സത്യസൗന്ദര്യങ്ങളുടെ കവിത

അരനൂറ്റാണ്ടുമുമ്പ്‌ കൈക്കുടന്നയിലൊരു മുത്തുച്ചിപ്പിയുമായി മലയാള കവിതയിലേക്ക്‌ കടന്നുവന്ന സുഗതകുമാരി എന്ന യുവകവയിത്രി അന്നുതന്നെ ലബ്‌ധപ്രതിഷ്‌ഠരായ കവികൾക്കൊപ്പം ശ്രദ്ധേയയായി. തുടർന്നെഴുതിയ ഓരോ കവിതയിലൂടെയും ഈ കവയിത്രി കാണെക്കാണെ പൊക്കം വയ്‌ക്കുന്നൊരു പൂമരംപോലെ വളരുകയായിരുന്നു; പക്ഷിക്കും പഥികനും മാത്രമല്ല, കാറ്റിനുപോലും വാത്സല്യം പകർന്നുനല്‌കുന്നൊരു തണൽമരമായി പരിണമിക്കുകയായിരുന്നു. ഈ മണ്ണിലെ പൂവും പുൽനാമ്പും മുതൽ പീഡിതമനുഷ്യർവരെയുൾക്കൊളളുന്ന ഒരു വിശാലസൗഭ്രാത്രത്തിനു നടുവിൽ സ്വയം ഇടംതേടുകയും അവിടെയിരുന്നുകൊണ്ട്‌ അപാരതയെ നോക്കി സ്‌നേഹാതുരമായി പാടുകയും ചെയ്യുന്ന ഈ കവയിത്രി സസ്യജന്തു മനുഷ്യപ്രകൃതികളുടെ പ്രഗാഢമായ പാരസ്‌പര്യം പരമശോഭമാക്കുന്ന ഒരു ലോകത്തെ സ്വപ്‌നം കാണുന്നു. ആ സ്വപ്‌നഭൂമിയിൽ കുറിഞ്ഞിപ്പൂക്കൾ ഊഴം തെറ്റാതെ വിരുന്നുവരുന്നു. രാത്രിമഴ സംഗീതം പെയ്യുന്നു. തുറക്കാത്ത നടയുടെ വാതിൽപ്പടിമേൽ ദേവദാസി നിസ്വാർത്ഥനൈവേദ്യമർപ്പിക്കുന്നു. അട്ടപ്പാടിയെയും പട്ടുടുപ്പിക്കാൻ സ്‌നേഹത്തിന്റെ തുലാവർഷപ്പച്ച തഴയ്‌ക്കുന്നു. അമ്പലമണിയുടെ ആർത്തനാദവും സംഗീതമാവുന്നു. പിന്നെ ആരോ ‘പ്രേമ’മെന്നു മണലിലെഴുതിയത്‌ കടൽ മായ്‌ക്കുന്നതും നോക്കി നില്‌ക്കുന്നു. അഗാധവും തീവ്രവുമായ സ്‌നേഹാതുരത്വത്തിന്റെയും ധർമ്മസങ്കടങ്ങളുടെയും പൂക്കൾ വിരിയുന്ന ജൈവസമൃദ്ധമായ ഒരു നീണ്ട താഴ്‌വരയിലേക്കത്‌ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഈ കവിതകളെപ്പറ്റി ഒറ്റവാക്യത്തിലിങ്ങനെ കുറിക്കാൻ ഞാനാഗ്രഹിക്കുന്നുഃ “സത്യവും സൗന്ദര്യവും രണ്ടല്ലെന്ന്‌ സുഗതകുമാരിയുടെ കവിതകൾ എന്നെ ഓർമ്മിപ്പിക്കുന്നു.” ‘സാഫോ’ മുതൽ സരോജിനി നായിഡുവരെയുളള എല്ലാ രാജ്യത്തെയും ചിരഞ്ഞ്‌ജീവികളായ കവയിത്രികൾക്കിടയിൽ, കാലം സുഗതകുമാരിയെ മാനിച്ചിരുത്തിയിരിക്കുന്നു.

സുഗതകുമാരിയുടെ കവിതകൾ സമ്പൂർണ്ണം, സുഗതകുമാരി, വില – 425.00, ഡി സി ബുക്‌സ്‌

Generated from archived content: bookreview2_oct12_2006.html Author: onv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here