayaprakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English