എം.ടിയുടെ സിനിമകൾ

മലയാളസിനിമയെ സിനിമയുടെ സ്വക്ഷേത്രത്തിലേക്ക്‌ കൊണ്ടുവന്ന തിരക്കഥാകൃത്താണ്‌ എം.ടി വാസുദേവൻനായർ. സ്‌റ്റേജിൽ അരങ്ങേറുന്ന നാടകങ്ങളുടെ തനിപ്പകർപ്പായിരുന്നു ആദ്യകാല മലയാള സിനിമകൾ. ചലച്ചിത്രഭാഷയിൽ സംവദിക്കുന്ന ഒരു തിരക്കഥാരചനാശൈലി നമ്മുടെ മുഖ്യധാരാ സിനിമയ്‌ക്ക്‌ പരിചയപ്പെടുത്തിയത്‌ എം.ടിയാണ്‌. കഥാഖ്യാന സിനിമയെ ചലച്ചിത്ര കലയുടെ ആവിഷ്‌ക്കാര സങ്കേതങ്ങളിലൂടെ നവീകരിച്ച എം.ടിയുടെ തിരക്കഥകളെ അവലംബിച്ചുണ്ടാക്കിയ ഏതാനും സിനിമകളെക്കുറിച്ചുള്ള നിരൂപണക്കുറിപ്പുകളാണ്‌ ഈ സമാഹാരത്തിൽ. ചലച്ചിത്രകലയെ സംബന്ധിച്ച കാലഹരണപ്പെട്ട ധാരണകൾ രചയിതാക്കളിലും ആസ്വാദകരിലും നിറഞ്ഞുനിന്ന ഒരുകാലത്ത്‌ ഔചിത്യദീക്ഷയുള്ള സിനിമകളുണ്ടാവണം എന്ന ആഗ്രഹത്തോടെ ചലച്ചിത്രനിരൂപണം എഴുതിപ്പോന്ന വിമർശകരിൽ പ്രമുഖനായ കോഴിക്കോടന്റെ ഈ കുറിപ്പുകൾ എം.ടി പല കാലത്തായി രചിച്ച തിരക്കഥകളെക്കുറിച്ച്‌ പുതിയ പ്രേക്ഷകർക്കും വായനക്കാർക്കും അറിവുനൽകാൻ പര്യാപ്തമാണ്‌. സിനിമകൾ പുറത്തുവന്ന കാലത്ത്‌ എഴുതപ്പെട്ട ഈ നിരൂപണക്കുറിപ്പുകൾ ഇന്നത്തെ ചലച്ചിത്ര സൗന്ദര്യശാസ്ര്ത മാനദണ്ഡങ്ങൾവെച്ചു നോക്കിയാൽ അപ്രസക്തമായിത്തോന്നാം. കോഴിക്കോടനും സിനിക്കും ഉൾപ്പെടുന്ന തലമുറയുടെ ചലച്ചിത്ര നിരൂപണസമ്പ്രദായവും ഇന്ന്‌ അപ്രസക്തമായിക്കഴിഞ്ഞിരിക്കുന്നുവെന്ന്‌ പുതിയ നിരൂപകർ വാദിച്ചേക്കാം. ഇതൊക്കെയാണെങ്കിലും, വളർച്ചയെത്താത്ത മലയാള സിനിമയുടെ പരാധീനതകൾ ചൂണ്ടിക്കാണിക്കുകയും നന്മകളെ പ്രകീർത്തിക്കുകയും ചെയ്യുവാൻ ഉത്സാഹിച്ച ആ നിരൂപ മാതൃകയ്‌ക്ക്‌ സാന്ദർഭികമായ പ്രസക്തിയുമുണ്ട്‌. എം.ടി തിരക്കഥയെഴുതിയ സിനിമകളെക്കുറിച്ചുള്ള ഈ നിരൂപണക്കുറിപ്പുകൾ സമാഹരിക്കുന്നതിലെ ഔചിത്യവും അതാണ്‌.

ഈ പുസ്തകത്തിന്റെ മുദ്രണം നടന്നുകൊണ്ടിരിക്കെയാണ്‌ കോഴിക്കോടന്റെ വിയോഗമുണ്ടായത്‌. താനേറെ ഇഷ്ടപ്പെടുന്ന എം.ടി വാസുദേവൻനായരെക്കുറിച്ചുള്ള ഈ പുസ്തകം പുറത്തുവന്നു കാണാൻ കോഴിക്കോടൻ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ പുസ്തകരൂപത്തിൽ ഇത്‌ കാണുവാൻ അദ്ദേഹത്തിന്‌ നിർഭാഗ്യവശാൽ കഴിഞ്ഞില്ല. കോഴിക്കോടൻ എന്ന ചലച്ചിത്രനിരൂപകനെ സ്നേഹാദരപൂർവം ഓർമിച്ചുകൊണ്ട്‌ ഈ സമാഹാരം വായനക്കാർക്ക്‌ സമർപ്പിക്കുകയാണ്‌.

എം.ടിയുടെ സിനിമകൾ – കോഴിക്കോടൻ

പ്രസാ ഃ മാതൃഭൂമി ബുക്സ്‌

വില ഃ 100രൂ.

പുസ്തകം വാങ്ങുവാൻ സന്ദർശിക്കുക “www.dcbookstore.com”

Generated from archived content: book1_nov13_07.html Author: ok_johney

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here