ഞാനിത്തമോനീലരാവും കുടിച്ചു-
മെൻ നോവിൽ പനിച്ചു,മെൻ-
നാവിൽ കൊടിത്തൂവ തേച്ചും;
പിന്നെയെൻ തോന്ന്യാക്ഷരങ്ങൾ കുറിച്ചും-
കുരച്ചും, മരിച്ചും,-
ജനിച്ചെന്ന കുറ്റം ശിരസ്സിലേറ്റുന്നു.
എന്റെ മണ്ണ് – എന്റെയീ മണ്ണ്….
എന്റെയീ വേവുന്ന മണ്ണുണ്ണി തിന്നുന്നു!
പൊളിക്കുന്നു വായവൻ നോക്കുന്നു ഞാനതിൽ-
കാണുന്നതില്ലീ പ്രപഞ്ചവുമെന്നെയും!
ഭൂതഗർഭത്തിന്നിരുണ്ടു വിളളുന്നതാം
കാക്കവിളക്കിന്റെ നാക്കിൽ-
കരിന്തിരിയായി നീറുന്നു ഞാൻ,
നൂറുനൂറായിരം സൂര്യഗോളങ്ങളിൽ
കത്തിനില്‌ക്കുന്നു ഞാ,-
നെന്നിലെരിയുന്ന ഞാൻ!
ഇരുളും, നിലാവും, വെയിലും, കുടിച്ചെന്റെ
ചിന്ത ചീർക്കുന്നു.
എന്റെയീ ഭൂമി പുനർജ്ജനിക്കുന്നതി-
ന്നീറ്റു നോവിൽ പിട-
ഞ്ഞുടയും നിമിഷങ്ങളെന്നെ മൂടുന്നു.
ആദി മൗനത്തിന്റെ നൃത്തമെൻ കൺകളിൽ
കാലിലോ ചങ്ങലക്കെട്ടിന്റെ വൃത്തങ്ങൾ;
നീലിച്ചമൃത്യു ഹാ! കൊത്തുമെന്നുച്ചിയും,
ഏതൊരു നീറുന്ന ചുംബനം ഹൃത്തിൽ?
പിളരുന്നിതായിരം കോശങ്ങൾ, ഏതോ
നിറവിന്നു നാവുനീട്ടുന്നു.
ഉന്മത്തമായിരമ്പുന്നൂ കൊടുങ്കാറ്റ്;
‘വെളളിടി’ ചീറി നില്‌ക്കുന്നു.
ഒരു ‘തൂവൽ’ വീണ്ടും-
പറന്നെത്തി നീറുന്ന മിഴികൾ മൂടുന്നു;
മണ്ണിന്റെ വേരുകൾ ചുറ്റുന്നു; വരിയുന്നു-
ചുറ്റിലും; ചോരയിറ്റുന്ന സ്വപ്നങ്ങൾ-
വീണ്ടുമെന്നുളളിൽ ഞെട്ടുന്നു.
ഞാനിത്തമോനീലരാവും കുടിച്ചും-
ചെടിയ്‌ക്കും മടുപ്പിലിന്നെന്നെ; ഞാനെന്നെ നീറ്റുന്നു.
ഹേ! സൂര്യ ! നിന്നുഷ്‌ണരാഗമൊഴുക്കുക;
താളമൊഴുക്കുക; ആദിയുമന്തവും
പാടിയുറക്കുക; നീയെന്റെ-
ചീയുമീ ‘മണ്ണി’ന്റെ ‘വേരി’ലുദിയ്‌ക്കുക.
Generated from archived content: manninte.html Author: nooranadu_ravi