സത്യത്തിൽ ഞാൻ ഓണം ആഘോഷിക്കാറില്ല. ഇപ്പോഴത്തെ എന്റെ ജീവിതത്തിൽ ഇടപെടാത്ത ഒന്നാണ് ഓണം. ഓണം വരുന്നൂ പോകുന്നു എന്നല്ലാതെ ഓണത്തിന്റെ യാതൊരുവിധ ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ഞാൻ പങ്കുചേരാറില്ല. എങ്കിലും ലോകത്തിലെ ആരെങ്കിലും ഓണത്താൽ ആഹ്ലാദിക്കുകയും സമാധാനിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതെന്നെ സന്തോഷിപ്പിക്കും… ഞാൻ ഓണം ആഘോഷിക്കുന്നില്ലെങ്കിലും ഓണം ആഘോഷിക്കുന്ന മലയാളികൾക്ക് സമാധാനത്തിന്റേയും ആശ്വാസത്തിന്റെയും ഹൃദ്യമായ ഓണാശംസകൾ നേരുന്നു. എല്ലാവർക്കും നല്ലതുവരട്ടെ.
നിങ്ങൾക്കായി ഒരു കവിതയും കുറിക്കുന്നു….
തിരുവോണം
———–
ഗ്രാമസൗഭാഗ്യങ്ങളിൽ നിന്നുമജ്‌ഞ്ഞാനം വന-
ശ്രേണിപോൽ നിഗൂഢമാം നഗരം പൂകുന്നേരം
കാട്ടുതൃത്താവിൻ രൂക്ഷഗന്ധവും കണക്കറ്റു
പൂത്ത പാലതൻ മദഗന്ധവും ദൂരെപ്പോകെ,
നിർഗ്ഗന്ധപുഷ്‌പങ്ങൾ തൻ നഗരോദ്യാനം;തങ്ങൾ-
ക്കെത്താത്ത സ്വർണ്ണപ്പുളളിമാനിനെപ്പിടിക്കുവാൻ
എത്തുവോർ വിധേയരോടൊത്തു നാരിമാർ, ദീപ-
മുഗ്‌ദ്ധ ശോഭയാൽത്തങ്കം പൂശിയോരലംകൃതർ,
അർത്ഥകാമങ്ങൾ തീർത്ത വാതകക്കൊലക്കളം
സ്വേച്‌ഛയാ വരിച്ചൊരാമവർ തൻ മദ്ധ്യേ വീണ്ടും.
ഓണമെന്നൊരോമനപ്പേരിലുൽസവച്ചായം
മോടിയേറ്റുമീ മരക്കുതിര, അചേതനം
ചാടിലെത്തുന്നൂ, മഹാപ്രാകാരമതിൻമുന്നി-
ലാളുകൾ സാഹ്ലാദരായ് മലർക്കെത്തുറക്കുന്നു.
അറിവീലതിന്നുളളിൽച്ചുരുളും നാശം, ചുറ്റു-
മമിതാഹ്ലാദാരവസാഗരമലയ്‌ക്കുമ്പോൾ.
നാലുനാൾ വാരിക്കോരിത്തൂവിയ വെളിച്ചത്തിൻ
പാലൊളി വരുംകാലത്തിരുളായ് മാറിപ്പോകെ,
നഗരം പരാജിതം, സർവ്വ സമ്പത്തും കപ്പൽ-
പ്പട നേടുന്നൂ, പരദേശികൾ മുന്നെപ്പോലെ.
ഗ്രാമസൗഭാഗ്യങ്ങളിൽക്കുളിച്ചെത്തുമ്പോൾ, മെയ്യി-
ലാകെയഭ്യംഗം പൂണ്ടു നിൽക്കുകയല്ലോ, കടൽ-
രാജധാനിയും പുരം ചൂഴുമൈശ്വര്യങ്ങളും.
കായലെന്തോതീ? മേലേ പാറുമുൽസവക്കൊടി-
ക്കൂറയാൽ നാകം മണ്ണിൽത്താണിറങ്ങുമെന്നാണോ?
മരണം മറക്കുവാൻ മൺമറഞ്ഞവർ തന്ന
മധുവാണെന്നോ? പണ്ടു പണ്ടാണു, വിദൂരമ-
പ്പൂർവ്വസന്ധ്യകൾ; ശുദ്ധഗോമയം വൃത്താകാരം
ഭൂമിദേവിതൻ ചാന്തുപൊട്ടുപോലൊരുക്കിയും
ഭൂരിപുഷ്‌പങ്ങൾ തുമ്പക്കുടത്തിൻ ചുറ്റും വച്ചും
ഏഴതൻ മുറ്റം തമ്പുരാന്റെതെന്നൂറ്റംകൊണ്ടൂ.
കുടിലിൽ, ലക്ഷ്‌മീദേവിതന്നെയാണെഴുന്നളള-
ത്തസുരാധിപന്നന്നേയ്‌ക്കൊക്കേയുമൊരുക്കീടാൻ.
തോറ്റുപോയല്ലോ ദേവലോകമാ മഹാത്‌മാവെ-
യോർത്തമാനുഷർ ശ്രാദ്ധശുദ്ധിയാൽ ശ്രീയേന്തുമ്പോൾ.
തെളിവാർന്നൊരാത്തൃപ്ത നയനങ്ങളെ, ങ്ങിങ്ങു-
തെരുവിൽ മാരീചനെത്തിരയേ? കണ്ടെത്താതെ
ഭവനാന്തികേതിരിച്ചെത്തി, വെൺപിറാക്കൾതൻ
കുറുകൽ കെട്ടുച്ചതൻ മഹസ്സിൽ മയങ്ങുമ്പോൾ
വെയിൽചായുമ്പോ,ഴിളംതിണ്ണമേൽസ്സായംകാലം
നുകരാനിരിക്കുമ്പോൾക്കാണിക, വിശ്രാന്തിതൻ
ദിനമായ് മഹത്വത്തിൻ രക്തസാക്ഷ്യമായ് മുന്നിൽ
വിനയാന്വിതം വന്നു നിൽപതേ തിരുവോണം!
Generated from archived content: essay_onam_vijaya.html Author: onam_vijayalakshmi