ചില നേരക്കുറികള്‍

1

കഥകളും പാട്ടുകളും കോർത്തിട്ട ഒരു പൂമരച്ചില്ല ..

രണ്ടു തീരങ്ങളില്‍ നിന്ന് വന്ന് രണ്ടു തവിട്ടു പൂച്ചകള്‍ അവിടെ
കുട്ടികാലംനോല്ക്കുന്നുണ്ടായിരുന്നു.

രാക്ഷസൻ കോട്ടയിലെ പൂങ്കാവനത്തിൽ കളിയൊച്ചകൾ നിലച്ചപ്പോൾ പെയ്ത മഞ്ഞു കാലം പോലെ,

പെട്ടെന്നൊരു മഞ്ഞു കാലം ! മഞ്ഞില്‍ നിന്ന് തല നീട്ടി പുറത്ത് നോക്കിയ
ലില്ലിപ്പൂ വീണ്ടും മഞ്ഞു പുതപ്പിലേക്ക് മടങ്ങി ….ഇനി കുട്ടികള്‍
വരുമ്പോഴേ കൂറ്റന്‍ മതില്‍ കെട്ടിനുള്ളില്‍ വസന്തം നിറയൂ ..അത് വരേയ്ക്കു
മഞ്ഞുറക്കം !

**********************

2
തീക്കാലത്തിനു ശേഷം വന്നതൊരു പൂക്കാലം..
പൂക്കളുടെ കിനാവില്‍ ഒരു പൂമ്പാറ്റ ..
കഥ മരത്തിന്റെ ചില്ലയില്‍
ചാഞ്ഞ് തൂങ്ങി ഇനിയുമേറെ കഥകള്‍ ..
ആയിരത്തി ഒന്ന് രാവും കഴിഞ്ഞ് ..
രാജകുമാരന്‍ ഉറക്കമൊഴിഞ്ഞിരിക്കും .

*********************

3
ആദാമിന്റെ മഞ്ഞു പുതപ്പിലേക്ക്
തുളഞ്ഞു കയറിയൊരു തീ -ഹവ്വ
ഒരു കുഞ്ഞു പനി , കടല്‍ കടന്നു വന്ന് –
കാണിച്ചു തരാം എന്ന് പറഞ്ഞത്
ഏദന്‍ തോട്ടത്തിലെ പച്ചമരത്തണല്‍
ഇലത്തലപ്പുകള്‍ക്കപ്പുറം തന്ത്രശാലി ആയൊരു പാമ്പ്‌
ഇല്ല; ഒന്നുമില്ല-
ചിന്തകള്‍ക്ക് മേലിപ്പോഴൊരു നീല മേലാപ്പ്
അവിടെ; പുതിയ മഴവില്ലൊന്ന് വിരിയുന്നു
( പനിയും മലായിക്കയും ഒന്നിച്ചു വന്നു പൊള്ളിച്ചപ്പോൾ ..) ..
************************************

4
സ്വപ്നങ്ങളുടെ പല മാതിരി കഷണങ്ങള്‍ ..
ഒരു ജിഗ്ശോ പസില്‍ പോലെ..

പിടി തരാതെ നീങ്ങുന്ന സ്വപ്നങ്ങളുണ്ട്.
കാഴ്ചയുടെ കൊതി തന്നു മോഹിപ്പിച്ചു കടന്നു കളയുന്നവ

പുലിയായും നരിയായും വന്ന “പൂതത്തെ ” പോലെ
പേടിപ്പിച്ചു രസിക്കുന്ന ചില സ്വപ്നങ്ങളും ഉണ്ട്.

ചെറി മരങ്ങളോട് വസന്തം ചെയ്യുന്നത് പോലെ
സ്വപ്നങ്ങള്‍ ചിലപ്പോള്‍ അടിമുടി പൂത്തുലയുന്നു .

ക്ഷമാലുവായ ഒരു കുട്ടി
കുറെ നേരത്തെ ശ്രമപ്പെടലിനു ശേഷം
മുഴുവനാക്കിയ ചിത്ര സമസ്യയില്‍
ഗോപുര മുകളില്‍ നിന്ന് താഴേക്ക് വരെയും
നീണ്ടു കിടക്കുന്നത് റപൂന്സലിന്റെ സ്വര്‍ണ്ണമുടിത്തിളക്കം.

(ഒരേ തരത്തിലുള്ള ഭ്രാന്തുകളുമായി ലോകത്ത് ഒരു പാട് പേര്‍ ജീവിക്കുന്നുണ്ടാവും ..
ഒരേ തരത്തിലുള്ള സ്വപ്നങ്ങള്‍ പലയിടങ്ങളില്‍ ചിതറി കിടക്കുന്നുണ്ടാവും.)

” നേരക്കുറികള്‍ ” എന്ന തലക്കെട്ടിന് കടപ്പാട് മാധ്യമം ദിന പത്രത്തില്‍
“ഹുംറ ഖുറൈഷി” എഴുതുന്ന കോളത്തിനോട്.

മലായിക്ക – നാസിക് അല്‍ മലായിക്ക എന്ന ഇറാഖി കവയത്രി.–

Generated from archived content: poem4_mar18_14.html Author: noorjahan_sainabi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here