മഴയോർമ്മപ്പുസ്തകം

തുലാമഴപ്പെയ്ത്തു പോലാർത്തുവന്നൊരാ
തുടിക്കുമോർമ്മകൾ മഴയായി പൊഴിയവേ
തുരുമ്പെഴുത്താണി തുടച്ചെടുത്തിന്നു ഞാൻ
തുമ്പമലരെഴും ഓർമ്മകൾ കോറുവാൻ

തുടിച്ചിടുന്നിതാ മനമിന്നുമോർമ്മതൻ
തുലാമഴപ്പെയ്ത്തിലിറയത്തു നിൽക്കുവാൻ
തുള്ളികൾ കുളിരായി പെയ്തിറങ്ങീടവെ
തുള്ളുന്ന നീർമഴത്തുള്ളിയായ് മാറുവാൻ..

കുട മടക്കിടാൻ മഴയിൽ നടഞ്ഞിടാൻ
കറുത്ത മാനത്തു മഴവില്ല് കണ്ടിടാൻ
കതിന തോൽക്കുമാരിടിനാദമുയരവേ
കതകിൻ മറവിലെക്കോടിയൊളിച്ചിടാൻ

ഇടക്ക് വീശുന്ന കാറ്റിന്റെ കുസൃതിയാൽ
ഇറയത്തിറ്റുന്ന തുള്ളികൾ പുൽകവെ
ഇമയിണക്കോണിൽ നാണം വിടർത്തുമാ-
റിരുദളങ്ങളിൽ ചുബനം ചാർത്തുവാൻ

നനഞ്ഞ മണ്ണിലായ് ചിത്രം വരച്ചു നാം
നടന്ന മുറ്റമിന്നോർമ്മകൾ മാത്രമായ്
നനഞ്ഞു പോകുന്നു കണ്ണുകൾ വീണ്ടുമാ
നഷ്ടകാലത്തിൻ പുസ്തകം തുറക്കവേ…

നിനച്ചിടാനേരം പെയ്തൊരാ മഴ വീണ്ടും
നനച്ചിടുന്നിതാ നമ്മളെയൊരുപൊലെ….
നനഞ്ഞ കുപ്പായം പിഴിഞ്ഞണിഞ്ഞൊരുങ്ങി വാ
നനയാതീ പുസ്തകം മാറോടു ചേർക്കുവാൻ …

Generated from archived content: poem1_july13_15.html Author: nowshi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here