വീണ്ടും ഒരു തിരുവോണം

പൂവരിശിൻ പൂക്കൾ കൊണ്ടൊരു

പൂത്താലമൊരുക്കി, ഇടയിൽ

പൊൻതെച്ചി നിരത്തി, നടുവിൽ

പൂതുമ്പ കണികളൊരുക്കി…

മാരിക്കോൾ കൊളളും കണ്ണുകൾ

പൂഞ്ചേല തലയാൽ തോർത്തി

ഹൃദയത്തിൻ വേപഥു നീക്കീ-

ട്ടൊരു പെൺമണിയോണം കാത്തു.

ജീവന്റെ വസന്തം തീർക്കും

നിറനാളുകൾ കൗമാരങ്ങളിൽ

പാറും ചെറുശലഭം പോലാ

മനസ്സാഴ്‌ന്നൂ ഗതകാലത്തിൽ…

തിരുവോണമിതെത്ര കഴിഞ്ഞു,

തിലകക്കുറി മായ്‌ച്ചുകളഞ്ഞീ

തെളിവില്ലാത്തംബരമതിലേ

തുണയേകിയ പ്രിയനും പോയി!

വരുമോ ഇനി പിൻപാതകളിൽ

മിഴിവേകിയ സുന്ദര രാവുകൾ?

പ്രാണന്റെ മടിയിൽ മയങ്ങിയ

മൂവന്തികൾ സുഖദമുഷസ്സുകൾ?

പൊന്നോണ കതിരോൻ പെണ്ണിൻ

അഴലാടിയ മൃദുവദനത്തിൽ

അഴകോലും കിരണ കരത്താൽ

അമൃതത്തിൻ ചെപ്പ്‌ മറിച്ചു

ഇനിയെന്തിനു ദുഃഖം, മിഥ്യയി-

തതുമാത്രമേ സത്യം നിത്യവും

ഇനിയെന്തിനു സ്‌മരണകളിൽപോയ്‌

നീർമുത്തുകൾ തേടുന്നു?

മധുവുണ്ടു മയങ്ങും കാലം

തെളിനീക്കാം തേങ്ങലകറ്റാം

ചിങ്ങ തിരുവോണ പുലരിയെ

പുല്‌കാമിനി ഗാഢം ഗാഢം…

Generated from archived content: poem_veendum_thiruvoanm.html Author: ondineshan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here