ഒരു കവിത പോലും പിറക്കാതെ

ഒരു കവിത പോലും പിറക്കാതെ

ഒരു കവിതപോലും പിറക്കാതെയിന്നിന്റെ

തിരുമിഴിയടഞ്ഞുപോകുന്നു

പല കവിതയോർത്തിട്ടും ഇന്നലെകൾ മനസ്സിന്റെ

മൃതഗാനമാലപിയ്‌ക്കുന്നു.

ഒരു സ്‌മൃതിക്കുളളിലായ്‌ കനവിരുന്നാടുമൊരു

ഊഞ്ഞാലിറുന്നു വീഴുന്നു

ഒരു ബന്ധമോർമ്മയിൽ ഹവനാവശിഷ്‌ടമാം

ചുടുചാരമായിമാറുന്നു

പല വഴികളോരോന്നു മിണയുമൊരു ജീവിത-

ചുടുകാട്ടിൽ ജീവനെരിയുന്നു.*

ഒരു രാശി സംക്രമണ വേഗത്തിലൊരു ജനന-

കളനാദമിവിടെയുയരുന്നു

പല മരണ കാഹളധ്വനി വീചിവേഗത്തിൽ

ഉയിരുകൾ നേടിയകലുന്നു

ഒരു വ്യഥിത ഹൃദയത്തിലോർമ്മകളെറുമ്പായി

തെരുതെരെയിഴഞ്ഞുകയറുന്നു

പല നിരവൽ പാടി പതംവന്ന വേദനയിൽ

ഉഷഃസ്വപ്‌നമൊന്നു തെളിയുന്നു.

അതിവിദൂരത്തിലൊരു മൃഗതൃഷ്‌ണ ദാഹത്തിൻ

ശമനത്തിനായ്‌ വിളിയ്‌ക്കുന്നു

ഒരു ദുഃഖമൊരുലയന രുചിയിൽ സുഖത്തിലിട-

മുറിയാതെവാർന്നു പോകുന്നു.

Generated from archived content: poem_orukavitha.html Author: ondineshan1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English