പുനര്‍വായന
മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകള്‍ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാര്‍ക്ക് കഥാരചനയില്‍ മാര്‍ഗ്ഗദര്‍ശിയാകാന്‍ ഈ കഥകള്‍ പ്രയോജനപ്പെടും. ഈ ലക്കത്തില്‍ എന്‍ പി മുഹമ്മദിന്റെ ‘കോഴി മൂന്നുവട്ടം കൂവി’ എന്ന കഥ വായിക്കുക:-
ഈറനുടുത്ത കാറ്റ് ശരീരത്തില്‍ ഉരസിയപ്പോള്‍ ഇടത്തോട്ട് ഊര്‍ന്നിറങ്ങിപ്പോയ കറുത്ത ഈര്‍ച്ചവാള്‍ക്കരയുള്ള ഖദര്‍ഷാള്‍ സീതിത്തങ്ങള്‍ വലതുകൈകൊണ്ടു ചുരുട്ടി കഴുത്തിലേക്കിട്ടു.
ചെത്തു വഴിയില്‍ നിന്നും പല്ലക്കു ചുമക്കുന്നവരുടെ മൂളല്‍ കേള്‍ക്കാമായിരുന്നു : കവുകേയിം. കവുകേയിം തയ്യട തയ്യട . തങ്ങള്‍ നോക്കി : അംശമധികാരിയുടെ ‘ ദോലി‘ യാണ് . മുമ്പിലും പിമ്പിലും തുണക്കാരത്തികള്‍ ഉണ്ട്. അംശമധികാരി മൂസ്സക്കുട്ടിഹാജിയുടെ ബീടര്‍ പോവുകയായിരിക്കും
ഇന്ന് ആകെ സുഖവും തണുപ്പുമുള്ള ദിവസമാണ്. കാലത്തിറങ്ങിത്തിരിച്ചതാണ്. ബാവാജി കാത്തിരിക്കുന്നുണ്ടാകും . രണ്ടു കൈ ചതുരംഗം കളിക്കുമ്പോഴേക്കും ഒരു ദിവസം കൂടി കൂടണയും. വൈകുന്നേരം അഞ്ചരപ്പുര അങ്ങാടിയിലോളമൊന്നു പോകണം . മകളുടെ കഷായത്തിന്റെ ഓല കീശയിലുണ്ടോ എന്നു തപ്പി നോക്കി. തൃപ്തിയായി
നല്ല കുളിരുണ്ടായിരുന്നു. ബാവാജിയുടെ മുറ്റത്തുള്ള അരയാല്‍ കരയുന്നു. ബാവാജി പൂമുഖത്തെ ചാരണയില്‍ ചമ്രം പടഞ്ഞിരിക്കുകയാണ്. മുറ്റം നിറയെ ചെറുമക്കളുണ്ട്.
‘ ഓ ഇന്നല്ലേ , കളിയാട്ടുകാവിലേക്ക് കുഞ്ഞിക്കുതിര കൊണ്ടുപോകുന്നത്?’ നായാടിയും കര്യാത്തനുമുണ്ട്. അവര്‍ വട്ടത്തില്‍ നിന്നു. മുളച്ചീളുകള്‍ കൊണ്ടുണ്ടാക്കി കുരുത്തോലച്ചീന്തുകളിട്ട കുഞ്ഞിക്കുതിരകള്‍ അവരുടെ കൈകളിലുണ്ട്. അവ ഇളകുന്നു. മുമ്പോട്ടും പിറലോട്ടും ആഞ്ഞ് കുതിരകളെ വീശുമ്പോല്‍ കുതിരകളില്ലാത്തവര്‍ കൈയടി തുടങ്ങുകയായി. പാട്ടും പൊങ്ങി.
മൊയമ്മതാലി മാപ്പള് ചുക്കത്താലി മാപ്പള കായിക്കും പണത്തിനു ദണ്യല്ലാത്ത ഗാന്ധിതണ്ടാരോ… ഗാന്ധിതണ്ടാരോ….
ഗാന്ധിജി തണ്ടാനായിരിക്കയാണ്. പണ്ടവര്‍ ചാലിയത്തെ മരയ്ക്കാന്മാരുടെ തേങ്ങാക്കൂട് ഇടവപ്പാതി വര്‍ഷത്തില്‍ പൊളിഞ്ഞ കഥയാണ് പാടിയിരുന്നത് . കാലവും പാട്ടും മാറിപ്പോയി.
കുഞ്ഞിക്കുതിരകള്‍ ഇടത്തോട്ടും വലത്തോട്ടും തുള്ളുന്നു. രണ്ടു ചുവന്ന തൊപ്പികളെ കണ്ടതപ്പോഴാണ്; ബാവാജിക്കു പോലീസുകാരെ ബഹുമാനമാണ്. അവരെ കണ്ടപാടെ എഴുന്നേറ്റു:
‘ എന്താ, നായരേ, ബിസേസം?’
‘തങ്ങളെ മൂപ്പര്‍ ബിളിക്കണ്’
‘ഹേഡോ, ഇന്‍സ്പക്കട്ടരോ?’
‘ അല്ല , സര്‍ക്കിള്‍.’
‘ യാ റബ്ബി, സര്‍ക്കിള്‍. ബേം പോയിം, തങ്ങളേ, കളി ഞമ്മക്ക് നാളെ.’
ബാവാജി അകത്തേക്കു പോയി
തങ്ങള്‍ ഒരു നിമിഷം സംശയിച്ചു. പോലീസുകാര്‍ കാത്തുനില്‍ക്കുകയാണ്. അവരോടൊന്നും പറയാനുണ്ടായിരുന്നില്ല. തണുത്ത കാറ്റ് നെഞ്ചിനുള്ളിലും വീശുന്നു. ശരീരം കുളിര്‍ത്തു വാണം പോലെ ചില വിചാരങ്ങള്‍ മനസിലൂടെ കുതിച്ചു പോയി.
ഒന്നും അറിയാന്‍ വഴിയില്ലല്ലോ എന്തെങ്കിലും കണ്ടിട്ടുണ്ടാവുക ബാവാജിയുടെ കാര്യസ്ഥന്‍ ജോണിയാണ് . അവന്‍ അന്നു രാത്രി തന്നെ നാടുവിടുകയും ചെയ്തല്ലോ.
നായാടിയും കൂട്ടരും തിമിര്‍ത്ത കളിയാണ്.
കളിക്കട്ടെ
തലയാകെ കനക്കുന്നുണ്ടായിരുന്നു.പോലീസുകാര്‍ ഇടത്തും വലത്തും വന്നു നിന്നു. തങ്ങള്‍ തല താഴ്ത്തി: തന്റെ മൂക്കിന്റെ അറ്റം കാണുന്നു. അല്‍പ്പംചുവന്നിട്ടുണ്ട്. പിന്നെയൊന്നും കാണുന്നില്ല അവ്യക്തമായ … തങ്ങള്‍ കണ്ണിട്ടു നോക്കി ഹാവൂ, വലതു ഭാഗത്തു നില്‍ക്കുന്നത് ബാലന്‍ നായരാണല്ലോ. ‘ നായരേ!’
‘ ഉം’
‘എന്താ അര്‍ജണ്ട്?’
‘ഉം’
ഇയാള്‍ക്കെന്താ, സ്രാവുചുട്ട അടുപ്പുപോലെ ഞരക്കം മാത്രം ?’
ബാലന്‍ നായര്‍ പിണങ്ങാന്‍ കാരണമില്ലല്ലോ. ശനിയാഴ്ച വൈകുന്നേരം കൂടി കുഞ്ഞലവിയുടെ പീടികയില്‍ നിന്നും ചായയും വടയും വാങ്ങിക്കൊടുത്തതുപോലും അയാള്‍ മറന്നുപോയിരിക്കുന്നു. പോലീസുകാരുടെ ഓര്‍മ്മ അരണയുടേതുപോലെയായിരിക്കും: ഓര്‍ക്കേണ്ടി വരുമ്പോള്‍ അവര്‍ മറക്കുന്നു.
ഇനിയും നടക്കണം.
കമ്പിയാണി എറിയുന്നതു പോലെ മഴത്തുള്ളീകള്‍ വന്നു വീഴുകയാണ് തങ്ങള്‍ കുട തുറന്നു.
വെള്ളത്തുള്ളികള്‍ പൊതിരെ വീഴുന്നു.
ഓവു പാലത്തിനു മുമ്പില്‍ അവര്‍ എത്തി.
പാലത്തിന്റെ മതില്‍ കെട്ടില്‍ അക്ഷരങ്ങല്‍ തെളിഞ്ഞു വന്നിരിക്കുന്നു.
‘പാലം റിപ്പേര്‍ ചെയ്തു : 21 – 7 – 1942
തീവണ്ടി കടന്നു പോയി.
ഓര്‍ത്തു പോവുകയായിരുന്നു തങ്ങള്‍ : അന്നൊരു ദിവസം ; ഓര്‍മ്മകള്‍ മനസ്സിലേക്കൊഴുകി വന്നു.
കാര്‍ഡ് കോഴിക്കോട്ടു നിന്നു കിട്ടിയത് വൈകുന്നേരമാണ്.
രാമന്‍ നായര്‍ പതിനൊന്നു മണിക്കു വരുന്നു.
പട്ടാളവണ്ടി രാത്രി പുറപ്പെടുമെന്നാണതിന്റെ അര്‍ത്ഥം . രാമന്‍ നായര്‍ ലക്ഷ്യത്തിലെത്താന്‍ പാടില്ല.
തീരെ നേരവും ഇല്ല.
ശേഖരന്‍ നായരും തങ്ങളും വന്നു . കൈയില്‍ ചെറിയൊരു പൊതിയുണ്ടായിരുന്നു. ഇരു ഭാഗത്തും ഒരേ സമയത്തു തീ കൊളുത്തണം. ഒരൊറ്റ അലര്‍ച്ച പൊട്ടിത്തെറിക്കല്‍ രണ്ടുപേരും രണ്ടുഭാഗത്തേക്കും ഓടണം. ഒരു പാലം കൂടി പൊളിയുന്നു.
കൈയിലുള്ള പതമേറിയ പൊതികള്‍ രണ്ടുപേരും തുറന്നു, മരുന്നിട്ട തിരികള്‍ വച്ച്, പാലക്കുറ്റികളില്‍ തിരുകി.
രണ്ടുപേരും മിണ്ടുന്നുണ്ടായിരുന്നില്ല. കൈമിടുക്കില്‍ ചലിക്കുന്നതായിരുന്നു. ഇരുട്ടിലൂടെ വഴിമരുന്നിട്ടു. നേര്‍ത്ത കറുത്ത നാടപോലെ അയവിട്ടു പോകയാണ് തങ്ങള്‍ . ശേഖരന്‍ നായര്‍ മറുഭാഗത്തും അതുപോലെ ചെയ്യുന്നുണ്ടാവണം.
തങ്ങള്‍ ബീഡിയെടുത്ത് ചുണ്ടത്തു വച്ചു തീപ്പട്ടിക്കൊള്ളിയുരസി.
വെളിച്ചത്തിന്റെ ചെറിയ തുള്ളി ഇരു ഭാഗത്തും ഇരുട്ടിനോടു പൊരുതുകയായിരുന്നു.
‘ കരളേ-‘
ബീഡി വീണു; ശേഖരന്‍ നായര്‍ ടോര്‍ച്ചടിച്ചു . ക്ഷീണിച്ച വെളിച്ചത്തിന്റെ കതിരുകള്‍ മങ്ങിയ രാത്രിയില്‍ പ്രകാശത്തിന്റെ ത്രികോണമുണ്ടാക്കിയപ്പോള്‍ നിലത്തു കെട്ടിപിടിച്ചു കിടക്കുന്ന രണ്ടുപേര്‍ തപ്പിപ്പിടിച്ചെഴുന്നേല്‍ക്കുന്നു.
‘ ഗുരുവായൂരപ്പാ!’
‘ നായരേ!’
ആദ്യം നിന്നത്, കറുപ്പുസൂട്ടുടുത്ത പെണ്ണാണ് . അവളുടെ ഇറുകിയ കുപ്പായത്തിന്റെ കുടുക്കുകളഴിയുകയും ഞാണ മാറിടം പൊങ്ങിത്താഴുകയും ചെയ്തു. അഴിഞ്ഞു വീണ മുടിച്ചുരുളുകള്‍ വിയര്‍പ്പിനോടൊട്ടിക്കിടക്കുന്നു. പാത്തുമ്മ – ബാവാഹാജിയുടെ നെല്ലുകുത്തുന്ന ഖൗജുവിന്റെ മകള്‍.
പിറകെ കിതയ്ക്കുന്ന അയാളും എഴുന്നേറ്റു . ശേഖരന്‍നായരുടെ ടോര്‍ച്ച് പ്രകാശിക്കുകയാണ്.
തങ്ങള്‍ ചോദിച്ചു: ‘ആരടാ ബടുവാ?’
ജോണി- ബാവാജിയുടെ കാര്യസ്ഥന്‍
തങ്ങള്‍ ഭയന്നു : താനും ശേഖരന്‍ നായരും ചെയ്തതെല്ലാം അയാള്‍ കണ്ടീട്ടുണ്ടാകുമോ?
‘ നായരേ-‘
പാത്തുമ്മ ഓടിപ്പോയി
ജോണി വിറച്ചു നിന്നു.
മൂവരും പേടിച്ചിരുന്നു: ‘ ജോണി പോലീസ് സ്റ്റേഷനില്‍ അറിയിക്കുമോ?’
‘ പോടാ , അസത്തേ!’ ശേഖരന്‍ നായരാണത് പറഞ്ഞത്.
ഹാവൂ എന്തൊരാശ്വാസം !
വീണ്ടും ഇരുളിലാണ്ടു ഓവു പാലം . ജോണി മുണ്ടുകുടയുന്ന പതിഞ്ഞ അനക്കം കേട്ടു.
‘പോടാ.’
പാവം! തങ്ങള്‍ വിചാരിച്ചു പോയി. ശേഖരന്‍ നായരുടെ കൈകള്‍ അസ്വസ്ഥമായി . വീണ്ടും വെളിച്ചം. ജോണി, പുത്തിരിക്കണ്ടത്തിലൂടെ ഓടിപ്പോകുന്നു.
അവന്‍ ചതിക്കുമോ?
സമ്മതിക്കരുത്. അവനെ എന്തെങ്കിലും ചെയ്യണം.
വടക്കുനിന്നു പ്രകാശനാളം റയില്‍വേ പാളങ്ങള്‍ക്കു മീതെ പാഞ്ഞു. ഇരുമ്പു പാളങ്ങളില്‍ ഇരുണ്ട വെളിച്ചം പരന്നു. ചെവിയടയ്ക്കുന്ന കൂവല്‍ കേട്ടു.
വണ്ടി അമര്‍ഷത്തോടെ കടന്നു പോയി.
രണ്ടുപേരും വിയര്‍പ്പില്‍ കുളിച്ചിരുന്നു. നടന്നു പോകുമ്പോള്‍ നല്ല ബുദ്ധി തോന്നിയത് ശേഖരന്‍ നായര്‍ക്കാണ്.
‘കടപ്പുറക്കാരെ വിട്ട് അവനെ ഇന്നു രാത്രി അടിച്ചോടിക്കണം.’
രണ്ടുപേരും അനുയായികളെത്തേടി കടപ്പുറത്തേക്കു പോയി. പക്ഷെ, ചൂട്ടും വടിയുമായി കടപ്പുറക്കാര്‍ വന്നപ്പോള്‍ ജോണിയെ കണ്ടില്ല . അവന്‍ കെട്ടും ചോറുമെടുത്ത് വണ്ടികയറിയിരുന്നു . പാതിരാക്കോഴി കൂകുന്നതുവരെ തിരഞ്ഞു കണ്ടില്ല.
അവന്‍ നാടുവിട്ട വര്‍ത്തമാനം ഉച്ചയ്ക്കറിയിച്ചുവന്നതും ശേഖരന്‍ നായരായിരുന്നു.
എല്ലാവരേയും പോലെ ഓവുപാലത്തിനു ചുവട്ടില്‍ കണ്ട ഡൈനാമിറ്റിനെക്കുറിച്ച് അവരും കഥകള്‍ പറഞ്ഞു. ജോണി ചെയ്തുവച്ച് വേലയാവും . കിംവദന്തികള്‍ തെരുവുപിള്ളേരെപ്പോലെ നാട്ടില്‍ അലഞ്ഞുനടന്നു. ആ വാര്‍ത്തയും മരിച്ചു പോയി.
‘വേഗം നടക്കിന്‍!’ ചുവന്ന തൊപ്പി കല്‍പ്പിച്ചു.
ഓവുപാലം കടന്ന് തങ്ങളും പോലീസുകാരും ആനപ്പടിക്കലെത്തി. പള്ളിയില്‍ കിത്താബോതുന്ന മുസ്ലയാരുകുട്ടികള്‍ ചാമ്പ്രയില്‍ ലാത്തുന്നുണ്ടായിരുന്നു . ബസ് വന്നു നിന്നിട്ടേയുള്ളു. അറിയുന്നവര്‍ ചിരിച്ചു. ചിലര്‍ സലാം ചൊല്ലുന്നുണ്ടായിരുന്നു. എന്നാലും അവര്‍ തന്നെ തുറിച്ചുനോക്കുന്നുണ്ടോ?
ചിലര്‍ തന്നെ കണ്ടപ്പോള്‍ തലതാഴ്ത്തിയിരുന്നില്ലേ?
പോലീസുകാരുടെ നടത്തത്തിനു വടിവു കൂടിയിട്ടുണ്ട്. മനസ്സാകെ ഇളകി മറിഞ്ഞു ഒന്നും വിചാരിക്കാന്‍ കഴിയുന്നില്ല.
എന്തായാലും ഇപ്പോള്‍ അറിയാമല്ലോ തങ്ങള്‍ ചായപ്പീടികക്കാരന്‍ കുഞ്ഞലവിയെ നോക്കി. അവന്‍ കണ്ട ഭാവമേ നടിക്കുന്നില്ല. ചായപ്പീടികയുടെ അപ്പുറത്തുള്ള കോലായിലൊന്നു കേറി, ഒന്നിരിക്കണം ഓരോ ചായ കുടിച്ചിട്ടു പോയാല്‍ മതി, പോലീസ് സ്റ്റേഷനില്‍.
ആശയോടെ കോലായിലേക്കു നോക്കി . മേശമേലിരുന്ന ഒരു കാക്ക പാറിപ്പോയി. അനാഥമായ ആധാരക്കെട്ടുകള്‍ മേശപ്പുറത്തു ചിതറിക്കിടക്കുന്നു. തലകുനിച്ചിരുന്നെഴുതിക്കൂട്ടുന്ന ശേഖരന്‍ നായരെ മാത്രം കാണുന്നില്ല.
ചൂടുവെള്ളം ശരീരത്തിലൊഴിച്ച പോലെ തോന്നി. തങ്ങള്‍ ഞെട്ടി. മനസാകെ പൊള്ളുന്നു. വക്കീലന്മാര്‍ കോടതിയിലേക്കു പോകുനുണ്ട്. കറുത്ത ഗൗണുകള്‍ കാറ്റില്‍ പാറി. കോടതിമതില്‍ കണ്മുമ്പില്‍ കണ്ടു പോയി. മുന്‍ഭാഗത്തു ടാറ് മുക്കിയൊഴിച്ചിരിക്കുന്നു. കണ്ണുകള്‍ മങ്ങിയെങ്കിലും ഓര്‍മ്മകളില്‍ വെളിച്ചം തട്ടി. തങ്ങളൊന്നു നിവര്‍ന്നു.
ടാറുകൊണ്ടെഴുതിയ അക്ഷരങ്ങല്‍ തങ്ങള്‍ക്കറിയാം.
അന്ന്-
നട്ടപ്പാതിരക്ക് നായര്‍ ചേരിത്തലപ്പു ടാറില്‍ മുക്കി എഴുതുമ്പോള്‍ തങ്ങള്‍ കാവല്‍ നില്‍ക്കുകയായിരുന്നു. വലിയ കറുത്ത അക്ഷരങ്ങള്‍ മതിലില്‍ അണിനിരന്നു.
-പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക.
ഗാന്ധിജിയെ അഹമ്മദാബാദ് കോട്ടയില്‍ പിടിച്ചടയ്ക്കുന്നതിനു മുമ്പ് അദ്ദേഹം ജനതയ്ക്കു നല്‍കിയ സന്ദേശം. ആഗസ്റ്റ് എട്ടിന്‍ എന്തെല്ലാം സംഭവിച്ചു ! ആ രണ്ടു വാക്കുകളില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ കര്‍മ്മപരിപാടികള്‍ ഒതുങ്ങി നിന്നു. ആ രണ്ടു വാക്കുകള്‍ സ്വാതന്ത്യത്തിന്റെ ധീര പ്രഖ്യാപനമായീ അലറി
ആ വാക്കുകള്‍ ആഞ്ഞടിക്കുകയായിരുന്നു. വാക്കുകള്‍ കൊടുങ്കാറ്റായി: – പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക.
തങ്ങളുടെ കണ്ണുകള്‍ തിളങ്ങുകയായിരുന്നു . എന്തെല്ലാം ഓര്‍മ്മകള്‍, വെളിച്ചത്തിനു വേണ്ടി രാജ്യം നെടുവീര്‍പ്പിട്ട രാത്രിയുടെ ഒടുവിലത്തെ യാമങ്ങളില്‍ , പാലങ്ങള്‍ പൊട്ടിച്ചിതറുകയും കെട്ടിടങ്ങള്‍ കത്തിയെരിയുകയും വണ്ടികള്‍ ചിതറിത്തെറിക്കുകയും … ഹിംസയുടെ തിരമാലകള്‍ കറുത്ത തുമ്പിക്കൈ പൊക്കി ഇരമ്പിപ്പായുന്ന മദമിളകിയ ആനക്കൂട്ടം പോലെ എല്ലാം കട പുഴകി എറിയുമ്പോള്‍ …… ചീറിപ്പാഞ്ഞുവന്ന ലോറിയുടെ ചക്രത്തിനടിയില്‍ നിന്നു ചെത്തുവഴിയിലെ ചുവന്ന ചെളിവെള്ളം നാലുപാടും ചിതറിത്തെറിച്ചു തങ്ങള്‍ അതു കണ്ടില്ല അയാളുടെ മനസ്സു കഴിഞ്ഞ നാളുകളില്‍ , ഉറക്കമൊഴിഞ്ഞ രാത്രികളില്‍ , കൈബോംബുകള്‍ പൊട്ടുകയും , ടെലിഫോണ്‍ കാലുകള്‍ വീഴുകയും ചെയ്തത് ഓര്‍ക്കുകയായിരുന്നു. ഒച്ചകേട്ടു മാറിയപ്പോഴേക്കും ഖദര്‍ഷാളില്‍ നെഞ്ചിനുമുകളില്‍ ഉറുപ്പിക വട്ടത്തില്‍ ചെളിത്തുള്ളികള്‍ തെറിച്ചു വീണുകഴിഞ്ഞിരുന്നു.
ഷാളിന്റെ തലമാറ്റി പുതയ്ക്കുമ്പോഴേക്കും അവര്‍ സബ് രജിസ്ട്രാഫീസിന്റെ പടികടന്നു . രജിസ്ട്രാപ്പീസിന്റെ തെക്കെ പുറത്താണു പോലീസ് സ്റ്റേഷന്‍.
കാലു കഴയ്ക്കുന്നുണ്ടായിരുന്നു. സന്ധികളില്‍ നിന്ന് ആണിക്കുത്തുകള്‍ പുറപ്പെട്ടു. കഴുത്തിനു ചുറ്റും വിയര്‍പ്പുതുള്ളികള്‍ ഉരുണ്ടുകൂടുകയാണ്. ഷാളിന്റെ അറ്റം കൊണ്ടവ തങ്ങള്‍ തുടച്ചു. ശരീരത്തിനു ചൂടുണ്ടോ?
മുറ്റത്തു ദോലി വച്ചിരിക്കുന്നു. അധികാരിയുടെ പല്ലക്കില്‍ പോലീസ്സ്റ്റേഷനില്‍ ആരു വരാനാണ്? തന്റെ വകതിരിവില്ലായ്മയെ അയാള്‍ ശപിച്ചു. അധികാരി പാടവും പറമ്പും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ആളാണല്ലോ ബീടരുടെ പേരിലായിരിക്കാം ആധാരം. രജിസ്ട്രാളെ വീട്ടിലേക്കു വിളിച്ചാല്‍ പോരെ?
‘തങ്ങളോ’ ?
അതും പറഞ്ഞ ഹെഡ് കോണ്‍സ്റ്റബിള്‍ അകത്തേക്കു പോയി. അകത്തു നിന്ന് സബ് ഇന്‍സ്പക്ടറും അയാളും കോലായിയോളം വന്നു. പോലീസുകാര്‍ മാറി. സബ് ഇന്‍സ്പെക്ടറാണ് കൈ പിടിച്ചത്. അവര്‍ ആപ്പീസ് മുറിയിലേക്കു കടക്കുമ്പോള്‍-
ലോക്കപ്പു മുറിയില്‍ നില്‍ക്കുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അപ്പു മോനോന്റെ വലത്തുകാല്‍ പൊങ്ങുന്നു. ശേഖരന്‍ നായരുടെ താടിയെല്ലില്‍ ചെന്നതു മുട്ടുന്നു.
തങ്ങള്‍ കണ്ണു ചിമ്മിപ്പോയി വീണ്ടും കണ്ണു തുറന്നു.
ആദ്യം തെറിച്ചു വീണതു പല്ലുകളോ ചോരത്തുള്ളികളൊ?
തങ്ങള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. വേദന പടര്‍ന്നു പിടിക്കുന്നു.
‘ എന്നെ കൊന്നാലും പറയില്യാ’
– ശേഖരന്‍ നായര്‍.
– നിങ്ങള്‍ ദേശാഭിമാനിയാണ്. വീണ്ടും മതിലിനോടു കറുത്തു മിന്നുന്ന ബൂട്ടു ചെന്നടിച്ചു.
ശേഖരന്‍ നായര്‍ ഉലഞ്ഞു വീഴുകയായിരുന്നു. അറുത്തു തൂക്കിയ പോത്തിന്‍ ചണ്ണ കമ്പിക്കുറ്റിയിനിന്നൂര്‍ന്നു വീഴുന്നതു കണ്ടിട്ടുണ്ട്. ശേഖരന്‍ അടര്‍ന്നു വീണു. കറുത്ത തലമുടി പാറിച്ചിതറുന്നു. എണ്ണമയമുള്ള മുടിയില്‍ മാത്രം ചൈതന്യം തങ്ങിനിന്നു.
‘ തങ്ങളിതു കണ്ടോ?’
ചങ്കില്‍ അമ്പു തറച്ചതു പോലെ ആ ചോദ്യം വന്നു മുട്ടി . സബ് ഇന്‍സ്പെക്ടര്‍ അപ്പോള്‍ തിരിഞ്ഞു നിന്നു. അദ്ദേഹം ഭംഗിയില്‍ ചിരിക്കുന്നു.
‘ എനിക്കൊരു ഗ്ലാസ്സ് വെള്ളം’ നിലത്തുനിന്നു ഞരങ്ങിയ സ്വരം.
‘ വെള്ളം’ അപ്പുമേനോന്‍ ഭംഗിയില്‍ ചിരിക്കുന്നു. ചിരിക്കുമ്പോള്‍ വീതിയേറിയ മാറിടം പൊങ്ങി. ക്രോസ്സ് ബെല്‍റ്റ് ഇളകി.
‘ തങ്ങളെ കണ്ടതു സന്തോഷം, ഇരിക്കു.’
‘ വെള്ളം’
– ശേഖരന്‍ നായര്‍
– ഞാന്‍ നിസ്സഹായനാണ്.
‘ ഇരിക്കു : ഇരിക്കാനിട്ടതല്ലേ ബെഞ്ച്!’
തങ്ങള്‍ ഇരുന്നു ഇടത്തുകൈകൊണ്ടു കാല്‍മുട്ടു തടവി.
‘ കള്ളറാസ്ക്കല്‍ ! എന്തെടാ, കണ്ട തെണ്ടികള്‍ക്കു വന്നു ചാടിക്കേറിയിരിക്കാനാണോ പോലീസ് സ്റ്റേഷനില്‍ ബഞ്ച്?’
തങ്ങള്‍ നിന്നു.
അയാളുടെ കണ്ണുകള്‍ ലോക്കപ്പു മുറിയില്‍ പതിഞ്ഞു.
നിലത്തതാ കിടക്കുന്നു ശേഖരന്‍ നായര്‍. അനക്കമില്ല വായില്‍ നിന്നും ചോരയൊലിപ്പിച്ചു തറയില്‍ തളം കെട്ടുന്നു.
അപ്പു മേനോന്‍ തുറന്നിട്ട ലോക്കപ്പുമുറിയുടെ നേരെ വിരല്‍ ചൂണ്ടി നിവര്‍ത്തി: ‘ നടക്കടാ.’
തങ്ങളുടെ മുഖത്തു രണ്ടടി വീണു.
തങ്ങള്‍ മുഖം തടവി.
അവര്‍ ലോക്കപ്പുമുറിയിലേക്കു കടന്നപ്പോള്‍ ശേഖരന്‍ നായരുടെ കൈ വിരലുകള്‍ ഇളകുന്നുണ്ടായിരുന്നു.
അപ്പുമേനോന്‍ പറഞ്ഞു: ‘ തങ്ങളേ , എല്ലാം എനിക്കറിയാം. നിങ്ങള്‍ ആരൊക്കെ ബോംബുണ്ടാക്കി?അതെവിടെ വച്ചു?’
‘എനിക്കറിഞ്ഞു കൂട’
‘ നിങ്ങള്‍ക്കറിയാം, എനിക്കറിയാം’
‘ പിന്നെ , എന്നെ -‘
‘ ഓ , അതു മറന്നു പോയി , നിങ്ങള്‍ ഈ കേസ്സില്‍ ഒരു സാക്ഷി മാത്രം’
അപ്പുമേനോന്‍ ചിരിച്ചു.
‘ ഞാന്‍ സാക്ഷി പറയുല്ലാ.’
‘ നിങ്ങളേക്കാള്‍ മൂത്ത കോണ്‍ഗ്രസ്സുകാരെ അപ്പു പറയിച്ചിട്ടുണ്ട്.’
‘ഞാന്‍-‘
‘ ഉറപ്പിച്ചോ?’
‘ ആദ്യം കിട്ടിയതത് വയറ്റത്ത് ഒരിടിയാണ്. അരക്കെട്ടില്‍ നിന്നു വേദന പാഞ്ഞു തലച്ചോറില്‍ കയറി.
‘ കള്ള റാസ്ക്കല്‍!’
മുണ്ടില്‍ നനവു പറ്റുന്നു. ഖദര്‍മുണ്ടിനു മീതെ ചൊറിയുവാന്‍ തോന്നി.
‘1034!’
പോലീസുകാരന്‍ ബാലന്‍ നായര്‍ വന്നു : അയാളുടെ ബൂട്ടുകള്‍ കൂട്ടിയുരുമ്മി. നേര്‍ത്ത കരച്ചില്‍ അയാളുടെ വലതുകൈ നെറ്റിത്തടത്തിനു നേരെ പൊങ്ങുകയും മരക്കഷണം പോലെ താഴോട്ടു വീഴുകയും ചെയ്യുന്നു: ‘സേര്‍!’
‘ അവരെ കൊണ്ടുവാ.’
‘സേര്‍’!
ചോര കരളില്‍ കുത്തിയൊലിച്ചു. തങ്ങള്‍ മാറുകയായിരുന്നു. നാവിന്‍ തുമ്പത്തു വാക്കുകള്‍ വന്നടഞ്ഞു നിന്നു. : ശേഖരന്‍ നായര്‍, ഞാനാരേയും ഒറ്റിക്കൊടുക്കില്ല. രാജ്യത്തെ ഒറ്റിക്കൊടുക്കില്ല ….
ബാലന്‍ നായര്‍ തങ്ങളുടെ മുമ്പിലേക്കു പര്‍ദ്ദകളിട്ട രണ്ടു രൂപങ്ങളെ ഉന്തിക്കൊണ്ടുവന്നു. തങ്ങള്‍ കീഴ്പ്പോട്ടു നോക്കിപ്പോയി കറുത്ത പട്ടു ബുര്‍ഖയുടെ വക്കു പിന്നിയിരുന്നു. അരുമയോടെ മൈലാഞ്ചിയിട്ടു ചുവപ്പിച്ച വെളുത്ത കുഞ്ഞിക്കാലുകളിന്മേല്‍ വെള്ളിപ്പാദസരം ഉറങ്ങിക്കിടക്കുന്നു. തങ്ങള്‍ മാറി നോക്കി; ചുളിവുവീണ കിഴവിക്കാലുകള്‍.
ഉള്ളില്‍ നിന്നും ആവി പറക്കുന്നുണ്ടായിരുന്നു. ശരീരമാകെ മണ്ണെണ്ണ പകര്‍ന്നു തീ കൊളുത്തിയിട്ടുണ്ടായിരുന്നു. ആളിക്കത്താത്ത തീ പുകഞ്ഞു ശ്വാസനാളത്തിലേക്കു കേറുന്നു. മനസ്സില്‍ പുക നിറയുകയായിരുന്നു തങ്ങള്‍ മൂകനായി നിന്നു. കൈകള്‍ ഇരുമ്പുകമ്പി മുറുക്കെപ്പിടിച്ചു പോയി. എന്തൊരു തണുപ്പ് ! കാലു വിറക്കുന്നുണ്ടായിരുന്നു.
അപ്പുമേനോന്‍ ബാറ്റണ്‍ കൊണ്ട് ആദ്യത്തെ ബുര്‍ഖയുടെ മുഖം മൂടി പൊക്കി.
കണ്ണീരില്‍ കുതിര്‍ന്ന ബീവിയുടെ മുഖം
പ്രിയപ്പെട്ട ബീവി
ബീടര്‍ കരഞ്ഞു: ‘അള്ളോ…’
തങ്ങളുടെ ഖദര്‍ ഷാള്‍ നിലത്തു വീണു. ശേഖരന്‍ നായര്‍ കിടക്കുന്നിടത്താണ് അതു വീണത്. മുണ്ടില്‍ ചോര പരന്നു. ചോരത്തുള്ളികള്‍ ചെളിത്തുള്ളികളെ മായ്ക്കുകയായിരുന്നു.
അപ്പുമോനോന്‍ രണ്ടാമത്തെ ബുര്‍ഖയുടെ മുഖം മൂടി പൊക്കി.
കണ്ണീര്‍ചാലുകള്‍ ഒഴുകിയ ഉമ്മയുടെ മുഖം.
‘ മോനേ!’
ശേഖരന്‍ നായരുടെ കാലുകള്‍ ഇളകി: ‘ വെള്ളം’ വെളിച്ചം യാത്ര പറയുകയാണ്.
‘തങ്ങളേ, തെറ്റിദ്ധരിക്കരുത്. ഇവരെ ഇന്നു രാത്രി പോലീസുകാര്‍ക്കേല്‍പ്പിച്ചു കൊടുക്കും. – ഇന്നു രാത്രി മാത്രം’
കണ്മുമ്പില്‍ ഇരുട്ടു കട്ട പിടിക്കുകയായിരുന്നു.
ചുറ്റും ഇരുളിലാണ്ടു.
കറുത്ത പാതാളത്തിലേക്കു കാലുകളിടറി, അടിപതറി, കുത്തനെ കുത്തനെ വീഴുമ്പോള്‍ അകലെനിന്നും കേള്‍ക്കുന്നു:
– സാക്ഷി പറയുമോ?
തങ്ങളുടെ വരണ്ട ചുണ്ടുകള്‍ ഇളകി.
Generated from archived content: story1_dec19_11.html Author: np_muhammad
Click this button or press Ctrl+G to toggle between Malayalam and English