സ്വാതന്ത്ര്യസമരസേനാനി, പുസ്‌തകപ്രസാധനരംഗത്തെ കുലപതി, എഴുത്തുകാർക്ക് സ്വന്തം കാലിൽ നില്‌ക്കാൻ ആത്മധൈര്യം നല്‌കിയ മഹാനായ വ്യക്തി, നർമ്മബോധമുളള എഴുത്തുകാരൻ, കൃതിനിഷ്‌ഠ പാലിക്കുന്നതിൽ കണിശക്കാരൻ, ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ശില്‌പികളിലും പ്രമുഖൻ, മലയാളിയുടെ വായനശീലം വളർത്തിയ പ്രസാധകൻ, ഗാന്ധിയൻ മൂല്യങ്ങൾ കൈവിടാതെ മുറുകെപ്പിടിച്ചയാൾ-അങ്ങനെ ഡിസിയുടെ സങ്കീർണ്ണമായ വ്യക്തിത്വത്തിന്റെ വൈശിഷ്‌ട്യങ്ങൾ അനുസ്‌മരിക്കപ്പെട്ടു-സത്യത്തിൽനിന്ന് അണുവും വ്യതിചലിക്കാത്ത അനുസ്‌മരണങ്ങളായിരുന്നു അവ. ഡിസിയെപ്പോലെ അത്രയേറെ വൈവിധ്യമാർന്ന സേവനരംഗങ്ങളിൽ വ്യാപരിച്ചവർ അപൂർവ്വമാണ്. വായിക്കുക, വായിപ്പിക്കുക, വായിക്കാൻ വേണ്ട വക ഭംഗിയായി ഒരുക്കിത്തരിക, എഴുത്തുകാരന് അവന്റെ ധൈഷണികസ്വത്തിന്മ്ളള ന്യായമായ അവകാശം അംഗീകരിക്കപ്പെടുന്ന കാലാവസ്ഥ സൃഷ്‌ടിക്കുക-ഈ വക കാര്യങ്ങളിൽ ഒരേ സമയം ക്ഷീണിക്കാത്ത മനീഷയോടെ വ്യാപരിച്ച മനുഷ്യസ്‌നേഹിയായിരുന്നു ഡി.സി. ഇത് നമ്മുടെ അനുഭവസത്യമാക്കിക്കൊണ്ട് ജീവിച്ചപ്പോൾ ഡിസി എല്ലാവരിലും സ്‌നേഹത്തിന്റെ നിലാവു പെയ്‌തു. അങ്ങനെ തന്റെ ദൗത്യം അന്തസ്സായി നിറവേറ്റി ഒരു സൂര്യാസ്‌തമയത്തിന്റെ തേജസ്സോടെ അദ്ദേഹം മൃത്യുതമസ്സിലേക്ക് മെല്ലെ മെല്ലെ അപ്രത്യക്ഷമാവുകയാണുണ്ടായത്.
എഴുത്തുകാർക്ക് മുപ്പതുശതമാനം റോയൽറ്റി നല്‌കുന്ന, എഴുത്തുകാർതന്നെ നടത്തുന്ന ഒരു സ്ഥാപനം എന്ന നിലയ്‌ക്ക് സാഹിത്യപ്രവർത്തക സഹകരണസംഘം ഇന്ത്യയിലെന്നല്ല, ലോകത്തുതന്നെ ഒരു അത്ഭുതമായിരുന്നുു. ആ അത്ഭുതം സൃഷ്‌ടിച്ചവരുടെ കൂട്ടായ്‌മയിൽ ഡിസി പ്രമുഖസ്ഥാനത്താണ്-കാരൂർ സാറിനോടും പോൾ സാറിനോടുമൊപ്പം. ബഷീർ, തകഴി, പൊൻകുന്നം വർക്കി തുടങ്ങിയ എഴുത്തുകാരുമായുളള ഡിസിയുടെ ചങ്ങാത്തം സംഘത്തെ കെട്ടിപ്പടുക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. നീണ്ട സൗഹൃദത്തിനിടയിൽ ഡിസി ഓരോ എഴുത്തുകാരെൻയും മനസ്സിലവശേഷിപ്പിച്ചുപോയത് ഓർമ്മയുടെ സുഗന്ധമാണ്. ഡിസി ബുക്‌സ് ആരംഭിച്ചതിനുശേഷമാണ് ഞാൻ ഡിസിയുമായി വളരെ അടുപ്പത്തിലാവുന്നത്. ആ അടുപ്പം നാൾക്കുനാൾ വളരുകയായിരുന്നു. കവിതയ്‌ക്കു വായനക്കാരില്ല എന്നത് ഒരു വായ്‌ത്താരിപോലെ കേൾക്കാൻ തുടങ്ങിയ കാലത്ത് എന്റെ കവിതാപുസ്‌തകങ്ങൾക്ക് അടുത്തടുത്ത് പലേ പതിപ്പുകൾ പുറത്തുകൊണ്ടുവന്നത് ഡിസി ബുക്‌സിലൂടെയാണ്, ‘ഭൂമിക്കൊരു ചരമഗീതം’ മുതൽ ‘ഉജ്ജയിനി’ ഉൾപ്പെടെ ‘ഭൈരവന്റെ തുടി’വരെയുളള എന്റെ സമീപകാല കൃതികൾ വായനക്കാരിലെത്തിക്കുന്നതിൽ ഡിസി വഹിച്ച പങ്ക് വെറുമൊരു പ്രസാധകന്റേതിനുമപ്പുറം, സ്‌നേഹവാത്സല്യങ്ങളുളള ഒരു കാരണവരുടേതായിരുന്നു എന്നു പറയാൻ ഞാനാഗ്രഹിക്കുന്നു. എഴുത്തുകാരന്റെയും, അയാളുടെ വായനക്കാരന്റെയും ആവശ്യവും താത്‌പര്യവും മനസ്സിലാക്കി അവയെ പാകവിജ്ഞാനത്തോടെ കൂട്ടിയിണക്കുന്നതിൽ ഡിസി പ്രകടിപ്പിച്ച ശ്രദ്ധ അതുല്യശോഭമായിരുന്നു-സ്‌നേഹവാത്സല്യങ്ങളെ ഒരുതരം ഉദാത്തനിസ്സംഗതയിൽ ഒളിപ്പിച്ചുവയ്‌ക്കുകയും കർമ്മരംഗത്തെത്തുമ്പോൾ കോരിച്ചൊരിയുകയും ചെയ്യുന്ന പ്രകൃതമയിരുന്നു ഡിസിയുടേത്.
ഗുണ്ടർട്ട് അനുസ്‌മരണസമ്മേളനത്തിൽ പങ്കെടുക്കാൻ പോയ കേരളീയ സുഹൃത്തുക്കളിൽ ഡിസിയും ഉണ്ടായിരുന്നു. ജീവിതചര്യയിൽ, ആഹാരരീതിയിൽ വിശേഷിച്ചും, ഡിസി പുലർത്തിയ നിഷ്‌ഠകൾ നേരിട്ടറിയാൻ അന്നാണവസരമുണ്ടായത്. സസ്യാഹാരമേ കഴിക്കൂ എന്ന നിർബന്ധം പുലർത്തുന്ന ഡിസിയെക്കുറിച്ച് ഒരു ജർമ്മൻ സുഹൃത്ത് നർമ്മരസത്തോടെ എന്നു പരാമർശിച്ചത് കൂട്ടച്ചിരിക്കിടയാക്കി. -ഇന്നത് ആലോചനാമൃതമായി തോന്നുന്നു. ദേശാഭിമാനവും ഭാഷാഭിമാനവും സേവനോത്സുകതയും കത്തിജ്ജ്വലിച്ച ഒരു കാലഘട്ടത്തിന്റെ മൂല്യബോധം ഡിസിയിൽ അവസാനിക്കാതിരിക്കട്ടെ എന്ന് നമുക്കാശിക്കാം, പ്രാർത്ഥിക്കാം.
Generated from archived content: essay-sept16.html Author: onv