അപരാഹ്നപുഷ്‌പങ്ങളെപ്പറ്റി അല്‌പം ചിലത്‌

എന്റെ ആദ്യകാല വിദ്യാർത്ഥികളിലൊരാളായ കുളത്തൂർ കൃഷ്‌ണൻനായർ പഠിക്കുന്ന കാലത്തുതന്നെ കവിത എഴുതുമായിരുന്നു. അദ്ധ്യാപകരുടെയും സതീർത്ഥ്യരുടെയും പ്രോത്സാഹനവും അദ്ദേഹത്തിനു ലഭിച്ചിരുന്നു. ആനുകാലികങ്ങളിൽ ഇടയ്‌ക്കിടെ കൃഷ്‌ണൻനായരുടെ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു എന്നുമോർക്കുന്നു. എന്നാൽ ഇത്രനാളും തന്റെ കവിതകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന ഒരദ്ധ്യാപകനെന്ന നിലയിൽ ദീർഘകാലം കഴിഞ്ഞിരുന്ന അദ്ദേഹമിന്ന്‌ ഔദ്യോഗിക വൃത്തിയിൽനിന്ന്‌ വിരമിച്ചതിനുശേഷമാണ്‌ “അപരാഹ്‌നത്തിന്റെ പൂക്കൾ” എന്ന ആദ്യ കവിതാസമാഹാരം പ്രകാശിപ്പിക്കുന്നത്‌. അന്വർത്ഥമാണിതിന്റെ പേരെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരവതാരികയിലൂടെ ഈ സമാഹാരവുമായി എന്നെ ബന്ധപ്പെടുത്തുവാനുളള കൃഷ്‌ണൻനായരുടെ ആഗ്രഹത്തിനു പിന്നിൽ പണ്ടത്തെ ഗുരുശിഷ്യബന്ധത്തിന്റെ പവിത്രത കണ്ട്‌ ഞാൻ സന്തോഷിക്കുന്നു.

ഓരോരോ ജീവിതാവസ്ഥകളുടെ നേർക്കുളള കവിയുടെ വാങ്ങ്‌മയ പ്രതികരണമാണ്‌ കവിതയെങ്കിൽ, കൃഷ്‌ണൻനായരുടെ കവിത തീർത്തുമതേ. ‘കൃത്യത’യിൽനിന്നുദ്ധരിക്കട്ടെഃ “മുന്നോട്ടു പോകാൻ പ്രകൃതിക്കു വ്യഗ്രത! പിന്നോട്ടു നിൽക്കുന്നു നമ്മൾ തൻ ജാഗ്രത!

വൈകുന്നു ബസ്സും വിമാനങ്ങളും പരം, വൈകുന്നു പാളത്തിലോടുന്ന വണ്ടിയും, വൈകിയെത്തുന്നു പ്രസംഗകർ വേദിയിൽ; വൈകിയേയെത്തൂ ജനകീയമന്ത്രിമാർ…”

ജീവിതത്തിലാകെ ഈ കണക്ക്‌ തെറ്റൽ താളപ്പിഴയായനുഭവപ്പെടുന്നു. ഇന്നത്തെ പൗരന്റെ ധർമ്മസങ്കടങ്ങളോടൊപ്പം, കവിതയും പകച്ചുനിൽക്കുന്നതിനുദാഹരണമാണ്‌ “തിരഞ്ഞെടുപ്പ്‌”-കവി സ്വയം ചോദിക്കുന്നു-

“ഏതിനെ തിരഞ്ഞെടുക്കേണ്ടു നാം? ജനായത്ത നീതികൾ മറക്കുന്ന സ്വാർത്ഥ താൽപര്യത്തെയോ? ഏതിനെ തിരസ്‌കരിച്ചീടണം? കൂടക്കൂടെ നീതിയിൽ മഷിതൊടും രാജ്യദൗർഭാഗ്യത്തിനെ?” ജനാധിപത്യത്തിന്റെ കൂടപ്പിറപ്പായ ഈ ധർമ്മസങ്കടത്തിലേക്ക്‌ ഉദാത്തമായ നിസ്സംഗതയോടെ കവി വിരൽ ചൂണ്ടുന്നു.

‘നഗരവികസനം’, ‘ഹർത്താൽ’, ‘കിണർ’ തുടങ്ങിയ എത്രയോ കവിതകളിലൂടെ സമകാലിക യാഥാർത്ഥ്യങ്ങളുടെ കറുപ്പും വെളുപ്പും വേർതിരിച്ചെടുത്തുകാട്ടുവാനും കവി ശ്രമിക്കുന്നു.

“കണ്ടാൽ പിരിയാത്ത പോയ തലമുറ;

കണ്ടാലറിയാത്ത പുത്തൻ തലമുറ!”

എന്ന ഒരൊറ്റയീരടി കൊണ്ട്‌ സമർത്ഥമായി തലമുറകളെ താരതമ്യപ്പെടുത്തുന്നു. ആടിനെയും പശുവിനെയും കോഴിയേയുമൊക്കെ തന്ന്‌ ഗ്രാമീണരെ തൊഴിലും വരുമാനവുമുളളവരാക്കി മാറ്റുന്ന “ആസൂത്രണ”ത്തെപ്പറ്റി നർമ്മബോധത്തിൽ ചാലിച്ച വിമർശനത്തിനും കൃഷ്‌ണൻനായരുടെ കവിതയിൽ ശ്രദ്ധേയമായ ഇടം കാണാം. “സായന്തനത്തിൽ തനിയേ” എന്നത്‌ നേർത്തൊരു നൊമ്പരം ഇഴപാകുന്ന, ഏതു ജീവിതത്തിലെയും ഒരു സായന്തനാനുഭവം തന്നെയാണ്‌. അതിന്റെ തന്നെ മറ്റൊരു തിരിനീട്ടലാണ്‌ “വാർദ്ധക്യം” എന്ന കവിത.

“വയസ്സാവുകയെന്ന-

തെത്ര ദുഃഖദം! പോന്ന

വഴികൾ വിടർത്തിയ

പൂവുകൾ കൊഴിയുമ്പോൾ…

. . . . . . . . . .

ജീവിതം പകൽപോലെ

തുടങ്ങും; പ്രകാശിക്കു-

മാവതും; മങ്ങും; പിന്നെ

സ്സന്ധ്യവന്നണഞ്ഞീടും….”

ജീവിതം ഋതുഭേദങ്ങളിലൂടെ, അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോകുന്നു. വാർദ്ധക്യം അനിവാര്യവും സ്വാഭാവികവുമായൊരു പരിണതിയാണ്‌. എങ്കിലും പലപ്പോഴും നമുക്കതുമായി പൊരുത്തപ്പെടാൻ വിഷമം തോന്നാം-ഒരു നെടുവീർപ്പോടെ നാം വിചാരിച്ചുപോകുന്നു. “വയസ്സാവുകയെന്നതെത്ര ദുഃഖദം!”

ഓരോ കവിതയും ഇതൾവിടർത്തി ആ നിറവും മണവുമൊന്നും വായനക്കാരോട്‌ പറയേണ്ടതില്ല; അത്‌ ശരിക്കും വായനക്കാരന്റെ സ്വച്ഛന്ദാസ്വാദനത്തിനു വിടേണ്ടതാണ്‌. അതിനു വിഘാതം സൃഷ്‌ടിക്കുന്നില്ല. ഓരോ കവിതയും ഒരു നല്ല മനസ്സ്‌ തുറന്നിടുന്ന കിളിവാതിലാണ്‌. അതിലൂടെ വർത്തമാനകാലത്തിന്റെ നല്ലതും തീയതുമായ കാഴ്‌ചകൾ കാണുന്നു; സദ്‌ഭാവനകളുടെ സൗഗന്ധികങ്ങൾ വിടർന്ന ഹൃദ്യസുഗന്ധം കടന്നു വരുന്നു. ആ കിളിവാതിലിലൂടെ ചക്രവാളത്തിലേക്ക്‌ നോക്കിനില്‌ക്കുക ആഹ്ലാദകരമാണ്‌. ദുഃഖവും സുഖമായി മാറുന്ന, കയ്‌പും മധുരമായി മാറുന്ന വാക്കിന്റെ ‘രാസവിദ്യ’! അതിഷ്‌ടപ്പെടുന്ന കുറച്ചുപേരെങ്കിലും ഉളളിടത്തോടം കവിത നിലനില്‌ക്കും. കൃഷ്‌ണൻ നായരുടെ സർഗോത്സാഹം വിടർത്തുന്ന ഈ അപരാഹ്നപുഷ്‌പങ്ങൾ നിങ്ങളുടെ പൂപ്പാലികയ്‌ക്കൊരലങ്കാരമാവട്ടെ എന്നാശംസിക്കുന്നു.

Generated from archived content: bookreview1_sep28_05.html Author: onv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here