പുകയുന്ന മഞ്ഞുനീർത്തുളളിയും, പിന്നെന്റെ-
എരിയുന്ന കണ്ണുനീർത്തുളളിയും, മണ്ണിന്റെ-
മുറിയുന്ന കരളിന്നിരുൾച്ചിന്തു പാട്ടുമായ്
പോകുന്ന ‘കാലമാം’ പാണനാരേ!
നന്തുണിപ്പാട്ടിൻ വിതുമ്പലും, നാവേറു-
ചിന്തുമീ മൂവന്തിമൂടും ശ്മശാനവും,
‘നീലസ്വപ്നം’ പൂക്കുമീവർത്തമാനവും,-
നീ കണ്ടുഞ്ഞെട്ടിത്തിരിഞ്ഞു നില്‌ക്കാതെ പോ-
മീ വഴിത്താരയിൽ നിന്നു കത്തുന്നു ഞാൻ.
‘പാർത്ഥൻ’ വിതുമ്പുന്നു, ‘സാരഥി’ ചമ്മട്ടി-
ദൂരത്തെറിഞ്ഞു ശപിക്കുന്നു നിന്നെയും.
‘പ്രണവ’മിരമ്പുന്ന ശംഖമുടച്ചവൻ,
പിണിയാളുറയും ‘കടമ്പിൻ’ ചുവട്ടിലെ-
ക്കാകോളമുണ്ണുവാൻ കാത്തുനില്‌ക്കുന്നവൻ.
മുറിയുന്ന കരളിന്നിരുൾ ചിന്തുപാട്ടുമായ്
പോകുന്ന കാലമാം പാണനാരേ!
ഒരു പഴംപാട്ടിന്റെ ശീലുകല്ലിച്ചൊരെൻ-
കരളിന്നുടുക്കുമുടച്ചു നില്‌ക്കുന്നു ഞാൻ
കൃഷ്‌ണപക്ഷത്തിൻ കിളിക്കുഞ്ഞു തൂവലാൽ
കൃഷ്‌ണമറയ്‌ക്കുന്നു നഗ്നത; ‘നായ്‌ക്കളെ’-
ച്ചാടിക്കടിച്ചു കുരയ്‌ക്കുന്നു ‘പാണ്ഡവർ’.
‘കൗരവർ’ കപടപ്പകിടപ്പലകമേൽ
കൊട്ടിയുറയുന്നതും, കൃഷ്‌ണ കരയുന്നതും,
കൃഷ്‌ണനുരുകുന്നതും, വൃഷ്‌ണിവംശത്തിന്റെ-
വേരു ചീയുന്നതും, ധർമ്മച്യുതിത-
ന്നഗാധച്ചുഴികളിൽ കത്തുന്ന തീയിലെൻ-
മണ്ണു വേവുന്നതും, വിണ്ണുമാഴ്‌കുന്നതും,
‘ഉണ്ണി’കളക്കരെപ്പച്ച‘യുണ്ണുന്നതും,
നീ കണ്ടുഞ്ഞെട്ടിത്തിരിഞ്ഞു നില്‌ക്കാതെ പോ-
മീവഴിത്താരയിൽ നിന്നു കത്തുന്നു ഞാൻ.
ഇക്കൊടും ’വേന‘ലിരച്ചു പെയ്യുന്നതും,
ഇക്കൊടും ’ശൈത്യം‘ തിളച്ചു പൊന്തുന്നതും,
’കളളമേ സത്യ‘മെന്നോതിവാഴുന്നതും,
സത്യം കഴുകിൽ പിടഞ്ഞു തൂങ്ങുന്നതും,
ധർമ്മം കുരിശ്ശിൽ തറഞ്ഞു നീറുന്നതും,
രക്തം തിളയ്‌ക്കും നദികൾ വരളുന്നതും,
നീ കണ്ടു ഞെട്ടിത്തിരിഞ്ഞു നില്‌ക്കാതെ പോ-
മീ വഴിത്താരയിൽ നിന്നു കത്തുന്നു ഞാൻ.
കർമ്മകാണ്ഡത്തിൻ കളങ്ങളിൽ കൺചൂഴ്‌ന്നു-
വച്ചു നീ കൊട്ടിപ്പിടഞ്ഞു പാടുമ്പൊഴും,
’നാളെ‘യെന്നോതുന്ന വാനമുടഞ്ഞു പോം-
ചീളുതറഞ്ഞു മുറിഞ്ഞു നീറുമ്പൊഴും,
ഈ വഴിത്താരയിൽ നിന്നു കത്തുന്നു ഞാൻ;
ഈ വഴിത്താരയിൽ ’കത്തി‘ നില്‌ക്കുന്നു ഞാൻ.
Generated from archived content: kalam.html Author: nooranadu_ravi