ദുഃഖിത മനസ്സുകൾക്ക്‌ ഉജ്ജീവനം

ശ്രീമതി ബിന്ദു ആർ. തമ്പി സ്വന്തം കവിതാസമാഹാരത്തിന്‌ ‘സഞ്ഞ്‌ജീവനി’ എന്ന്‌ നാമകരണം ചെയ്യുമ്പോൾതന്നെ ഒരു കാര്യം വ്യക്തമാണ്‌. കവിത ദുഃഖിത മനസ്സുകൾക്ക്‌ ഉജ്ജീവനമാകണം. അത്‌ കവിതയുടെ അലിഖിത ധർമ്മമാണ്‌. അത്‌ സ്വന്തം കവിതയിലൂടെ നിറവേറ്റുക എന്നത്‌ കവിയുടെ നിയോഗമാണ്‌. ആ നിയോഗം നിറവേറ്റുന്നതിന്‌ സന്നദ്ധമായൊരു കവിമനസ്സിന്റെ സ്‌പന്ദനം ഈ സമാഹാരത്തിലെ കവിതകൾക്കു പിന്നിൽ നിപുണശ്രോത്രങ്ങൾക്ക്‌ കേൾക്കാനാവൂ.

ഇന്ന്‌ കവികൾ പോലും കൈവിട്ടുകളയുന്നതിന്‌ മടിക്കാത്ത വൃത്തവും താളവുമൊക്കെയുള്ള കവിതകളാണിവ. നമ്മുടെ കവിത, എന്നു പറഞ്ഞാൽ ഭാരതീയ കവിത, അതീതകാലം മുതൽക്കേ നിരവധി നൂറ്റാണ്ടുകളായി ഗേയമായൊരു പദഘടനയിലാണ്‌ രൂപം കൊണ്ടിട്ടുള്ളതെന്ന്‌ ചരിത്രസത്യമാണ്‌. അത്‌ മന്ത്രഗീതമാവാം; സ്വച്ഛന്ദഗതിയായ ഗ്രാമീണ ഗീതമാവാം; താരസ്വരത്തിലുള്ള സംഗീതമാവാം; ഏകാന്തതയിലാരോ ആത്മസുഖത്തിനായി പാടിപ്പോകുന്ന ഈരടിയാകാം; ഒരു സമൂഹത്തിന്റെയാകെ ആഹ്ലാദവും ആതങ്കവുമൊക്കെ നിറഞ്ഞുനിൽക്കുന്ന ‘ജനഗാഥ’യാകാം; അതിൽത്തന്നെ ‘വീരഗാഥ’യോ ‘വിലാപഗീതമോ ആവാം. ഇവയൊക്കെ ചിട്ടപ്പെടുത്തി കള്ളികളിലൊതുക്കിവച്ച വൃത്തശാസ്‌ത്ര (prosody)ത്തെ ഉല്ലംഖിച്ചുകൊണ്ടുള്ള പുതിയ ശീലുകളും കാലാകാലങ്ങളിലുണ്ടായിട്ടുണ്ട്‌. എന്തുതന്നെയായാലും, അവക്കൊരു ’ഗേയസ്വഭാവം‘ ഉണ്ടായിരുന്നു എന്നതാണ്‌ ശ്രദ്ധിക്കേണ്ട വസ്‌തുത. ആലപിക്കപ്പെട്ടിട്ടില്ലെങ്കിൽപോലും, ആ കവിതകളിൽ സംഗീതം ഉറങ്ങിക്കിടന്നിരുന്നു. അതിനെ ചോർത്തിക്കളയാനുള്ള ഒരു ശ്രമം കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലിവിടെ ഉണ്ടായി. ഇന്ത്യൻ കവിതയിലാകെയുണ്ടായി. അതിന്റെ പിന്നിലെ പ്രേരണകൾ മുഖ്യമായും രണ്ടായിരുന്നു. ഒന്ന്‌, നാമറിയാതെതന്നെ നമ്മിലുറച്ചുപോയ കൊളോണിയൽ മനോഭാവം. എഴുത്തച്ഛനെയും പൂന്താനത്തെയും പറ്റിയൊക്കെ നാലുപേർ കൂടുന്നിടത്തിരുന്നു സംസാരിക്കുന്നതിലെന്തോ ഒരു ’ഒരു കുറവ്‌‘ – എന്നാൽ, എലിയട്ടെന്നോ എസ്രാ പൗണ്ടെന്നോ ഒക്കെപ്പറമ്പോളൊരു ’മാന്യത‘. അങ്ങനെ, സ്വാതന്ത്ര്യലബ്‌ധിക്കുശേഷം, സാക്ഷാൽ യൂണിയൻ ജാക്ക്‌ കൊടി അഴിച്ചുമാറ്റിയതിനുശേഷം, ഇവിടെ സാഹിത്യസാംസ്‌കാരിക മേഖലകളിൽ അധിനിവേശം പുതിയ വഴികൾ കണ്ടെത്തി. പാശ്ചാത്യ കവിത, പാശ്ചാത്യ സാഹിത്യദർശനങ്ങൾ, പാശ്ചാത്യ സാഹിത്യ മര്യാദകൾ – ഇവയൊക്കെ നാം പഠിക്കുകയും അറിയുകയും ചെയ്യണമെന്നതിനപ്പുറം, നമ്മുടെ സർഗ്ഗാത്മകത അവർക്ക്‌ വിധേയമായി നില്‌ക്കണമെന്ന ഒരു മനോഭാവം. എലിയട്ടിന്റെ ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവിനെപ്പറ്റി അമേരിക്കൻ സർവ്വകലാശാലയിൽ പ്രസംഗിച്ചുകൊണ്ടു നിന്ന ഒരു ഇന്ത്യൻ ഇംഗ്ലീഷ്‌ പ്രൊഫസറോട്‌, താരതമ്യസാഹിത്യപഠനം നടത്തുന്ന, ഒരു അമേരിക്കൻ വിദ്യാർത്ഥി ഭരതന്റെ നാട്യശാസ്‌ത്രത്തിലെ വിഭാവനാനുഭവസങ്കല്‌പത്തോട്‌ അത്‌ ചേർത്തു പറയാമോ എന്നു ചോദിച്ചപ്പോൾ ഇന്ത്യൻ പ്രൊഫസർ നഗരമധ്യത്തിൽ നട്ടുച്ചയ്‌ക്കിറങ്ങിയ കുറുക്കനെപ്പോലെ അന്തംവിട്ടു നിന്നുപോയി എന്നാണ്‌ കേൾവി- രണ്ടാമത്തെ പ്രേരണ – ഈ നാടൻ പാട്ടുകളും, ദ്രാവിഡശീലുകളും, താളങ്ങളുമൊന്നും തൊട്ടശുദ്ധമാക്കാത്ത ഒരു സാധനമാണ്‌ കവിതയെന്നും, അത്‌ മാത്രമാണീ നൂറ്റാണ്ടിന്റെ കവിതയെന്നും സ്‌ഥാപിച്ച്‌ പൈതൃകവിജ്ഞാനം കൊണ്ടു അലോസരപ്പെടുത്താത്ത ’ക്ലീൻ‘ സ്‌ളേറ്റിലെഴുതിയ കവിതകൾ അരങ്ങു തകർക്കുന്നതിനു കാരണമായി. (ആരോഗ്യപരമായ ആധുനികതയെ അതിന്റെ അർത്ഥഗൗരവത്തോടെ ഇവിടെ വരവേറ്റ വിരലിലെണ്ണാവുന്നവരെ ഒഴിവാക്കിക്കൊണ്ടാണിതു പറയുന്നത്‌. ഇന്നു ഒരു സച്ചിദാനന്ദനോ ആറ്റൂരോ, ശങ്കരപ്പിള്ളയോ പുതിയ കവിതയുടെ ദീപ്‌തമുഖമായി സാന്നിധ്യമറിയിക്കുന്നു എന്നത്‌ അതർഹിക്കുന്ന പ്രാധാന്യത്തോടെ സ്‌മരിക്കട്ടെ) ഞാനിത്‌ നീട്ടുന്നില്ല. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ നല്ല അറിവുനേടുകയും അതു പഠിപ്പിക്കുകയും തൊഴിലാക്കുകയും ചെയ്‌തിട്ടുള്ള ഈ കവയിത്രി സ്വച്ഛന്ദസുന്ദരമായ ഭാഷാശീലുകളിലെഴുതിയ ഈ കൃതികൾ ആഹ്ലാദകരമായി തോന്നി.

ഇംഗ്ലീഷ്‌ നമുക്ക്‌ വിശ്വസംസ്‌കൃതിയുടെ നേർക്കു തുറന്നിട്ടൊരു ജാലകമാണ്‌. അതിലൂടെ കടന്നുവരുന്ന കാറ്റും വെളിച്ചവും നമ്മുടെ സഞ്ചിത സംസ്‌കാരത്തിലലിഞ്ഞു ചേരട്ടെ. അല്ലാതെ നമ്മൾ മറ്റൊരു സംസ്‌കാരത്തിന്റെ അധിനിവേശതടങ്ങളായി മാറാതെയിരിട്ടെ. ബിന്ദുവിന്‌ ആസ്വാഭിമാനം തന്റെ കൃതികളിൽ തെളിഞ്ഞു നിൽക്കുന്നതിൽ വേണ്ടത്ര ശ്രദ്ധയുണ്ട്‌. ബിന്ദുവിന്റെ വരികൾ തന്നെ അതിന്‌ ’സാക്ഷ്യം‘ കുറിക്കുന്നു.

വരിക സോദരാ, പൊൻകതിർ ഗന്ധമേ

റ്റുഴവുപാട്ടിലുണർന്നൊരീ വീഥിയിൽ

എറിയുകാപ്പാദുകങ്ങൾ, പാദങ്ങളാ-

ലറിക മണ്ണിന്റെയാനന്ദലാളനം.

കനിയുമീമണ്ണിലാണു നാം വേരുകൾ

ഇവിടെയൂന്നണം മണ്ണിന്റെ മക്കളായ്‌.

സ്വന്തം പദങ്ങൾക്കൊണ്ട്‌ (കാലടികൊണ്ടന്നും വാക്കുകൾകൊണ്ടെന്നും പൊരുൾപൊരുത്തം ശ്രദ്ധിക്കുക) മണ്ണിന്റെ ആനന്ദലാളനമറിയൂ എന്നു പറയുന്ന ബിന്ദുവിന്‌ എന്റെ ഹൃദയംഗമമായ ആനന്ദത്തിന്റെ ഒരു പൂച്ചെണ്ട്‌ നല്‌കുന്നു.

കൂടുതൽ ’പാകവിജ്ഞാനമാർജ്ജിച്ച്‌‘ സ്വന്തം മണ്ണിൽ കരുത്തുറ്റ വേരുകൾ കൊണ്ടുറച്ചുനിന്ന്‌ ആകാശത്തേക്ക്‌ ഊർദ്ധ്വബാഹുവായിനിന്ന്‌ ഉച്ചശ്രുതിയിൽ ഉദാരസ്വരത്തിൽ പാടുവാൻ ബിന്ദുവിന്‌ കഴിയട്ടെ.

സഞ്ഞ്‌ജീവനി

ഗ്രന്ഥകർത്താഃ ബിന്ദു ആർ. തമ്പി

വില 50 രൂപ, പേജ്‌ 80

പ്രസാധനം – ജീവൻ പബ്ലിക്കേഷൻസ്‌

Generated from archived content: vayanayute37.html Author: onv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here