വേറിട്ടൊരു ശബ്‌ദസാന്നിധ്യം – കലാമണ്ഡലം ഹൈദരാലി

കഥകളി അരങ്ങുകളിൽ വേറിട്ടൊരു ശബ്‌ദത്തിന്‌ ഉടമയായ കലാമണ്ഡലം ഹൈദരാലി തന്റെ കലാജീവിതത്തിൽ നാല്‌ പതിറ്റാണ്ട്‌ പിന്നിട്ടിരിക്കുകയാണ്‌. വടക്കാഞ്ചേരിയിലെ മൊയ്‌തൂട്ടിയുടെയും ഫാത്തിമയുടെയും മകനായ ഹൈദരാലി, കേരളീയ കലകളുടെ ശ്രീകോവിലായ, കേരള കലാമണ്ഡലത്തിൽ എത്തിയത്‌ തന്റെ പതിനൊന്നാമത്തെ വയസ്സിലാണ്‌. ഏഴുവർഷം നീണ്ട പഠനത്തിനിടയിൽ അദ്ദേഹത്തിന്‌ പല കടമ്പകളും കടക്കേണ്ടിവന്നു. ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തുമായി അദ്ദേഹം ധന്യമാക്കിയ അരങ്ങുകൾ നിരവധി. കർണ്ണാടക സംഗീതവും തനിക്ക്‌ നന്നായി വഴങ്ങുമെന്ന്‌ അദ്ദേഹം ഈയിടെ തെളിയിച്ചു. തൃശൂരിനടുത്ത്‌ കുമരനെല്ലൂരിലുളള വസതിയിൽ വച്ച്‌ അദ്ദേഹം തന്റെ മനസ്സ്‌ തുറക്കുന്നു.

* കേരളീയരുടെ കഥകളി ആസ്വാദനത്തെ എങ്ങനെയാണ്‌ വിലയിരുത്തുന്നത്‌?

നടൻമാരെ കേന്ദ്രീകരിച്ച്‌ സിനിമകൾ ഓടുന്നതുപോലെയാണ്‌ ഇന്ന്‌ കഥകളിയുടെ അവസ്ഥ. മോഹൻലാലിന്റെ പടം, ദിലീപിന്റെ പടം എന്നെല്ലാം പറഞ്ഞ്‌ പ്രേക്ഷകർ തിയേറ്ററിലേക്ക്‌ പോകുന്നതുപോലെ കലാമണ്ഡലം ഗോപിയുടെ അല്ലെങ്കിൽ കോട്ടയ്‌ക്കൽ ശിവരാമന്റെ വേഷമുണ്ടെങ്കിൽ കളി കാണാം എന്ന തീരുമാനത്തിലാണ്‌ ആസ്വാദകർ. ആസ്വാദനം വ്യക്ത്യാധിഷ്‌ഠിതമായി മാറിയിരിക്കുന്നു. മഹാനടൻമാരുടെ വേഷമില്ലെങ്കിലും, എന്റെ സംഗീതമില്ലെങ്കിലും കളി കാണാൻ ആസ്വാദകർ തയ്യാറാകണം.

* പത്രമാധ്യമങ്ങൾ കഥകളിക്ക്‌ അർഹമായ പ്രാധാന്യം നൽകുന്നുണ്ടോ?

പത്രമാധ്യമങ്ങൾ കഥകളിയോട്‌ തികഞ്ഞ അവഗണനയാണ്‌ കാണിക്കുന്നത്‌. മുമ്പ്‌ കോഴിക്കോട്‌ നടന്ന മലബാർ മഹോൽസവത്തിൽ അവതരിപ്പിക്കപ്പെട്ട പരിപാടികളിൽ കഥകളി ഒഴികെ എല്ലാറ്റിനും അർഹവും അനർഹവുമായ വാർത്താപ്രാധാന്യമാണ്‌ പത്രങ്ങൾ നൽകിയത്‌. തുഞ്ചൻപറമ്പിലും ഇതുതന്നെയായിരുന്നു അവസ്ഥ. കളി നടക്കുന്നുണ്ടെന്ന അറിയിപ്പുപോലും പത്രങ്ങൾ നൽകുന്നില്ല.

* കഥകളി അധികവും നടക്കുന്നത്‌ ക്ഷേത്രങ്ങളിലാണ്‌. താങ്കൾക്ക്‌ മിക്ക ക്ഷേത്രങ്ങളിലും പ്രവേശനവും ഇല്ല?

തെക്കൻ കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഞാൻ പാടിയിട്ടുണ്ട്‌. ഹരിപ്പാട്‌ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിൽ 25 വർഷമായി ഞാൻ അരങ്ങിലെത്തുന്നു. ചെങ്ങന്നൂർ, മാവേലിക്കര, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലെ മിക്ക ക്ഷേത്രങ്ങളിലും ഞാൻ കളിക്ക്‌ പാടാറുണ്ട്‌. ആ ക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠയുടെ ശക്തിയാണ്‌ എന്നെ സഹായിക്കുന്നത്‌ എന്നാണെന്റെ വിശ്വാസം.

* ഈയിടെ കർണാടക സംഗീതകച്ചേരി അവതരിപ്പിച്ചതായി കേട്ടല്ലോ?

ഞാൻ കർണാടക സംഗീതം ശാസ്‌ത്രീയമായി പഠിച്ചിട്ടുണ്ട്‌. പി.ഐ. ശങ്കരവാരിയർ, എം.കെ.പി.ദേവ്‌ എന്നിവരായിരുന്നു ഗുരുക്കൻമാർ. ഈയിടെ കോഴിക്കോട്‌ ഒരു വേദി കിട്ടിയപ്പോൾ അരങ്ങേറ്റം നടത്തി.

* ഗുരുക്കൻമാരുടെ സ്വാധീനം എങ്ങനെയാണ്‌?

ബഹുമാന്യരായ എന്റെ ഗുരുക്കൻമാർ, കലാമണ്ഡലം നീലകണ്‌ഠൻനമ്പീശൻ ആശാനും ശിവരാമൻ നായരാശാനും, എന്റെ കലാജീവിതത്തെയും വ്യക്തി ജീവിതത്തേയും ഏറെ സ്വാധീനിച്ചവരാണ്‌. ഉച്ചനീചത്വങ്ങൾ പരകോടിയിലെത്തിയിരുന്ന കാലത്താണ്‌ ഞാൻ കലാമണ്ഡലത്തിലെത്തിയത്‌. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും അവിടെ പിടിച്ചുനിൽക്കാനുളള ധൈര്യം തന്നത്‌ അവരാണ്‌. 43 വർഷം മുൻപ്‌ കലാമണ്‌ഡലത്തിൽ ഒരു മുസ്ലീം വിദ്യാർത്ഥിയുടെ അരങ്ങേറ്റം നടത്താൻ കലാമണ്ഡലം അധികൃതർ തയ്യാറായത്‌ ഇവരുടെ പരിശ്രമം മൂലമാണ്‌.

* കഥകളി സംഗീതത്തിൽ സ്വന്തമായ ശൈലി രൂപപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടോ?

എന്റേതായ ഒരു ശൈലി രൂപപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്‌. നടൻമാരുടെ അഭിനയത്തികവിനും പൂർണ്ണതയ്‌ക്കും ഉതകുന്നവിധത്തിൽ സംഗീതാലാപനം നടത്താനാണ്‌ എന്റെ ശ്രമം. അരങ്ങിൽ നിന്നോ കാസറ്റിൽ നിന്നോ എന്റെ പാട്ട്‌ കേൾക്കുമ്പോൾ ശബ്‌ദം എന്റേതാണെന്ന്‌ ആസ്വാദകർ തിരിച്ചറിയണമെന്ന്‌ എനിക്ക്‌ നിർബന്ധമുണ്ട്‌.

* പുതിയ ഗായകരിൽ പ്രതീക്ഷയില്ലേ?

പുതിയ പാട്ടുകാരിൽ കഴിവുളളവർ നിരവധിയാണ്‌. കഠിനാധ്വാനത്തിലൂടെ ജീവിതവിജയം കൈവരിക്കാൻ ശ്രമിക്കുന്നവർ. പത്തിയൂർ ശങ്കരൻകുട്ടി, രാജീവൻ, ബാബു നമ്പൂതിരി, കോട്ടയ്‌ക്കൽ മധു, കോട്ടയ്‌ക്കൽ നാരായണൻ എന്നിവർ അക്കൂട്ടത്തിൽ പെടും.

* എന്തുകൊണ്ടാണ്‌ സിനിമയിൽ ഭാഗ്യപരീക്ഷണം നടത്താത്തത്‌?

സിനിമയിൽ പാടുന്നതിന്‌ മുപ്പത്‌ വർഷം മുമ്പ്‌ യശഃശരീരനായ അരവിന്ദൻ എന്നെ വിളിച്ചതാണ്‌. എന്നാൽ തിരക്കുമൂലം സാധിച്ചില്ല. പിന്നീട്‌ പി.ജി.വിശ്വംഭരൻ വിളിച്ചപ്പോഴും പോകാൻ കഴിഞ്ഞില്ല. എന്നാൽ ‘രാഗം’ എന്ന സിനിമയിലേക്ക്‌ എം.ടി. വിളിച്ചപ്പോൾ കഥകളിപ്പദങ്ങൾ പാടി.

* എം.ജി.ശ്രീകുമാറിനെ ‘സ്വരശുദ്ധിയില്ലാത്ത ഗായകൻ’ എന്ന്‌ താങ്കൾ വിശേഷിപ്പിച്ചതായി വാർത്ത കണ്ടല്ലോ?

അത്‌ പത്രങ്ങൾ വളച്ചൊടിച്ചുണ്ടാക്കിയ വാർത്തയാണ്‌. എടപ്പാളിൽ, ഒരു സെമിനാറിൽവെച്ച്‌, സിനിമാപാട്ടുകളിൽ ധാരാളം അബദ്ധങ്ങൾ കടന്നുവരുന്നതിനെക്കുറിച്ച്‌ പറഞ്ഞപ്പോൾ എം.ജി.ശ്രീകുമാർ ‘സ്വാമിനാഥാപരിപാലയാശുമാം’ എന്നതിന്‌ ‘സ്വാമിനാഥ പരിപാലയാസുമാം’ എന്നാണ്‌ പാടാറുളളതെന്ന്‌ ഞാൻ സൂചിപ്പിക്കുകയുണ്ടായി. ബാക്കി പത്രങ്ങളുടെ സംഭാവനയാണ്‌.

Generated from archived content: inter1_may12.html Author: oorali_jayaprakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here