വീണ്ടും ഓണത്തെ പാടിവരവേൽക്കാം…

മാനുഷരെല്ലാരും ഒന്നുപോൽ വാഴുന്ന മാവേലിക്കാലം എന്ന സ്വപ്‌നം നമ്മളിൽ ഉയർത്തെഴുന്നേൽക്കുകയും നാലാംനാൾ അത്‌ വീണ്ടും ക്രൂശിക്കപ്പെടുകയും ചെയ്യുക എന്ന ഒരു വാർഷിക പരിപാടിയായി ഓണം വീണ്ടും വരുന്നു. നമുക്കതിനെ വരവേൽക്കാം…അനിവാര്യമായതുമായി അനുരഞ്ജനത്തിൽ ഏർപ്പെടുകയാണല്ലോ അതിജീവനത്തിനുളള വഴി. ആകയാൽ ഓണമേ… പൊന്നോണമേ… എന്ന്‌ ഒരിക്കൽകൂടി പാടാം….

ഏവർക്കും ഓണാശംസകൾ…

ഒപ്പം എന്റെയൊരു കൊച്ചു ഓണക്കവിതകൂടി ——-

ഓണക്കണക്ക്‌

————-

ആടിക്കാർമഷി മാഞ്ഞു-

തെളിഞ്ഞൊരാകാശത്തി

ലാവണിനിലാവിന്റെ

പാല്‌ക്കതിരുകളായി,

മുറ്റത്തു സ്വർണ്ണപ്പട്ടു-

പോൽത്തിളങ്ങിടും കൊച്ചു-

മുക്കുറ്റിപ്പൂവായ്‌, പിന്നെ-

ത്തുമ്പയായ്‌, കറുകയായ്‌.

കദളിപ്പൂവായ്‌, പൂവിൽ

തൊട്ടു തൊട്ടില്ലെന്നപോൽ

മൃദുപാദങ്ങൾ തെന്നി-

ത്തെന്നിപ്പോം പൂത്തുമ്പിയായ്‌,

മാവിന്റെ ചോട്ടിൽ മഞ്ഞ്‌ജു-

താരുണ്യവിലാസമായ്‌,

മാവേലിപ്പാട്ടിൻ മന്ദ്ര-

മധുരതരംഗമായ്‌,

നേന്ത്രപ്പൊൻപഴത്തിന്റെ

നേർത്ത സൗരഭമായി,

നെയ്യാമ്പൽ പൂക്കും കുള-

ക്കടവിൻ കുളിർവീർപ്പായ്‌,

ഒരു നീഡത്തിൽനിന്നു

പറന്നുപോയോർ വീണ്ടു-

മൊരുനാളൊന്നിച്ചുണ്ണും

വിരുന്നിൻ മധുരമായ്‌,

ഒരിക്കൽക്കൂടി വന്നെ-

ന്നിന്ദ്രിയവാതില്‌പാളി

വലിച്ചുതുറക്കും പൊൻ-

തിരുവോണമേ, നിന്നെ

ആകണ്‌ഠമാശ്ലേഷിക്കാ-

നാവോളം പാനംചെയ്‌വാ-

നാശയുണ്ടെനിക്കാർത്തി-

യുണ്ടെനിക്കെന്നാകിലും,

മനസ്സിലോണമാസ-

ക്കടവും പലിശയും

കണക്കു കൂട്ടിക്കൂട്ടി

ഞാനിതാ മൂർച്‌ഛിക്കുന്നൂ!

Generated from archived content: essay_asamsa_onv.html Author: onam_onv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here