നർമത്തിന്റെ നാട്യഗൃഹം

വാക്കും ഫലിതവും ആട്ടവും ഒരുമിക്കുന്ന ചാക്യാരുടെ സർഗസിദ്ധിയെ ഓർമ്മിപ്പിക്കുന്ന രചനകളിലൂടെ സമൂഹത്തിന്റെ ഗൗരവപ്പെട്ട പ്രശ്‌നങ്ങളിലേക്ക്‌ വിരൽചൂണ്ടുകയും അവയെ വിമർശിക്കുകയും ചെയ്‌ത്‌ മലയാളകഥയിൽ ചാക്യാരുടെ രംഗക്രിയകൾ അനുഷ്‌ഠിച്ച കഥാകൃത്താണ്‌ വി.കെ.എൻ. വി.കെ.എന്നിന്റെ രചനകൾ ഓരോന്നും വിമർശനത്തിന്റെ നാട്യഗൃഹങ്ങളാവുന്നു. തിരുവില്വാമലച്ചിട്ടയുടെ വിധിപ്രകാരം നിർമിച്ച കൂത്തമ്പലത്തിൽനിന്നുകൊണ്ട്‌ മലയാള നോവലിലും കഥയിലും പുതിയ ആട്ടക്രമങ്ങൾ ദീക്ഷിക്കാൻ അദ്ദേഹത്തിനു സാധിച്ചു.

കെ.പി.പത്മനാഭമേനോന്റെ കൊച്ചിരാജ്യചരിത്രത്തിൽനിന്ന്‌ കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാളുടെ മദ്ദളവാദനത്തിലേക്ക്‌; വൈലോപ്പിളളിയുടെ കുടിയൊഴിക്കലിൽ നിന്ന്‌ പൈങ്കുളം രാമചാക്യാരുടെ കൂത്തിലേക്ക്‌; സ്‌റ്റെഫിഗ്രാഫിന്റെ പെർഫോമൻസിൽനിന്ന്‌ ദുര്യോധനവധം കഥകളിയിലേക്ക്‌; കണ്ണൂരിലെ നമ്പ്യാന്മാരുടെ ഭാഷയിൽനിന്ന്‌ ചിനക്കത്തൂർ പൂരത്തിലെ നിലവിളിയിലേക്ക്‌; ഉണ്ണുനീലി സന്ദേശത്തിലെ തച്ചുശാസ്‌ത്ര വർണനയിൽനിന്ന്‌ മാമാങ്കത്തിന്‌ ചാവേർപ്പടപോയ വഴിയെക്കുറിച്ച്‌…ഇങ്ങനെ തുടർച്ചയില്ലാത്ത പടർച്ചയുടെ അമൂർത്തമായ സവിശേഷ സൗന്ദര്യമാകുന്നു വി.കെ.എൻ. കഥകളുടെ സമകാലീന സ്വഭാവം. സ്‌തുതികൊണ്ട്‌ നിന്ദിക്കാൻ ഇത്ര കെല്‌പുളള മറ്റൊരു എഴുത്തുകാരൻ ഇല്ല. വി.കെ.എന്നിന്റെ കണ്ണ്‌ ചെല്ലാത്ത മേഖലകളും ഇല്ല. ഇവയത്രയും തന്റെ രചനകളിൽ പ്രയോജനപ്രദമായി സമന്വയിപ്പിക്കാനുളള കലാതന്ത്രവും അദ്ദേഹത്തിനുണ്ട്‌. കഥാപാത്രങ്ങൾ ഏതു ജില്ലയെ പ്രതിനിധീകരിക്കുന്നു എന്നുവരെ ഒരു മൂളലിലോ മറുപടിയിലോ വി.കെ.എൻ വിശദീകരിക്കുന്നു. ഭാഷാഭേദങ്ങളുടെ ഭൂപടക്കാഴ്‌ചകളുടെ സമൃദ്ധി ഈ കഥകളിലെ ആലോചനാവിഷയമായ ഘടകങ്ങളിലൊന്നാണ്‌. ഭാഷകൊണ്ട്‌ ഹരിച്ചും ഗുണിച്ചും പുതിയ ബീജഗണിത സിദ്ധാന്തം അദ്ദേഹം സ്ഥാപിക്കും. പക്ഷേ, ഘടകക്രിയയ്‌ക്ക്‌ എളുപ്പം വഴങ്ങുന്ന ഗണിതശാസ്‌ത്രമല്ല ഇത്‌. വി.കെ.എൻ എഴുത്തിന്‌ മൈനസ്‌മാർക്ക്‌ ഇല്ല. അതിന്‌ റിവേഴ്‌സ്‌ ഗിയറാണുളളത്‌. അത്‌ സഞ്ചരിച്ചങ്ങനെ ചരിത്രത്തിലെത്തും. ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ചിരിയുടെ പ്രകാശം പരത്തിക്കൊണ്ട്‌ വി.കെ.എൻ സഞ്ചരിക്കും. ചരിത്രത്തെ പുതുക്കിയെഴുതും. തിരുത്തിയുമെഴുതും. ഈ പുതുക്കിയെഴുത്തും തിരുത്തിയെഴുത്തുമാണ്‌ മലയാളകഥയിൽ വി.കെ.എന്നിനെ വേറിട്ടു നിർത്തുന്ന ഘടകം.

മലയാളകഥയിലെ ചെടിച്ച, കാല്‌പനികസന്നിഭമായ സ്‌ത്രൈണതയ്‌ക്ക്‌ ബദലായി ഭാഷയുടെ പൗരുഷശക്തി വിളംബരപ്പെടുത്തിക്കൊണ്ടാണ്‌ വി.കെ.എൻ വന്നതും നിന്നതും. ആഖ്യാനപ്രധാനവും ആദിമധ്യാന്തഘടന അനുശാസിക്കുന്നവിധത്തിലും തരത്തിലും എഴുതപ്പെട്ടിട്ടുളളതുമായ കഥകളുടെ അടിസ്ഥാന പ്രമേയങ്ങൾക്കു നേർക്കുളള നിരാകരണമാണ്‌ വി.കെ.എൻ കഥകൾ. അത്‌ ഹാസ്യത്തിന്റെ അഭിസംബോധനയിൽ തുടങ്ങി ഗൗരവത്തിന്റെ യാത്രാമൊഴിയിൽ അവസാനിക്കുന്നു. കഥയില്ലായ്‌മയിൽനിന്ന്‌ വലിയൊരു കഥ ഭാഷകൊണ്ടും അന്തരീക്ഷംകൊണ്ടും സൃഷ്‌ടിക്കാമെന്ന്‌ ആദ്യമായി തെളിയിച്ചതും ഇങ്ങനെയൊരാൾക്കും സാധിക്കാത്ത ഉയരത്തിൽ അതിനെ പ്രതിഷ്‌ഠിച്ചതും വി.കെ.എൻ. ആകുന്നു.

വി.കെ.എന്നിന്റേത്‌ ശീർഷാസനം ചെയ്‌ത പുരുഷഭാഷയാകുന്നു. ഇടക്കാലത്തെ മൗനത്തിനുശേഷം വി.കെ.എൻ ശക്തമായി തിരിച്ചുവന്നതിന്റെ അടയാളകഥകളാണ്‌ ‘ഹ്യൂവിനുശേഷം ഹൂ!’ ഉൾക്കൊളളുന്നത്‌….

മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, ജനുവരി 2004

ഹൂവിനുശേഷം ഹൂ!

വി.കെ.എൻ

ഡി സി ബുക്‌സ്‌

വില ഃ 42.00

Generated from archived content: book2_mar17.html Author: np_vijayakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English